സ്വാതിതിരുനാള്‍ മഹാരാജാവ് തിരുവിതാംകൂറില്‍ പ്രാകൃതമായ പല ശിക്ഷാരീതികളും നിര്‍ത്തലാക്കി.
എന്നാല്‍ തൂക്കിക്കൊല്ലപ്പെടുന്നവന്റെ കുതികാല് വെട്ടി രക്തം ഊറ്റുന്ന പ്രാകൃതമായ ശിക്ഷാരീതി പിന്നീടും ദശാബ്ദങ്ങളോളം നിലനിന്നതായി പുരാരേഖകള്‍ പറയുന്നു. കൊല്ലവര്‍ഷം 1038 മേടം 16 (ഇംഗ്ലീഷ് വര്‍ഷം 1863)ന് ശേഷമാണ് ഇത് നിര്‍ത്തലാക്കിയത്.
കുറ്റക്കാരുടെ തലവെട്ടുക, തൂക്കിലിടുക, അംഗഭംഗം വരുത്തുക, വിഷംനല്‍കി കൊല്ലുക, ദുഷ്ടമൃഗങ്ങളുടെ കൂട്ടിലിട്ടുകൊടുക്കുക, ഇരുമ്പില്‍ തീര്‍ത്ത ചട്ടക്കൂട്ടില്‍ അടച്ച് കാട്ടിനുള്ളില്‍ ഇടുക തുടങ്ങിയ പല ശിക്ഷാരീതികളും കേരളത്തില്‍ നിലനിന്നിരുന്നു. 'കുടിപ്പക' എന്ന വാക്ക് ഇന്നും നിലനില്‍ക്കുന്നു. ഒരാള്‍ മറ്റൊരാളെ വധിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താല്‍ മര്‍ദനത്തിനിരയായ ആളുകളുടെ കുടുംബക്കാര്‍ അവരോട് സ്ഥിരമായ വൈരം നിലനിര്‍ത്തുകയും പിന്നീട് അതിന് പകരംവീട്ടുകയും ചെയ്യുന്ന നടപടിയായിരുന്നു 'കുടിപ്പക'. കുടുംബത്തിലെ എല്ലാവരേയും വധിക്കുകയും ഭവനങ്ങള്‍ അഗ്‌നിക്ക് ഇരയാക്കുകയും ചെയ്താലേ പക തീരൂ. ഈ കുടുംബത്തില്‍ നിന്നും രക്ഷപ്പെടുന്നവര്‍ പിന്നീടും പ്രതികാരത്തിന് വേണ്ടി കാത്തിരിക്കും. കുടിപ്പകയാല്‍ കൊല്ലപ്പെടുന്നവെന്റ ശരീരം കൊലയാളിയുടെ വീട്ടില്‍ കൊണ്ടിട്ട് ശവവും വീടും ഒന്നിച്ച് കത്തിക്കുകയും ചെയ്യുന്നത് ഒരാചാരമായി നിലനിന്നിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
യൂറോപ്യന്മാരുടെ വരവ് വരെ കേരളത്തില്‍ ഏകീകൃത നീതിപാലന സമ്പ്രദായമോ അതിന് നിയമസംഹിതയോ ഉണ്ടായിരുന്നില്ല. സ്മൃതികളെയും ശാസനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ശിക്ഷാരീതികളാണ് അതിന് മുമ്പ് രാജാക്കന്മാരും നാടുവാഴികളും നടപ്പിലാക്കിയിരുന്നത്. അതുതന്നെ ഒരേ കുറ്റത്തിന് ജാതി നോക്കി രണ്ട് തരം ശിക്ഷാരീതികളായിരുന്നു. 1793ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥന്മാര്‍ക്ക് കൊച്ചി രാജാവ് അവിടെ സാമൂഹ്യസ്ഥിതിയെയും ശിക്ഷാരീതികളെയുംപ്പറ്റി നല്‍കിയ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു. കുറ്റം ചെയ്യുന്നവരെ കണ്ടുപിടിക്കാന്‍ ജലപരീക്ഷ, അഗ്‌നിപരീക്ഷ തുടങ്ങിയവ മുമ്പ് സര്‍വസാധാരണമായിരുന്നു.
