ഈ മഹാനഗരത്തിന്റെ ദുരന്തകഥയാണിത്. ഇതില്‍ എത്രത്തോളം ശരിയുണ്ടെന്ന് നിശ്ചയമില്ല. എങ്കിലും പലേടത്തും നടത്തിയ അന്വേഷണങ്ങളിലൂടെ കിട്ടിയ വിവരങ്ങള്‍ ചേര്‍ത്തുവച്ച് ഇതിവിടെ രേഖപ്പെടുത്തുന്നു. ഇതേപ്പറ്റി കൂടുതല്‍ അറിയാവുന്നവര്‍ ഈ നഗരത്തിലുണ്ടാകും. അത് കിട്ടിയാലേ ഈ കഥ പൂര്‍ത്തിയാകൂ. ഇതിലെ ചരിത്രപുരുഷന്‍ ജര്‍മന്‍കാരനായ ജി. മെരിണി (മരിനി എന്നതാണ് ശരിയെന്ന് ചിലര്‍ പറയുന്നു) യാണ്. അദ്ദേഹം തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ റെയില്‍വേ ഉപദേശകനും എന്‍ജിനീയറുമായിരുന്നു.

ഇദ്ദേഹത്തിന്റെ കാലത്താണ് ചാക്കയില്‍നിന്നും തീവണ്ടിഗതാഗതം തമ്പാനൂരിലേക്ക് നീട്ടിയത്. പ്രഗല്ഭനായ ആ എന്‍ജിനീയര്‍ താന്‍ നിര്‍മിച്ച റെയില്‍വേസ്റ്റേഷനില്‍ നിന്നുപോലും ഭിക്ഷതെണ്ടിയാണ് പില്‍ക്കാലത്ത് ജീവിച്ചതെന്നാണ് പറയുന്നത്. പഴയ മുഷിഞ്ഞുനാറിയ കോട്ടും സൂട്ടും ടൈയും ധരിച്ച് ഭിക്ഷചോദിച്ച അദ്ദേഹത്തിന്റെ ദുര്‍വിധിയെയോര്‍ത്ത് പലരും കണ്ണുനീര്‍ തൂകിയിട്ടുണ്ട്. നഗരത്തില്‍ ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന അദ്ദേഹത്തിന്റെ അവസാന ജീവിതത്തെപ്പറ്റി പലര്‍ക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. മെരിണിയെക്കുറിച്ച് ചിലരെല്ലാം എഴുതിയിട്ടുണ്ടെന്ന് പറയുന്നു. അത്തരം ലേഖനങ്ങളുള്ള പുസ്തകങ്ങളും ഇപ്പോള്‍ കിട്ടാനില്ല.

മാസ്‌കറ്റ് ഹോട്ടല്‍ സംസ്ഥാനത്തെ ആദ്യത്തെ പഞ്ച നക്ഷത്ര ഹോട്ടലാക്കുന്നതിന്റേയും പൈതൃക സംരക്ഷണ നടപടികളുടേയും ഭാഗമായി നടന്ന ചടങ്ങുകളോടനുബന്ധിച്ച് ഫെബ്രുവരി 24-ന് 'അന്ന് മെരണി ബംഗ്ലാവ്, ഇന്ന് മാസ്‌കറ്റ് ഹോട്ടല്‍' എന്ന പേരില്‍ നഗരപ്പഴമ പ്രസിദ്ധീകരിച്ചിരുന്നു. റെയില്‍വേ എന്‍ജിനീയറും തിരുവിതാംകൂറിന്റെ റെയില്‍വേ ഉപദേശകനെന്ന നിലയില്‍ മെരിണി മാസ്‌കറ്റ് ബംഗ്ലാവിലായിരുന്നു താമസം.

