നെടുമ്പാശ്ശേരി പോലൊരു കുഗ്രാമത്തില്‍ അന്താരാഷ്ട്ര വിമാനത്താവളം... അത് നിര്‍മിക്കാന്‍ ഏക്കര്‍ കണക്കിന് നെല്‍പ്പാടങ്ങള്‍ മണ്ണിട്ട് നികത്തണം... നിരവധി വീട്ടുകാരെ കുടിയൊഴിപ്പിക്കണം... നിര്‍മാണത്തിനാകട്ടെ കോടികള്‍ കണ്ടെത്തണം... നടക്കാത്ത സ്വപ്നമായി കണ്ട് പലരും വിമാനത്താവള പദ്ധതിയെ എഴുതിത്തള്ളി. ‘ഭ്രാന്തന്‍ ആശയം’ എന്നുപറഞ്ഞ് ചിലര്‍ പുച്ഛിച്ചുതള്ളി. എന്നാല്‍, പ്രതിസന്ധികളില്‍ തളരാതെ ആ ആശയം തളിരിട്ടു. ഒടുവില്‍ എതിര്‍പ്പുകള്‍ ആശ്ചര്യമായി മാറി. 25 വര്‍ഷം മുമ്പ് നാമ്പിട്ട ആശയം ഇന്ന് നിത്യവസന്തമായി പന്തലിച്ചുനില്‍ക്കുന്നു.

‘സിയാല്‍’ എന്നത് ഇന്ന് ഒരു വിമാനത്താവള കമ്പനി മാത്രമല്ല, പകരംവയ്ക്കാനില്ലാത്ത ഒരു മോഡല്‍ കൂടിയാണ്. ‘കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്’ എന്ന സിയാല്‍ കാല്‍നൂറ്റാണ്ട് പിന്നിടുകയാണ്.

1994 മാര്‍ച്ച് 30-ന് രജിസ്റ്റര്‍ചെയ്ത കമ്പനി വെറും അഞ്ചുവര്‍ഷം കൊണ്ട് വിമാനത്താവളം പണികഴിപ്പിച്ചു. 1999 മേയ് 25-ന് വിമാനത്താവളം ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിന് ഇരുപത്തഞ്ച്‌ വയസ്സ്‌ തികയുകയാണ്. രജതജൂബിലി വേളയില്‍ കൂടുതല്‍ വിശാലമായ ആകാശത്തേക്ക്‌ പറക്കാന്‍ ഒരുങ്ങുകയാണ് സിയാല്‍.

* ഒരു സ്വപ്നത്തിന്റെ കൈയൊപ്പ്

1,300 ഏക്കറോളം സ്ഥലം... മൂന്ന് ടെര്‍മിനലുകള്‍... പ്രതിവര്‍ഷം ഒരുകോടിയിലധികം യാത്രക്കാര്‍... 18,000 നിക്ഷേപകര്‍... 160 കോടി രൂപയിലധികം പ്രതിവര്‍ഷ ലാഭം... രാജ്യത്തെ ആദ്യത്തെ പൊതുജന പങ്കാളിത്ത വിമാനത്താവളം... ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളം... സിയാലിനെ അടയാളപ്പെടുത്താന്‍ ഇത്തരം ഒരുപാട് വിശേഷണങ്ങളുണ്ട്. പക്ഷേ, ഇന്നലെകള്‍ പ്രതിസന്ധികളുടേത് മാത്രമായിരുന്നു.

v.j kuryan
‘‘ഓരോരുത്തരെയും ഈ ഭൂമിയില്‍ സൃഷ്ടിച്ചതിന് പിന്നില്‍ ദൈവം ഓരോ നിയോഗം കണ്ടുവച്ചിരിക്കും. എന്റെ നിയോഗം ഈ വിമാനത്താവളമാണ്.’’

