യുനസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ 2001ൽ കൂടിയാട്ടം ഇടംനേടി. ഈ ബഹുമതിക്കു പിറകിൽ മാർഗിയെന്ന കലാപഠനകേന്ദ്രം വഹിച്ച പങ്ക് വളരെ വലുതാണ്. കഥകളിെയയും കൂടിയാട്ടത്തെയും പൊതുജനങ്ങൾക്കുകൂടി സ്വീകരിക്കാവുന്ന ഇടങ്ങളിലേക്ക് ഈ സ്ഥാപനം എത്തിച്ചു.

കഥകളിയിലും നങ്ങ്യാർകൂത്തിലും കൂടിയാട്ടത്തിലും ഈ തെക്കൻ കളരിക്ക്  സുപ്രധാന സ്ഥാനമുണ്ട്. ഇവയുമായി ബന്ധപ്പെട്ട വാദ്യങ്ങളും ഇവിടെ അഭ്യസിപ്പിക്കുന്നു. ഗുരുകുലസമ്പ്രദായ രീതിയാണ് ഇവിടെ. മാസത്തിലൊരിക്കൽ നാട്യഗൃഹത്തിൽ കളിവിളക്കുകൾ തെളിച്ച് പ്രതിഭയുടെ മാറ്റുരയ്ക്കും. ഏതെങ്കിലും നാലു ദിവസങ്ങളിൽ കഥകളി, കൂടിയാട്ടം, നങ്ങ്യാർകൂത്ത് എന്നിവ അവതരിപ്പിക്കും. താത്‌പര്യമുള്ള ആർക്കും ഇത് ആസ്വദിക്കാൻ അവസരമുണ്ട്. 

കോട്ടയ്ക്കകം ഫോർട്ട് ഹൈസ്കൂളിനു പിറകിലുള്ള കോയിക്കൽ കൊട്ടാരത്തിലാണ് മാർഗി പ്രവർത്തിക്കുന്നത്.  പരിമിതികളുടെ നടുവിലാണ് ഈ സ്ഥാപനം. ദേവസ്വം ബോർഡിന്റെ വാടകക്കെട്ടിടത്തിലാണ്‌ പ്രവർത്തനം. മുന്നിൽ ഇടുങ്ങിയ ഹാളിൽ കളരി. ലൈബ്രറി, ഓഫീസ് എന്നിവ കെട്ടിയടച്ചുണ്ടാക്കിയ മുറികളിൽ. ചെറിയ നടുമുറ്റത്ത് നാട്യഗൃഹം. പിറകിലെ ചെറിയ മുറിയിൽ കോപ്പ് സൂക്ഷിക്കും. അവിടെത്തന്നെയാണ് അണിയറയും.

വലിയശാലയിലെ കൂടിയാട്ടക്കളരിയും വാടക്കെട്ടിടത്തിലാണ്. മാർഗിക്കായി സ്വന്തമായൊരു കെട്ടിടം എന്നത് വിദൂരസ്വപ്നം മാത്രമാണ്. മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ സ്വപ്നമാണ് മാർഗി. 1971ലാണ് ഈ കലാകേന്ദ്രം രജിസ്റ്റർ ചെയ്തത്. 1974-ൽ പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. കൊല്ലം കീരിക്കാട് ഇല്ലത്തുണ്ടായിരുന്ന മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ കളിയോഗം തലസ്ഥാനത്തേക്കു മാറ്റിസ്ഥാപിക്കുകയാണ് ആദ്യം ചെയ്തത്. 

താത്‌പര്യമുള്ളവരെ കഥകളി പഠിപ്പിക്കാൻ വിഷ്ണു നമ്പൂതിരിതന്നെ ആദ്യം ഗുരുവായി. കലാമണ്ഡലം കൃഷ്ണൻനായർ ആയിരുന്നു മാർഗിയുടെ രണ്ടാമത്തെ അമരക്കാരൻ.1981ലാണ് മാർഗി കൂടിയാട്ടക്കളരി തുടങ്ങിയത്. അകാലത്തിൽ പൊലിഞ്ഞ നങ്യാർകൂത്ത്, കൂടിയാട്ടം കലാകാരി മാർഗി സതി ഈ കലാക്ഷേത്രത്തിന്റെ യശസ്സ് അന്തർദേശീയതലത്തിൽ ഉയർത്തിയ പ്രതിഭയാണ്. അടുത്തകാലത്ത് ഡോൺ കിക്‌സോട്ട് എന്ന സ്പാനിഷ് നോവൽ കഥകളിരൂപത്തിൽ ‘ഡോൺ കി ഹോത്തെ’ എന്ന പേരിൽ സ്പെയിനിൽ അവതരിപ്പിച്ചു. 17 അംഗ സംഘം ആറു വേദികളിൽ എത്തി. ഡോ. പി.വേണുഗോപാൽ തയ്യാറാക്കിയ ആട്ടക്കഥയ്ക്ക് പത്തിയൂർ ശങ്കരൻകുട്ടി സംഗീതം ചിട്ടപ്പെടുത്തി. മേളപ്രധാനമായിരുന്നു ഈ ആട്ടക്കഥ. 

രക്ഷാധികാരികൂടിയായ അടൂർ ഗോപാലകൃഷ്ണൻ 2001ൽ കൂടിയാട്ടത്തെക്കുറിച്ച് എടുത്ത ഡോക്യുമെന്ററി മാർഗിയുടെ പശ്ചാത്തലത്തിലാണ്. ഡോ. ജോർജ് ഓണക്കൂർ ആണ്  പ്രസിഡന്റ്. മുൻ ജില്ലാ കളക്ടറും ലേബർ കമ്മിഷണറുമായിരുന്ന എസ്.ശ്രീനിവാസൻ, തന്റെ മുഴുവൻ സമയവും മാർഗിക്കുവേണ്ടിയാണ് ഇപ്പോൾ ചെലവഴിക്കുന്നത്. ഇവരുൾപ്പെടെ 16 അംഗ ഭരണസമിതിയും മാർഗിയുടെ പ്രവർത്തനത്തിനു പിറകിലുണ്ട്. ഈ കലാകേന്ദ്രത്തിലെ സേവനങ്ങൾക്കായി ഇവരാരും ഒരു രൂപപോലും പ്രതിഫലം സ്വീകരിക്കാറില്ല.