മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസില്‍ അനന്തപുരി മുങ്ങിനില്‍ക്കുമ്പോള്‍ പഴമക്കാര്‍ ഓര്‍ക്കുന്നത് എഴുപത്തിമൂന്ന് വര്‍ഷംമുമ്പ് ഇന്നത്തെ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങാണ്. മുമ്പ് നായര്‍ ബ്രിഗേഡിന്റെയും പിന്നീട് തിരുവിതാംകൂര്‍ സ്‌റ്റേറ്റ് ഫോഴ്‌സിന്റെയുമെല്ലാം കൈവശം ഉണ്ടായിരുന്ന കവാത്ത് മൈതാനത്തിന്റെ ഒരുഭാഗമായിരുന്നു ഇന്നത്തെ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം.
കവാത്ത് മൈതാനത്തെ ജനങ്ങള്‍ 'കോത്ത്' മൈതാനം എന്ന് വിളിച്ചിരുന്നു. പട്ടാളക്കാരുടെ പരിശീലനത്തിനും കുറച്ചുകാലം നഗരത്തില്‍ സമയം അറിയിക്കാനുള്ള പീരേങ്കിശബ്ദം (ഗുണ്ട് ഇടുന്നതിനും) പുറപ്പെടുവിക്കുന്നതിനും ഇവിടം ഉപയോഗിച്ചിരുന്നു. മുമ്പ് ഗുണ്ട് ഇട്ടിരുന്നത് ബാര്‍ട്ടണ്‍ഹില്ലില്‍ ആയിരുന്നു. തിരുവിതാംകൂര്‍ സ്‌റ്റേറ്റ് ഫോഴ്‌സ് പൂര്‍ണമായി ഇവിടെനിന്ന് പാങ്ങോട്ടേയ്ക്ക് മാറ്റി. തിരുവിതാംകൂര്‍ സര്‍വകലാശാല നിലവില്‍ വന്നതോടെ അതിന്റെ കീഴില്‍ ഒരു ഒന്നാന്തരം സ്‌റ്റേഡിയം വേണമെന്ന് ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരും കേരളത്തിന്റെ സ്‌പോര്‍ടസ് ശില്പി എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ടിരുന്ന കേണല്‍ ഗോദവര്‍മ രാജയും തീരുമാനിച്ചു.
സര്‍വകലാശാലയുടെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പ്രസിഡന്റ് കൂടിയായിരുന്ന കേണല്‍ ഗോദവര്‍മയ്ക്ക് സ്‌പോര്‍ട്‌സും കളിക്കാരും ലഹരിയായിരുന്നു. കായികരംഗത്തിന് വേണ്ടി എന്തുംചെയ്യാന്‍ തയ്യാറായ ഗോദവര്‍മ രാജയുടെ ശ്രമഫലമായിട്ടാണ് അനന്തപുരിയില്‍ ഇന്ന് കാണുന്ന മിക്ക സ്‌പോര്‍ട്‌സ് സംഘടനകളും ക്ലബ്ബുകളുമെല്ലാം ഉയര്‍ന്നുവന്നത്. ഇന്ത്യയിലെ പ്രഗല്‍ഭരായ എല്ലാ സ്‌പോര്‍ട്‌സ് താരങ്ങളേയും അതിഥിയായി അദ്ദേഹം അനന്തപുരിയില്‍ കൊണ്ടുവന്ന് രാജകീയ സ്വീകരണം നല്‍കിയിട്ടുണ്ട്.
