‘‘ഐക്യരാഷ്ട്രസഭയിൽ  ഒരു ഭൂകമ്പമാപിനിയുടെ സൂക്ഷ്മതയോടെയായിരുന്നു വി.കെ. കൃഷ്ണമേനോൻ  പ്രവർത്തിച്ചിരുന്നത്. ലോകകാര്യങ്ങളുടെ സൂക്ഷ്മസ്പന്ദനങ്ങൾ പോലും അദ്ദേഹത്തിന്റെ ബുദ്ധിയുടെ റിക്ടർസ്കെയിലിൽ രേഖപ്പെടുത്തപ്പെട്ടു’’- കൃഷ്ണമേനോനോടൊപ്പം ദീർഘകാലം ഐക്യരാഷ്ടസഭയിൽ ഇന്ത്യൻസംഘത്തിൽ പ്രവർത്തിച്ച, മുൻരാഷ്ട്രപതി ആർ. വെങ്കട്ടരാമൻ പറഞ്ഞ വാക്കുകളാണിവ.
നെഹ്രു ആദ്യമായി ഇംഗ്ലണ്ടിൽ എത്തിയ  1932-ൽ തുടക്കമിട്ടതാണ് മേനോനുമായുള്ള സൗഹൃദം. ലോകരാജ്യങ്ങളോട് ഇന്ത്യയുടെ നിലപാട് രൂപപ്പെടുത്തുന്നതിലും ചേരിചേരാനയത്തിന് നേതൃത്വം നൽകുന്നതിലും കോമൺവെൽത്തിൽ ഇന്ത്യയെ അംഗമാക്കുന്നതിനും  നെഹ്രുവിന് കരുത്തുപകർന്നത് മേനോനുമായുള്ള ഈ കൂട്ടുകെട്ടാണ്. 

പ്രമുഖ അഭിഭാഷകനായിരുന്ന കോമത്ത് കൃഷ്ണക്കുറുപ്പിന്റെ മകനായി 1896 മേയ് മൂന്നിന് കോഴിക്കോട് പന്നിയങ്കരയിലെ വെങ്ങാലിൽ വീട്ടിൽ ജനിച്ച കൃഷ്ണമേനോൻ കോഴിക്കോട്ടുനിന്ന് ഇന്റർമീഡിയറ്റ് പാസായശേഷം ഉന്നതപഠനത്തിന് 1915-ൽ  മദ്രാസ് പ്രസിഡൻസി കോളേജിൽ ചേർന്നു. തിയോസഫിക്കൽ സൊസൈറ്റി പ്രസിഡന്റായിരുന്ന ഡോ. ആനിബസന്റുമായി പരിചയപ്പെടുകയും തിയോസഫിക്കൽ സൊസൈറ്റിയിൽ പ്രവർത്തിക്കാൻ തുടങ്ങിയതും മേനോന്റെ   തലവര മാറ്റിമറിച്ചു. ലോകത്തെക്കുറിച്ച് അവബോധം ഉണ്ടാവുന്നതിനും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു ആനി ബസന്റ് മേനോനെ 1924-ൽ ലണ്ടനിലേക്കയച്ചതെന്ന്, പിന്നീട് കൃഷ്ണമേനോനുമായി അടുത്തുപ്രവർത്തിക്കാൻ അവസരം ലഭിച്ച  മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ പറയുന്നു. കൃഷ്ണമേനോൻ ബോംബെ നോർത്തിൽനിന്ന് കോൺഗ്രസ് എം.പി.യായിരുന്ന വേളയിൽ മണ്ഡലത്തിലെ കാര്യങ്ങൾ നോക്കാൻ മേനോന്റെ പ്രതിനിധിയായി കോൺഗ്രസ് നിയോഗിച്ചത് ഉണ്ണികൃഷ്ണനെയായിരുന്നു.

