ജീവിതത്തിന്റെ ഏതോ തിരിവില്‍നിന്നാണ് മനുഷ്യന്‍ മറ്റൊരു നാട്ടിലേക്ക് കുടിയേറുന്നത്. ജനിച്ച ഇടംവിട്ട് പുതിയ ഇടത്തിലേക്ക് ചേക്കേറുകയാണവന്‍. അപ്പോള്‍ അവന്റെ മനസ്സിനെ മഥിക്കുന്നതെന്താവും? വിരഹത്തിന്റെ വേദനയും ആശങ്കയുടെ കനലുമാകാം. പക്ഷേ, ഒരു പണത്തൂക്കം മുന്നിലുണ്ടാവുക പ്രതീക്ഷയുടെ പച്ചപ്പായിരിക്കും. അതുകൊണ്ടാണല്ലോ അപരിചിതദേശത്ത് കൂടുകൂട്ടാന്‍ അവന്‍ തയ്യാറാവുന്നത്.

കഷ്ടപ്പാടിന്റെ കഠിനപാത താണ്ടി, പ്രകാശമാനമായ ജീവിതവഴി വെട്ടിയവരാണ് മധ്യതിരുവിതാംകൂറില്‍നിന്ന് മലബാറിലേക്ക് കുടിയേറിയ ക്രൈസ്തവര്‍. അവരുടെ ചരിത്രത്തിലെ പ്രധാന ഏടാണ് റാണിപുരം. കോട്ടയം രൂപതയിലെ ക്നാനായ സഭാംഗങ്ങളായ 46 കുടുംബങ്ങള്‍ കാസര്‍കോട് ജില്ലയുടെ കിഴക്കന്‍ മലയോരമായ റാണിപുരത്തേക്ക് നടത്തിയ സംഘടിത കുടിയേറ്റത്തിന് ജനവരി 26-ന് 50 വര്‍ഷം തികയുന്നു. 

തീക്ഷ്ണമായ അനുഭവങ്ങളെ അതിജീവിച്ച് വടക്കന്‍ മലയോരമേഖലയില്‍ വികസനോന്മുഖമായൊരു ജീവിതം പടുത്തുയര്‍ത്തിയ അരനൂറ്റാണ്ട്. കുടിയേറ്റം ചൂടേറിയ രാഷ്ട്രീയ തര്‍ക്കവിഷയമാവുന്ന വര്‍ത്തമാനകാലത്ത് ഇരുളും വെളിച്ചവും നിറഞ്ഞ അവരുടെ 50 വര്‍ഷങ്ങള്‍ക്ക് ചരിത്രപ്രാധാന്യം കൈവരികയാണ്.

മലബാര്‍ കുടിയേറ്റം

ജീവിതവഴിയിലെ പലവിധ പ്രതിസന്ധികളില്‍നിന്ന് കരകയറുന്നതിനും പുതിയ കൃഷിഭൂമിയുടെ സാധ്യതകള്‍ തേടുന്നതിനുമാണ് മധ്യതിരുവിതാംകൂറില്‍നിന്ന് ക്രൈസ്തവര്‍ മലബാറിലേക്ക് കുടിയേറിയത്. 1920-കളിലാണ് ഇതിന്റെ ആരംഭം. അസംഘടിത കുടിയേറ്റമാണ് മുഖ്യമായും നടന്നത്. സ്വന്തം നിലയില്‍ വ്യക്തികളോ കുടുംബങ്ങളോ നടത്തുന്നതാണ് അസംഘടിത കുടിയേറ്റം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ പലഭാഗങ്ങളിലായി അവര്‍ കുടിയേറി കൂടുകെട്ടി. കൃഷിയില്‍ വന്‍ വിജയം കൊയ്‌തെടുത്തു, റോഡ് വെട്ടി, പള്ളികളും പള്ളിക്കൂടങ്ങളും പണിതു, മലയോരമേഖലയെ വികസന ഭൂപടത്തിനുള്ളിലാക്കി.