രാജകുടുംബാംഗമായ ജി.വി. രാജ സ്‌പോര്‍ട്‌സിനുവേണ്ടി സാധാരണക്കാരനെപോലെ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് എത്രയോ കായികതാരങ്ങള്‍ തിരുവിതാംകൂറിലും പിന്നീട് കേരളത്തിലും ഉയര്‍ന്നുവന്നത്. നല്ല മൈതാനം ഇല്ലാത്തതിനാല്‍ വിശാലമായ സ്ഥലങ്ങളില്‍ താത്കാലിക സംവിധാനം ഉണ്ടാക്കിയും സ്‌പോര്‍ട്‌സില്‍ താല്പര്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിനല്‍കി പ്രോത്സാഹിപ്പിച്ചും അദ്ദേഹം ആ രംഗം സജ്ജീവമാക്കി. നീന്തല്‍ക്കുളം ഇല്ലാത്ത കാലത്ത് ജഗതിയില്‍ കിള്ളിയാറിന്റെ തീരത്ത് പ്രത്യേകം സംവിധാനം ഒരുക്കി നീന്തല്‍ താരങ്ങളെ സൃഷ്ടിക്കാന്‍ പോലും അദ്ദേഹം തയ്യാറായി. ഇതെല്ലാം കാണാന്‍ നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടുമായിരുന്നു. താരങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത് മഹാരാജാവ് ശ്രീചിത്തിരതിരുനാളും രാജകുടുംബാംഗങ്ങളും ആയിരുന്നതിനാല്‍ കായിക താരങ്ങള്‍ക്ക് നല്ല അംഗീകാരം ലഭിച്ചിരുന്നു.
കളിക്കാര്‍ക്ക് പരിശീലനത്തിനും മേളകള്‍ സംഘടിപ്പിക്കാനും ആധുനികരീതിയിലുള്ള മൈതാനം വേണമെന്ന് ജി.വി. രാജയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. അക്കാലത്ത് പോലീസുകാരും സ്‌പോര്‍ട്‌സ് പ്രേമികളും പരിശീലനം നടത്തിയിരുന്നത് പുത്തന്‍ചന്ത മൈതാനം എന്നറിയപ്പെടുന്ന ഇന്നത്തെ സെക്രട്ടേറിയറ്റിന് പുറകിലുള്ള സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലായിരുന്നു. പില്‍ക്കാലത്ത് അത് പരേഡ് ഗ്രൗണ്ട് എന്നറിയപ്പെട്ടു. എന്നാല്‍, പുത്തന്‍ചന്ത മൈതാനം ഇന്നുള്ള സെന്‍ട്രല്‍ സ്‌റ്റേഡിയത്തിന് പിന്നിലുള്ള വിശാലസ്ഥലമായിരുന്നു.
അവിടെല്ലാം ഇന്ന് സ്ഥാപനങ്ങളും കെട്ടിടങ്ങളും നിറഞ്ഞു. ഒരു കണക്കിന് പറഞ്ഞാല്‍ അനന്തപുരിയിലെ കായികപ്രേമികളുടെ ഈറ്റില്ലം ഈ മൈതാനമായിരുന്നുവെന്ന് പറയാം. ഇന്നത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം പില്‍ക്കാലത്ത് ഉണ്ടായതാണ്. അതും വിശാലമായ കോത്ത് മൈതാനത്തിന്റെ ഭാഗമായിരുന്നു.
ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കിരീടധാരണത്തോട് അനുബന്ധിച്ച് നടന്ന 'ശ്രീചിത്രാപ്രദര്‍ശനം' ഇന്നത്തെ നിയമസഭാ മന്ദിരം സ്ഥിതിചെയ്യുന്ന ഭാഗംമുതല്‍ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയംഭാഗംവരെ വിശാലമായ ഭാഗത്തായിരുന്നു. പില്‍ക്കാലത്ത് ഐ.ജി. ചന്ദ്രശേഖരന്‍ നായരുടെ പേരിലാണ് ഈ സ്‌റ്റേഡിയം വികസിപ്പിച്ചെടുത്തത്.