-വി.ജെ. കുര്യൻ, മാനേജിങ് ഡയറക്ടർ, സിയാൽ

ഒരിക്കലും നടക്കുമെന്ന് ആരും കരുതാത്ത ഒരു ആശയം... അതിനുപിന്നാലെ രണ്ടുംകല്‍പ്പിച്ച് ഇറങ്ങിയ ഒരു സംഘം... ശിലാസ്ഥാപനം മുതല്‍ ആദ്യവിമാനം ഇറങ്ങുന്നതുവരെ അവസാന മണിക്കൂറുകള്‍ പോലും നിറഞ്ഞുനിന്ന ആശങ്ക... സര്‍വത്ര എതിര്‍പ്പുകള്‍... അസാധാരണമായ വിജയതൃഷ്ണയും സ്ഥിരോത്സാഹവും കൊണ്ടുമാത്രമേ ഇത്തരമൊരു പ്രോജക്ട് നടത്തിയെടുക്കാന്‍ കഴിയൂ.

എന്തിനാണ് അന്ന് ഇത്രയും സാഹസിക പ്രവൃത്തി ഏറ്റെടുത്തതെന്ന് ഇപ്പോള്‍ തനിക്കുപോലും നിശ്ചയമില്ലെന്ന് സിയാലിന്റെ സ്ഥാപക മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ പറയുന്നു.

‘‘ഓരോരുത്തരെയും ഈ ഭൂമിയില്‍ സൃഷ്ടിച്ചതിന് പിന്നില്‍ ദൈവം ഓരോ നിയോഗം കണ്ടുവച്ചിരിക്കും. എന്റെ നിയോഗം ഈ വിമാനത്താവളമാണ്. എന്റെ വാക്കും പ്രവൃത്തിയും ജീവിതവും തന്നെ കുറേക്കാലം ഇതിനുവേണ്ടി മാത്രമായിരുന്നു. വ്യോമയാന മേഖലയെക്കുറിച്ചോ വിമാനത്താവള പ്രവര്‍ത്തനത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ചോ ഒന്നും അറിയാതെയാണ് കൊച്ചിയില്‍ പുതിയ വിമാനത്താവളം പണികഴിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചത്. പിന്നെ, ഒരാള്‍ രണ്ടുംകല്‍പ്പിച്ച് ഒരു കാര്യം ചെയ്യാന്‍ സന്നദ്ധനായാല്‍ എതിര്‍പ്പുകള്‍ കാലാന്തരത്തില്‍ മാറും. ആത്മാർഥതയും സത്യസന്ധതയും അല്‍പ്പം സാഹസികതയും ജോലിചെയ്യാനുള്ള മനസ്സുമുണ്ടെങ്കില്‍ ഏത് പ്രതിസന്ധികള്‍ക്കിടയിലും എന്തും സാധ്യമാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സംബന്ധിച്ച് ഇതൊക്കെ ഉണ്ടാകുകയാണ് പ്രധാനം...’’ -കുര്യന്‍ പറഞ്ഞു.

കാല്‍ നൂറ്റാണ്ട് മുമ്പാണ് കുര്യന്‍ സിയാലിന്റെ ചുമതല ഏറ്റെടുത്തത്. നാളിതുവരെ എട്ടുവര്‍ഷം മാത്രമാണ് സിയാലിന്റെ അമരത്ത് അദ്ദേഹം ഇല്ലാതിരുന്നിട്ടുള്ളത്.

