കേരളത്തിലെ പത്താംക്ലാസ് വിജയിക്കുന്ന കുട്ടികളിൽ ബഹുഭൂരിപക്ഷവും തിരഞ്ഞെടുക്കുന്ന ഉപരിപഠനമേഖല ഹയർസെക്കൻഡറിയാണ്. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് മേഖലകളിലായി നാല്പത്തിയാറ് വ്യത്യസ്ത കോമ്പിനേഷനുകൾ ലഭ്യമാണെന്നുള്ളതും ദേശീയ സിലബസ് സ്വീകരിച്ചിരിക്കുന്നുവെന്നതും ഇഷ്ടമുള്ള ഭാഷകളിലൊന്ന് തിരഞ്ഞെടുക്കാമെന്നതും ഹയർസെക്കൻഡറിയെ ഏറ്റവും ആകർഷകമായ ഉപരിപഠനമേഖലയാക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നു.

പക്ഷേ, രൂപവത്‌കൃതമായി മുപ്പതുവർഷം പിന്നിടുമ്പോഴും പരിഹൃതമാവേണ്ട ചില പ്രശ്നങ്ങളുമുണ്ട്. അതിലേറ്റവും പ്രധാനം പ്ലസ്‌വൺ അഡ്മിഷനുമായി ബന്ധപ്പെട്ടതാണ്.

 ഗ്രേഡിങ്ങിലെ അശാസ്ത്രീയത
1997 മുതലാണ് കേരളത്തിൽ ഗ്രേഡിങ്‌ സമ്പ്രദായം നടപ്പാക്കുന്നത്. 2005 മാർച്ചിൽ പത്താം ക്ലാസിലും 2006-’07 കാലത്ത്‌ ഹയർസെക്കൻഡറിയിലും ഗ്രേഡിങ്‌ നിലവിൽവന്നു. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ അഞ്ചുപോയന്റ് സ്കെയിലും ഒമ്പതുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽ ഒൻപതു പോയന്റ് സ്കെയിലുമാണ് ഗ്രേഡിങ്ങിനായി സ്വീകരിച്ചിരിക്കുന്നത്. പഠിതാക്കൾക്കിടയിലുള്ള മാർക്കിന്റെ പേരിലുള്ള അനാരോഗ്യമത്സരം ഒഴിവാക്കാൻ കഴിയുന്നുവെന്ന നിലയിലും സമാന നിലവാരമുള്ള കുട്ടികളെ ഒരുസംഘമാക്കി മാറ്റുന്നതിലൂടെ മത്സരത്തിന്റെ തോത് കുറയ്ക്കാമെന്ന നിലയിലുമാണ് ഗ്രേഡിങ്‌ അവതരിപ്പിക്കപ്പെട്ടത്. മാനസികസംഘർഷങ്ങളും കിടമത്സരങ്ങളും ഒഴിവാക്കാൻ കൊണ്ടുവന്ന സമ്പ്രദായം ഇപ്പോൾ ഹയർസെക്കൻഡറി അഡ്മിഷനുമായി ബന്ധപ്പെട്ട് കടുത്ത മത്സരങ്ങളിലേക്കും അസ്വസ്ഥതകളിലേക്കും സങ്കീർണതകളിലേക്കും കുട്ടികളെയും രക്ഷിതാക്കളെയും നയിക്കുന്ന സാഹചര്യമാണുള്ളത്.

വർഷാന്ത്യപരീക്ഷയുടെ സ്കോറിന്റെയും അധ്യാപകൻ / അധ്യാപിക നൽകുന്ന തുടർ മൂല്യനിർണയത്തിന്റെയും സ്കോറുകൾ ആകെ പരിഗണിച്ചുകൊണ്ട് ഗ്രേഡുകൾ കണക്കാക്കുന്ന രീതിയാണ് പത്താംക്ലാസിലുള്ളത്. ഇതിനൊപ്പം ഗ്രേസ്‌മാർക്കുകൾകൂടി പരിഗണിക്കുമ്പോൾ ഗ്രേഡിലും റിസൽറ്റിലും വൻവർധനയുണ്ടാവുന്നു. ഇതിനുപകരം ഹയർസെക്കൻഡറിയിലേതുപോലെ അധ്യാപകർ നൽകുന്ന സി.ഇ. സ്കോർ പരിഗണിക്കാതെ സബ്ജക്ട്‌ മിനിമം ഉറപ്പുവരുത്തുകയാണെങ്കിൽ പത്താംക്ലാസിന്റെ റിസൽറ്റിലെ വൻവർധന നിയന്ത്രിച്ച് മിനിമം അക്കാദമികനിലവാരം ഉറപ്പുവരുത്താൻ കഴിയും.

