പ്രളയക്കെടുതിയിൽനിന്ന്‌ കേരളം മെല്ലെ കരകയറുകയാണ്. പുനർനിർമാണപ്രക്രിയയുടെ തുടക്കമെന്ന നിലയിൽ ഒരു ചോദ്യം വളരെ പ്രസക്തമാണ്. നമ്മൾ കഴിഞ്ഞകാലവികസനത്തിലെ തെറ്റുകൾ ആവർത്തിക്കുമോ അതോ നമ്മൾ അനുഭവിച്ച വിപത്തിലേക്ക് ഭാവിതലമുറകളെ തള്ളിവിടാത്ത ഒരു പുതിയ പദ്ധതി ആസൂത്രണം ചെയ്യാനുള്ള ശക്തമായ ആഗ്രഹം നമുക്കുണ്ടാകുമോ? കേരളസർക്കാർ തന്നിട്ടുള്ള സൂചന ഒരു നവകേരളസൃഷ്ടിയാണ് സർക്കാരിന്റെ താത്‌പര്യം എന്നാണ്.

 

എന്നാലും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതനുസരിച്ച് വിദഗ്ധോപദേശം ആസ്പദമാക്കിയാവും ഇത്‌ ചെയ്യുക. അതേസമയം, ഏതു വിദഗ്‌ധരായാലും പ്രളയത്തിന്റെയും കനത്ത നാശനഷ്ടങ്ങളുടെയും കാരണങ്ങളിൽ തുടങ്ങിയാവും ഉപദേശം നൽകുക.

ഭൂവിനിയോഗത്തിന്റെ പ്രാധാന്യം

വെള്ളപ്പൊക്കത്തിന്റെ ഒരു പ്രധാന കാരണമായി പലപ്പോഴും ഉയർത്തപ്പെടുന്ന ഒരു വാദം കേരളത്തിലെ ഭൂവിനിയോഗഘടനയെപ്പറ്റിയാണ് മഴവെള്ളം വലിച്ചെടുക്കാനും ഭൂമിക്കടിയിലെ ജലസ്രോതസ്സുകൾ നിലനിർത്താനും സഹായിക്കുന്ന നൈസർഗികജലാശയങ്ങൾ ക്രമേണ ശുഷ്കിച്ചുപോവുകയോ അപ്രത്യക്ഷമാവുകയോ ചെയ്യുകയാണ്. വ്യാപകമായ കൈയേറ്റം കാരണം നദികൾ ദിനംപ്രതി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. തുടർച്ചയായ മണൽഖനനം നദികളുടെയും അതിന്റെ ചുറ്റുപാടുകളുടെയും ഘടനയിൽ മാറ്റംവരുത്തിക്കൊണ്ടിരിക്കുന്നു. 

അശാസ്ത്രീയമായ രീതിയിൽ കുന്നുകളും മേടുകളും നിയമത്തിനകത്തും നിയമം ലംഘിച്ചും ഖനനത്തിനായും നിർമാണപ്രവർത്തനങ്ങൾക്കായും ആവാസവ്യവസ്ഥയെ ദുർബലപ്പെടുത്തി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഖനനവും മറ്റു വാണിജ്യപ്രവർത്തനങ്ങളും കാരണം ഇതിനകം ദുർബലമായ കുന്നിൻചെരിവുകളിൽ തുടർച്ചയായ നിർമാണപ്രവൃത്തികൾ നടത്തി പ്രകൃതിയിൽ കൂടുതൽ സമ്മർദം ചെലുത്തുകയാണ്. അങ്ങനെ കഴിഞ്ഞ പതിറ്റാണ്ടുകളിൽ കേരളത്തിന്റെ ഭൂവിനിയോഗഘടനയിലുണ്ടായ മാറ്റങ്ങൾ കേരളത്തെ പ്രകൃതിദുരന്തങ്ങളുടെ ഒരു ജീവനുള്ള അഗ്നിപർവതമാക്കി മാറ്റി. ഇങ്ങനെ പോകുന്നു വാദങ്ങൾ