അന്തർദേശീയ രാഷ്ട്രീയവും അവിടെയുള്ള സൂക്ഷ്മചലനങ്ങളും ക്രാന്തദർശിയെപ്പോലെ വിലയിരുത്തിയ മേനോനെ 1952 മുതൽ  62 വരെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധിസംഘത്തിന്റെ തലവനായി നിയോഗിക്കാനിടയായി. കൊറിയൻ പ്രശ്നത്തിൽ ഇടപെട്ടുകൊണ്ടാണ് മേനോൻ യു.എന്നിൽ ശ്രദ്ധനേടിയത്. ചൈന- യു.എസ്. തർക്കം, സൂയസ്‌കനാൽ പ്രശ്നം തുടങ്ങിയ വിഷയങ്ങളിൽ മേനോന്റെ  ഇടപെടൽ ലോകശ്രദ്ധയാകർഷിച്ചു. ചരിത്ര പിൻബലവും രാഷ്ട്രീയയാഥാർഥ്യവും നിരത്തി 1955-ൽ കശ്മീർവിഷയത്തിൽ മേനോൻ യു.എന്നിൽ നടത്തിയ എട്ടുമണിക്കൂർ പ്രസംഗം ഗിന്നസ് ബുക്കിൽ ഇടംനേടി. രാജ്യത്ത് മേനോന്റെ വിമർശകരുടെ വായടപ്പിക്കുന്ന സംഭവമായി ഇത് മാറി.  1956-ൽ  നെഹ്രു കേന്ദ്രമന്ത്രിസഭയിലെടുത്തു.

കമ്യൂണിസ്റ്റ് അനുഭാവിയാണെന്ന് ആരോപിച്ച് കോൺഗ്രസിലെ ഒരുവിഭാഗം എന്നും കൃഷ്ണമേനോനെ എതിർത്തിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായി ബോംബെ നോർത്തിൽ മത്സരിപ്പിക്കുന്നതിനെ ഇവർ പരസ്യമായി പാർട്ടിക്കുള്ളിൽ എതിർത്തു. എങ്കിലും നെഹ്രുവിന്റെ  താത്‌പര്യത്തിൽ 1957-ലും 1962-ലും മേനോന് ഇവിടന്ന് വൻഭൂരിപക്ഷത്തിന് ജയിക്കാൻ കഴിഞ്ഞു. 1957 മുതൽ പ്രതിരോധമന്ത്രി. 
ആചാര്യ കൃപലാനിക്കെതിരേയുള്ള 1962-ലെ ബോംബെയിലെ തിരഞ്ഞെടുപ്പ് ലോകശ്രദ്ധയാകർഷിച്ചു. അന്നാണ് ടൈം മാഗസിൽ ഗാന്ധിജിക്കും നെഹ്രുവിനും ശേഷം മൂന്നാമതൊരു ഇന്ത്യക്കാരനെ കുറിച്ച് (കൃഷ്ണമേനോൻ) കവർ‌സ്റ്റോറി ചെയ്യുന്നത്. മേനോനുവേണ്ടി ഒരു തിരഞ്ഞെടുപ്പ് യോഗത്തിൽ മാത്രമേ നെഹ്രു പ്രസംഗിച്ചിരുന്നുള്ളൂവെങ്കിലും  വിമർശകർക്കുനേരെയുള്ള കർശനമുന്നറിയിപ്പായിരുന്നു അന്നത്തെ നെഹ്രുവിന്റെ വാക്കുകളെന്ന് അന്ന് മേനോനോടൊപ്പം ഉണ്ടായിരുന്ന ഉണ്ണികൃഷ്ണൻ ഓർക്കുന്നു. ‘രാജ്യത്ത് മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഏറ്റവും തലയെടുപ്പുള്ള വ്യക്തിയാണ് കൃഷ്ണമേനോൻ. അദ്ദേഹത്തെ ജയിപ്പിക്കേണ്ടത് എന്റെ രാഷ്ട്രീയചുമതലയാണ്. ഞാൻ അത് നിർവഹിക്കുകയും ചെയ്യു’മെന്ന് നെഹ്രു സംശയങ്ങൾക്കിടയില്ലാതെ പൊതുയോഗത്തിൽ അന്ന് തുറന്നടിച്ചു.

