ദൈവകോപം കൊണ്ടാണ് വസൂരി എന്ന രോഗം വരുന്നതെന്ന് ആളുകള്‍ വിശ്വസിച്ചിരുന്ന കാലം. രോഗം മാറ്റാന്‍ മരുന്നിനെക്കാള്‍ പലരും ആശ്രയിച്ചത് മന്ത്രവാദങ്ങളിലും മറ്റുചടങ്ങുകളിലുമായിരുന്നു. വസൂരി ഉള്ള വീട്ടിന്റെ അടുത്തുപോലും ആളുകള്‍ പോകാന്‍ ഭയപ്പെട്ടു. രോഗിയെ പരിചരിക്കുന്നവര്‍ക്ക് വലിയ തുകയും മറ്റുസാധനങ്ങളും കൊടുക്കണമായിരുന്നു. മദ്യപിച്ചായിരിക്കും മിക്ക സ്ഥലത്തും പരിചാരകര്‍ എത്തുന്നത്. ഇവര്‍ മരിക്കാത്തവരെപോലും ജീവനോടെ കുഴിച്ചിട്ടുവെന്നും അവര്‍ പ്രേതങ്ങളായി ആലഞ്ഞുതിരിയുന്നുവെന്നുമുള്ള പേടിപ്പിക്കുന്ന കഥകള്‍ ആളുകളെ ഭയപ്പെടുത്തിയിരുന്നു.

വസൂരി എന്ന ഭീകരമായ രോഗത്തെ അനന്തപുരി ഉള്‍പ്പെട്ട തിരുവിതാംകൂറില്‍നിന്ന് തുടച്ചുനീക്കാന്‍ ആദ്യം മുന്‍കൈയെടുത്ത ഭരണാധികാരിയാണ് സ്വാതിതിരുനാളിന്റെ അമ്മ റാണി ഗൗരി ലക്ഷ്മി ബായി(1810-1815). ഇംഗ്ലീഷ് റസിഡന്റ് കേണല്‍ മണ്‍ട്രോയുടെ സഹായത്തോടെ വസൂരിക്കെതിരേ ആദ്യമായി കുത്തിവയ്പ് നടത്താന്‍ നടപടി സ്വീകരിച്ചപ്പോള്‍ യാഥാസ്ഥിതികരുടെ എതിര്‍പ്പ് ഉയര്‍ന്നു. എന്നാല്‍ റാണി തന്നെ ജനങ്ങളുടെ ഭയം അകറ്റാന്‍ ആദ്യം കുത്തിവയ്പ് നടത്തി. രാജകുടുംബാംഗങ്ങളും കൊട്ടാര ഉദ്യോഗസ്ഥന്മാരും പിന്നീട് കുത്തിവെപ്പിന് വിധേയരായി. ഇതോടെ ഇതിനെതിരേയുള്ള അവിശ്വാസം കുറച്ചെങ്കിലും അകന്നു. എഡ്വേര്‍ഡ് ജന്നര്‍ എന്ന വിഖ്യാതനായ ഇംഗ്ലീഷ് ശാസ്ത്രജ്ഞന്‍ 1796-ലാണ് വസൂരിക്കെതിരേ വാക്സിന്‍ കണ്ടുപിടിച്ചത്. അധികം താമസിയാതെ അത് പ്രയോഗിച്ച നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂര്‍. ഈ കുത്തിവയ്പാണ് തിരുവിതാംകൂറിലെ ഇംഗ്ലീഷ് വൈദ്യശാഖയുടെയും തുടക്കം.

ഇന്ന് വകുപ്പുകളായും ആശുപത്രികളായും ഗവേഷണശാലകളായും ഇന്ത്യയില്‍ ഏതു സംസ്ഥാനത്തെക്കാളും മുന്‍നിരയിലാണ് കേരളത്തിലെ ആരോഗ്യരംഗം. അതുകൊണ്ടാണ് ഇപ്പോള്‍ പരിഭ്രാന്തി സൃഷ്ടിച്ച നിപയെ സധൈര്യം നേരിടാന്‍ കേരളത്തിന് കഴിഞ്ഞത്. ഇതില്‍ ഭരണകക്ഷിയും പ്രതിപക്ഷവും കേന്ദ്രവുമെല്ലാം ഒറ്റക്കെട്ടായിരുന്നു. ഈ കൂട്ടായ്മയില്‍ വസൂരിക്കെതിരേ രംഗത്തിറങ്ങിയ റാണിയെപ്പൊലെ മുന്നണി പ്രവര്‍ത്തകയായ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അഭിനന്ദനം അര്‍ഹിക്കുന്നു.