പത്ത് സ്കോറിന്റെ ഒരു യൂണിറ്റായി ഓരോ ഗ്രേഡിനെയും പരിഗണിക്കുന്നത് വിദ്യാർഥികൾ തമ്മിലുള്ള അക്കാദമികനിലവാരത്തിലെ വ്യത്യാസം മനസ്സിലാക്കാൻ സാധ്യമല്ല എന്നതും വലിയൊരു പരിമിതിയാണ്. ഉദാഹരണത്തിന് ഒൻപത് ‘എ പ്ലസും’ ഒരു ‘എ’ യും നേടിയ കുട്ടിക്ക് മുഴുവൻ ‘എ’ പ്ലസ് നേടിയ വിദ്യാർഥിയെക്കാൾ സ്കോർ കൂടുതലുണ്ടാവാം. എന്നാൽ, അതു പരിഗണിക്കപ്പെടുന്നില്ല. സമാനമായി ഫുൾ ‘എ’ പ്ലസ് നേടുന്നവരിൽ സ്കോർ 90 മുതൽ 100 വരെ നേടിയവരുമുണ്ടാവാം. പ്ലസ്‌വൺ അഡ്മിഷന് ഇവരെല്ലാം ഒരേപോലെ പരിഗണിക്കപ്പെടുന്നുവെന്നത് അക്കാദമിക മികവുപുലർത്തുന്ന കുട്ടികളിൽ അസ്വസ്ഥതയും മാനസികസംഘർഷങ്ങളും സൃഷ്ടിച്ചേക്കാം.

ഹയർസെക്കൻഡറിയിൽ ചെയ്യുന്നതുപോലെ പത്താംക്ലാസിലും ഗ്രേഡിനൊപ്പം സ്കോർകൂടി നൽകിയാൽ അക്കാദമികമായ സൂക്ഷ്മവ്യത്യാസംപോലും പരിഗണിക്കപ്പെടും. മികവുള്ളവർ വിദ്യാഭ്യാസപ്രക്രിയയ്ക്കു പുറത്താവുന്നത് തടയാനാവും. മറ്റു ഘടകങ്ങൾ അഡ്മിഷൻ പ്രക്രി യയെ സ്വാധീനിക്കുന്നത് ഇല്ലാതാവും. അധ്യാപകർ നൽകുന്ന സി.ഇ. മാർക്കിന്റെ കാര്യത്തിൽ ശാസ്ത്രീയമായ മൂല്യനിർണയോപാധികൾ സ്വീകരിക്കേണ്ടതും അനിവാര്യമാണ്.

ബോണസ് പോയന്റിലെ പ്രശ്നങ്ങൾ

ഈ വർഷത്തെ പ്ലസ്‌വൺ അഡ്മിഷൻ പ്രക്രിയ സങ്കീർണമാക്കിയതിൽ ബോണസ് പോയന്റ് നൽകിയതിലെ അസന്തുലിതത്വവും കാരണമായിട്ടുണ്ട്. വിദ്യാർഥി പഠിച്ച സ്കൂൾ, പഞ്ചായത്ത്, താലൂക്ക്, അതേ സിലബസ്, എൻ.സി.സി., സ്കൗട്ട്, എസ്.പി.സി., ലിറ്റിൽ കൈറ്റ്‌സ് എന്നിവ ബോണസ് പോയന്റിനായി പരിഗണിച്ചിരുന്നു. അത് നീതീകരിക്കാവുന്നതുമാണ്. ഏറെ പഠനസമയവും ഒഴിവുദിവസങ്ങളും ചെലവഴിച്ചാണ് കുട്ടികൾ ഇക്കാര്യങ്ങളിൽ പങ്കെടുക്കുന്നത്. എന്നാൽ, ഇതിനൊപ്പം നീന്തലിലെ അറിവിനും സമാനമായ ബോണസ് പോയന്റ് (2) നൽകിയത് എല്ലാ വിഷയങ്ങൾക്കും ‘എ’ പ്ലസ് നേടിയവരുടെ സാധ്യതയെ ബാധിച്ചിട്ടുണ്ട്. ആകെ ബോണസ് പോയന്റ് പത്തായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരേ ഇൻഡക്സ് മാർക്ക് ലഭിച്ചവർ ബോണസ് പോയന്റിന്റെ ബലത്തിൽ പ്രവേശനംനേടുകയും ബോണസ് പോയന്റ് ഇല്ലാത്തവരും കുറഞ്ഞവരും പുറത്താവുകയും ചെയ്യും. അക്കാദമിക മികവ് ബോണസ് പോയന്റിലൂടെ മറികടക്കുന്നത് അഭിലഷണീയമായ കാര്യമല്ല.