* തുടക്കത്തെക്കുറിച്ച് വി.ജെ. കുര്യന്‍ വിവരിക്കുന്നു

‘‘എണ്‍പതുകളുടെ അവസാനത്തോടെ തന്നെ കൊച്ചി വ്യോമായാന മേഖലയില്‍ നിന്ന് പുറത്താകുന്ന ലക്ഷണമായിരുന്നു. രാത്രി ലാന്‍ഡിങ് അസാധ്യം. വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ കഴിയില്ല. വില്ലിങ്ടണ്‍ ദ്വീപിലെ നാവിക വിമാനത്താവളം നവീകരിക്കാനായിരുന്നു ആദ്യപദ്ധതി. 1991-ല്‍ ഇതിനായി കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചു. ഞാനന്ന് എറണാകുളം ജില്ലാ കളക്ടര്‍ ആയിരുന്നു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധാനംചെയ്ത് ആ യോഗത്തില്‍ പങ്കെടുത്തു. വിമാനത്താവള നവീകരണ പദ്ധതിയില്‍ നേവി താത്‌പര്യം കാണിച്ചില്ല. ഇതോടെ പുതിയ വിമാനത്താവളം പണികഴിപ്പിമെന്ന ആലോചന വന്നു. പക്ഷേ, കാശുമുടക്കാന്‍ കേന്ദ്രം തയ്യാറല്ല... അതൊരു പ്രതിസന്ധിയായി. പുതിയ വിമാനത്താവളത്തിന് 200 കോടി രൂപയിലധികം വേണം. അങ്ങനെയാണ് പൊതുജന പങ്കാളിത്തത്തോടെ വിമാനത്താവളം പണികഴിപ്പിക്കാമെന്ന പദ്ധതി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചത്. ഒരു ചെറുപ്പക്കാരന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ആവേശത്തിനപ്പുറം അതിന് ആദ്യം ആരും വിലകൊടുത്തില്ല. ‘മണ്ടന്‍ കുര്യന്റെ മണ്ടന്‍ പദ്ധതി’ എന്ന നിലയ്ക്കായിരുന്നു പരിഹാസങ്ങളുടെ പോക്ക്. മാസങ്ങളുടെ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഒരു ‘യെസ്’ പറഞ്ഞു. അതൊരു ‘വലിയ യെസ്’ തന്നെയായിരുന്നു. സകലരും എതിര്‍ത്തെങ്കിലും അദ്ദേഹം എനിക്കൊപ്പം നിന്നു. 1993-ല്‍ ഒരു ‘സൊസൈറ്റി’ രജിസ്റ്റര്‍ ചെയ്ത് ഞങ്ങള്‍ പണസമാഹരണം നടത്തി. വിദേശമലയാളികള്‍ സഹായിക്കും എന്നായിരുന്നു എന്റെ ധാരണ. ഒടുവില്‍ 200 കോടി വേണ്ടിടത്ത് പിരിഞ്ഞുകിട്ടിയത് വെറും 4.47 കോടി ! സകലരും എന്റെ പദ്ധതിയെ പുലഭ്യം പറഞ്ഞു. എനിക്കു മുന്നില്‍ ഒരേയൊരു വഴിയേയുള്ളൂ... എങ്ങനേയും വിമാനത്താവളമുണ്ടാക്കുക. അതില്‍ ഞാന്‍ പരാജയപ്പെട്ടാല്‍ പിന്നേയും രണ്ട് പതിറ്റാണ്ടിലധികം നീളുന്ന എന്റെ തൊഴില്‍ജീവിതംതന്നെ നശിക്കും. അങ്ങനെ സര്‍വദൈവങ്ങളെയും വിളിച്ച് ഞാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. ഒടുവില്‍, വിജയിച്ചുകയറാനായതില്‍ അഭിമാനമുണ്ട്’’ -കുര്യന്‍ പറഞ്ഞു.