മേഖലാ സമ്പ്രദായം
പുതിയ ഭൂവിനിയോഗ ഘടനയിൽ പ്രധാനമായി ഉൾപ്പെടുത്തേണ്ട ഒരു കാര്യം മേഖലാസമ്പ്രദായമാണ്. ഈ സമ്പ്രദായത്തിൽ ഓരോ മുഖ്യ വികസനാവശ്യത്തിനും പ്രത്യേകസ്ഥലം ഭാഗംതിരിച്ചുവയ്ക്കും. 
മറ്റു സ്ഥലഭാഗങ്ങളിൽ അവിടെ അനുവദിക്കാത്ത കാര്യങ്ങൾ ചെയ്യാൻ പറ്റുകയില്ല. ചില സ്ഥലഭാഗങ്ങളിൽ ഒരു വികസനപ്രവർത്തനവും അനുവദിക്കാതെ പാരിസ്ഥിതികമായ ആവശ്യങ്ങൾക്കായി മാറ്റിയിടും. ഇതുവഴി, ലോലപരിസ്ഥിതി പ്രദേശങ്ങളിലെ വികസന സമ്മർദം ഒഴിവാക്കാൻ പറ്റും. കൂടാതെ, അത്തരം പ്രദേശങ്ങളിൽ വികസനഫലമായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും തന്മൂലമുണ്ടാകുന്ന ജീവനും സ്വത്തിനുമുള്ള നാശനഷ്ടങ്ങളും ഒഴിവാക്കാൻ പറ്റും.

പക്ഷേ, മേഖലാസമ്പ്രദായം നടപ്പാക്കണമെങ്കിൽ അതിനു യോജിച്ച ഒരു സമഗ്രമായ വികസനനയവും സംസ്ഥാനത്തിനൊട്ടാകെയും ഓരോ പ്രാദേശിക ഭരണഘടകത്തിനായും ഉള്ള ഓരോ സമഗ്രവികസനപദ്ധതിയും തയ്യാറാക്കണം. 

ഉണ്ടാവരുത് നയതടസ്സങ്ങൾ

സമഗ്ര വികസനനയവും അതേത്തുടർന്നുള്ള മേഖലാസമ്പ്രദായവും സുഗമമായി നടപ്പാക്കണമെങ്കിൽ എല്ലാ പ്രധാന തത്‌പരകക്ഷികളെയും ഉൾപ്പെടുത്തിയുള്ള ഒരു പ്രക്രിയയിലൂടെ പുതിയ നയവും പദ്ധതിയും രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ചോദിക്കാനിടയുള്ള ഒരു ചോദ്യം ഒരു സമഗ്രനയം പ്രാവർത്തികമാണോ എന്നതാണ്. ലോകബാങ്ക് റിപ്പോർട്ട് പല രാജ്യങ്ങളിലെയും നഗരപ്രദേശത്തെ ഭൂവിനിയോഗത്തിന്റെയും വെള്ളപ്പൊക്കനിയന്ത്രണത്തിന്റെയും പല നയോപകരണങ്ങളുടെയും സമീപനങ്ങളുടെയും കാര്യം സ്പർശിക്കുന്നുണ്ട്. 

അതിൽ, ജർമനിയിലെ ജർമൻ ഫ്ളഡ് ആക്ടും ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും ഭൂവിനിയോഗാസൂത്രണ നിയമങ്ങളും ശ്രദ്ധയർഹിക്കുന്നു. പല രാജ്യങ്ങളിലും ആസൂത്രണപ്രവർത്തന ചട്ടക്കൂട് നീണ്ട കാലങ്ങളിലേക്ക്‌ വ്യാപിച്ചു കിടക്കുന്നു. ഉദാഹരണമായി, പ്രളയക്കെടുതിഭൂപടം (ഫ്ളഡ് ഹസാഡ് മാപ്പിങ്‌) പല രാജ്യങ്ങളും വെള്ളപ്പൊക്കസാധ്യത കണ്ടെത്താനും തടയാനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും 
ഉപയോഗിക്കുന്ന സൂത്രമാണ്; മലേഷ്യ, ഇൻഡൊനീഷ്യ, ചൈന, തായ് ലാൻഡ്, യു.കെ., യു.എസ്. പോലുള്ള രാജ്യങ്ങൾ അത്തരം മാപ്പുകൾ 100 വർഷമോ അതിൽക്കൂടുതലോ ഉള്ള, പ്രളയം തിരിച്ചുവരാൻ സാധ്യതയുള്ള കാലത്തേക്ക് തയ്യാറാക്കുന്നു.
ഇന്ത്യയിൽ പ്രളയക്കെടുതിഭൂപടപ്രക്രിയ ഇപ്പോഴും വികസിച്ചുവരുന്ന ഒരു ഘട്ടത്തിലാണ്. സന്ദർഭവശാൽ, കേരളത്തിലെ ഇൗയടുത്ത കാലത്തെ വെള്ളപ്പൊക്കം പ്രവചിക്കാൻ 100 വർഷകാലത്തേക്കുള്ള പ്രളയപ്രത്യാഗമന സാധ്യതാഭൂപടം വേണ്ടിയിരുന്നു. പ്രളയപ്രത്യാഗമനസാധ്യത എല്ലായ‌്പ്പോഴും ഒരേ കാലയളവിൽ (100 വർഷം) ആകണമെന്നില്ല. 

