1885-ൽ ജന്മംകൊണ്ട ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനം മലബാറിൽ ശക്തമാകാൻ തുടങ്ങിയത് വർഷങ്ങൾക്കുശേഷം ആനിബസന്റ് നേതൃത്വം നൽകിയ ‘ഹോംറൂൾ ലീഗി’ന്റെ വരവോടുകൂടിയാണ്. ആദ്യകാലത്ത് ഹോംറൂൾ ലീഗും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഒന്നിച്ചായിരുന്നു മലബാറിൽ പ്രവർത്തിച്ചിരുന്നത്. അന്നൊക്കെ മലബാറിൽനടന്ന സമ്മേളനങ്ങളിലെ പ്രസംഗം അധികവും ഇംഗ്ലീഷിലായിരുന്നതിനാൽ സാധാരണക്കാർ അതിൽ പങ്കെടുക്കാറില്ലായിരുന്നു.

മലബാറിലെ ഏതു സമ്മേളനങ്ങളിലും ആദ്യവസാനം പങ്കെടുക്കാറുണ്ടായിരുന്നത് മന്ദത്ത് കൃഷ്ണൻനായർ, പാട്ടത്തിൽ നാരായണമേനോൻ, കെ.എ. ശിവരാമകൃഷ്ണയ്യർ, കെ.പി. രാമൻമേനോൻ തുടങ്ങിയ ഏതാനും ആളുകൾ മാത്രമാണെന്ന് കെ.പി. കേശവമേനോൻ എഴുതിയിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവരെ തിരഞ്ഞെടുത്തയക്കാൻ ടൗൺ ഹാളിൽ യോഗം കൂടുകയും ആഴ്ചതോറും ഏതെങ്കിലും വീട്ടിൽ ഒത്തുകൂടി ചർച്ചകൾ നടത്തുകയും മാത്രമായിരുന്നു ആദ്യകാലത്തെ മലബാറിലെ കോൺഗ്രസ് പ്രവർത്തനരീതി.  ഹോംറൂൾ ലീഗിന്റെ വരവ് ഇതിനു മാറ്റംവരുത്തി. അവരുടെ പ്രചാരവേലയും പ്രസംഗങ്ങളും പല പ്രമുഖരെയും രാഷ്ട്രീയരംഗത്തേക്ക് ആകർഷിച്ചു. വ്യക്തിപ്രഭാവംകൊണ്ട് ജനങ്ങളെ സ്വാധീനിച്ചിരുന്ന മഞ്ചേരി രാമയ്യരായിരുന്നു, മലബാർ ഹോംറൂൾ ലീഗിന്റെ പ്രസിഡന്റ്. കോൺഗ്രസ് ജില്ലാ സെക്രട്ടറികൂടിയായ കെ.പി. കേശവമേനോൻ ഇതിന്റെയും സെക്രട്ടറിയായിരുന്നു.

ആനിബസന്റിന്റെ പ്രവർത്തനങ്ങളിൽ രോഷംകൊണ്ട സർക്കാർ അവരെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച്  മോചനത്തിന് നാടെങ്ങുംനടന്ന പ്രതിഷേധത്തിൽ കോഴിക്കോടും പങ്കെടുത്തു. ഇതോടനുബന്ധിച്ച് അവിടെ ജാഥകളും പ്രകടനങ്ങളും നടന്നു. ക്രമേണ പൊതുരംഗം കൂടുതൽ ശക്തമാകാൻ തുടങ്ങി. കെ. മാധവൻനായർ, യു. ഗോപാലമേനോൻ, പി. അച്യുതൻ വക്കീൽ തുടങ്ങി പലരും കോൺഗ്രസിന്റെ പ്രവർത്തനത്തിൽ പിന്നീട് സജീവമായി. എന്നാൽ, 1916 മുതൽ 1920 വരെ നടന്ന അഞ്ച് ജില്ലാ സമ്മേളനങ്ങളാണ് മലബാറിലെ കോൺഗ്രസ് രാഷ്ട്രീയത്തെ ചലനാത്മകമാക്കിയത്. ഒന്നാം ലോകയുദ്ധവും ഇന്ത്യൻ രാഷ്ട്രീയത്തിൽ എണ്ണമറ്റ സംഭവബഹുലമായ വഴിത്തിരിവുകളും നടക്കുന്നതിനിടയിലാണ് അഞ്ച് മലബാർ ജില്ലാ സമ്മേളനങ്ങളും നടന്നത്.  ഇതിലെല്ലാം ഹോംറൂൾ ലീഗും സഹകരിച്ചു. മദ്രാസ് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇത്തരം ജില്ലാ സമ്മേളനങ്ങൾ വളരെ നേരത്തേതന്നെ നടന്നിരുന്നു.  മലബാറിലെ കോൺഗ്രസിന്റെ പ്രവർത്തനം ശക്തമാക്കാനും  ദേശീയബോധം ജനങ്ങളിൽ വ്യാപിപ്പിക്കാനും ധാരാളംപേരെ  ദേശീയപ്രസ്ഥാനത്തിലേക്ക് ആകർഷിക്കാനും ഈ സമ്മേളനങ്ങൾ സഹായകമായി.

കേരള സംസ്ഥാന കോൺഗ്രസ്  കമ്മിറ്റി നിലവിൽവരുന്നു

ഒന്നാമത്തെ മലബാർ ജില്ലാ സമ്മേളനം 1916 ഏപ്രിലിൽ പാലക്കാട്ടും രണ്ടാമത്തേത് 1917 ഏപ്രിലിൽ കോഴിക്കോട്ടും മൂന്നാമത്തേത് 1918 മേയിൽ തലശ്ശേരിയിലും നാലാമത്തേത് 1919 മേയിൽ വടകരയിലും അഞ്ചാമത്തേത് 1920 ഏപ്രിലിൽ മഞ്ചേരിയിലുമാണ് നടന്നത്. അതോടെ മലബാർ ജില്ലാ കോൺഫറൻസുകൾ അവസാനിച്ചു. ആ വർഷംനടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നാഗ്‌പുർ സമ്മേളനമാണ് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാൻ നിർദേശം നൽകിയത്. ഇതുപ്രകാരം മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ‘കേരള സംസ്ഥാന കോൺഗ്രസ് കമ്മിറ്റി’ നിലവിൽവന്നു. നൂറുവർഷംമുമ്പ് ദേശീയതയുണർത്തി മഞ്ചേരിയിൽ അവസാനിച്ച ജില്ലാ സമ്മേളനങ്ങൾമുതൽ സ്വാതന്ത്ര്യലബ്ധിവരെ എത്രയെത്ര ചരിത്രസംഭവങ്ങൾക്കാണ് പിന്നീട് കേരളം സാക്ഷിയായത്. അതെല്ലാം ഇതിഹാസകഥകൾക്ക് തല്യമായ സാഹസികതകളുടെയും അദ്‌ഭുതപ്പെടുത്തുന്ന സംഭവങ്ങളുടെയും ലോകം ആദ്യമായിക്കാണുന്ന പുതിയ സമരശൈലികളുടെയും നേർക്കാഴ്ചകളായിരുന്നു.

പാലക്കാടുമുതൽ മഞ്ചേരിവരെ

1916-ൽ പാലക്കാട് നേറ്റീവ് ഹൈസ്കൂളിൽ ആനിബസന്റിന്റെ അധ്യക്ഷതയിൽ ആദ്യത്തെ മലബാർ ജില്ലാ സമ്മേളനം നടക്കുമ്പോൾ ലോകയുദ്ധം കൊടുമ്പിരിക്കൊള്ളുകയായിരുന്നു. കൊല്ലങ്കോട്ട് വാസുദേവ രാജയായിരുന്നു സ്വീകരണാധ്യക്ഷൻ. വിവിധ മേഖലകളിൽനിന്നായി എണ്ണൂറിൽപ്പരം പ്രതിനിധികൾ പങ്കെടുത്ത ഈ സമ്മേളനത്തിൽ ഇന്ത്യക്ക് സ്വയംഭരണം വേണമെന്നുള്ള പ്രമേയം അവതരിപ്പിച്ചത് കെ.പി. കേശവമേനോനായിരുന്നു. 