* ഇരുപതിനായിരം രൂപയില്‍ തുടക്കം

സൊസൈറ്റി ഉണ്ടാക്കിയെങ്കിലും വിചാരിച്ചപോലെ ഫണ്ട് വന്നില്ല. ജോസ് മാളിയേക്കല്‍ എന്ന ജര്‍മന്‍ മലയാളി 20,000 രൂപ സംഭാവന ചെയ്തു. അതുവച്ചാണ് വിമാനത്താവള നിര്‍മാണം തുടങ്ങിയത്. ആദ്യ ജീവനക്കാരന്‍ കുര്യന്‍... പിന്നെ പലയിടങ്ങളില്‍ നിന്ന് സ്വരൂപിച്ച ഓഫീസ് ഉപകരണങ്ങള്‍... ‘നെടുമ്പാശ്ശേരി’ എന്ന അവികസിത പ്രദേശത്ത് ഇഷ്ടികക്കളങ്ങളും വെള്ളക്കെട്ടും നിറഞ്ഞ 1,300 ഏക്കര്‍ ഏറ്റെടുക്കുക ദുഷ്കരമായിരുന്നു... കൈയില്‍ പൈസയില്ല... ഈ നിലയ്ക്ക് പോയാല്‍ എല്ലാം അവതാളത്തിലാകും. അങ്ങനെയാണ് 1994 മാര്‍ച്ച് 30-ന് ‘കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്’ എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക അവസരങ്ങളെ മുന്‍നിര്‍ത്തി ഭാവി ഉപയോക്താക്കളില്‍ നിന്ന് മുന്‍കൂര്‍ പണം വാങ്ങുക എന്ന പുതിയ ഫണ്ടിങ് രീതി സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി ഒരുവട്ടം കൂടി എനിക്ക് അവസരം തന്നു... അവസാന അവസരം! ആധുനിക ഫണ്ടിങ് രീതികളില്‍ ‘സെക്യൂരിറ്റൈസേഷന്‍ ഓഫ് ഫ്യൂച്ചര്‍ റിസീവബിള്‍സ്’ എന്നു വിളിക്കുന്ന പരിപാടിയാണിത്... സിയാല്‍ അത് അന്നേ അവതരിപ്പിച്ചു. അങ്ങനെ പെട്രോളിയം കമ്പനി, ബാങ്കുകള്‍ എന്നിവയില്‍ നിന്നെല്ലാം മുന്‍കൂര്‍ പണം വാങ്ങി. സംസ്ഥാന സര്‍ക്കാര്‍, നാട്ടുകാര്‍, എന്നിവരില്‍ നിന്നും പണം കടം വാങ്ങി, ബാങ്കുകളുടെ പിറകെ നടന്ന് വായ്പ സംഘടിപ്പിച്ചു, ഹഡ്‌കോ പോലുള്ള സ്ഥാപന മേധാവികളെ പറഞ്ഞു മനസ്സിലാക്കി കുറേ കാശ് അവിടെ നിന്നും സംഘടിപ്പിച്ചു. സ്ഥലം ഏറ്റെടുക്കുന്നത് വലിയ പ്രതിഷേധമുണ്ടാക്കി. 1003 കേസുകള്‍ സിയാലിനെതിരെ ഫയല്‍ ചെയ്യപ്പെട്ടു. ഇതില്‍ പലതും സുപ്രീംകോടതി വരെയെത്തി. ഈ പ്രതിസന്ധികള്‍ക്കിടയില്‍ത്തന്നെ സിയാല്‍, സ്വപ്ന പദ്ധതിയുമായി മുന്നോട്ടുപോയി. റൺവേയ്ക്ക് പോലും സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പേ 1994 ഓഗസ്റ്റ് എട്ടിന് ശിലാസ്ഥാപന കര്‍മം നടത്തി. അതോടെ ‘ഈ പദ്ധതി നടക്കും’ എന്ന് ജനത്തിന് തോന്നലുണ്ടായി. ഇതിനിടെ മുഖ്യമന്ത്രി മാറി... പിന്നീട് സര്‍ക്കാരും മാറി. തുടര്‍ന്നുവന്ന എ.കെ. ആന്റണിയും ഇ.കെ. നായനാരുമൊക്കെ സിയാലിന്റെ ആവേശത്തിന് പിന്തുണ നല്‍കി. ഒരു പാലം പണിയാന്‍ പത്തുവര്‍ഷമെടുക്കുന്ന നാട്ടില്‍ വെറും അഞ്ചുവര്‍ഷം കൊണ്ട് ഒരു വിമാനത്താവളം പണികഴിപ്പിക്കാന്‍ സിയാലിന് കഴിഞ്ഞു. 1999 മേയ് 25-ന് രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തു.

