കൊച്ചിയുടെ പഞ്ചാരമണ്ണിലുമുണ്ട് അവന്റെ ചോരക്കറ.... ഇവിടുത്തെ ഓളപ്പരപ്പില്‍ അവന്റെ കരച്ചിലിന്റെ പ്രതിധ്വനിയുണ്ട്.... അടിമക്കച്ചവടത്തിനായി പോര്‍ച്ചുഗീസുകാര്‍ കൊണ്ടു വന്നതാണവനെ. കൊച്ചിക്കും പറയാനുണ്ട് നിര്‍വികാരതയുടെ കറുത്ത രൂപമായ കാപ്പിരികളെക്കുറിച്ച്.....
കറുത്തവരെ ഇവിടെയും അടിമകളാക്കി
യൂറോപ്പിലെയും അമേരിക്കയിലെയും വെള്ളക്കാര്‍ കയ്യൂക്കും ആയുധബലവും കൊണ്ട് കീഴ്‌പ്പെടുത്തിയ ആഫ്രിക്കയിലെ കറുത്ത മനുഷ്യരെ അടിമകളാക്കി വെച്ച കഥകള്‍ കേള്‍ക്കുമ്പോള്‍ എല്ലാവരും കരുതും അത് ആയിരക്കണക്കിന് നാഴികകള്‍ അകലെയുള്ള ഭൂഖണ്ഡങ്ങളില്‍ നടന്ന കാര്യങ്ങള്‍ എന്ന്. പക്ഷേ ആഫ്രിക്കന്‍ കാട്ടുപ്രദേശങ്ങളില്‍ നിന്ന് മൃഗങ്ങളെ പോലെ വെള്ളക്കാര്‍ പിടികൂടിയ കറുത്ത വര്‍ഗക്കാര്‍ നമ്മുടെ നാട്ടിലും എത്തിയിരുന്നു. 15-ാം നൂറ്റാണ്ടിലും 16-ാം നൂറ്റാണ്ടിലും ആദ്യകാല യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്കൊപ്പം അടിമകളും ഇവിടെ എത്തിയിരുന്നു. വെളുത്തവന്റെ കൈയൂക്കില്‍ കാലങ്ങളോളം ജീവിച്ചു മരിച്ച കറുത്തവന്റെ കഥ കൊച്ചുകേരളത്തിലെ കൊച്ചിക്കും പറയാനുണ്ട്.
കൊച്ചിയുടെ പഞ്ചാര മണ്ണിലും അവന്റെ ചോരക്കറ തെറിച്ചു വീണിരുന്നു. കൊച്ചിക്കായലിലെ ഓളപ്പരപ്പിലും അവന്റെ കരച്ചില്‍ പ്രതിധ്വനിച്ചു. അവന്റെ പേര് 'കാപ്പിരി'. ആസ്ട്രലോയിഡ് നരവംശത്തില്‍ നിന്ന് ഉത്ഭവിച്ച ആഫ്രിക്കന്‍ വംശജന്‍. ആനയുടെ കറുപ്പ്, മെല്ലിച്ച് എല്ലുന്തിയ ശരീരം, സ്പ്രിങ് കണക്കെ പിരിയന്‍ തലമുടി, നീണ്ട കാതുകളില്‍ തൂങ്ങിയാടുന്ന വളയക്കമ്മലുകള്‍, നാണം മറയ്ക്കാന്‍ മാത്രമായി അല്‍പവസ്ത്രം... നിര്‍വികാരതയുടെ കറുത്ത രൂപങ്ങളായി കടലിന്റെ ശൂന്യതയിലേക്ക് മിഴികള്‍ പായിച്ച് അടിമകളായി കാപ്പിരി കരയിലേക്ക് കാലെടുത്തു വച്ചു. പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ് കാപ്പിരികളും കേരളത്തിലേക്കെത്തിയത്. കറുത്തവരെ കറുത്ത പൊന്നിന്റ നാട്ടിലേക്ക് ആദ്യമായി കൊണ്ടുവന്നത് ലിസ്ബണില്‍ നിന്നാണ്. ആഫ്രിക്കന്‍ തീരത്തു കൂടി എത്തിയ വാസ്‌കോ ഡ ഗാമ കാപ്പിരികളെയും കപ്പലില്‍ കയറ്റി കൊണ്ടുവന്നത്രെ.
പോര്‍ച്ചുഗീസുകാരുടെ കാലത്ത് അടിമക്കച്ചവടം വ്യാപകമായപ്പോള്‍ കൊച്ചിയുടെ കൊച്ചു തെരുവുകളിലും കാപ്പിരികള്‍ വില്‍പനയ്ക്കായി നിരന്നു. ഓടിപ്പോകാതിരിക്കുന്നതിന് വിലങ്ങിട്ട കാരിരുമ്പന്‍ ചങ്ങല ആ കറുത്ത തൊലിയില്‍ ഒട്ടിക്കിടന്നു. ക്രൂര മര്‍ദനത്തിലും കടുത്ത പട്ടിണിയിലും വേലയെടുക്കാന്‍ മടിക്കാത്ത കാപ്പിരിയടിമകളെ വിലയ്ക്കു വാങ്ങാന്‍ നാട്ടുരാജാക്കന്മാരും മത്സരിച്ചു. 17-ാം നൂറ്റാണ്ടില്‍ ഡച്ചുകാരുടെ വരവോടെ കാപ്പിരിക്കച്ചവടം ഏതാണ്ട് എല്ലാ മേഖലകളിലേക്കും വ്യാപിച്ചു. കാവല്‍ ജോലിക്കും വഞ്ചി തുഴയാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഒക്കെയായിരുന്നു കാപ്പിരികളെ ഉപയോഗിച്ചിരുന്നത്. സാമ്രാജ്യങ്ങളില്‍ ശത്രുക്കള്‍ കടക്കാതിരിക്കാന്‍ കൊച്ചിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വൈദേശികര്‍ ഇവരെ കാവല്‍ നിര്‍ത്തി.
പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ബ്രിട്ടീഷുകാരുടെയുമൊക്കെ വരവിനെ ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്തി വയ്ക്കുമ്പോഴും ചരിത്രത്താളുകളില്‍ കാപ്പിരികള്‍ക്കായി നീക്കിവച്ചത് കുറച്ച് പേജുകള്‍ മാത്രം. മിത്ത് കണക്കെ കാപ്പിരിക്കഥകള്‍ ഇന്നും കൊച്ചിക്കാരുടെ മനസ്സില്‍ ജീവിക്കുന്നുണ്ട്. പ്രകൃതിയുടെയും സംരക്ഷകന്റെയും കാവല്‍ ദൈവങ്ങളുടെയും വിശുദ്ധന്റെയുമെല്ലാം രൂപങ്ങളില്‍...
ഓര്‍മയായി മരവും തുരുത്തും
കാപ്പിരികളുടെ ഓര്‍മകള്‍ നിലനിര്‍ത്തിയിരുന്ന ചില മരങ്ങളുമുണ്ടായിരുന്നു ഫോര്‍ട്ടു കൊച്ചിയില്‍. ഒരുപാട് തലമുറകള്‍ക്ക് തണല്‍ വിരിച്ച്, പടര്‍ന്നു നിന്നിരുന്ന ഒരു തേന്മാവും പോസ്റ്റോഫീസിന് സമീപത്തായി ചില്ലകള്‍ നിറഞ്ഞ ആല്‍മരവും. വികസനത്തിന്റെ വഴികളില്‍ മരങ്ങള്‍ ഒരു വഴിമുടക്കിയായതുകൊണ്ടാവണം ഇവയുടെ കടയ്ക്കല്‍ കോടാലിയുടെ വെള്ളിത്തലപ്പുകള്‍ പതിഞ്ഞു.
ഒരുകാലത്ത്, സായാഹ്നങ്ങളിലെ ചൂടന്‍ ചര്‍ച്ചകള്‍ക്ക് തണലും നിഴലും പടര്‍ത്തിയത് ഈ 'കാപ്പിരി മര'ങ്ങളായിരുന്നു. ഏതോ കാപ്പിരി നട്ടുവളര്‍ത്തിയ മാവായതിനാലാണ് അവന്റെ പേരുതന്നെ ആ മരത്തിന് ലഭിച്ചത്. കാപ്പിരി ആലിന് ആ പേരു ലഭിച്ചത് ഒരു കാപ്പിരിയുടെ ആത്മാവിനെ കുടിയിരുത്തിയത് ഈ ആല്‍മരത്തിലായതിനാലാണത്രെ.
തുരുത്തുകളുടെ നാടായ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍ പ്രദേശങ്ങളെ 'കാപ്പിരി തുരുത്തുകള്‍' എന്നും പണ്ട് അറിയപ്പെട്ടിരുന്നു. വൈദേശികര്‍ കൊണ്ടുവന്ന കാപ്പിരികളെ തുരുത്തിലെ ചില പ്രത്യേക സ്ഥലങ്ങളിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഇവിടമാണ് ആ കാലത്തെ കാപ്പിരിത്തുരുത്തുകളായി മാറിയത്.
തലപ്പുട്ട് നേദ്യം
ഇല്ലിക്കുഴലിലും ചിരട്ടയിലും പുട്ടുണ്ടാക്കി വീട്ടമ്മമാര്‍ കാപ്പിരി മാടത്തില്‍ നേദിച്ചിരുന്ന പഴയകാലം ഇന്നത്തെ തലമുറയും മറന്നിട്ടില്ല. പരിഷ്‌കാരത്തിന്റെ കാലത്തും തലപ്പുട്ട് കാപ്പിരിയ്ക്ക് നേരുന്നവരുടെ എണ്ണം കുറവല്ല.
പുട്ട് പുഴുങ്ങുമ്പോള്‍ നല്ല രുചിക്കായി 'തലപ്പുട്ട് കാപ്പിരിക്ക്' എന്ന് നേരും. പെട്ടെന്ന് ആവി വരാനും പൊടിഞ്ഞു പോകാതിരിക്കാനുമാണിത്. ഇങ്ങനെ ഒരു കുഴപ്പവുമില്ലാതെ വേഗത്തില്‍ പുഴുങ്ങിക്കിട്ടിയാല്‍ തലഭാഗത്തെ പുട്ട് കാപ്പിരി മുത്തപ്പന് നല്‍കും.
ബിനാലെയിലും കാപ്പിരിസ്മരണ
കാപ്പിരി സ്മരണകള്‍ ഉണര്‍ത്തുന്നകലാസൃഷ്ടിയുമായി കടല്‍ കടന്നൊരു കലാകാരന്‍കൊച്ചി-മുസ്സിരിസ് ബിനാലേയിലെത്തിയിരുന്നു. പൂര്‍വികര്‍ കൊച്ചിയില്‍ അവശേഷിപ്പിച്ച കാപ്പിരി മിത്തിന്റെ ചുവടു പിടിച്ചെത്തിയത് പോര്‍ച്ചുഗീസുകാരനായ റിഗോ 23 ആണ്. വാസ്‌കോ ഡ ഗാമ ഇവിടെയെത്തിച്ച 'കറുത്ത' ചരിത്രത്തിന്റെ ഓര്‍മപുതുക്കല്‍ കൂടിയായിരുന്നു റിഗോയുടെ ഇന്‍സ്റ്റലേഷന്‍. 'എക്കോ അര്‍മദ' എന്ന പത്തുമീറ്റര്‍ നീളമുള്ള ശില്പത്തിന് ജന്മം നല്‍കിയത് ആസ്പിന്‍വാളിന് മുന്നില്‍ വച്ചായിരുന്നു. പിന്നീടത് മട്ടാഞ്ചേരിയിലെ ഉപേക്ഷിക്കപ്പെട്ട ഡോക്‌യാര്‍ഡുകളിലൊന്നിലേക്ക് നീക്കിയിരുന്നു. മുളയും ഇരുമ്പ് വളയങ്ങളും ഉപയോഗിച്ചായിരുന്നു സിലിണ്ടര്‍ രൂപത്തിലുള്ള ഇന്‍സ്റ്റലേഷന്‍ നിര്‍മിച്ചത്. ഇരുന്നൂറില്‍ പരം മുട്ടവിളക്കുകള്‍ തെളിഞ്ഞുകത്തിയ ശില്പത്തിന്റെ ഒരു വശത്തുകൂടി നോക്കുമ്പോള്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലും കാണാന്‍ കഴിയുന്ന തരത്തിലായിരുന്നു നിര്‍മാണം.വാസ്‌കോ ഡ ഗാമയാല്‍ കൊലചെയ്യപ്പെട്ട 'തലപ്പണ നമ്പൂതിരി' എന്ന പുരോഹിതനുമായി ബന്ധപ്പെട്ട കഥയുമായി ചേര്‍ത്തുള്ളതാണ് സൃഷ്ടി.പോര്‍ച്ചുഗീസുകാരുമായുള്ള പോരാട്ടത്തില്‍ മരണമടഞ്ഞവര്‍ക്കുള്ള ആദരവായാണ് ഇന്‍സ്റ്റലേഷന്റെ വശങ്ങളില്‍ വിളക്കുകള്‍ തെളിച്ചത്.
കറുത്തവിശുദ്ധന്റെ പേരില്‍ ഒരു പള്ളി
'അവിശ്വാസി' എന്ന് അര്‍ത്ഥം വരുന്ന 'കാഫിര്‍' എന്ന അറബി വാക്കില്‍ നിന്നാണ് 'കാപ്പിരി' പദം ഉത്ഭവിച്ചതെന്നാണ് ചരിത്രകാരന്മാരുടെ വാദം. ഇത് തിരുത്തിക്കൊണ്ട് വിശ്വാസത്തിന്റെ തിരുവസ്ത്രം കറുത്ത മേനിയില്‍ ചാര്‍ത്തിയ പുരോഹിതനാണ് വി. മാര്‍ട്ടിന്‍ഡി പോറസ്. കാപ്പിരി വര്‍ഗത്തിന്റെ ചരിത്രാനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ കാലം വിസ്മരിക്കാത്ത വിശുദ്ധന്‍. ഇദ്ദേഹത്തിന്റെ പേരില്‍ ആരാധനാലയമുണ്ട് കൊച്ചിയില്‍ -പലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ചര്‍ച്ച്.
സ്പാനിഷ് പ്രഭുവായ ഡോ ജൂവാന്‍ ഡി പോറസിന്റെയും പനാമ നീഗ്രോ അന്നാ വെലാസ്‌കോസിന്റെയും മകനായി 1579 ഡിസംബര്‍ 3ന് ലീമായിലാണ് മാര്‍ട്ടിന്റെ ജനനം. കറുത്തവനായി ജനിച്ചതിനാല്‍ കറുത്ത കാലത്തിന്റെ അവഹേളനങ്ങളുടെ നടുവിലും കുഞ്ഞുമാര്‍ട്ടിന്‍ ആതുരസേവന വഴിയിലൂടെ നടന്നു. 15-ാം വയസ്സില്‍ സന്ന്യാസ സഭയിലെ മൂന്നാം സഭാംഗമായി. അടിത്തട്ടില്‍ കഴിയുന്ന ജനതയ്ക്ക് വേണ്ടി ധനികന് മുന്നില്‍ കൈനീട്ടി. ഈ പണം കൊണ്ട് പാവങ്ങളെ അന്നമൂട്ടി.
1639 നവംബര്‍ 30ന് ഇദ്ദേഹം കാലം ചെയ്തു. 1837ന് പതിനാറാം ഗ്രിഗോറിയസ് പാപ്പ, മാര്‍ട്ടിനെ വാഴ്ത്തപ്പെട്ടവനാക്കി. 1962 മെയ് 26ന് ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു.
1964 ഏപ്രില്‍ 4ന് അങ്കമാലിയില്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ മെത്രാപ്പോലീത്ത പ്രതിഷ്ഠിച്ചതാണ് ഭാരതത്തില്‍ ഇദ്ദേഹത്തിന്റെ പേരിലുള്ള ആദ്യ ദേവാലയം. മാര്‍ട്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ച ശേഷമാണ് 1968-ല്‍ പാലാരിവട്ടത്ത് ദേവാലയം ഉയര്‍ന്നത്.
ഡച്ചുകാരുടെയും പോര്‍ച്ചുഗീസുകാരുടെയുമൊക്കെ ശേഷിപ്പുകള്‍ സംരക്ഷിക്കുന്ന അധികൃതര്‍, കാപ്പിരികളുടെ ഓര്‍മകള്‍ കൂടി നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാപ്പിരി മതിലും കാപ്പിരി മുത്തപ്പന്റെ വിളക്കുമാടവുമൊക്കെ കാണാന്‍ നാടിന്റെ നാനാ മേഖലകളില്‍ നിന്നും ജാതി മത ഭേദമെന്യേ ആളുകള്‍ ഇവിടേക്ക് എത്തുന്നുണ്ട്. ഇവയൊക്കെ കാണാനെത്തുന്ന വൈദേശികരുടെ എണ്ണവും ഒട്ടും കുറവല്ല.
അവശേഷിക്കുന്നവ കൂടി ഇല്ലാതാകുന്നതോടെ ഇവിടെ ഇങ്ങനെയൊരു ജനത ജീവിച്ചിരുന്നതിന്റെ ചരിത്ര ഏടുകളാണ് ഭാവി തലമുറയ്ക്ക് അന്യമാവുക.
അവരുടെ കഥപറഞ്ഞ് 'മായ'
വാസ്‌കോ ഡ ഗാമയുടെ കപ്പലില്‍ കൊച്ചിയിലെത്തിയ കാപ്പിരിയുടെ കഥ പറയുന്ന നോവലാണ് 'മായ'. കഥാകാരന്‍ ജോര്‍ജ് തുണ്ടിപ്പറമ്പില്‍. ഈ ഇംഗ്ലീഷ് നോവലിലൂടെ കാപ്പിരിയെക്കൊണ്ട് അവരുടെ ചരിത്രം പറയിക്കുകയാണ്. ഒരു പെണ്‍കുട്ടിയോടാണ് കഥപറച്ചില്‍. ആറ് വര്‍ഷത്തോളമെടുത്തു 'മായ' പൂര്‍ത്തീകരിക്കാന്‍. ഇതില്‍ കൊച്ചിയുടെ ചരിത്രവും പോയകാല ഭൂപ്രകൃതിയുടെ ഓര്‍മപ്പെടുത്തലും യുദ്ധവും പ്രണയവും എല്ലാമുണ്ട്. ഫോര്‍ട്ടുകൊച്ചിയും വൈപ്പിനും മട്ടാഞ്ചേരിയുമെല്ലാം നോവലിന് പശ്ചാത്തലമൊരുക്കുന്നു. നായികയെ ആപത്തില്‍ രക്ഷപ്പെടുത്തുന്ന ഹീറോയുടെ പരിവേഷമേകി കാപ്പിരിയെആരാധ്യ പുരുഷനാക്കി പര്യവസാനിക്കുന്ന നോവല്‍, കൊച്ചിയിലെ കാപ്പിരികളെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങള്‍ നല്‍കുന്നു. 'കൊച്ചിയിലെ കാപ്പിരികള്‍' എന്ന പേരിലുള്ള, എ.എം. സലീം എന്ന ചരിത്രകാരന്റെ പുസ്തകത്തിലും കൊച്ചിയില്‍ ജീവിച്ചിരുന്ന കാപ്പിരികളുടെ ജീവിതവും ചരിത്രവുമൊക്കെ പ്രതിപാദിച്ചിരിക്കുന്നു.
