വികസനത്തിന്റെയും പിന്നാക്കക്ഷേമത്തിന്റെയും വായ്ത്താരി മുഴക്കുന്നവർ തിരിഞ്ഞുനോക്കാത്തതുകൊണ്ടാണ് പാലക്കാട് ആലത്തൂർ താലൂക്കിലെ തളികക്കല്ല് ആദിവാസികോളനി മൂപ്പൻ രാഘവൻ കേരള ഹൈക്കോടതിയെ സമീപിച്ചത്. കോളനിയനുവദിച്ച് മൂന്നുപതിറ്റാണ്ട് കഴിഞ്ഞിട്ടും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ അത്യാവശ്യം സൗകര്യങ്ങൾ തങ്ങൾക്കും ലഭിക്കണം എന്നായിരുന്നു ആവശ്യം.
വസ്തുതാപഠനത്തിനുവേണ്ടി ജില്ലാ ജഡ്ജിയും കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) മെമ്പർ സെക്രട്ടറിയുമായ കെ.ടി. നിസാർമുഹമ്മദിന്റെ നേതൃത്വത്തിൽ ഒരു ടീമിനെ കേരള ഹൈക്കോടതി നിയോഗിച്ചു. 2020 മാർച്ച് നാലിനാണ് ടീം കോളനി സന്ദർശിച്ചത്.
56 കുടുംബങ്ങളാണവിടെ താമസിക്കുന്നത്. രാഘവന്റേത് ഉൾപ്പെടെ ഒരുവീടുപോലും വാസയോഗ്യമല്ലെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. കക്കൂസ് ഇല്ല, കുടിവെള്ളത്തിന് പൈപ്പിട്ടിട്ടുണ്ടെങ്കിലും അതിൽ വെള്ളമില്ല. ഒറ്റമുറിയും അടുക്കളയുമുള്ള വീടുകൾ ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്.
അങ്കണവാടി ഒരു നായക്കൂടിന് സമാനമാണെന്നുതന്നെ റിപ്പോർട്ടിൽ പറയുന്നു. 56 കുടുംബങ്ങൾക്കുവേണ്ടി സ്കൂളോ ആശുപത്രിയോ ഇല്ല. മൂന്നുകിലോമീറ്റർ അകലെയാണ് തെരുവ്. അവിടേക്കെത്തണമെങ്കിൽ ജീപ്പിനെ ആശ്രയിക്കണം. ഒരു ട്രിപ്പിന് 1500 രൂപയാണ് ജീപ്പുകാർ ചോദിക്കുന്നത്. കാട്ടിൽ തേൻ ശേഖരിച്ചും ചെറിയ കൃഷികൾ നടത്തിയും അരച്ചാൺ വയറുനിറയ്ക്കുന്ന ഇവർക്ക് 1500 രൂപ എത്രയോ വലിയ തുകയാണ്.
ആരറിയുന്നു ഇവരെ
വീടും മറ്റ് ആനുകൂല്യങ്ങളും വേണ്ടത്ര എത്താതെ ദുരിതജീവിതം നയിക്കുന്ന മനുഷ്യർ പ്രബുദ്ധകേരളത്തിൽ പല പോക്കറ്റുകളിലുമുണ്ട്. വികസനത്തിന്റെ വീരഗാഥകൾക്കിടയിൽ നിസ്സഹായരായ അവരുടെ നിലവിളി പൊതുസമൂഹവും അധികാരികളും അറിയുന്നില്ല. പാലക്കാട് ചിറ്റൂർ താലൂക്കിൽ വടകരപ്പതി കള്ളിയമ്പാറ കോളനിയിലെ നിഷയ്ക്കും സിന്ധുവിനും വീട് മൂന്നുസെന്റ് ഭൂമിയിലെ ഒറ്റമുറി കൂരയാണ്. പുകയൂതി അടുപ്പുകത്തിച്ച് ഭക്ഷണം ഉണ്ടാക്കേണ്ടതും കിടന്നുറങ്ങേണ്ടതും മറ്റെല്ലാ ജീവിതവ്യവഹാരങ്ങളും നിർവഹിക്കേണ്ടതും മഴയത്ത് ചോർന്നൊലിക്കുന്ന ഓല വളച്ചുകെട്ടിയ ഈ മുറിയിലാണ്. സമീപത്തെ പരിശ്ശക്കല്ല്, ചന്ദ്രനഗർ കോളനികളിലും ഇതാണ് അവസ്ഥ. 70 കുടുംബങ്ങൾക്ക് വീടില്ല. 22 വർഷമായി ഭൂമി കൊടുത്തിട്ട്. പട്ടയം കിട്ടിയില്ല. എസ്.സി. കോളനിയാണ്. 110 കുടുംബങ്ങൾക്ക് വീടുകിട്ടാനുണ്ട്. കൂലിപ്പണിയാണ് ജീവിതമാർഗം. കോവിഡ് വന്നതോടെ ഇരുട്ടടിയായി.