എന്നിരുന്നാലും ഭാവിയിലേക്കും കേരളത്തിന് ചുരുങ്ങിയത് അത്രതന്നെ കാലത്തേക്ക് പ്രളയപ്രത്യാഗമനസാധ്യതാഭൂപടം വേണ്ടിവരും. ഇവിടെ ഓർക്കേണ്ട മറ്റൊരു കാര്യം സർവരുടെയും പങ്കാളിത്തമാണ്. ആസൂത്രണഘട്ടത്തിലും നടത്തിപ്പുഘട്ടത്തിലും പൊതുജനങ്ങളുടെയും പ്രാദേശിക, സംസ്ഥാന, കേന്ദ്രസർക്കാർ അടക്കമുള്ള എല്ലാ വ്യത്യസ്ത ഭാഗഭാക്കുകളുടെയും സഹകരണം ഉണ്ടാവണം. ഈ കാഴ്ചപ്പാട്‌ ഗാഡ്ഗിൽ റിപ്പോർട്ടും ലോകബാങ്ക് റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്. 

ഇതോടനുബന്ധിച്ച മറ്റൊരു ചോദ്യം, വെള്ളപ്പൊക്കം തടയുന്നതിലേക്കായുള്ള, ലോല (ഘടനയിതര) ഉപാധികൾ കൂടാതെയുള്ള, ദൃഢഘടനോപാധികൾ (ഹാർഡ് കേച്ചേഴ്‌സ്) നിർമിക്കാനുള്ള എൻജിനീയറിങ്‌ സാധ്യതകളെപ്പറ്റിയാണ്. ഹോളണ്ട് (കടലിൽ നിന്നുള്ള സംരക്ഷണം), യു.കെ. (തെംസിനുമേലുള്ള തടസ്സങ്ങൾ), ജപ്പാൻ (സുറുമീനദിയിലെ വെള്ളപ്പൊക്ക നിയന്ത്രണ വ്യവസ്ഥ), പിന്നെ, ഒരളവിൽ, അർജൻറീന (പ്രിമേര നദിയിലെ സംരക്ഷണ വ്യവസ്ഥ) എന്നീ രാജ്യങ്ങളിലെ ഘടനാപരമായ നടപടികൾ വിജയപ്രദമായ സാധ്യതകൾ തുറന്നുകാട്ടുന്നു. 

ദൃഢഘടനാഉപാധികൾ നിർമിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, ഒരു സ്ഥലത്തുനിന്നും വെള്ളപ്പൊക്കം മറ്റൊരു സ്ഥലത്തേക്ക് നീങ്ങിപ്പോകാനുള്ള സാധ്യതയാണ്. ഇതുകൊണ്ട്‌ മൊത്തമായ പ്രയോജനമില്ല. കേരളത്തിന്റെ കാര്യത്തിൽ ഈയിടെ സംഭവിച്ചത് ഇതുകൂടിയാണെന്ന്‌ അഭിപ്രായമുണ്ട്  അന്യോന്യം ബന്ധിപ്പിച്ച അണക്കെട്ടുകൾ ചില പ്രദേശങ്ങളിൽ പ്രളയതീവ്രത വഷളാകുന്നതിനു കാരണമായി. 