ഒരു നവീനസ്‌റ്റേഡിയത്തിന് വേണ്ടിയുള്ള ജി.വി. രാജയുടെ ശ്രമത്തിന് ദിവാന്‍ സര്‍ സി.പി. രാമസ്വാമിഅയ്യര്‍ പച്ചക്കൊടി കാട്ടി. അങ്ങനെയാണ് കോത്ത് മൈതാനത്ത് 'യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം' രൂപംകൊണ്ടത്. തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഉള്‍പ്പെടെയുള്ള കായികതാരങ്ങളെ വളര്‍ത്തുക, ഇന്റര്‍ യൂണിവേഴ്‌സിറ്റി കായികമത്സരങ്ങള്‍ നടത്തുക തുടങ്ങിയവയായിരുന്നു സ്‌റ്റേഡിയം ആരംഭിക്കുമ്പോള്‍ പ്രധാന ഉദ്ദേശങ്ങള്‍. തെക്കേ ഇന്ത്യയിലെ അക്കാലത്തെ വലിയ സ്‌റ്റേഡിയം ആയിരുന്നു യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം. ഇരുപതിനായിരം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്നവിധത്തിലാണ് സ്‌റ്റേഡിയം സജ്ജീകരിച്ചത്.
1941 ഒക്ടോബര്‍ 21ന് സ്‌റ്റേഡിയം, മൈസൂരിലെ മുന്‍ ദിവാന്‍ സര്‍ മിര്‍സാ ഇസ്‌മേയില്‍ ഉദ്ഘാടനം ചെയ്തു. ചരിത്രത്തിന്റെ എത്രയോ സംഭവങ്ങള്‍ക്ക് ഈ സ്‌റ്റേഡിയം പിന്നീട് സാക്ഷിയായി. ക്ഷേത്രപ്രവേശന വിളംബര ആഘോഷത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി പ്രസംഗിച്ചത് ഇവിടെയാണ്. അവസാനത്തെ വൈസ്‌റോയി മൗണ്ട് ബാറ്റന്‍ പ്രഭു തുടങ്ങി എത്രയോ പ്രഗല്‍ഭരുടെ പാദം പതിഞ്ഞതാണ് ഇവിടത്തെ മണ്ണ്. 1987ല്‍ കേരളത്തില്‍ ആദ്യ ദേശീയ ഗെയിംസിന്റെ സമാപനച്ചടങ്ങുകള്‍ നടന്നതും ഇവിടെയാണ്. ഡിസംബര്‍ 28െന്റ സായാഹ്നത്തിലായിരുന്നു സമാപനം. പ്രധാനമന്ത്രി രാജീവ്ഗാന്ധി, മുഖ്യമന്ത്രി ഇ.കെ.നായനാര്‍, സോണിയാഗാന്ധി, കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി മാര്‍ഗരറ്റ് ആല്‍വ തുടങ്ങിയവര്‍ പങ്കെടുത്ത നിറപ്പകിട്ടാര്‍ന്ന സമാപന സമ്മേളനം നഗരവാസികള്‍ മറന്നിട്ടില്ല. അന്ന് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയവും ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയവും സെന്‍ട്രല്‍ സ്‌റ്റേഡിയവും മാത്രം ഉണ്ടായിരുന്ന കാലം. ഇന്ന് നഗരത്തില്‍ എത്രയെത്ര സ്‌റ്റേഡിയങ്ങളായി. അന്നത്തെ സ്‌പോര്‍ട്‌സ് താരം പി.ടി. ഉഷയാണ് ഇപ്പോഴത്തെ ദേശീയ ഗെയിംസിന് തിരിതെളിച്ചതെന്ന കാര്യവും അഭിമാനകരമാണ്. പക്ഷേ, കാലത്തിന്റെ മാറ്റത്തില്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തെ അവഗണിക്കുന്നുവെന്ന് പഴയ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് പരാതിയുണ്ട്. കാരണം അനന്തപുരിയുടെ കായികരംഗത്തെ ആദ്യതറവാടാണത്.
വിശ്വംമുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആണ് 35ാമത് ദേശീയ ഗെയിംസിന് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഉഷയ്ക്കും അഞ്ജുബോബി ജോര്‍ജിനും ദീപശിഖ കൈമാറിയത്. കേരളത്തിന്റെ ഇപ്പോഴത്തെ സ്‌പോര്‍ട്‌സ് രംഗത്തെ ചരിത്രം അങ്ങനെ കേണല്‍ ഗോദവര്‍മരാജ മുതല്‍ സച്ചിന്‍വരെ എന്നുപറയാം.