മുട്ടിൽ പഞ്ചായത്തിൽ നായക്കൊല്ലിക്കുന്നിൽ 12 കുടുംബങ്ങൾക്ക് 35 വർഷമായി വീടില്ല. വാഴവറ്റയിൽ കാരാപ്പുഴ പദ്ധതിക്കുവേണ്ടി കുടിയൊഴിഞ്ഞവരാണത്. 20 സെന്റ് സ്ഥലം എവിടെയോ അനുവദിച്ചിട്ടുണ്ട്. പക്ഷേ, എവിടെയാണെന്ന് കാണിച്ചുകൊടുത്തിട്ടില്ല. കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് ഷീറ്റും തെങ്ങോലയും ചേർത്തുണ്ടാക്കിയ കൂരയിലാണിവരുടെ താമസം.
പദ്ധതികളുണ്ട്, പക്ഷേ
44 വർഷമാണ് കാസർകോട് രാജപുരത്തെ തായന്നൂർ അലത്തടിയിലെ എ.വി. കുഞ്ഞിക്കണ്ണന് സർക്കാർ അനുവദിച്ച സ്ഥലം കണ്ടെത്താൻ കാത്തിരിക്കേണ്ടിവന്നത്. ഇക്കഴിഞ്ഞ മാർച്ചിലാണ് അധികൃതർ കാണിച്ചുകൊടുത്തത്.
പുല്പള്ളിയിലെ എടനിക്കൽ ജംഷീറും കുടുംബവും ഒരുവീടിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഷീറ്റുകൊണ്ടും ചാക്കുകൊണ്ടും ഉണ്ടാക്കിയ കൂരയിലാണ് ഭാര്യയും നാലുമക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്.
മീനങ്ങാടി കാക്കവയലിലെ ശ്രീദേവി ആറുവർഷമായി വിധവയാണ്. വീട് ലഭിക്കാൻ മുൻഗണനയുണ്ട് വിധവകൾക്ക്. ജിയോ ടാഗിങ് വഴി വീടിന്റെ ചിത്രം അപ്‌ലോഡ് ചെയ്തതിന്റെ പിഴവാണത്രേ ശ്രീദേവിയുടെ അപേക്ഷ പരിഗണിക്കാത്തതിനു കാരണം. എടവക ഗ്രാമപ്പഞ്ചായത്തിൽ ഒരു വാർഡിലെ 39 പേർക്ക് ഇതേ കാരണത്താൽ വീട് ലഭിച്ചില്ലെന്നാണ് പറയുന്നത്.
അട്ടപ്പാടിയിൽ കാട്ടാനകൾ മേഞ്ഞുനടക്കുന്ന പ്രദേശങ്ങളിൽ വീടുകിട്ടിയ ആദിവാസിക്കുടുംബങ്ങൾ എപ്പോഴാണ് ആനകൾ വന്ന് വീട് തകർക്കുക എന്ന പേടിയോടെയാണ് കഴിയുന്നത്.