കുറ്റക്കാരെ കണ്ടുപിടിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്കുന്ന രീതി സ്വാതിതിരുനാള്‍ മഹാരാജാവ് (18291846) വരെ നിലനിന്നു. അതുപോലെ കുറ്റക്കാരെ തലമുണ്ഡനം ചെയ്ത് കല്ലെറിഞ്ഞ് ഓടിക്കുക പതിവായിരുന്നു. നമ്പൂതിരി സ്ത്രീകള്‍ക്ക് ചാരിത്ര്യഭംഗം വന്നാല്‍ കണ്ടുപിടിച്ച് ശിക്ഷിക്കുന്ന സ്മാര്‍ത്ത വിചാരം വളരെക്കാലം നിലനിന്നു.അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് (17291758) കുറ്റക്കാരെ ശിക്ഷിക്കാനുള്ള ആരാച്ചാര്‍ എന്ന ഉദ്യോഗസ്ഥന്റെ താമസത്തെപ്പറ്റി മതിലകം രേഖകളില്‍ കാണുന്നുണ്ട്. ആരാചാര്‍മാര്‍ക്ക് ആദ്യം വട്ടിയൂര്‍ക്കാവിലും പിന്നീട് ചാലയിലും വീടുണ്ടായിരുന്നു. വീടുകളില്‍ തന്നെയാണ് കുറ്റക്കാരെ തടവിലിട്ടിരുന്നത്. കള്ളനാണയ നിര്‍മാണം ആണ് അന്ന് പ്രധാന കുറ്റം. അത്തരക്കാരെയാണ് തടവില്‍ കൂടുതലും ഇട്ടതായി രേഖകളില്‍ കാണുന്നത്. എന്നാല്‍ ജയിലുകളും ഏകീകൃത ശിക്ഷാരീതികളും നടപ്പിലാക്കാന്‍ പിന്നീട് വര്‍ഷങ്ങളെടുത്തു. മുമ്പ് ജയിലുകള്‍ തന്നെ ഉണ്ടായിരുന്നില്ല.
കോടതികള്‍ ചെറിയതോതില്‍ രൂപവത്കരിച്ചശേഷവും തൂക്കിക്കൊല നടത്തിയിരുന്നത് വിജനമായ കാട്ടുപ്രദേശങ്ങളിലായിരുന്നു. ഇംഗ്ലീഷ് വര്‍ഷം 1819ല്‍ വഞ്ചിയൂര്‍ അധികാരത്തില്‍ മടത്തുവിളാകം കൊച്ചുനാരായണപിള്ള എന്ന ആളിനെ തൂക്കിലിട്ടത് കിളിവള്ളൂര്‍ പ്രവര്‍ത്തിയില്‍ കുണ്ടറ തെരുവിന് പടിഞ്ഞാറ്കിഴക്ക് മേല്‍ രാജവഴിക്ക്കുന്നിന്‍പുറത്ത് ആണെന്നാണ് രേഖയില്‍ കാണുന്നത്. തൂക്കിലിട്ട പ്രതിക്ക് കൊലച്ചോറ്, മറ്റുള്ളവര്‍ക്ക് വെറ്റിലയും പാക്കും ചാരായവും വാങ്ങിയതിന്റെ കണക്ക് അതിലുണ്ട്. വേലുത്തമ്പി ദളവയ്ക്ക് ശേഷം അധികാരമേറ്റ ഉമ്മിണിത്തമ്പിയാണ് തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് ആദ്യത്തെ ജയില്‍ സ്ഥാപിച്ചത്. അതാണ് ഇന്ന് ഫോര്‍ട്ട് ഗവണ്മെന്റ് ആശുപത്രിക്ക് സമീപത്തുള്ള പുരാരേഖ ഓഫീസ് പ്രവര്‍ത്തിക്കുന്ന മന്ദിരം. എന്നാല്‍ ഈ ജയില്‍ വന്നതിനുശേഷമാണ് കൊച്ചുനാരായണപിള്ളയെ കുണ്ടറ തെരുവിലെ കുന്നിന്‍പുറത്ത് തൂക്കിലിട്ടത്.
കുറ്റക്കാരെ കണ്ടുപിടിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്കുന്ന ശുചീന്ദ്രം കൈമുക്ക് തുടങ്ങിയ പ്രാകൃതമായ ശിക്ഷാരീതികള്‍ അവസാനിച്ച് ബ്രിട്ടീഷ് മാതൃകയില്‍ ഒരു നിയമസംഹിത ക്രോഡീകരിച്ച് 1835 മുതല്‍ തിരുവിതാംകൂറില്‍ നടപ്പിലാക്കിയത് സ്വാതിതിരുനാള്‍ മഹാരാജാവാണ്.
ആയില്യം തിരുനാള്‍ (18601880) മഹാരാജാവിന്റെ കാലത്താണ് തൂക്കിലിടുന്ന പ്രതികളുടെ കുതികാല്‍വെട്ടി രക്തം എടുക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കിയത്. ഇത് സംബന്ധിച്ച് ഇംഗ്ലീഷ് ഡോക്ടറായ ബെല്ലയും ഡോക്ടര്‍ റാസയും ആണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെ ആ ഹീനമായ നടപടി അവസാനിപ്പിക്കാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പക്ഷെ പരിഷ്‌കൃത രീതിയിലുള്ള ജയിലും തൂക്കുമരവും എല്ലാ ഉണ്ടാകാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു.