നഗരപ്പഴമ
ചരിത്രം ആവര്‍ത്തിച്ചുവെന്ന് പറയുന്നത് ഒരിക്കലും ശരിയല്ല. ചരിത്രം ഒരിക്കലും ആവര്‍ത്തിക്കില്ല. എന്നാല്‍ മുമ്പുനടന്ന സംഭവത്തിന് സമാനമായ ചില കാര്യങ്ങള്‍ നടക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിച്ചുവെന്ന് ആലങ്കാരികമായി പറയാറുണ്ട്. അത്തരത്തിലൊരു സംഭവത്തിന് ഫിബ്രവരി 20ന് അനന്തപുരി സാക്ഷിയായി. ചുവപ്പും മഞ്ഞയും നിറമുള്ള ഡബിള്‍ഡക്കര്‍ ബസ് നഗരത്തിന് പുതുമയല്ല. പക്ഷെ, വെള്ളിയാഴ്ച കിഴക്കേക്കോട്ടയില്‍ നിന്ന് കവടിയാര്‍ കൊട്ടാരം ലക്ഷ്യമാക്കി ഓടിയ ഡബിള്‍ഡക്കര്‍ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലായിരുന്നു. അതിനകത്ത് ഉണ്ടായിരുന്നത് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളും കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥരും കെ.എസ്.ആര്‍.ടി.സി. എംപ്ലോയീസ് അസോസിയേഷന്‍ സംഘടനാ നേതാക്കളുമായിരുന്നു.
അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മിഭായി, ആദിത്യവര്‍മ, മാര്‍ത്താണ്ഡവര്‍മ, രശ്മിവര്‍മ ഉള്‍പ്പെടെയുള്ള രാജകുടുംബാംഗങ്ങള്‍ ഡബിള്‍ഡക്കറിന്റെ മുകളിലിരുന്നാണ് യാത്ര ചെയ്തത്. മെയിന്‍ റോഡിലുള്ള കച്ചവടക്കാരും കാല്‍നടയാത്രക്കാരുമെല്ലാം കൗതുകത്തോടെ ആ കാഴ്ച നോക്കിനിന്നു. അവര്‍ക്കെല്ലാം പിന്നീടാണ് കാര്യം മനസ്സിലായത്. 77 വര്‍ഷംമുമ്പ് അതായത് 1938 ഫിബ്രവരി 20ന് തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ആരംഭിച്ചതിന്റെ ഓര്‍മ പുതുക്കിക്കൊണ്ടായിരുന്നു ഈ യാത്ര.
മലയാളക്കരയിലെ ആദ്യത്തെ പൊതു പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സമ്പ്രദായമാണ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ കാലത്ത് നടപ്പിലാക്കിയത്. ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യരും ഇ.ജി. സാള്‍ട്ടര്‍ സായിപ്പും അന്ന് തുടക്കംകുറിച്ച സംരംഭമാണ് ഇന്നത്തെ കെ.എസ്.ആര്‍.ടി.സി. കൊല്ലവര്‍ഷം 1113 കുംഭം 6-ാം തീയതി വൈകുന്നേരം 5 മണിക്ക് (1938 ഫിബ്രവരി 20) ആയിരുന്നു സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ഉദ്ഘാടനം. അതൊരു ചരിത്ര സംഭവമായിരുന്നു. പുതിയ രൂപത്തിലും ഭാവത്തിലുമുള്ള 34 ബസുകളും, മുമ്പിലുള്ള ബസില്‍ നാട് ഭരിച്ചിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ്, ഇളയരാജാവ് ഉത്രാടംതിരുനാള്‍, കാര്‍ത്തികതിരുനാള്‍ തമ്പുരാട്ടി, കേണല്‍ ഗോദവര്‍മരാജ, ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍, മറ്റ് രാജകുടുംബാംഗങ്ങള്‍ തുടങ്ങിയവരും സഞ്ചരിച്ച രംഗം കൗതുകത്തോടെ ജനം നോക്കിനിന്നു. മുമ്പിലുള്ള ബസ് ഓടിച്ചത് സാള്‍ട്ടര്‍ സായിപ്പാണ്. തൊട്ടുപുറകിലുള്ള ബസുകളില്‍ നിയമസഭാ മെമ്പര്‍മാരും ഉദ്യോഗസ്ഥന്മാരും പൗരമുഖ്യന്മാരും സഞ്ചരിച്ചു. കിഴക്കേക്കോട്ട, തമ്പാനൂര്‍, മെയിന്‍റോഡ് വഴി സഞ്ചരിച്ച ബസ്യാത്ര കവടിയാര്‍ സ്‌ക്വയറില്‍ അവസാനിച്ചതോടെ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടിന്റെ പിറവിയായി. ഇതാണ് പിന്നീട് തിരു-കൊച്ചി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടും അതിനുശേഷം കേരളാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടും, ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയുമായി മാറിയത്.