നയങ്ങളിൽ ഉത്തരവാദിത്വം വേണം

ചുമതലാബോധം ലോകത്തെമ്പാടുമുള്ള അനുഭവംെവച്ച് വെള്ളപ്പൊക്കങ്ങൾ നിയന്ത്രിക്കാൻ പറ്റും, പക്ഷേ, പൂർണമായും തടയാൻ പറ്റിയെന്നു വരില്ല. ഇതിനു കാരണം, വെള്ളപ്പൊക്കം പല സ്രോതസ്സുകളിൽനിന്നും ഉറവെടുക്കുന്നു (ഉദാഹരണത്തിന്, ജപ്പാനിൽ സുനാമി, ബംഗ്ലാദേശിൽ ചുഴലിക്കൊടുങ്കാറ്റ്, ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ, മുംബൈയിൽ മഴ, ഇന്ത്യയിലും ചൈനയിലും പലഭാഗത്തും മഴയും നദികളും എന്നിങ്ങനെ); വർധിച്ചുവരുന്ന ജനസംഖ്യാസമ്മർദവും നഗരവത്‌കരണം വികസനം തുടങ്ങിയ പ്രക്രിയകളും ഭൂമിയുടെയും പ്രകൃതിദത്തമായ പ്രതിബന്ധങ്ങളുടെയും മേലുള്ള െെകയേറ്റം വർധിപ്പിക്കുകയേയുള്ളൂ. 

ആസൂത്രിതനടപടികൾ വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന കെടുതികളും ജീവനും സ്വത്തിനും ഉണ്ടാകുന്ന അനാവശ്യമായ നാശനഷ്ടങ്ങളും കുറയ്ക്കുന്നതിന് സഹായിക്കും. ഒരു സമഗ്രമായ ആസൂത്രണം, ശരിയായ രക്ഷാവ്യവസ്ഥകൾ, പ്രളയക്കെടുതിഭൂപടനിർമാണം കൃത്യമായ കാലാവസ്ഥാ പ്രവചനവും നേരത്തേയുള്ള മുന്നറിയിപ്പും എന്നീ നടപടികൾ അർധരാത്രീയീലെ അപ്രതീക്ഷിത പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ ദുഃസ്വപ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. 
ജനങ്ങളെ മണിക്കൂറുകൾകൊണ്ടോ ഒറ്റരാത്രികൊണ്ടോ അവരുടെ ശാന്തവും സുഖകരവുമായ ജീവിതത്തിൽനിന്നും ജീവിതം അലങ്കോലമാക്കുന്ന ബുദ്ധിമുട്ടുനിറഞ്ഞ പുനരധിവാസക്യാമ്പുകളിലേക്കു തള്ളിവിടുകവഴി, വെള്ളപ്പൊക്കങ്ങൾ മനുഷ്യന്റെ സ്വാഭിമാനത്തെയും മുറിവേല്പിക്കുന്നു. അങ്ങനെ, നമ്മുടെ വർത്തമാന-ഭാവി തലമുറകളുടെ ജീവനും ആത്മാഭിമാനവും സംരക്ഷിക്കണമെങ്കിൽ നമ്മുടെ ഉത്തരവാദപൂർണമായ നയങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും നമ്മൾ അവരെ പ്രളയത്തിൽ നിന്നും മറ്റ് പ്രകൃതിദുരന്തങ്ങളിൽനിന്നും രക്ഷിക്കേണ്ടതുണ്ട്‌.

മാറണം ഗൃഹനിർമാണരീതികൾ

കേരളത്തിൽ ഗൃഹനിർമാണവുമായി ബന്ധപ്പെട്ട പൊതുജനശീലം മാറേണ്ടതുണ്ട്.  ഗൃഹനിർമാണത്തിലുണ്ടായ കഴിഞ്ഞ പതിറ്റാണ്ടുകളിലെ വളർച്ച, നദികൾ, കുന്നുകൾ, മേടുകൾ എന്നിവയുടെ നാശത്തിനു കാരണമായ മണൽഖനനത്തിെൻറയും കല്ലുവെട്ടു പ്രവർത്തനങ്ങളുടെയും ഒരു പ്രധാന ഉറവിടമായിരുന്നു. ഇത് സംബന്ധിക്കുന്ന പൊതുജനശീലത്തിൽ മാറ്റം വരണമെങ്കിൽ സർക്കാരിെൻറയും മറ്റു ഭാഗഭാക്കുകളുടെയും ബോധപൂർവമായ ശ്രമങ്ങൾ ആവശ്യമാണ്.

