ഫ്രാൻസും അമേരിക്കയും ചരിത്രപരമായി നിലനിർത്തിയിരുന്ന രാജ്യാന്തര സൗഹൃദത്തിന്റെ ഉൗഷ്മളതയ്ക്ക് ഇളക്കംതട്ടിയോ? ഇന്തോ-പസഫിക് മേഖലയിൽ ഉരുത്തിരിഞ്ഞു വന്ന പുതിയ സംഭവവികാസങ്ങൾ യൂറോപ്പും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങൾക്കും വിള്ളലുകൾ ഏൽപ്പിക്കുമോ? 
 ഇന്തോ-പസഫിക് ഭൂരാഷ്ട്ര തന്ത്രം
ഫ്രാൻസിന് അലോസരമുണ്ടാക്കിയ സംഭവങ്ങൾക്ക്‌ തുടക്കം ഓസ്‌ട്രേലിയയുമായി അവർ ഉണ്ടാക്കിയിരുന്ന അന്തർവാഹിനി ഇടപാടിന്റെ റദ്ദാക്കലാണ്. സാധാരണഗതിയിൽ ആയുധക്കച്ചവടങ്ങൾ സൗഹാർദങ്ങൾക്കപ്പുറം സഞ്ചരിക്കുന്ന ഒരു മേഖലയാണ്. ‘‘കച്ചവടത്തിന് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അറിയില്ലെന്ന’’ ഫ്രഞ്ച് പഴമൊഴി ഇപ്പോഴും പ്രസക്തമാണ്.  അസ്വാരസ്യത്തിനു സാഹചര്യമൊരുക്കിയത് രാജ്യാന്തരതലത്തിൽ നിലവിൽവന്ന മറ്റൊരു തന്ത്രപ്രധാനമായ സഖ്യമാണ്. ഇന്തോ-പസഫിക് മേഖലയെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ‘ഔകസ്’ (AUKUS) എന്ന പേരിൽ ഉടലെടുത്ത ഈ ത്രിരാഷ്ട്ര സഖ്യത്തിൽ അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും തന്ത്രപരമായ പങ്കാളികളാണ്. ശീതയുദ്ധകാലത്തു ന്യൂസീലൻഡ് കൂടി ഉൾപ്പെട്ട ‘ആൻസസ്’ (ANZUS) സഖ്യം 70 വർഷം പിന്നിടുമ്പോഴാണ് ന്യൂസീലൻഡിനെ ഒഴിവാക്കി ബ്രിട്ടനെ ഉൾപ്പെടുത്തി ഔകസ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇന്തോ-പസഫിക് മേഖലയിൽ ചൈനയാണ് പുതിയ സഖ്യത്തിന്റെ കാരണമെങ്കിൽ എന്തുകൊണ്ടാണ് ഫ്രാൻസിനെ ഒഴിവാക്കി അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും ഒരു ത്രിരാഷ്ട്ര സഖ്യത്തിലേക്ക് നീങ്ങിയതെന്ന്‌ കടുത്ത അമർഷത്തോടെ യൂറോപ്യൻ യൂണിയൻ നേതാക്കൾ ചോദിക്കുന്നു.

യൂറോപ്യൻ യൂണിയൻ ഫ്രാൻസിനുപിന്നിൽ ശക്തമായി നിന്നാൽ അമേരിക്കയ്ക്ക് സമ്മർദമേറും. ട്രാൻസ് അറ്റ്‌ലാന്റിക് സഖ്യത്തിന്റെ ഉള്ളിൽ രൂപപ്പെട്ട സംഘർഷം ഐക്യരാഷ്ട്ര പൊതുസഭയുടെ സമ്മേളന പരിസരത്തും പ്രതിഫലിച്ചുകണ്ടു. ‘ഔകസ്’ രൂപവത്‌കരണത്തോടെ റദ്ദാക്കപ്പെട്ട ഓസ്ട്രേലിയ-ഫ്രഞ്ച് അന്തർവാഹിനി ഉടമ്പടി കാരണം 40 ബില്യൺ ഡോളറിന്റെ കരാറാണ് ഫ്രാൻസിന് നഷ്ടപ്പെട്ടത്. 