1932 നവംബറില്‍ ആണ്, പുറത്തുനിന്നും വരുന്നവര്‍ക്ക് താമസിക്കാന്‍ നല്ലൊരു സര്‍ക്കാര്‍ ഹോട്ടല്‍ ആവശ്യമാണെന്നു രാജകീയ സര്‍ക്കാരിന് തോന്നിയത്. ഇതിനുവേണ്ടിയുള്ള അന്വേഷണം എത്തിയത് മെരിണിയുടെ മാസ്‌കറ്റ് ബംഗ്ലാവിലായിരുന്നു. അവിടെനിന്നും അദ്ദേഹത്തെ മാറ്റിയശേഷമാണ് ആ കെട്ടിടം പരിഷ്‌കരിച്ച് ഒന്നാന്തരം സര്‍ക്കാര്‍ ഹോട്ടലാക്കിയതും 'മാസ്‌കറ്റ് ഹോട്ടല്‍' എന്ന പേര് നല്‍കിയതും. ഈ നഗരപ്പഴമ വായിച്ചാണ് മെരിണിയെപ്പറ്റി പലരും പല അഭിപ്രായങ്ങളും വിളിച്ചുപറഞ്ഞത്. പക്ഷേ, ആര്‍ക്കും വ്യക്തമായി അറിയില്ല.

റീജന്റ് റാണി സേതുലക്ഷ്മിബായി (1924-31) യുടെ ഭരണാവസാനമാണ് ചാക്കയില്‍നിന്നും തീവണ്ടി തമ്പാനൂരിലേക്ക് നീട്ടിയത്. 1930-31ലെ തിരുവിതാംകൂര്‍ ഭരണ റിപ്പോര്‍ട്ടില്‍ റെയില്‍വേ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടുള്ളത് ജി.മെരിണി തന്നെയാണ്. ആ റിപ്പോര്‍ട്ട് പ്രകാരം തമ്പാനൂരില്‍നിന്നും തീവണ്ടി ഗതാഗതം ആരംഭിച്ചത് 1931 നവംബര്‍ 4 ആണ്. അതോടൊപ്പം തിരുവനന്തപുരം - നാഗര്‍കോവില്‍ റെയില്‍വേയും സര്‍വേ നടത്തുന്നതിന്റെ എസ്റ്റിമേറ്റ് റിപ്പോര്‍ട്ടും തയ്യാറാക്കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്തവര്‍ഷത്തെ ഭരണ റിപ്പോര്‍ട്ടില്‍ കുറച്ചകാലം മെരിണിയും പിന്നീട് കെ.എസ്. കൃഷ്ണ അയ്യങ്കാരുമാണ് റെയില്‍വേ എന്‍ജിനീയര്‍ ആയി കാണുന്നത്. ഇത് ഒരു പക്ഷേ, മെരിണി അവധി എടുത്തതോ, അതല്ലെങ്കില്‍ നാട്ടില്‍ പോയതോ ആയിരിക്കാം. എന്നാല്‍, 1935-36 കാലത്തെ ഭരണറിപ്പോര്‍ട്ടില്‍ മെരിണിത്തന്നെയാണ് റെയില്‍വേ ഉപദേശകനായി രേഖപ്പെടുത്തിയിട്ടുള്ളത്.