ഹയർസെക്കൻഡറി അഡ്മിഷൻ സംഭവിക്കുന്നതെന്ത്

കോവിഡ് പ്രതിസന്ധിയ്ക്കിടയിലും കാര്യക്ഷമമായി എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾ നടത്താൻ കഴിഞ്ഞ അപൂർവം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേന്ദ്രീയ വിദ്യാലയങ്ങളും സി.ബി. എസ്.ഇ.യും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും പൊതുപരീക്ഷകൾ വേണ്ടെന്നുെവച്ച സാഹചര്യത്തിലും കേരളമെടുത്ത സമീപനത്തെ പൊതുസമൂഹം ഏറെ ശ്ലാഘിച്ചതാണ്. ഏറെ പ്രതികൂലമായ സാഹചര്യങ്ങൾക്കിടയിലും പരീക്ഷയെഴുതി വിജയിച്ചുവന്ന എല്ലാ കുട്ടികളുടെയും തുടർപഠന സാഹചര്യം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഒരു കുട്ടിപോലും തുടർപഠനസാധ്യതയില്ലാതെ വിദ്യാഭ്യാസ പ്രക്രിയയ്ക്കു പുറത്താവുന്നത് വിദ്യാഭ്യാസത്തിന്റെ സാമൂഹികനീതി സങ്കല്പങ്ങൾക്കെതിരാണ്.

ഈ വർഷം റിസൽറ്റിലും ഫുൾ ‘എ പ്ലസു’കാരുടെ എണ്ണത്തിലുമുണ്ടായ വർധന അഡ്മിഷൻ പ്രക്രിയ സങ്കീർണമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഓരോ വർഷവും പത്താംക്ലാസ് പൊതുപരീക്ഷയെഴുതി മികച്ചവിജയം നേടുന്ന വിദ്യാർഥികൾക്ക് ആനുപാതികമായ രീതിയിലല്ല, സീറ്റുകളോ, കോമ്പിനേഷനോ, സ്കൂളുകളോ ക്രമീകരിച്ചിരിക്കുന്നത്. സീറ്റുകളുടെയും ബാച്ചുകളുടെയും എണ്ണത്തിലും വിതരണത്തിലും പ്രാദേശികമായ അസന്തുലിതാവസ്ഥയും നിലനിൽക്കുന്നുണ്ട്. ഇതു തുല്യനീതിയുമായി ബന്ധപ്പെട്ട പ്രശ്നം കൂടിയാണ്. ഹയർസെക്കൻഡറി രൂപവത്‌കൃതമായി മുപ്പതുവർഷം പിന്നിടുമ്പോഴും ഹയർസെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട പരിമിതികൾ ശാസ്ത്രീയമായി പരിഹരിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. പതിറ്റാണ്ടുകളായി സർക്കാരുകൾ നൽകിവരുന്ന ഇരുപതുശതമാനം സീറ്റ് വർധന നടപ്പാക്കിയാലും മലബാർ മേഖലയിൽ ഇരുപത്തയ്യായിരം സീറ്റുകൾ (ഏതാണ്ട് നാനൂറ്റിയമ്പതോളം ബാച്ചുകൾ) ആവശ്യമുണ്ട് എന്നതാണ് സാഹചര്യം. ഓരോ വർഷവും വിജയിക്കുന്ന കുട്ടികളും ലഭ്യമായ സീറ്റുകളും തമ്മിലുണ്ടാവുന്ന അന്തരം പരിഹരിക്കാനുള്ള സമഗ്രവും ശാസ്ത്രീയവുമായ നടപടികൾ ആവശ്യമാണ്. പൊതുവിദ്യാലയങ്ങളിൽ പഠിക്കുകയെന്ന വിദ്യാർഥികളുടെ അവകാശം ഉറപ്പുവരുത്താനുള്ള ജനാധിപത്യപരമായ ബാധ്യത നാം നിറവേറ്റേണ്ടതുണ്ട്.