ഇന്തോ-പസഫിക് മേഖലയിൽ നിർണായകസ്വാധീനമുള്ള ഒരു രാജ്യമാണ് ഫ്രാൻസ്. ഏതാണ്ട് രണ്ടു ദശലക്ഷം ഫ്രഞ്ച് പൗരന്മാരും ഏഴായിരത്തോളം സൈനികരും ഈ മേഖലയിലുണ്ട്. അതുകൊണ്ടു തന്നെ ഔകസ് സഖ്യം കൊണ്ടോ റദ്ദാക്കിയ അന്തർവാഹിനി ഉടമ്പടി കൊണ്ടോ മേഖലയിലെ തങ്ങളുടെ സ്വാധീനവും ശക്തിയും പങ്കാളിത്തവും കുറയി​െല്ലന്ന്‌ ഫ്രാൻസ് വിശ്വസിക്കുന്നു. എന്നാൽ, ഫ്രാൻസിന്റെ മുൻകൈയിൽ യൂറോപ്യൻ യൂണിയന്റെ ഇന്തോ-പസഫിക് തന്ത്രങ്ങൾ പ്രഖ്യാപിക്കാനിരിക്കേയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഔകസ് സഖ്യം നിലവിൽ വന്നത്. ഇന്തോ-പസഫിക് മേഖലയിലെ സുപ്രധാന പങ്കാളിയാണ് ഫ്രാൻസെന്നും അറ്റ്‌ലാന്റിക് സഖ്യത്തിൽ ഒരു വിള്ളലും വീണിട്ടില്ലെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറയുന്നെങ്കിലും തങ്ങളുടെ ‘നൂറ്റാണ്ടിന്റെ കരാർ’ റദ്ദാക്കിയതിലൂടെ ഉണ്ടായ നഷ്ടത്തിൽ അരിശം കൊണ്ടിരിക്കുകയാണ് ഫ്രാൻസ്. അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും അംബാസഡർമാരെ (കൂടിയാലോചനകൾക്കെന്നപേരിൽ) തിരിച്ചുവിളിച്ച്‌ ഫ്രാൻസ് തങ്ങളുടെ അമർഷവും ആശങ്കകളും അറിയിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് ‘നവ-ഗ്വാളിസ്ത്’ ദേശീയതാവാദത്തിന്റെ ശബ്ദങ്ങൾ ഫ്രഞ്ച് സമൂഹത്തിൽ മുഴങ്ങിക്കേൾക്കാൻ തുടങ്ങുന്നത്. ചൈനയുമായി ശക്തമായ ബന്ധങ്ങൾ പുനരാവിഷ്കരിച്ച്‌ പുതിയ സഖ്യത്തെ പ്രതിരോധിക്കാനുള്ള ആഹ്വാനങ്ങളും ഫ്രഞ്ച് സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.
 ഫ്രഞ്ച്-അമേരിക്കൻ ബന്ധങ്ങൾ
ഫ്രാൻസിന്റെ അമേരിക്കയുമായുള്ള രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങൾക്ക്‌ ചരിത്രപരമായ പശ്ചാത്തലമുണ്ട്. അമേരിക്കയുടെ ആദ്യ സഖ്യരാജ്യമാണ് ഫ്രാൻസ്. 1778-ലെ ഇരു രാജ്യങ്ങളുടെയും സൈനിക ഉടമ്പടി ബ്രിട്ടനെതിരേയുള്ള (സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള) യുദ്ധത്തിൽ നിർണായകമായിരുന്നു. യുദ്ധത്തിൽ ഫ്രാൻസിന് തിരിച്ചടികൾ ഉണ്ടായെങ്കിലും അത് അമേരിക്കയുടെയും ഫ്രാൻസിന്റെയും രാഷ്ട്രീയ ഭാവിയെ ഒരു പുതിയ അധ്യായത്തിലേക്കു തിരിച്ചുവിട്ടു.
 രണ്ടാം ലോക യുദ്ധാനന്തരം ഫ്രാൻസ് അമേരിക്കയോടൊപ്പം ചേർന്ന് പുതിയ ലോകക്രമത്തിൽ നിർണായകമായ സ്ഥാനങ്ങൾ വഹിച്ചു. അമേരിക്കയുടെ യൂറോപ്പിലെ മൂന്നാമത്തെ മുഖ്യ വ്യാപാരപങ്കാളിയാണ് ഫ്രാൻസ്. ഇപ്പോൾ ഉടലെടുത്തിരിക്കുന്ന സംഘർഷം/ആശങ്കകൾ അധികകാലം തുടരാൻ സാധ്യതയില്ല. മുതലാളിത്ത ലോകത്തെ പ്രമുഖ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽക്കാൻ പുതിയ സാമ്പത്തിക-വ്യാപാര സാഹചര്യങ്ങൾ അനുവദിക്കുന്നില്ല. പ്രശ്നങ്ങൾ കൈവിട്ടുപോകുമെന്ന തിരിച്ചറിവാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇമ്മാനുവേൽ മാക്രോണും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലൂടെ ഒരു മഞ്ഞുരുകൽ പ്രസ്താവനയ്ക്ക് സാഹചര്യമൊരുക്കിയത്. 
മഹാത്മാഗാന്ധി സർവകലാശാലയുടെ 
ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടറാണ് 
ലേഖകൻ