Nedumbassery

* പുനരധിവാസത്തില്‍ മികവ്

തുടക്കത്തില്‍ എതിര്‍പ്പുണ്ടായെങ്കിലും വിമാനത്താവളം വരുന്നതിന്റെ ഗുണഫലങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ സിയാലിന് കഴിഞ്ഞു. വീട് നഷ്ടപ്പെട്ട 822 പേരെയും പുനരധിവസിപ്പിച്ചു. ആവശ്യക്കാര്‍ക്ക് ആറുസെന്റ് ഭൂമി വീടുവയ്ക്കാന്‍ സൗജന്യമായി നല്‍കി. വിമാനത്താവളത്തില്‍ ജോലി, ടാക്സി പെര്‍മിറ്റ് എന്നിവ കൂടി നല്‍കിയതോടെ ജനപിന്തുണ ലഭിച്ചുതുടങ്ങി.

‘‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നത് ഇത്രയധികം പേരുടെ ജീവിതനിലവാരം കൂട്ടാന്‍ സിയാലിന് കഴിഞ്ഞു എന്നതാണ്. ഇന്ന് ഏതാണ്ട് 12,000 പേര്‍ വിമാനത്താവളത്തിനുള്ളില്‍ത്തന്നെ ജോലി ചെയ്യുന്നു. ഈ നാടിന്റെ മുഖച്ഛായ തന്നെ മാറി. കൊച്ചി നഗരം വടക്കുഭാഗത്തേക്ക്‌ വളര്‍ന്നു...’’ -കുര്യന്‍ പറഞ്ഞു.

* ഹരിത ചിന്തകള്‍

ഇന്ത്യയില്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനവും മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഏഴാം സ്ഥാനവും സിയാലിനുണ്ട്. മികച്ച വരുമാനവും അടിസ്ഥാന സൗകര്യവുമുണ്ട്. പക്ഷേ, ഇതെല്ലാമായിട്ടും പുതിയ ആശയങ്ങള്‍ സിയാലില്‍ പിറന്നുകൊണ്ടിരുന്നു.

2011 മുതല്‍ നാളിതുവരെയുള്ള കാലഘട്ടം സിയാലിന്റെ ചരിത്രത്തിലെതന്നെ തിളക്കമുള്ള അധ്യായമാണ്. വിമാനത്താവളത്തിന്റെ മൂന്നാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ തുടങ്ങി. പുതിയ ബ്രാന്‍ഡ് പ്രതിച്ഛായ സൃഷ്ടിക്കപ്പെട്ടു.

2015 ഓഗസ്റ്റ് 18-ന് സമ്പൂര്‍ണമായി സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമായി. സോളാര്‍ വിവാദങ്ങള്‍ കത്തിപ്പടര്‍ന്ന വേളയിലും സിയാലിന്റെ സൗരോര്‍ജ പദ്ധതിയ്ക്ക് പച്ചക്കൊടി കാണിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ധൈര്യം കാണിച്ചു.

തൊട്ടടുത്ത വര്‍ഷം പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ പണി പൂര്‍ത്തിയാക്കി. തുടര്‍ന്ന് മുഖ്യമന്ത്രിയായ പിണറായി വിജയനും ഈ സ്ഥാപനത്തെ ആവോളം പിന്തുണച്ചു. പഴയ അന്താരാഷ്ട്ര ടെര്‍മിനല്‍ നവീകരിച്ചതിനും സൗരോര്‍ജ സ്ഥാപിതശേഷി മൊത്തം 40 മെഗാവാട്ടായി ഉയര്‍ത്തിയതിനും പിന്നിൽ ഈ സര്‍ക്കാരിന്റെ നേതൃത്വമുണ്ട്. പിണറായി വിജയന്റെ സ്വപ്നപദ്ധതിയായ ‘കേരള ഉള്‍നാടന്‍ ജലപാത വികസനം’ സിയാലിനെയാണ് ഏല്‍പ്പിച്ചത്.