1910 കാലത്താണ് അനന്തപുരിയില്‍ ആദ്യമായി മോട്ടോര്‍ വാഹനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയത്. ആദ്യം കരി ഉപയോഗിച്ചുള്ള വണ്ടിയും പിന്നീട് പെട്രോള്‍ വാഹനങ്ങളും വന്നു. ഈ രംഗത്ത് ആദ്യചുവടുെവച്ചത് അരുമന ശ്രീനാരായണന്‍ തമ്പിയായിരുന്നു. ബസ്രംഗത്ത് അദ്ദേഹത്തിനുണ്ടായ ഭീമമായ നഷ്ടത്തില്‍ അന്ത്യനാളുകളില്‍ ജീവിതം ദുഃഖപൂര്‍ണമായിരുന്നു. പിന്നീട് തിരുവിതാംകൂറില്‍ മോട്ടോര്‍ ഗതാഗതം വന്‍വ്യവസായമായി മാറി. പലരും ഇതിലൂടെ തഴച്ചുവളര്‍ന്നു. ഇതാണ് ദിവാന്‍ സര്‍. സി.പിയുടെ ദൃഷ്ടി ഇതിലേക്ക് പതിയാന്‍ കാരണം. സ്വകാര്യമേഖലയെ നിയന്ത്രിച്ച് ആളുകള്‍ക്ക് യാത്രാസൗകര്യം മെച്ചപ്പെടുത്തണമെന്ന് അദ്ദേഹത്തിന് തോന്നി. ഇതിനുവേണ്ടി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് രൂപവത്കരിച്ചു. ട്രാന്‍സ്‌പോര്‍ട്ട് പുനഃസംഘടനാ കമ്മിറ്റിയെ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ചുമതലപ്പെടുത്തി. ആ റിപ്പോര്‍ട്ട് പ്രകാരമാണ് ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡിന്റെ അസിസ്റ്റന്റ് ഓപ്പറേറ്റിങ് സൂപ്രണ്ട് ഇ.ജി. സാള്‍ട്ടറെ ഇവിടത്തെ ട്രാന്‍സ്‌പോര്‍ട്ട് സൂപ്രണ്ടായി നിയമിച്ചത്. സാള്‍ട്ടര്‍ 1937 സപ്തംബര്‍ 20ന് അനന്തപുരിയിലെത്തി. പെര്‍ക്കിന്‍സ് ഡീസല്‍ യന്ത്രത്തോടുകൂടിയ അറുപത് കോമര്‍ ചേസ്സിസുകള്‍ അദ്ദേഹം ഇംഗ്ലണ്ടില്‍നിന്ന് വരുത്തി. സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് മെക്കാനിക്കുകളാണ് അവ കൂട്ടിയിണക്കിയത്. ആദ്യം ഒരു ബോഡി പണിതു. പിന്നീട് അത് മാതൃകയാക്കി മറ്റ് ബസ്സുകളുടെ ബോഡി പണിതു. ബസിലെ കണ്ണാടിയും ഇരുമ്പുതകിടും ഒഴികെ മറ്റ് സാധനങ്ങളെല്ലാം ഇവിടെ നിര്‍മിച്ചതാണ്. പുതിയ ബസുകള്‍ കാണാന്‍ വന്‍ ജനപ്രവാഹമായിരുന്നു.
1938 ഫിബ്രവരി 20ന് ഉദ്ഘാടനംകഴിഞ്ഞ അടുത്തദിവസം തന്നെ തിരുവനന്തപുരം കന്യാകുമാരി, നാഗര്‍കോവില്‍, കുളച്ചല്‍ സര്‍വീസുകള്‍ ആരംഭിച്ചു. പക്ഷെ ആഴ്ചകള്‍കഴിഞ്ഞ് അതായത് മീനം 22ന് മാത്രമാണ് തിരുവനന്തപുരം ടൗണ്‍ സര്‍വീസും തിരുവനന്തപുരം-നെടുമങ്ങാട് സര്‍വീസും ആരംഭിച്ചത്. കര്‍ക്കടകം 5-ാം തീയതി തിരുവനന്തപുരം-കൊല്ലം സര്‍വീസ് ആരംഭിച്ചു. അടുത്തവര്‍ഷം 1114 കുംഭം 15-ാം തീയതി തിരുവനന്തപുരത്തുനിന്നും അഴകിയമണ്ഡപം, നെയ്യൂര്‍, മണ്‍ഡേ മാര്‍ക്കറ്റ് എന്നീ സ്ഥലങ്ങള്‍വഴിയുള്ള സര്‍വീസും തിരുവനന്തപുരം ടൗണ്‍ സര്‍ക്കുലര്‍ സര്‍വീസും ആരംഭിച്ചു. ബി.എക്കാരായിരുന്നു ബസ് കണ്ടക്ടര്‍മാര്‍. വിദ്യാസമ്പന്നരായിരുന്നു ഡ്രൈവര്‍മാരും. ഇവര്‍ക്ക് പ്രത്യേക യൂണിഫോം ഉണ്ടായിരുന്നു. കൃത്യനിഷ്ഠ, യാത്രക്കാേരാടുള്ള മാന്യമായ പെരുമാറ്റം, നല്ല ബസ്സ്റ്റാന്‍ഡുകള്‍, പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ നിശ്ചിത സ്ഥലങ്ങളില്‍ സൗകര്യം ഇതെല്ലാം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസുകളെ പ്രിയങ്കരമാക്കി.