പതനത്തിന് വഴിവെച്ച യുദ്ധം

ദലൈലാമയ്ക്ക് രാഷ്ട്രീയഅഭയം നൽകിയതുമുതൽ ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായിത്തുടങ്ങി. ചൈനയെ യു.എൻ. കൊണ്ടുവരാൻവേണ്ടി ശക്തമായി വാദിച്ച കൃഷ്ണമേനോൻ ഒരിക്കലും ചൈന ആക്രമണത്തിന് മുതിരുമെന്ന് കരുതിയില്ല. ലഡാക്കിൽ ചൈന ചെറിയതോതിൽ ആക്രമണം തുടങ്ങിയപ്പോഴും പ്രശ്നം രമ്യമായി ചർച്ച ചെയ്തുപരിഹരിക്കാമെന്ന വിശ്വാസക്കാരനായിരുന്നു മേനോൻ. 
പ്രതിരോധമന്ത്രിയെന്ന നിലയിൽ ഇന്ത്യയെ പ്രതിരോധകാര്യങ്ങളിൽ സ്വയംപര്യാപ്തമാക്കാൻ നടത്തിയ ശ്രമങ്ങൾ പലതും ഫലംകണ്ടില്ല. മേനോന്റെ  എതിരാളികളും ധനമന്ത്രാലയവും അത്യാധുനിക ആയുധം ഇന്ത്യ വാങ്ങിക്കുന്നതിന് എതിരുനിന്നു. ഡി.ആർ.ഡി.ഒ., ഓർഡനൻസ് ഫാക്ടറികൾ  എന്നിവ സ്ഥാപിക്കാനും ജബൽപുരിൽ ആർമി വെഹിക്കിൾ ഡിപ്പോ  തുടങ്ങുന്നതിനും ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ്, ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ് എന്നിവ വിപുലീകരിക്കുന്നതിനും   നേതൃത്വം നൽകാൻ കഴിഞ്ഞ മേനോന് സ്വന്തമായി അത്യാധുനികആയുധം നിർമിക്കുന്ന രാഷ്ട്രമായി ഇന്ത്യയെ വളർത്തുകയെന്ന സ്വപ്നം ധനമന്ത്രാലയത്തിന്റെ എതിർപ്പുകാരണം സാധിച്ചില്ല. 1962  ഒക്ടോബർ ഇരുപതിന് ചൈന ആക്രമണം തുടങ്ങി. റഷ്യ പരസ്യമായി ചൈനയെ ന്യായീകരിച്ചത്, യു.എന്നിൽ എന്നും റഷ്യപക്ഷക്കാരനെന്ന ആക്ഷേപം കേൾക്കേണ്ടിവന്നിട്ടുള്ള മേനോനെ ഞെട്ടിച്ചു. പ്രതിരോധവകുപ്പ് പ്രധാനമന്ത്രി നേരിട്ട് ഏറ്റെടുക്കണമെന്ന് സി. രാജഗോപാലാചാരിയെപ്പോലുള്ള മേനോൻവിരോധികൾ ആവശ്യപ്പെട്ടു. ഒടുവിൽ കൃഷ്ണമേനോന് രാജിവെക്കേണ്ടിവന്നു.  

ചൈനയുദ്ധം മേനോന്റെ പ്രഭാവത്തിന് മങ്ങലേൽപ്പിച്ചു എന്നത് സത്യമാണെന്ന് അദ്ദേഹത്തെക്കുറിച്ച് പുസ്തകമെഴുതിയ പ്രമുഖ മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ് വിലയിരുത്തുന്നു. ഒരുകാലത്ത് ലോകനായകനായി യു.എന്നിലും ജനീവയിലുമെല്ലാം തിളങ്ങിനിന്ന വ്യക്തിത്വമായിരുന്നു മേനോൻ. കാലം മാറുമ്പോൾ എല്ലാം മാറും. പക്ഷേ, ഒരുകാര്യം ഓർക്കണം. ചരിത്രത്തിന് ഒരു പാരമ്പര്യമുണ്ട്. ചരിത്രത്തിന്റെ പാരമ്പര്യത്തിൽ  രേഖപ്പെടുത്തിയിട്ടുള്ള നേട്ടങ്ങളും വ്യക്തികളും എന്നും ചരിത്രത്തിന്റെ ഭാഗമായി തുടരും. ഇതാണ് കൃഷ്ണമേനോനെക്കുറിച്ച് ഓർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനതത്ത്വമെന്ന് കോയമ്പത്തൂരിലെ വീട്ടിൽ ലോക്ഡൗണിൽ കഴിയുന്ന  ജോർജ് ഫോണിൽ സംസാരിച്ചപ്പോൾ  അനുസ്മരിച്ചു.