ആദിവാസിനേതാവ് എം. ഗീതാനന്ദന്റെ നേതൃത്വത്തിൽ 86 കോളനികളിൽ പ്രളയാനന്തരസർവേ നടത്തിയിരുന്നു. പടിഞ്ഞാറെത്തറയിൽനിന്നുവരുന്ന കബനി മറ്റ് ചില ചെറുപുഴകളോടു ചേർന്ന് വരദൂർവഴി മാനന്തവാടി താലൂക്കിലൂടെ ഒഴുകി തിരുനെല്ലിക്കും പുല്പള്ളിക്കുമിടയിൽ ബാവലിയിൽ ചേരുന്നു.
ഇതിന്റെ ഇരുകരകളിലും നെൽപ്പാടങ്ങളാണ്. ആറ്റിറമ്പുകളിലും തോട്ടിൻകരകളിലും മറ്റും കൂരകെട്ടിത്താമസിക്കുന്ന നൂറുകണക്കിന് ആദിവാസിക്കുടുംബങ്ങളെ പ്രളയം കടപുഴക്കി. ദ്രവിച്ച മൺകൂരകളിൽ ജീവിച്ചിരുന്ന അവരുടെ ദുരിതങ്ങൾക്ക് പരിഹാരമായിട്ടില്ലെന്ന് ഗീതാനന്ദൻ പറഞ്ഞു.
പാലക്കാട് പുതുനഗരം ലക്ഷംവീട് കോളനിയിൽ 50-ഓളം കുടുംബങ്ങൾ ഭയപ്പാടോടെ കഴിയുകയാണ്. 1977-ൽ അനുവദിച്ച ലക്ഷംവീടുകൾ പലതും ഇടിഞ്ഞുവീഴാറായ സ്ഥിതിയാണ്. കുടുംബത്തിലെ അംഗങ്ങളാണെങ്കിൽ പല ഇരട്ടിയായി. അഞ്ചുകുടുംബങ്ങൾവരെ ഒരു വീട്ടിൽ താമസിക്കുന്നു. വീടുകളാണെങ്കിൽ ചോരുകയും ചെയ്യുന്നു.
കാസർകോട് വെള്ളരിക്കുണ്ട് കരിന്തളം പരപ്പ കാരാട്ടെ മിനിയും മകൾ ആറാം ക്ലാസുകാരി അഥീനയും തങ്ങളുടെ കൂര മഴയിൽ കുത്തിയൊലിച്ച് പോകുമോ എന്ന ഭീതിയിലാണ് കഴിയുന്നത്. ഭർത്താവ് വിൽസൺ ഒരുമാസം മുമ്പാണ് മരിച്ചത്. സ്വന്തമായി ഒരു തുണ്ടുഭൂമിയില്ല. ശൗചാലയമില്ല. വൈദ്യുതിയില്ല.
കണ്ണൂർ പിണറായിക്കടുത്ത് മമ്പറം പാലത്തിനു സമീപം പുറമ്പോക്കിൽ ടാർപോളിൻ ഷീറ്റ്‌മേഞ്ഞ കൂരയിൽ കൈക്കുഞ്ഞടക്കം ആറുമക്കളടങ്ങുന്ന കുടുംബം പുലർത്താൻ കഷ്ടപ്പെടുകയാണ് എ.കെ. രാമകൃഷ്ണനും ഭാര്യയും. റേഷൻ കാർഡാണെങ്കിൽ എ.പി.എൽ. വിഭാഗത്തിലും. ഇവർക്കും വൈദ്യുതിയും കുടിവെള്ളവുമില്ല. റേഷൻപോലും തികയാത്ത അവസ്ഥ. ലൈഫ് പദ്ധതിയിൽ വീടിനപേക്ഷിച്ച് കാത്തിരിക്കുകയാണ് ഇവരും.