ഇതിനുശേഷം കോഴിക്കോട് ടൗൺ ഹാളിലുണ്ടായ ഒരു സംഭവം പൊതുപ്രവർത്തകർക്ക് മാത്രമല്ല സാധാരണക്കാർക്കുപോലും ഇംഗ്ലീഷ് ഉദ്യോഗസ്ഥന്മാരോടുള്ള അവജ്ഞ വർധിപ്പിച്ചു. മദ്രാസ് ഗവർണർ പെൻട്‌ലൻഡ് കോഴിക്കോട്ടെത്തുമ്പോൾ യുദ്ധഫണ്ടിലേക്ക് പണക്കിഴി നൽകുന്നതിനെപ്പറ്റി ആലോചിക്കാനായിരുന്നു യോഗം. കളക്ടർ ഇവാൻസ് ആയിരുന്നു അധ്യക്ഷൻ. കെ.പി. കേശവമേനോന്റെ നേതൃത്വത്തിൽ ധാരാളം ആളുകൾ ഇതിൽ പങ്കെടുത്തിരുന്നു. എന്നാൽ, മലയാളത്തിൽ പ്രസംഗിച്ച മേനോനെ കളക്ടർ വിലക്കി. അവിടെ കൂടിയിരിക്കുന്നവരിൽ അധികംപേരും ഇംഗ്ലീഷ് അറിയാത്തവരാണെന്ന് മേനോൻ പറഞ്ഞിട്ടും കളക്ടർ വഴങ്ങിയില്ല. ഇതിൽ പ്രതിഷേധിച്ച് കേശവമേനോൻ ഹാൾ വിട്ടിറങ്ങി. അതോടെ സദസ്സിലുണ്ടായിരുന്ന വലിയൊരു വിഭാഗവും ഇറങ്ങിപ്പോയി. ഈ സംഭവം പലരിലും ആത്മാഭിമാനം വർധിപ്പിച്ചു. 

രണ്ടാമത്തെ മലബാർ ജില്ലാ സമ്മേളനം 1917-ൽ മാനാഞ്ചിറ മൈതാനത്ത് കൂടാനാണ് തീരുമാനിച്ചത്. അവിടെ പന്തൽ കെട്ടുന്നതിനെ കളക്ടർ വിലക്കി. അതിന്റെ സ്വീകരണാധ്യക്ഷൻ പ്രസിദ്ധ വക്കീൽ കെ.പി. രാമൻമേനോനായിരുന്നു. അദ്ദേഹം തന്റെ വീട്ടിലെ ടെന്നീസ് കോർട്ടായി ഉപയോഗിച്ചിരുന്ന സ്ഥലത്ത് പന്തൽകെട്ടി സമ്മേളനം നടത്താൻ തീരുമാനിച്ചു. യോഗത്തിൽ അധ്യക്ഷതവഹിക്കാനെത്തിയത് സി.പി. രാമസ്വാമി അയ്യർ (പിന്നീട് തിരുവിതാംകൂർ ദിവാൻ) ആയിരുന്നു. അദ്ദേഹവും ആനിബസന്റും കോഴിക്കോട്ട് എത്തിയപ്പോൾ വൊളന്റിയർമാർ ഗംഭീര സ്വീകരണം നൽകി. റെയിൽവേ സ്റ്റേഷനിൽനിന്ന്‌ വൻ ഘോഷയാത്രയോടെയാണ് അവരെ താമസസ്ഥലത്തേക്ക് കൊണ്ടുപോയത്. ഇംഗ്ലീഷുകാരോടുള്ള വിധേയത്വം നാട്ടുകാരിലും പൗരമുഖ്യന്മാരിലും പഴയ രാജാക്കന്മാരിലും കുറയുന്നതിന്റെ ലക്ഷണമായിരുന്നു രണ്ടാം സമ്മേളനം. ആനിബസന്റും ഇതിൽ പ്രസംഗിച്ചു. സമ്മേളനഹാളിൽ ‘ഏഷ്യയിലെ ജനങ്ങളുടെ ഉണർവ്’ എന്ന വിഷയത്തിൽ അടുത്തദിവസം അവർ പ്രത്യേക പ്രഭാഷണവും നടത്തി.  ഈ സമ്മേളനത്തിൽ പങ്കെടുത്ത കോഴിക്കോട് സാമൂതിരിയോട് പിന്നീട് കളക്ടർ തന്റെ അതൃപ്തി അറിയിച്ചു. 