ക്നാനായ സഭയുടെ നേതൃത്വത്തിലാണ് ആദ്യ സംഘടിത കുടിയേറ്റം നടന്നത്. 1943 ഫെബ്രുവരി രണ്ടിന് കോട്ടയം ക്നാനായ രൂപതയുടെ നേതൃത്വത്തില്‍ രാജപുരത്തേക്ക് നടന്ന 72 കുടുംബങ്ങളുടെ കുടിയേറ്റമായിരുന്നു അത്. രാജപുരത്ത് സഭ വാങ്ങിനല്‍കിയ രണ്ടായിരം ഏക്കറിലാണ് ആ കുടുംബങ്ങളെ പാര്‍പ്പിച്ചത്. 

1943 മേയ് ആറിന് ക്നാനായ സഭയുടെ നേതൃത്വത്തില്‍ 63 കുടുംബങ്ങളുമായി മടമ്പത്തെത്തിയതാണ് രണ്ടാമത്തെ സംഘടിത കുടിയേറ്റം. 1970 ജനവരി 26-നാണ് സമുദ്രനിരപ്പില്‍നിന്ന് 750 മീറ്റര്‍ ഉയരമുള്ള റാണിപുരത്തേക്ക് ക്നാനായസഭ മൂന്നാമത്തെ സംഘടിത കുടിയേറ്റം നടത്തിയത്. അന്ന് മാടത്തുംമല എന്നായിരുന്നു പേര്. കുളിരുചൊരിയുന്ന റാണിപുരം മലമടക്കുകളെ കേരളത്തിന്റെ ഊട്ടിയെന്നും അറിയപ്പെടുന്നു.

1969 സെപ്തംബറിലാണ് റാണിപുരത്ത് 750-ഓളം ഏക്കര്‍ ഭൂമി ക്നാനായ സഭ വാങ്ങിയത്. കോട്ടയം രൂപതയുടെ നേതൃത്വത്തില്‍ അര്‍ഹരായ 46 കുടുംബങ്ങളെ തിരഞ്ഞെടുത്തു. ഫാ. സ്റ്റീഫന്‍ മുതുകാട്ടിലിന്റെ നേതൃത്വത്തില്‍ 46 കുടുംബങ്ങളിലെ പുരുഷന്‍ന്മാര്‍ മാത്രമാണ് 1970 ജനവരി 26-ന് കോട്ടയത്തുനിന്ന് പുറപ്പെട്ടത്. 

തീവണ്ടിമാര്‍ഗം വന്ന അവര്‍ കാഞ്ഞങ്ങാട്ടിറങ്ങി പാണത്തൂര്‍ വഴി പിറ്റേദിവസം റാണിപുരത്തെത്തി. വലിയ ഷെഡ്ഡ് കെട്ടി അതിലായിരുന്നു താമസം. മലമുകളിലെ കാടുപിടിച്ചുകിടന്ന പ്രദേശം അവര്‍ കൃഷിയോഗ്യമാക്കി. അഞ്ചുമുതല്‍ പത്തേക്കര്‍ വരെ ഓരോ കുടുംബത്തിനും നല്‍കി. വീടുവെക്കാനും സഭയുടെ സഹായമുണ്ടായിരുന്നു. പിന്നീട് കുടുംബത്തെ കൂട്ടിവന്ന് താമസം തുടങ്ങി.

Ranipuram
റാണിപുരം സെയ്ന്റ് മേരീസ് ചര്‍ച്ചും വൈദികമന്ദിരവും ഗസ്റ്റ്ഹൗസും

ഓര്‍മകളിരമ്പുന്നു

'എനിക്ക് ഒന്‍പത് മക്കളുണ്ട്. കൃഷിചെയ്യാന്‍ അരയേക്കര്‍ സ്ഥലം മാത്രമാണുണ്ടായിരുന്നത്. അപ്പോഴാണ് മലബാറിലേക്ക് വരാന്‍ അവസരം കിട്ടിയത്''-1970 ജനവരി 26-ന് റാണിപുരത്തേക്ക് കുടിയേറിയ 46 അംഗങ്ങളില്‍ ഒരാളായ ജെയിംസ് വേങ്ങച്ചേരില്‍ പറയുന്നു. തൊടുപുഴ കരിക്കുന്നം സ്വദേശിയായ ജെയിംസ് ഉള്‍പ്പെടെയുള്ളവര്‍ ദരിദ്രമായ ജീവിതാവസ്ഥയില്‍നിന്ന് മോചനം തേടിയാണ് കുടിയേറ്റം തിരഞ്ഞെടുത്തത്.