പിന്നീട് സര്‍.സി.പി. ദിവാനായി വന്നതിനുശേഷമാണ് മെരിണിക്കുള്ള സ്ഥാനം നഷ്ടപ്പെടുന്നത്. ഇതിന് കാരണമായി പറയുന്നത് മെരിണിക്ക് തീവണ്ടിയില്‍ അനുവദിച്ചിരുന്ന സ്പെഷ്യല്‍ സലൂണ്‍ സംബന്ധിച്ച തര്‍ക്കമാണ്. ഇതില്‍ എത്രത്തോളം ശരിയുണ്ടെന്ന് അറിയില്ല. ഏതായാലും രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇന്ത്യയിലെല്ലായിടത്തുമുള്ള ജര്‍മന്‍കാരെ പുറത്താക്കുകയോ, അല്ലെങ്കില്‍ അറസ്റ്റ് ചെയ്യുകയോ ചെയ്തു. തുടര്‍ന്നാണ് മെരിണിയേയും അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ കുടുംബം തിരുവനന്തപുരത്തായിരുന്നുവെന്നും മേട്ടുക്കടയിലാണ് താമസിച്ചിരുന്നുവെന്നതും നഗരത്തിന്റെ കാരണവരായ 104 കാരനായ അഡ്വക്കേറ്റ് അയ്യപ്പന്‍പിള്ള പറയുന്നു. അദ്ദേഹം മെരിണിയെ കണ്ടിട്ടുള്ള ആളാണ്. മെരിണിയുടെ മക്കള്‍ തിരുവനന്തപുരത്താണ് പഠിച്ചത്. ജയില്‍ മോചിതനായ മെരിണിക്ക് ജോലി നഷ്ടപ്പെടുക മാത്രമല്ല കുടുംബപ്രശ്നങ്ങളും നേരിടേണ്ടിവന്നു. അതോടെ മാനസികനില ആകെ തെറ്റിയതുപോലെയായി. പിന്നെ ഭ്രാന്തനെപ്പോലെ നഗരത്തില്‍ തീവണ്ടി സ്റ്റേഷന്‍ ഉള്‍പ്പെടെ പലേടത്തും അലഞ്ഞു തിരിഞ്ഞു. പ്രാകൃതവേഷത്തില്‍ മെരിണിയെ ആദ്യമായി കണ്ടതിനെപ്പറ്റി, സാഹിത്യകാരനും പണ്ഡിതനും കോളേജ് അധ്യാപകനുമായ പ്രൊഫസര്‍ സി.ഐ. ഗോപാലപിള്ള പറഞ്ഞകാര്യം അദ്ദേഹത്തിന്റെ ചെറുമകനും പ്രശസ്ത ചലച്ചിത്രസംവിധായകനുമായ ബാലുകിരിയത്ത് ഓര്‍ക്കുന്നു. മെരിണിയുടെ മക്കളെ പ്രൊഫസര്‍ പഠിപ്പിച്ചിട്ടുണ്ട്.

മെരിണിയെ കാണാതായി കുറെ വര്‍ഷത്തിനുശേഷം പ്രാകൃതമായ നിലയില്‍ യൂണിവേഴ്സിറ്റി കോളേജിന് സമീപത്തുവച്ചാണ് പ്രൊഫസര്‍ കണ്ടത്. ആദ്യം തിരിച്ചറിഞ്ഞില്ല, മെരിണി തന്നെ, താന്‍ ഇന്ന ആളാണെന്നു പറയുകയും ഒരു രൂപ ആവശ്യപ്പെടുകയും ചെയ്തു. സ്തബ്ധനായ പ്രൊഫസര്‍ രണ്ട് രൂപ കൊടുത്തു. എന്നാല്‍ ഒരു രൂപ തിരിച്ചുനല്‍കിയശേഷം, താന്‍ ഉണ്ടാക്കിയ റെയില്‍വേ സ്റ്റേഷനില്‍ നിന്നുപോലും ഭിക്ഷ യാചിക്കുകയാണെന്ന് മെരിണി പറഞ്ഞു. മെരിണി അവസാനകാലത്ത് ഭിക്ഷാടനം നടത്തിയതായി അഡ്വക്കേറ്റ് അയ്യപ്പന്‍പിള്ളയും പറയുന്നു. നഗരം വിട്ട് വേറെവിടെയോ പോയശേഷമാണ് മെരിണി മരണമടഞ്ഞതെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ തിരുവനന്തപുരത്ത് വച്ചാണ് മരിച്ചതെന്ന് അഡ്വക്കേറ്റ് അയ്യപ്പന്‍ പറഞ്ഞു. അതേസമയം കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹത്തിനും അറിയില്ല.

content highlights: thiruvananthapuram railway station