മൂന്നാമത്തെ സമ്മേളനം ചിറക്കൽ രാജാവിന്റെ ക്ഷണമനുസരിച്ച് 1918 മേയിൽ തലശ്ശേരിയിലാണ് നടന്നത്. കളക്ടർ പ്രതിഷേധിച്ചെങ്കിലും ചിറക്കൽ രാജാവ് ഭയന്നില്ല. മാത്രവുമല്ല മലബാറിലെ പല പ്രമുഖവ്യക്തികളും പഴയ രാജകുടുംബാംഗങ്ങളും കോൺഗ്രസിനോട് ആഭിമുഖ്യം കാണിക്കാൻതുടങ്ങി. സാമ്രാജ്യ നിയമസഭയിലെ  അംഗമായിരുന്ന അസിം ആലിഖാൻ ആയിരുന്നു ഈ സമ്മേളനത്തിന്റെ അധ്യക്ഷൻ. ഇതിനിടയിൽ  മറ്റൊരു സംഭവം നടന്നു. ഇന്ത്യക്ക് സ്വയംഭരണം നൽകുന്നതിന് ബ്രിട്ടീഷ് ജനതയ്ക്കിടയിൽ പ്രചാരണം നടത്താൻ ഹോംറൂൾ ലീഗ് ഒരു സംഘത്തെ അവിടേക്ക് അയച്ചതിൽ മഞ്ചേരി രാമയ്യരും ഉണ്ടായിരുന്നു. എന്നാൽ, സംഘം ജിബ്രാൾട്ടറിൽ എത്തിയപ്പോൾ ഇംഗ്ലണ്ടിൽ പ്രവേശിക്കാനുള്ള അനുവാദം അവർക്ക് നിഷേധിച്ചതിനെത്തുടർന്ന് തിരിച്ചുവരേണ്ടിവന്നു.  

1919 മേയിൽ വടകരയിൽ കൂടിയ നാലാമത്തെ സമ്മേളനത്തിൽ കടത്തനാട് ഇളയതമ്പുരാനായിരുന്നു സ്വീകരണാധ്യക്ഷൻ. ഇതിലാണ് കെ.പി. രാമൻമേനോൻ അധ്യക്ഷതവഹിച്ചത്. 