കോൺഗ്രസിൽനിന്നുള്ള രാജി

നെഹ്രുവിന്റെ  മരണത്തോടെ മേനോന് കോൺഗ്രസിലുണ്ടായിരുന്ന പിടിവള്ളി നഷ്ടപ്പെട്ടു. 1967-ലെ തിരഞ്ഞെടുപ്പിലും മേനോൻ ബോംബെ നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽനിന്ന് മത്സരിക്കാനുള്ള താത്‌പര്യം ഇന്ദിരാഗാന്ധിയെ അറിയിച്ചു.  ഇന്ദിര സീറ്റ് നൽകാൻ ആഗ്രഹിച്ചിരുന്നെങ്കിലും പാർട്ടിക്കുള്ളിലെ എതിർപ്പുകാരണം കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചു. കൃഷ്ണമേനോൻ സ്വതന്ത്രനായി ബോംബെ നോർത്ത് ഈസ്റ്റിൽ മത്സരിച്ചു.
കോൺഗ്രസിലെ ബാർവെയോട് പരാജയപ്പെട്ടു. താമസിയാതെ ബാർവെ മരിച്ചപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.    പാർലമെന്റ് അംഗം അല്ലാതായെങ്കിലും വിവിധ രാജ്യങ്ങളിലും സർവകലാശാലകളിലും പ്രഭാഷണങ്ങളും സെമിനാറുകളുമായി മുഴുകിയ മേനോൻ  സുപ്രീംകോടതിയിൽ വക്കീലായി പ്രാക്ടീസും തുടങ്ങി. ഇതിനിടെ ഇ.എം.എസ്.നമ്പൂതിരിപ്പാടിനുവേണ്ടി കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതിയിൽ ഹാജരായി. 1969-ൽ മിഡ്‌നാപുരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുപിന്തുണയോടെ മത്സരിച്ച് മേനോൻ ലോക്‌സഭയിൽ എത്തി. 1971-ൽ  തിരുവനന്തപുരത്തുനിന്ന് ഇടതുപക്ഷത്തിന്റെ പിന്തുണയിൽ മത്സരിച്ച് വീണ്ടും ലോക്‌സഭയിലെത്തി. പക്ഷേ, നെഹ്രു ഇല്ലാത്ത കോൺഗ്രസിലും പാർലമെന്റിലും കൃഷ്ണമേനോന് വലിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുണ്ടായിരുന്നില്ല. 

ഇന്ത്യയുടെ യശസ്സ് ലോകരാജ്യങ്ങളിൽ എത്തിച്ച കേരളത്തിന്റെ  വീരപുത്രൻ 1974 ഒക്ടോബർ ആറിന് ഡൽഹിയിൽവെച്ച് മരിച്ചു.  ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രിയായിരുന്ന 
ഇന്ദിര രണ്ടു തവണ കൃഷ്ണമേനോന്റെ വസതിയിലെത്തി. ഒരു അഗ്നിപർവതം കെട്ടടങ്ങിയെന്നായിരുന്നു അനുശോചനക്കുറിപ്പിൽ ഇന്ദിരയുടെ വാക്കുകൾ.