''ആദ്യം ഞങ്ങളൊക്കെ ഷെഡ്ഡിലാണ് ഒരുമിച്ച് താമസിച്ചത്. അരിയുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ക്ഷാമമുണ്ടായിരുന്നു. ഭൂമി കൃഷിക്ക് പറ്റിയതാക്കാന്‍ ഏറെ പണിപ്പെട്ടു. കരനെല്‍കൃഷിയും കപ്പയും ചേനയും കാപ്പിയുമെല്ലാം കൃഷി ചെയ്തു. റബ്ബര്‍ കൃഷി പക്ഷേ പരാജയമായിരുന്നു. 46 പേരില്‍ 35 പേര്‍ റാണിപുരത്ത് താമസിച്ചു. 11 പേര്‍ വന്നും പോയുംകൊണ്ടിരുന്നു. 

കത്തയച്ചാണ് വീട്ടുകാരെ കാര്യങ്ങളൊക്കെ അറിയിച്ചിരുന്നത്. പിന്നീട് വീടുവെച്ച് കുടുംബത്തെ കൂട്ടിക്കൊണ്ടുവരികയായിരുന്നു''-കുടിയേറ്റനാളുകള്‍ 87-കാരനായ ജെയിംസ് ഓര്‍ത്തെടുക്കുകയാണ്. 1974-ലാണ് റാണിപുരത്ത് സെയ്ന്റ് മേരീസ് ചര്‍ച്ച് നിര്‍മിച്ചത്. പിന്നീട് പള്ളിയോടു ചേര്‍ന്ന് എല്‍.പി. സ്‌കൂളും തുടങ്ങി.

''കുറച്ച് സെന്റ് മാത്രമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. കൂടുതല്‍ കൃഷിചെയ്യാന്‍ മലബാര്‍ കുടിയേറ്റമായിരുന്നു ഏക ആശ്രയം''-1970-ല്‍ റാണിപുരത്തേക്ക് വന്ന മറ്റൊരംഗവും കോട്ടയം പാലാ ഇടനാട് സ്വദേശിയുമായ മാത്യു കുരുവിനാവേലില്‍ പറഞ്ഞു. പിതാവ് കുര്യാച്ചനോടൊപ്പമാണ് അന്ന് മാത്യു വന്നത്. ''ഒരേക്കറിന് 565 രൂപ രൂപതയ്ക്ക് നല്‍കണമായിരുന്നു.

കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ വലിയ കഷ്ടപ്പാട് അനുഭവിച്ചു. കപ്പയും മറ്റു കാര്‍ഷികവിളകളും വില്ക്കാന്‍ ആറ് കിലോമീറ്ററോളം നടന്ന് പാണത്തൂരിലെത്തണം. അവിടെനിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങി അത്രയും ദൂരം കുത്തനെയുള്ള കയറ്റം കയറി വേണം തിരിച്ചെത്താന്‍. വീടുവെക്കാന്‍ സഭ ഓരോരുത്തര്‍ക്കും 1000 രൂപ വീതം നല്‍കി. കാട്ടുമൃഗഭീഷണി ഉള്‍പ്പെടെ പല പ്രതിസന്ധികളെയും അതിജീവിച്ചാണ് കുടിയേറ്റത്തിന്റെ അമ്പതുവര്‍ഷം കഴിഞ്ഞുപോയത്''-അറുപത്തെട്ടുകാരനായ മാത്യു പറയുന്നു.

കുടിയേറ്റനാളുകളെക്കുറിച്ച് ഒആര്‍ക്കുമ്പോള്‍പൊള്ളുന്ന അനുഭവങ്ങളാണ് പലര്‍ക്കും പങ്കുവെക്കാനുള്ളത്. ജീവിതവഴിയിലെ പലവിധ പ്രതിസന്ധികളില്‍നിന്ന് കരകയറുന്നതിനും പുതിയ കൃഷിഭൂമിയുടെ സാധ്യതകള്‍ തേടുന്നതിനുമാണ് മധ്യതിരുവിതാംകൂറില്‍നിന്ന് ക്രൈസ്തവര്‍ മലബാറിലേക്ക് കുടിയേറിയത്. 1920-കളിലാണ് ഇതിനു തുടക്കം. കാടിനോടും കാട്ടുമൃഗങ്ങളോ?ടും പോരാടി നട്ടുനനച്ച ജീവിതങ്ങള്‍