മഞ്ചേരി സമ്മേളനവും ആനിബസന്റിന്റെ അസ്‌തമനവും

അവസാനത്തെ മലബാർ ജില്ലാ സമ്മേളനം 1920 ഏപ്രിലിൽ മഞ്ചേരിയിലാണ് നടന്നത്. ഈ സമയത്ത് ഇന്ത്യൻ രാഷ്ട്രീയം പുതിയ ഘട്ടത്തിലായിരുന്നു. ജലിയൻ വാലാബാഗ് കൂട്ടക്കൊല, വൈസ്രോയിയുടെ എക്സിക്യുട്ടീവ്  കൗൺസിലിൽനിന്ന്‌ മലയാളിയും കോൺഗ്രസ് മുൻ പ്രസിഡന്റുമായ സർ. സി. ശങ്കരൻനായരുടെ രാജി, പണ്ഡിറ്റ് മാളവ്യ, മുഹമ്മദലി ജിന്ന, മശ്‌റൂൾ ഹക്ക് തുടങ്ങിയവരുടെ സാമ്രാജ്യസഭയിൽനിന്നുള്ള രാജി, മഹാകവി രവീന്ദ്രനാഥ് ടാഗോർ, പ്രശസ്ത ശാസ്ത്രജ്ഞനായ ജഗദീശ് ചന്ദ്രബോസ് എന്നിവരുടെ ‘സർ’ സ്ഥാനം തിരിച്ചേൽപ്പിക്കൽ, ഇന്ത്യാ സെക്രട്ടറി മോണ്ടേഗും വൈസ്രോയി ചെംസ്‌ഫോർഡും ആവിഷ്‌കരിച്ച പരിമിതമായ അധികാരത്തിനെതിരേയുള്ള പ്രതിഷേധം, ജനവികാരങ്ങളെ അടിച്ചമർത്തിക്കൊണ്ടുള്ള റൗലക്ട്‌ ആക്ടിനെതിരേ ആഹ്വാനം ചെയ്ത് ഗാന്ധിജിയുടെ ഇന്ത്യൻ രാഷ്ട്രീയപ്രവേശനം, ബ്രിട്ടീഷ് സർക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരേ മുസ്‌ലിങ്ങളുടെ ഇടയിലുയർന്ന ‘ഖിലാഫത്ത്’ പ്രതിഷേധം, ഇതിനു പിന്തുണനൽകിക്കൊണ്ട് ഉയർന്നുവന്ന ഹിന്ദു-മുസ്‌ലിം ഐക്യം. ഇവയുടെ പശ്ചാത്തലത്തിലാണ് മഞ്ചേരിയിൽ 1920 ഏപ്രിൽ 28-ന് മലബാർ ജില്ലാ സമ്മേളനം നടന്നത്. 

നിലമ്പൂർ ഇളയരാജാ ആയിരുന്നു സ്വാഗതാധ്യക്ഷൻ. ‘ഹിന്ദു’ പത്രത്തിന്റെ പത്രാധിപർ കസ്തൂരിരംഗ അയ്യങ്കാരായിരുന്നു  സമ്മേളനത്തിന്റെ അധ്യക്ഷൻ. മുമ്പ് കാണാത്തവിധം വിവിധ മേഖലകളിൽനിന്നും ആവേശകരമായ ജനക്കൂട്ടമാണ് സമ്മേളനത്തിലുണ്ടായത്. പുതിയ ഭരണപരിഷ്‌കാരങ്ങളെ അനുകൂലിക്കുന്ന ഹോംറൂൾ പക്ഷക്കാരും എതിർക്കുന്നവരും തമ്മിലുള്ള മത്സരവേദിയായി സമ്മേളനം മാറുമെന്ന്  നേരത്തേതന്നെ അറിയാമായിരുന്നു. ആനിബസന്റും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 1300 പ്രതിനിധികൾ പങ്കെടുത്ത ഈ സമ്മേളനഹാൾ വാദപ്രതിവാദങ്ങളുടെ വേദിയായിമാറി. 29-നു രാവിലെ, മോണ്ടേഗ്-ചെംസ്‌ഫോർഡ് ഭരണരിഷ്‌കാരങ്ങളെ എതിർത്തുകൊണ്ടുള്ള പ്രമേയം കെ.പി. രാമൻമേനോനാണ് അവതരിപ്പിച്ചത്. ഇതിനെതിരേ ആനിബസന്റ് ഭേദഗതി അവതരിപ്പിച്ചു. അതിന് ഭൂരിപക്ഷം കിട്ടില്ലെന്ന് മനസ്സിലാക്കിയ ആനിബസന്റും അവരുടെ അനുയായികളും സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി. പ്രമേയം പാസാക്കിയെങ്കിലും ഇന്ത്യൻ രാഷ്ട്രീയരംഗത്തുനിന്നും ആനിബസന്റ് ഈ സമ്മേളനത്തോടെ തിരോധാനംചെയ്തത് പലരെയും വേദനിപ്പിച്ചു. മഞ്ചേരി സ​മ്മേളനത്തിനുശേഷം നടന്നത് കേരള സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ സമ്മേളനങ്ങളാണ്. 
 

Content Highlights: indian national congress emerging  in malabar