കാപ്പിരി മുത്തപ്പന്‍
മട്ടാഞ്ചേരി മങ്ങാട്ടുമുക്കിലേക്കെത്തുമ്പോള്‍ മതിലിനോട് ചേര്‍ന്ന് ഒരു ചെറിയ വിളക്കുമാടം കാണാം. ഉരുകിയൊലിക്കുന്ന മെഴുകുതിരികള്‍ സദാ തെളിഞ്ഞു കത്തുന്നു. പൂക്കളോ, നേര്‍ച്ചക്കള്ളോ, ചുരുട്ടോ, പുഴുങ്ങിയ മുട്ടയോ അവിടെ കണ്ടേക്കാം. 'കാപ്പിരി മുത്തപ്പന്' വിശ്വാസികള്‍ വെച്ചിട്ടുള്ള കാണിക്കയാണവ. പ്രത്യേക യാമങ്ങളില്‍ മുത്തപ്പന്‍ വരുമെന്നും ഇവയൊക്കെ ഭക്ഷിച്ച് ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചു തരുമെന്നുമാണ് ഇവിടുത്തുകാരുടെ വിശ്വാസം.
ഇവിടെ കാവലാളായിരുന്ന ഒരു പഴയ കാപ്പിരിയുടെ ആത്മാവാണ് 'കാപ്പിരി മുത്തപ്പന്‍' എന്ന് പറയപ്പെടുന്നു. ഇരുട്ടുവീണ വഴികളില്‍ വഴിതെറ്റുന്നവര്‍ക്ക് വഴികാട്ടിയായും നാടിന്റെ കാവല്‍ക്കാരനായും മുത്തപ്പന്‍ ഇന്നുമുണ്ടെന്ന് ഇവിടത്തെ ചിലരെങ്കിലും വിശ്വസിക്കുന്നു.
വൈദേശികര്‍ അവരുടെ സമ്പത്ത് കുഴിച്ചുമൂടി അവയ്ക്ക് കാവലാകാനുള്ള ആത്മാവായി കാപ്പിരി അടിമയെ ബലി നല്‍കി കുഴിച്ചിടാറുണ്ടത്രെ. ഈ അടിമയാണ് മുത്തപ്പെനെന്നും പറഞ്ഞുകേള്‍ക്കാം. മറ്റൊന്ന്, അതിര്‍ത്തി മതിലിന്റെ ഉറപ്പിനായി ബലിനല്‍കിയ കാപ്പിരിയാണ് മുത്തപ്പനെന്നും ചിലര്‍ പറയുന്നു. ഈ മതിലിന് 'കാപ്പിരി മതില്‍' എന്നാണ് പേര്. ഇത്തരത്തില്‍ നിരവധി മതിലുകളും കുടീരങ്ങളും മട്ടാഞ്ചേരി, ഫോര്‍ട്ടു കൊച്ചി, വൈപ്പിന്‍, ചെറായി ഭാഗങ്ങളില്‍ കാണാറുണ്ടായിരുന്നു.
പിന്നീട്, മതിലുകള്‍ പലതും സ്വകാര്യ വ്യക്തികള്‍ കൈയടക്കുകയും കുടീരങ്ങളും മതിലുകളും പൊളിച്ചു മാറ്റുകയും ചെയ്തു. വിരലിലെണ്ണാവുന്ന ചിലത് മാത്രം ഇന്നും അവശേഷിക്കുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മതിലിനും മാടത്തിനും ചുറ്റും തിരക്കേറും. കുറച്ചകലെയായുള്ള പനയപ്പിള്ളി ജങ്ഷനിലും 'കാപ്പിരി കുടീരം' കാണാം.