പ്രധാന നിർദേശങ്ങൾ

  1. അടിസ്ഥാന സൗകര്യമുള്ള സ്കൂളുകളിൽ അഡീഷണൽ ബാച്ചുകൾ അനുവദിക്കുക. അനുവദിക്കേണ്ട കോമ്പിനേഷന്റെ കാര്യത്തിൽ സാമൂഹികമായ ആവശ്യകത പരിഗണിക്കണം.
  2. നിയോജക മണ്ഡലാടിസ്ഥാനത്തിലോ/സബ് ജില്ലാടിസ്ഥാനത്തിലോ വിജയിച്ച കുട്ടികളുടെ എണ്ണവും ലഭ്യമായ ബാച്ചുകളും സീറ്റുകളും തമ്മിൽ കൃത്യമായ സന്തുലിതത്വം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം
  3. ഏറ്റവുമധികം സീറ്റ് ആവശ്യമുള്ള പ്രദേശങ്ങളിലെ സ്കൂളുകൾക്ക് സീറ്റ് ഒഴിഞ്ഞുകിടക്കുന്ന സ്കൂ ളുകളിലെ ബാച്ചുകൾ മുൻവർഷങ്ങളിൽ പുനർവിന്യസിച്ചിരുന്നു. ബാച്ച് ഷിഫ്റ്റിങ്‌ ശാസ്ത്രീയമായി നിർവഹിക്കുകയാണെങ്കിൽ ‘എ പ്ലസ്’ നേടിയവർപോലും പുറത്തുനിൽക്കുന്ന സാഹചര്യം ഒഴിവാക്കാനാകും. കുട്ടികൾ കുറവുള്ള കോർപ്പറേറ്റ് മാനേജ്മെന്റുകളുടെ ബാച്ചുകളും പുനർവിന്യസിക്കാവുന്നതാണ്
  4. സപ്ലിമെന്ററി അലോട്ട്മെന്റും ട്രാൻസ്ഫർ അലോട്ട്‌മെൻറും ഒരുമിച്ച് നടത്തുകയാണ് ഉയർന്ന ഗ്രേഡ് കരസ്ഥമാക്കിയവർക്ക് ഇഷ്ടമുള്ള കോമ്പിനേഷൻ ലഭിക്കാനുള്ള പ്രായോഗികമായ സമീപനം
  5. കേരളത്തിന്റെ വടക്കൻജില്ലകളിലെ പട്ടികവർഗവിഭാഗം വിദ്യാർഥികളുടെ ഹയർസെക്കൻഡറി അഡ്മിഷൻ വലിയൊരു പ്രശ്നമേഖലയാണ്. പട്ടികവർഗവിഭാഗം കുട്ടികളുടെ െറസിഡൻഷ്യൽ സ്കൂളുകളിലെ നിലവിലുള്ള ബാച്ചിലെ കുട്ടികളുടെ എണ്ണം വർധിപ്പിക്കുകയും അഡീഷണൽ ഡേ സ്കോർ ബാച്ചുകൾ അനുവദിക്കുകയും വേണം
  6. കുട്ടികൾ കുറവുള്ള സ്കൂളുകളിലെ ബാച്ചുകൾ അപേക്ഷകർ കൂടുതലുള്ളതും ഉയർന്ന സ്കോർ കരസ്ഥമാക്കിയിട്ടും രണ്ടാംഅലോട്ട്‌മെന്റിനുശേഷവും കുട്ടികൾ പുറത്തുനിൽക്കുന്നതുമായ പ്രദേശങ്ങളിലേക്കു മാറ്റിനൽകണം

എസ്.സി.ഇ.ആർ.ടി. മുൻ റിസർച്ച് ഓഫീസറാണ് ലേഖകൻ