tvm
ലാബിൽ നടന്നിരുന് ഗവേഷണരംഗം

തിരുവിതാംകൂര്‍ ഭരിച്ച എല്ലാ രാജാക്കന്മാരും ആരോഗ്യരംഗത്തിന് വന്‍ പ്രോത്സാഹനമാണ് നല്‍കിയിട്ടുള്ളത്. രോഗികളെ ചികില്‍സിക്കുന്നതിന് വിവിധ വിഭാഗം ആശുപത്രികള്‍പോലെതന്നെ രോഗം തടയുന്നതിനുള്ള ഗവേഷണങ്ങള്‍ക്കും അവര്‍ വന്‍തുക ചെലവഴിച്ചിരുന്നു. വിദേശത്തുനിന്നു വിദഗ്ദ്ധരെ വരുത്തി ഇവിടത്തെ ആരോഗ്യരംഗത്തേയും ഗവേഷണ സ്ഥാപനങ്ങളേയും കാലാകാലങ്ങളില്‍ പരിഷ്‌കരിച്ചുകൊണ്ടിരുന്നു. വനിതകള്‍ക്കും കുട്ടികള്‍ക്കും എന്നുവേണ്ട എല്ലാവിധ ആശുപത്രികളും സ്വാതന്ത്ര്യലബ്ധിക്കാലത്ത് തിരുവിതാംകൂറിലുണ്ടായിരുന്നു. കുട്ടികള്‍ക്കുള്ള എസ്.എ.ടി.യും കേരളത്തിലെ ആദ്യത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജും സ്വാതന്ത്ര്യത്തിനുശേഷമാണ് യാഥാര്‍ഥ്യമായതെങ്കിലും അതിന് തുടക്കം കുറിച്ചത് രാജഭരണകാലത്താണ്. ഇവിടത്തെ ആരോഗ്യരംഗം മറ്റ് ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലേതിനെക്കാള്‍ മെച്ചമായിരുന്നുവെന്നതിന്റെ തെളിവുകള്‍ അന്നത്തെ അഡ്മിനിസ്ട്രേഷന്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. തിരുവിതാംകൂറില്‍നിന്നു അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഉപരിപഠനത്തിനും പരിശീലനത്തിനും വൈദ്യരംഗത്തുള്ളവരെ അയയ്ക്കുമായിരുന്നു. ചികിത്സാരംഗത്തെപ്പോലെ ഗവേഷണരംഗത്തും ഇവിടത്തെ സ്ഥാപനങ്ങള്‍ പ്രസിദ്ധമായിരുന്നു. അതിലൊന്നാണ് ഇപ്പോഴും നിലനില്‍ക്കുന്ന തിരുവനന്തപുരത്തെ പബ്ലിക് ഹെല്‍ത്ത് ലാബ്.

തിരുവിതാംകൂറിലേയും, തിരു-കൊച്ചിയിലേയും ഐക്യകേരളത്തിലേയും പ്രതിരോധ വാക്സിനുകള്‍ നിര്‍മ്മിക്കാനും അതുവഴി പകര്‍ച്ചവ്യാധികളില്‍നിന്നു ആളുകളെ രക്ഷിക്കാനും ഈ സ്ഥാപനത്തിന്റെ പങ്ക് വലുതാണ്. പബ്ലിക് ഹെല്‍ത്ത് വകുപ്പിനെ പരിഷ്‌കരിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ക്ഷണമനുസരിച്ചെത്തിയ അമേരിക്കയിലെ റോക്കി ഫില്ലര്‍ ഫൗണ്ടേഷന്റെ വിദഗ്ദ്ധനായ ഡോ.ഡബ്ല്യു.പി. ജേക്കോക്സിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കിയ പരിഷ്‌കാരങ്ങളിലൊന്നായിരുന്നു പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി.

വിവിധ വകുപ്പുകളിലുണ്ടായിരുന്ന ബാക്ടീരിയോളജിക്കല്‍, വാക്സിന്‍ ഡിപ്പോ, കെമിക്കല്‍ എക്സാമിനേഷന്‍, ഹുക്കവോം ലബോറട്ടറികള്‍ സംയോജിപ്പിച്ചാണ് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ജന്മദിന വാരത്തോടനുബന്ധിച്ച് കൊല്ലവര്‍ഷം 1113 (ഇംഗ്ലീഷ് വര്‍ഷം 1938) -ല്‍ പബ്ലിക് ലബോറട്ടറി സ്ഥാപിതമായത്. പേപ്പട്ടിവിഷത്തിന് എതിരെയുള്ള വാക്സിന്‍ ഉള്‍പ്പെടെയുള്ളവ ഇവിടെ നിര്‍മ്മിച്ചു. തിരുവിതാംകൂറിലെ ആശുപത്രികള്‍ക്കുള്ള എല്ലാവിധ വാക്സിനുകളും ഇവിടെ നിര്‍മ്മിക്കുക മാത്രമല്ല, രോഗങ്ങള്‍ കണ്ടുപിടിക്കാനുള്ള വിദഗ്ദ്ധമായ സംവിധാനവും ഇവിടെയുണ്ടായി. തിരുവനന്തപുരം സന്ദര്‍ശിച്ച പ്രശസ്ത വ്യക്തികളുടേയും മഹാരാജാക്കന്മാരുടേയും എല്ലാം സന്ദര്‍ശന കേന്ദ്രമായിരുന്നു ഒരുകാലത്ത് പബ്ലിക് ലബോറട്ടറി.

content highlights: travancore,rani gouri lakshmi bai,kk shailaja,nipah virus