ദുരിതംനിറഞ്ഞ ലയങ്ങളിൽ ജീവിതം തള്ളിനീക്കുന്നവരാണ് തോട്ടം തൊഴിലാളികൾ. മൊത്തം 64,391 പേരിൽ 32,591 പേർക്ക് വീടില്ല. തൊഴിൽവകുപ്പ് നടത്തിയ സർവേയിലാണിത് കണ്ടെത്തിയത്. തോട്ടംമേഖലയിലെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മിഷൻ റിപ്പോർട്ട് നൽകിയിരിക്കുന്നത് ലയങ്ങൾ വാസയോഗ്യമല്ല എന്നാണ്. എന്നാൽ, പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ വൻദുരന്തമുണ്ടായപ്പോഴാണ് ലയങ്ങളിലെ ദുരിതജീവിതം പൊതുസമൂഹം ശ്രദ്ധിച്ചത്.
2018-ലെ പ്രളയത്തിൽ 7000 വീടുകൾ പൂർണമായും തകർന്നു. ലക്ഷക്കണക്കിന് വീടുകൾ ഭാഗികമായി തകർന്നു. ആദ്യ ആശ്വാസമായി അനുവദിച്ച 10,000 രൂപ ഇനിയും കിട്ടാത്തവരുണ്ട്. വീടുകൾ അവർക്കും വേണം.
സാങ്കേതിക തടസ്സങ്ങൾ
തീരദേശനിയന്ത്രണ ചട്ടങ്ങളിൽപ്പെട്ട് മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് പദ്ധതിയിൽകിട്ടേണ്ട 7000 വീടുകൾ നഷ്ടമായി.2019-ലെ സി.ആർ. സെഡ് റെഗുലേഷൻ അനുസരിച്ചുള്ള തീരമേഖലാ പരിപാലനച്ചട്ടം പൂർത്തിയാക്കാത്തതാണ് കാരണം. 73 നിയമസഭാ മണ്ഡലങ്ങളിൽനിന്നുള്ള അപേക്ഷകർ ഉണ്ടായിരുന്നു.
ഇങ്ങനെ വീടിനുവേണ്ടി പതിനായിരങ്ങൾ കാത്തിരിക്കുന്നുണ്ട് എന്നതാണ് വസ്തുത.
ദമയന്തിയുടെ വീട്
2017 ജൂണിൽ തുടങ്ങിയതാണ് തലചായ്ക്കാൻ ഒരിടത്തിനുവേണ്ടി തിരുവനന്തപുരം തിരുമല സ്വദേശിനി ദമയന്തിയുടെ ശ്രമങ്ങൾ. എന്നാൽ, വീടനുവദിക്കില്ലെന്ന് കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ച വാർത്ത മാധ്യമങ്ങളിൽ വന്നു. അതിനെതിരേ ദമയന്തി ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ പരിഗണിച്ച് രണ്ടുമാസത്തിനുള്ളിൽ വിവരം കോടതിയെ അറിയിക്കണമെന്ന് ജസ്റ്റിസ് അനു ശിവരാമൻ നഗരസഭാ സെക്രട്ടറിയോട് നിർദേശിച്ചു. എന്നാൽ, ദമയന്തിക്ക് ഫ്ളാറ്റ് കിട്ടിയില്ല.
കോടതിയലക്ഷ്യത്തിന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ദമയന്തിക്ക് ഫ്ളാറ്റ് അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടു. ദമയന്തിക്ക് കല്ലടിമുക്കിൽ ഫ്ളാറ്റ് അനുവദിക്കാമെന്ന് നഗരസഭാസെക്രട്ടറിയുടെ കുറിപ്പും കൗൺസിൽ പരിഗണിച്ചില്ല.
2019 നവംബർ ഒന്നിന് സെക്രട്ടറിക്ക് കോടതിയലക്ഷ്യ ഉത്തരവ് കിട്ടി. പക്ഷേ, അതും പാലിച്ചില്ല. തിരുവനന്തപുരം കോർപ്പറേഷൻ മേയർ കെ. ശ്രീകുമാറിനോട് ദമയന്തിക്ക് വീട് കൊടുത്തോ എന്ന് കഴിഞ്ഞദിവസം അന്വേഷിച്ചു. ‘‘ഇല്ലെന്നാണ് തോന്നുന്നത്’’ എന്നായിരുന്നു മറുപടി.
(തുടരും)