ഒട്ടേറെ തടസ്സങ്ങൾ നിയമവും പൊതുഅധികാരികളും സൃഷ്ടിച്ചിട്ടുപോലും കേരളത്തിലെന്താണ് മണൽഖനനവും നിയമവിരുദ്ധ കല്ലുവെട്ടു പ്രവർത്തനങ്ങളും നിർബാധം തുടർന്നുകൊണ്ടിരിക്കുന്നത്? കാരണം, മണൽ, കരിങ്കല്ല് നിർമാണപ്രവൃത്തികൾക്കുള്ള മറ്റു പ്രകൃതിവിഭവങ്ങൾ എന്നിവയ്ക്ക് കേരളത്തിൽ വലിയ ഒരു വിപണിയുണ്ട്. ഈ ആവശ്യങ്ങളിൽ ഒരു ഭാഗം തീർച്ചയായും വികസനപ്രവർത്തനങ്ങളിൽനിന്ന്‌ വരുന്നതാണ്. വികസനം ആവശ്യമാണെന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാകില്ല. ജനസംഖ്യാവർധനയ്ക്കും ഉയരുന്ന ജീവിതനിലവാരത്തിനും അനുസരിച്ച്‌ ഭൂമിക്കുമേലുള്ള വികസനസമ്മർദം വർധിക്കുകയേയുള്ളൂ. 

പക്ഷേ, കേരളത്തിന്റെ കാര്യത്തിൽ മണൽഖനനവും കല്ലുവെട്ടു പ്രവർത്തനങ്ങളും വേണ്ടിവരുന്ന നിർമാണവസ്തുക്കൾക്കുള്ള വർധിച്ചുവരുന്ന ആവശ്യം ഓേരാ അണുകുടുംബത്തിനുവേണ്ടിയും സ്വതന്ത്രവും ഒറ്റയൊറ്റയായി നിൽക്കുന്നതുമായ വീടുകൾക്കുള്ള കേരളീയരുടെ മതിവരാത്ത ആഗ്രഹമാണ്. കുടുംബങ്ങൾ പെരുകുന്നതിനനുസരിച്ചു കൂടുതൽ കൂടുതൽ വീട്ടുപറമ്പുകൾ മുറിച്ചെടുക്കുമ്പോൾ (എന്നിട്ടതിനു ചുറ്റും മതിൽ പണിയുകയും ചെയ്യുമ്പോൾ), അതിന്റെ ഫലം ഭൂ-അംശീകരണം (ഫ്രാഗ്‌മെേൻറഷൻ), ഭൂദൃശ്യത്തിലുള്ള മാറ്റം, വെള്ളത്തിെൻറയും വായുവിെൻറയും നൈസർഗികപ്രവാഹത്തിനുള്ള തടസ്സം എന്നിവയാണ്. ആയതുകൊണ്ട് നവകേരളത്തിനു വേണ്ടിയുള്ള പ്രവൃത്തിയിലെ ആദ്യചുവടുകളിലൊന്ന് കേരളീയരുടെ സ്വതന്ത്രവും ഒറ്റയ്ക്കൊറ്റയ്ക്ക് നിൽക്കുന്നതുമായ വീടുകൾക്കുവേണ്ടിയുള്ള ദാഹം കുറയ്ക്കുകയും അവരെ പാർപ്പിടസമുച്ചയസമ്പ്രദായത്തിലേക്ക്‌(അപാർട്ട്‌മെൻറ് സിസ്റ്റം) നയിക്കുകയും ചെയ്യുകയാണ്.

(ഐ.ഐ.എം. റോത്തക്കിന്റെ  സ്ഥാപക ഡയറക്ടറും കോഴിക്കോട്‌ ഐ.ഐ.എമ്മിന്റെ മുൻ ഡയറക്ടർ ഇൻ-ചാർജുമായ ലേഖകൻ സ്‌ട്രാറ്റജിക്‌ മാനേജ്‌മെന്റ്‌ വകുപ്പിൽ പ്രൊഫസറാണ്‌)