വിമാനത്താവളംപോലെ വന്‍കിട ഊര്‍ജ ഉപഭോഗം വേണ്ടിവരുന്ന സ്ഥാപനങ്ങളിലും പാരമ്പര്യേതര ഊര്‍ജം ഉപയോഗിക്കാമെന്ന ആശയം വിജയകരമായി നടപ്പിലാക്കിയതിന് സിയാലിന് ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത്’ ലഭിച്ചതും ഈ കാലയളവിലാണ്.

* പ്രതിവര്‍ഷം ഒരുകോടി യാത്രക്കാര്‍

സിയാല്‍ പ്രതിവര്‍ഷം ഒരുകോടി യാത്രക്കാര്‍ക്ക് സേവനം ഒരുക്കുന്നു. സംസ്ഥാനത്തെ വ്യോമായാന ട്രാഫിക്കിന്റെ 62 ശതമാനം. 23 ഇന്ത്യന്‍ നഗരങ്ങളിലേക്കും 16 വിദേശ നഗരങ്ങളിലേക്കും നേരിട്ടുള്ള സര്‍വീസുകള്‍ ഇവിടെ നിന്നുണ്ട്.

2003-04 മുതല്‍ കമ്പനി മുടങ്ങാതെ ലാഭവിഹിതം നല്‍കിവരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തോടെ നിക്ഷേപത്തുകയുടെ 228 ശതമാനം മടക്കിനല്‍കിക്കഴിഞ്ഞു.

* ഭാവിയുടെ ആകാശങ്ങള്‍

വ്യോമയാന, പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ആഗോളശ്രദ്ധ നേടിയെങ്കിലും വിജയപ്പെരുമയില്‍ വെറുതെയിരിക്കാന്‍ സിയാല്‍ ശീലിച്ചിട്ടില്ല. നിരവധി പുതിയ പദ്ധതികള്‍ സിയാല്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

ജലപാതയുടെ നവീകരണം മുഖ്യമന്ത്രി വിഭാവനം ചെയ്യുന്നതുപോലെ നടപ്പാക്കണം. അതിനാണ് പ്രാമുഖ്യം. 2020-ല്‍ തിരുവനന്തപുരം മുതല്‍ ബേക്കല്‍ വരെ 11 ജില്ലകളെ കോര്‍ത്തിണക്കി ജലപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നുതന്നെയാണ് സിയാലിന്റെ പ്രതീക്ഷ. അതിനായി അക്ഷീണമായി പ്രവര്‍ത്തിക്കുന്നുണ്ട്.

സൗരോര്‍ജ പദ്ധതിക്കൊപ്പം ജലവൈദ്യുത പദ്ധതികളും സിയാല്‍ ഏറ്റെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ‘അരിപ്പാറ’യിലെ നാല് മെഗാവാട്ട് ജലവൈദ്യുത പദ്ധതി 2019 സെപ്റ്റംബറില്‍ കമ്മിഷന്‍ ചെയ്യാന്‍ കഴിയും.

വിമാനത്താവളത്തിനരികെ വന്‍കിട ഹോട്ടലിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്തവര്‍ഷം ആദ്യം ഹോട്ടല്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്ന് കുര്യന്‍ പറഞ്ഞു.

പൊതുമേഖലയില്‍ കാര്യക്ഷമമായി ഒന്നും നടക്കില്ലെന്ന ശൈലിയുടെ തിരുത്തലാണ് സിയാല്‍. ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചാല്‍ വികസനം സ്വാഭാവികമായി ഉണ്ടാകുന്ന ഒരു പ്രക്രിയ മാത്രമാകും.

‘സ്വപ്നംകാണുക... അതിനായി അശ്രാന്തമായി പ്രവര്‍ത്തിക്കുക...’ സിയാലിന്റെ വികസനവാക്യം ഇതാണ്.

Content highlights: Cochin International Airport, CIAL celebrates 25th anniversary Nedumbassery