അമ്മാവൻ പറഞ്ഞു, സത്യം ഒരുനാൾ പുറത്തുവരും

ലോക രാഷ്ട്രീയ മണ്ഡലത്തിൽ സ്വതന്ത്ര ഇന്ത്യയുടെ ശബ്ദമുയർത്തിയ  വി.കെ. കൃഷ്ണമേനോനെക്കുറിച്ച് ഓർമിക്കുകയാണ് മരുമകൾ ജാനകി റാം. ‘വി.കെ. കൃഷ്ണമേനോൻ എ പേഴ്‌സണൽ മെമ്മോയിർ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണവർ. ടെലിഫോണിലൂടെ അമേരിക്കയിലെ  അരിസോണയിൽനിന്ന് അനുവദിച്ച അഭിമുഖത്തിൽനിന്ന്

? ചൈനയുദ്ധത്തിനുശേഷം നേരിടേണ്ടിവന്ന മാനസികപ്രയാസത്തെക്കുറിച്ച് കൃഷ്ണമേനോൻ സ്വകാര്യസംഭാഷണത്തിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ.
= ചൈനയുദ്ധത്തെ തുടർന്നുണ്ടായ സംഭവങ്ങൾ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു. അമ്മമ്മ (കൃഷ്ണമേനോന്റെ സഹോദരി ജാനകിയമ്മ) അവസാനനാളിൽ മുംബൈയിൽ ആശുപത്രിയിൽ കഴിയുമ്പോൾ   ഇതേക്കുറിച്ച്  അവരോട് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. സത്യം ഒരുനാൾ പുറത്തുവരുമെന്ന് അന്ന് പറഞ്ഞിരുന്നു. എല്ലാവരും കൂടി തന്നെ ഒറ്റപ്പെടുത്തിയെന്ന തോന്നൽ ഉണ്ടായി. ചൈനയുമായുള്ള തർക്കത്തിൽ നയതന്ത്രതലപരിഹാരമാണ് വേണ്ടതെന്ന് 1955 മുതൽ കൃഷ്ണമേനോൻ വാദിച്ചിരുന്നു. എങ്കിലും ചൈന യുദ്ധത്തിന് പുറപ്പെടുമെന്ന് ഒരിക്കലും ധരിച്ചിരുന്നില്ല.

? സഹോദരിമാരിൽ ജാനകിയമ്മയോട് കൃഷ്ണമേനോന് ഏറ്റവും അടുപ്പം ഉണ്ടാവാൻ കാരണം
=  ചെറുപ്പം മുതൽ ജാനകിയമ്മയുമായിട്ടായിരുന്നു അടുപ്പം. കൃഷ്ണമേനോനെപ്പോലെ ജാനകിയമ്മയും തിയോസഫിക്കൽ സൊസൈറ്റിയിൽ പ്രവർത്തിച്ചിട്ടുണ്ട്. നിയമപഠനം പൂർത്തിയാക്കാതെ വന്നപ്പോൾ മേനോന്റെ അച്ഛൻ പണം അയച്ചുകൊടുക്കുന്നത് നിർത്തി. അപ്പോൾ ജാനകിയമ്മയാണ് പണം നൽകി സഹായിച്ചിരുന്നത്.

? ലണ്ടനിലേക്ക് പോയശേഷം കൃഷ്ണമേനോൻ കോഴിക്കോട്ട് വരാറുണ്ടായിരുന്നോ.
=  ഇംഗ്ലണ്ടിൽനിന്ന് മടങ്ങിവന്നശേഷം  രണ്ടുതവണയാണ് മേനോൻ കോഴിക്കോട്ട് വന്നത്. എന്നെ പ്രസവിച്ചപ്പോൾ കാണാനാണ് ആദ്യമായി വന്നത്. അമ്മയുടെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് രണ്ടാമതായി എത്തിയത്. എങ്കിലും മദ്രാസിൽ ഞങ്ങളുടെ വീട്ടിൽ പലപ്പോഴും വന്നിട്ടുണ്ട്. എന്റെ  അച്ഛന്റെ മരണശേഷം അമ്മയുടെയും ഞങ്ങൾ മൂന്ന് മക്കളുടെയും പൂർണ ചുമതല അദ്ദേഹം ഏറ്റെടുത്തു.

