മലബാര്‍ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ട് നടന്നത് 1921 നവംബര്‍ 20-ാം തീയതിയാണ്. കലാപത്തില്‍ പങ്കെടുത്തവരെയും പങ്കെടുക്കാത്തവരെയും രാജ്യദ്രോഹികളായി മുദ്രകുത്തി കൊടിയ പീഡനങ്ങള്‍ക്കു വിധേയമാക്കിയിരുന്നു. വിചാരണയോ വിധിയോ ഇല്ലാതെ അവരെ കൊല്ലുകയോ മര്‍ദിച്ചവശരാക്കുകയോ ചെയ്തത് ചരിത്രസത്യമാണ്. അതില്‍ ഏറ്റവും ക്രൂരത കാണിച്ച സംഭവമാണ് വാഗണ്‍ ട്രാജഡി.

കലാപത്തെ അടിച്ചമര്‍ത്താന്‍ എന്തു നിഷ്ഠുരമാര്‍ഗവും ഭരണകൂടം അവലംബിച്ചിരുന്നു. കലാപത്തില്‍ പങ്കെടുക്കാത്തവരെയും കൊടിയ ശിക്ഷകള്‍ക്കവര്‍ വിധേയരാക്കി. കലാപം അടിച്ചമര്‍ത്തിയിട്ടും പല നേതാക്കളെയും തൂക്കിലേറ്റിയിട്ടും പീഡനം അവസാനിപ്പിച്ചിരുന്നില്ല. മൂന്നു മാസങ്ങള്‍ക്കുശേഷം നവംബറിലും അത് തുടരുകയായിരുന്നു. വെള്ളപ്പട്ടാളവും സില്‍ബന്തികളും നരനായാട്ട് നടത്തി പിടികൂടിയ തടവുകാരെ അടച്ചിട്ട ചരക്കുവണ്ടികളില്‍ ജയിലുകളിലേക്കയച്ചു. കാറ്റും വെളിച്ചവും കടക്കാത്ത സാമാനവണ്ടികളില്‍ പലപ്പോഴായി ഏകദേശം 300 മാപ്പിളത്തടവുകാരെ മിലിട്ടറി ക്യാമ്പുകളിലെത്തിച്ചതായി വാഗണ്‍ ട്രാജഡി വിചാരണവേളയില്‍ തെളിഞ്ഞിട്ടുണ്ട്. രണ്ടായിരത്തോളം തടവുകാരെ 32 പ്രാവശ്യമായി കേണല്‍ ഹംഫ്രിബ്, സ്‌പെഷല്‍ ഓഫീസര്‍ ഇവാന്‍സ്, ഡിസ്ട്രിക്റ്റ് പോലീസ് സൂപ്രണ്ട് ഹിച്ച്‌കോക്ക്, ആമു സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തില്‍ പലപ്പോഴായി അടച്ചുപൂട്ടിയ വാഗണുകളില്‍ ജയിലറകളിലേക്ക് അയച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

കുറ്റം ചെയ്തവരോ അല്ലാത്തവരോ ആയ നൂറോളം തടവുകാരെ എം.എസ്.ആന്റ് എം.റെയില്‍വേയുടെ 1711-ാം നമ്പര്‍ വാഗണില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു ഇരുട്ടറയില്‍ തള്ളിക്കേറ്റി കോയമ്പത്തൂര്‍ക്ക് അയയ്ക്കുകയായിരുന്നു. അവരില്‍ അഞ്ചു ഹിന്ദുസഹോദരങ്ങളുമുണ്ടായിരുന്നു. ഗുഡ്‌സ് വാഗണില്‍ വായുവോ വെളിച്ചമോ കടക്കുമായിരുന്നില്ല. ആന്‍ഡ്രൂസ്, ഒ.ഗോപാലന്‍ നായര്‍ എന്നിവര്‍ കൂടാതെ അഞ്ചു പോലീസുകാരായിരുന്നു കാവല്‍ക്കാര്‍. സര്‍ജന്റ് ആന്‍ഡ്രൂസ് 2-ാം ക്ലാസ് കംപാര്‍ട്ടുമെന്റിലും ബാക്കിയുള്ളവര്‍ തടവുകാരെ കയറ്റിയ വാഗന്റെയടുത്തുള്ള കംപാര്‍ട്ടുമെന്റിലുമായിരുന്നു യാത്ര ചെയ്തിരുന്നത്. സ്റ്റേഷന്‍ വിട്ടപ്പോള്‍ത്തന്നെ തടവുകാര്‍ ദാഹിച്ചുവരണ്ടും പ്രാണവായു കിട്ടാതെയും മരണവെപ്രാളം കാണിച്ചിരുന്നു. അവരുടെ നിലവിളി കാവല്‍പ്പോലീസുകാര്‍ ശ്രദ്ധിച്ചില്ല. വണ്ടി 15 മിനിട്ട് വീതം ഷൊര്‍ണൂരും ഒലവക്കോട്ടും നിര്‍ത്തിയിട്ടിരുന്നു. അപ്പോഴും തടവുകാരുടെ ദീനരോദനം അവര്‍ ശ്രദ്ധിച്ചില്ല. ദയനീയമായ നിലവിളി കേട്ടിട്ടും ഹതഭാഗ്യരോട് മനുഷ്യത്വം കാണിക്കാന്‍ ബ്രിട്ടീഷ് പട്ടാളക്കാരോ അവരുടെ കൂട്ടാളികളോ തയ്യാറായില്ല. 180 കിലോമീറ്റര്‍ ദൂരത്തുള്ള പോത്തന്നൂര്‍ സ്റ്റേഷനിലെത്താതെ കംപാര്‍ട്ട്‌മെന്റ് തുറക്കില്ലെന്ന വാശിയിലായിരുന്നു പട്ടാള ഉദ്യോഗസ്ഥര്‍.

വാഗണിലെ ദാരുണമരണത്തില്‍നിന്ന് രക്ഷപ്പെട്ട കൊന്നോല അഹമ്മദ് ഹാജിയുടെ വാക്കുകള്‍: 'ഞങ്ങളെയെല്ലാം വാഗണില്‍ കയറ്റി വാതിലടച്ചു. കുറെ കഴിഞ്ഞപ്പോള്‍ നിലവിളിയും മരണവെപ്രാളവുമായി. എനിക്ക് ബോധം നഷ്ടപ്പെട്ടു. ബോധം തെളിഞ്ഞ് നോക്കുമ്പോള്‍ എന്റെ ദേഹത്തില്‍ ഒന്നിന്റെമേല്‍ ഒന്നായി രണ്ടും മൂന്നും മയ്യത്തുകള്‍! എന്റെ അടുത്തുണ്ടായിരുന്ന മമ്മദ് വാഗന്റെ അരികില്‍ മുഖം അമര്‍ത്തിപ്പിടിച്ച് കിടക്കുന്നു. ഞാന്‍ തൊട്ടുവിളിച്ചു. അപ്പോഴാണ് ഞാന്‍ കണ്ടത് ഒരാണിയുടെ ദ്വാരത്തില്‍ മൂക്ക് വെച്ച് ശ്വാസം വിടുന്നത്. മറ്റുള്ളവര്‍ മരിച്ചുകഴിഞ്ഞതോടുകൂടി ശ്വാസം കഴിക്കാനുള്ള വായു അതില്‍നിന്ന് ലഭിച്ചു. അങ്ങനെയാണ് ഞാന്‍ ജീവിച്ചത്. (അഹമ്മദ് ഹാജി 1982-ല്‍ മരിച്ചു).

അഹമ്മദ് ഹാജിയേയും ജ്യേഷ്ഠന്‍ യൂസഫിനേയും പോലീസ് വീട്ടില്‍നിന്നും പിടിച്ചുകൊണ്ടുപോകുമ്പോള്‍ അദ്ദേഹത്തിന് 21 വയസ് പ്രായം. ജ്യേഷ്ഠന്‍ ഖിലാഫത്തു പ്രവര്‍ത്തക ക്യാമ്പിലേക്കാണാദ്യം കൊണ്ടുപോയത്. പുലാമന്തോള്‍ പാലം പൊളിച്ചു എന്ന കള്ളക്കേസ് ചമച്ച്, തിരൂരിലേക്കു കൊണ്ടുവന്നാണ് വാഗണില്‍ കേറ്റിയത്. കാളവണ്ടികള്‍ക്ക് പിന്നാലെ കെട്ടിയിട്ടാണ് തടവുകാരെ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. വാഗണില്‍ ഒറ്റക്കാലില്‍പ്പോലും നില്ക്കാനാവാത്ത അവസ്ഥയായിരുന്നു. ശ്വസിക്കാന്‍ വയ്യ. ദാഹജലം കിട്ടിയില്ല. ആര്‍ത്തുവിളിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. കൈക്കുമ്പിളില്‍ മൂത്രമൊഴിച്ച് ദാഹം തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു. അന്യോന്യം മാന്തിപ്പറിക്കാനും കടിച്ചുപറിക്കാനും തുടങ്ങി. പൊട്ടിയൊലിച്ച രക്തം നക്കിക്കുടിച്ചു. മരണവെപ്രാളത്തില്‍ മാനുഷികവികാരങ്ങള്‍ ഇല്ലാതാവുകയായിരുന്നു.

പോത്തന്നൂരില്‍വെച്ച് വാഗണ്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച ദാരുണമായിരുന്നു. പരസ്പരം മാന്തിപ്പൊളിച്ചും, കണ്ണുകള്‍ തുറിച്ചും കെട്ടിപ്പുണര്‍ന്നും മരണം വരിച്ച അറുപത്തിനാലു ശവശരീരങ്ങള്‍. അവശേഷിച്ചവര്‍ വാടിത്തളര്‍ന്നു. ശവശരീരങ്ങള്‍ പോത്തന്നൂര്‍ സ്റ്റേഷനില്‍ ഇറക്കുവാന്‍ അവിടത്തെ സ്റ്റേഷന്‍ മാസ്റ്റര്‍ തയ്യാറായില്ല. ജീവന്‍ ബാക്കിയായവരെ ആശുപത്രികളിലേക്കെത്തിച്ച്, ശവങ്ങള്‍ തിരൂരിലേക്കുതന്നെ കൊണ്ടുവന്നു. ദുര്‍ഗന്ധം വമിച്ചിരുന്ന ശവശരീരങ്ങള്‍ പുറത്തെടുക്കുവാന്‍ പോലീസുകാരുണ്ടായിരുന്നില്ല. വായും മൂക്കും കെട്ടി സന്നദ്ധസേവാപ്രവര്‍ത്തകരാണ് മയ്യത്തുകള്‍ പുറത്തെടുത്തതും ശുദ്ധീകരണം നടത്തിയതും. തിരൂരിലെ കൊരണ്ടത്തു ജുമാഅത്ത് പള്ളിയിലെ കബറിസ്ഥാനിലാണ് ഈ രക്തസാക്ഷികള്‍ക്ക് അന്ത്യവിശ്രമമൊരുക്കിയത്. ഹൈന്ദവസഹോദരങ്ങള്‍ക്ക് മറ്റൊരിടത്തും.

മദ്രാസിലെ പത്രങ്ങള്‍ വാഗണ്‍ ട്രാജഡിയെ ലോകത്തെ അറിയിച്ചു. ഹിന്ദു പത്രം എഴുതി: 'എഴുപതു മനുഷ്യാത്മാക്കള്‍ ശബ്ദമുണ്ടാക്കുകയും ഉച്ചത്തില്‍ കരയുകയും ബഹളം കൂട്ടുകയും കൊടിയ നെടുവീര്‍പ്പുകളിടുകയും ചെയ്തു. ശ്വാസം മുട്ടി മൃതിയടഞ്ഞു.' കഴിഞ്ഞ കാലത്തില്‍ കെ.പി.കേശവമേനോന്‍, ഈ ദാരുണസംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. 1921 ലെ മലബാര്‍ കലാപം ഒരു പഠനം എന്ന ഗ്രന്ഥത്തില്‍ എം.ആലിക്കുഞ്ഞി ഒരധ്യായത്തില്‍ വാഗണ്‍ ട്രാജഡി സംഭവത്തെക്കുറിച്ച് വിവരണം നല്കുന്നു.

സമ്മര്‍ദങ്ങള്‍ വന്നപ്പോള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് എ.എന്‍.നാപ്പ് ചെയര്‍മാനായി ഒരന്വേഷണക്കമ്മിറ്റിയെ നിയമിച്ചു. മലബാര്‍ സ്‌പെഷല്‍ കമ്മീഷണറായിരുന്നു എ.എന്‍.നാപ്പ്. അദ്ദേഹത്തെ സഹായിക്കുവാന്‍ മൂന്ന് ഉദ്യോഗസ്ഥരെയും നിയമിച്ചിരുന്നു. അബ്ബാസ് അലി (റിട്ടയേര്‍ഡ് പ്രസിഡന്‍സി മജിസ്‌ട്രേട്ട്, മദിരാശി), മഞ്ചേരി എസ്.രാമയ്യര്‍ (അഡ്വക്കേറ്റ്, കോഴിക്കോട്), ഖാന്‍ ബഹദൂര്‍ കല്ലടി മൊയ്തൂട്ടി സാഹിബ് (ഒലവക്കോട്) എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍.

തിരൂരില്‍നിന്ന് പോത്തന്നൂര്‍ എത്തുന്നതുവരെ വാഗണ്‍ തുറന്നുനോക്കിയിട്ടില്ലെന്ന് വിചാരണവേളയില്‍ വെളിവാക്കപ്പെട്ടിരുന്നു. അടച്ചുപൂട്ടാവുന്ന വാഗനാണ് തടവുകാരെ കൊണ്ടുപോകാന്‍ റെയില്‍വേ അധികൃതര്‍ ആവശ്യപ്പെട്ടതെന്നും വ്യക്തമായി. ശ്വാസംമുട്ടിയല്ല തടവുകാര്‍ മരിച്ചതെന്ന് വരുത്താന്‍ പോലീസുകാര്‍ നടത്തിയ ശ്രമം കോയമ്പത്തൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: രാം പൊളിച്ചെഴുതി. വാഗണ്‍ ജീവനുള്ള ഒന്നിനേയും കൊണ്ടുവരാന്‍ പറ്റുന്നതല്ലെന്ന് മനുഷ്യസ്‌നേഹിയായ ആ മെഡിക്കല്‍ ഓഫീസര്‍ തെളിവ് കൊടുത്തു. വണ്ടി പുറപ്പെടാന്‍ നേരം തടവുകാര്‍ക്കു വെള്ളം കൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് സര്‍ജന്റ് ആന്‍ഡ്രൂസ് കള്ളത്തെളിവ് കൊടുക്കാന്‍ ശ്രമിച്ചിരുന്നു.

കേന്ദ്ര നിയമസഭയില്‍ മഹ്മൂദ് ഷംനാടും മറ്റും ശബ്ദമുയര്‍ത്തുകയും അബ്ദുറഹിമാന്‍ സാഹിബിനെപ്പോലുള്ളവര്‍ കൊടുംക്രൂരകൃത്യത്തിനെതിരെ മുറവിളി കൂട്ടുകയും ചെയ്തതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണത്തിനു മുതിര്‍ന്നത്. കമ്മീഷന്‍, ഗവണ്‍മെന്റ് ഹിതത്തിനെതിരായി പ്രവര്‍ത്തിക്കുകയില്ലെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. അന്വേഷണം ഒരു പ്രഹസനമാക്കി. റെയില്‍വേ പോലീസോ പട്ടാളക്കാരോ കുറ്റക്കാരല്ലെന്ന നിഗമനത്തിലാണ് അന്വേഷണക്കമ്മീഷന്‍ എത്തിച്ചേര്‍ന്നത്. റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. കേണല്‍ ഹംഫ്രിബോ, സ്‌പെഷല്‍ ഓഫീസര്‍ ഇവാന്‍സോ, ഡി.എസ്.പി ഹിച്ച്‌കോക്കോ കുറ്റക്കാരല്ലെന്നും ഇതൊരു യാദൃച്ഛികസംഭവമാണെന്നും അവര്‍ വിധിയെഴുതിയിരുന്നു. അലംഭാവം കാണിച്ചത് റെയില്‍വേ കമ്പനിക്കാരും ട്രാഫിക്ക് ഇന്‍സ്‌പെക്ടറും പോലീസ് സര്‍ജനുമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി 1922 ആഗസ്ത് 30 ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവില്‍ ഇങ്ങനെ പറയുന്നു: 'അടിയന്തരഘട്ടങ്ങളില്‍ ചരക്ക് കയറ്റുന്ന വാനില്‍ തടവുകാരെ കൊണ്ടുപോകുന്നതില്‍ അസംഗത്വമോ മനുഷ്യരാഹിത്യമോ ഇല്ലെന്ന് കമ്മിറ്റിയുടെ അഭിപ്രായത്തോട് ഗവണ്‍മെന്റ് യോജിക്കുന്നു.
തടവുകാര്‍ തങ്ങളുടെ ദുരിതങ്ങളറിയിക്കുന്ന വിധത്തില്‍ ശബ്ദങ്ങളുണ്ടാക്കിയിരുന്നില്ലെന്ന് സ്വതന്ത്രമായ തെളിവുകള്‍ കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നു. പരിപൂര്‍ണ ഉത്തരവാദിത്വം ആരുടെ മേല്‍ ചുമത്തണമെന്ന് ഖണ്ഡിതമായി പറയുവാന്‍ സാധ്യമല്ലെന്ന് കമ്മിറ്റി അഭിപ്രായപ്പെടുന്നു.'

സര്‍ജന്റ് ആന്‍ഡ്രൂസ് കുറ്റക്കാരനല്ലെന്ന് കമ്മിറ്റി പറഞ്ഞില്ല. പക്ഷേ ബോധപൂര്‍വം ചെയ്തതാണെന്നും കമ്മിറ്റി പറഞ്ഞില്ല. സര്‍ജന്റ് ഔദ്യോഗികമായി കൃത്യവിലോപം നടത്തിയെന്നും ഹെഡ്‌കോണ്‍സ്റ്റബിള്‍ സര്‍ജന്റിനെ വിവരം ധരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെന്നും കമ്മിറ്റി രേഖപ്പെടുത്തി. സര്‍ജന്റിന്റെയും ഹെഡ്‌കോണ്‍സ്റ്റബിളിന്റെയും പേരില്‍ മദിരാശി ഗവണ്‍മെന്റ് കേസെടുത്തുവെങ്കിലും കോടതി അവര്‍ നിരപരാധികളാണെന്ന് പ്രഖ്യാപിച്ചു വിട്ടയയ്ക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 300 രൂപ വീതം നഷ്ടപരിഹാരം നല്കാന്‍ മദിരാശി ഗവണ്‍മെന്റ് ഉത്തരവിട്ടു. (1.4.1922, 290 കല്പന)

ബ്രിട്ടീഷ് ഇന്ത്യയില്‍ നടന്ന അതിക്രൂരമായ വാഗണ്‍ ട്രാജഡി സംഭവത്തെ ഈ വിധം ബ്രിട്ടീഷ് സര്‍ക്കാര്‍ പാടെ മൂടിക്കെട്ടുകയാണ് ചെയ്തത്. രക്തസാക്ഷികള്‍ക്ക് സ്മാരകം പണിയാതെ, മടങ്ങിപ്പോകുമ്പോള്‍ കപ്പലില്‍ വെച്ച് മരിച്ച ഹിച്ച്‌കോക്കിന് മലപ്പുറത്ത് സ്മാരകം പണിയാനാണ് സര്‍ക്കാര്‍ ശ്രമിച്ചത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.