? കൃഷ്ണമേനോൻ ചെയ്ത പ്രവർത്തനങ്ങൾക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെന്ന് തോന്നുന്നുണ്ടോ.
= ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി കൃഷ്ണമേനോൻ അർപ്പിച്ചിട്ടുള്ള ത്യാഗപൂർണമായ പ്രവർത്തനം വേണ്ടത്ര മനസ്സിലാക്കാത്തതുകൊണ്ടായിരിക്കാം അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയത്.  ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകണമെന്ന ആവശ്യം ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താൻ  കൃഷ്ണമേനോന് സാധിച്ചതാണ് 1947-ൽത്തന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം  ലഭിക്കാനുള്ള ഒരു കാരണം. 

? കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പ് എന്നും മേനോന് നേരിടേണ്ടിവന്നിട്ടുണ്ടല്ലോ.
= നെഹ്രുവിനും കൃഷ്ണമേനോനും സമ്പന്നമായ കുടുംബപാരമ്പര്യമാണുള്ളതെങ്കിലും ഇരുവരും കോൺഗ്രസിലെ ഇടതുകാഴ്ചപ്പാടുള്ളവരാണ്. അതേസമയം വലതുപക്ഷ കാഴ്ചപ്പാടുള്ള  അന്നത്തെ ധനമന്ത്രി ഉൾപ്പെടെയുള്ളവർ പ്രതിരോധമന്ത്രിയായിരുന്ന മേനോന്റെ  പല നല്ല തീരുമാനങ്ങൾക്കും എതിരുനിന്നു.

? കൃഷ്ണമേനോൻ അവിവാഹിതനായിത്തുടരാൻ എന്തായിരുന്നു കാരണം.
= അദ്ദേഹം ആഗ്രഹിച്ച ശരിയായ പങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നതാവാം കാരണം. 1930-കളിൽ ഒരു ബ്രിട്ടീഷ് വനിതയുമായി ഏറെ അടുപ്പത്തിലായിരുന്നു. വിവാഹം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ച്  ഇവരെ ജാനകിയമ്മയെ പരിചയപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഇന്ത്യാലീഗ് അക്കാലത്ത് അദ്ദേഹത്തിന്റെ സമയം മുഴുവൻ കവർന്നു. അതുകൊണ്ട് വിവാഹം നടന്നില്ല.

? കൃഷ്ണമേനോനെക്കുറിച്ച് പുസ്തകമെഴുതാൻ പ്രേരണ എന്തായിരുന്നു.
= അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ ജീവിതത്തിലെ അമൂല്യനിധിയായാണ് സൂക്ഷിക്കുന്നത്. ഡൽഹി മിറാന്റ ഹൗസ് കോളേജിൽ പഠിക്കാൻ വലിയമ്മാവനാണ് നിർബന്ധിച്ചത്. എന്റെ അമ്മ  വി.എ.മാധവി നന്നായി എഴുതുമായിരുന്നു. അവർ കുറെക്കാലം ഡൽഹിയിൽ നാഷണൽ ഹെറാൾഡിലും പിന്നെ ഹിന്ദുവിലും പത്രപ്രവർത്തകയായി ജോലി ചെയ്തിട്ടുണ്ട്. കൃഷ്ണമേനോൻ പലപ്പോഴായി അമ്മമ്മയ്ക്ക് അയച്ച കത്തുകളെല്ലാം ഇപ്പോഴും ഞാൻ നിധിപോലെ കാത്തുസൂക്ഷിക്കുന്നുണ്ട്. ഈ കത്തുകളിൽനിന്ന് ലഭിച്ച അറിവും അദ്ദേഹത്തിന്റെ  ചില സുഹൃത്തുക്കളിൽനിന്ന് ലഭിച്ച വിവരങ്ങളുമാണ് പുസ്തകം എഴുതാൻ പ്രേരിപ്പിച്ചത്. 

Content Highlights: vk krishna menon 124th birthday