കോഴിക്കോട് മൊയ്തീന്‍ പള്ളി റോഡിലെ വാരാന്തങ്ങള്‍ സുഗന്ധം നിറഞ്ഞതാണ്. ആ സുഗന്ധം സ്വന്തമാക്കാനെത്തുന്നവരും നിരവധി. പതിവുകാര്‍, പിന്നെ പുതിയവര്‍... കാരണം അന്ന് അവിടെ മുല്ലപ്പൂവിന്റെ നറുമണം ഉണ്ടാവും. മുല്ലപ്പൂവിന്റെ നറുമണം - അത് അദ്രുമാന്റെ വണ്ടിയുടെ പേരാണ്. ഒരു പെട്ടി ഓട്ടോറിക്ഷ. പേരുപോലെ തന്നെയാണ് വണ്ടി. അതില്‍ നിന്നാണ് ഞായറാഴ്ചകളില്‍ മൊയ്തീന്‍ പളളി റോഡ് സുഗന്ധപൂരിതമാവുന്നത്.
അദ്രുമാന്‍ - കൊയിലാണ്ടി പാലക്കണ്ടിയില്‍ അദ്രുമാന്‍. മരക്കച്ചവടവും, പഴക്കച്ചവടവും, ഹോട്ടല്‍ ബിസിനസും ഒക്കെ നടത്തി തകര്‍ന്ന് പോയൊരു സാധു മനുഷ്യന്‍. 1973 ലാണ് വിധി അദ്രുമാനെ തകര്‍ത്ത് കളഞ്ഞത്. രക്തയോട്ടം നിലച്ച ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. കുടുംബം പോറ്റാന്‍ പുതിയ മാര്‍ഗം തേടിയ അദ്രുമാനോട് അന്തരിച്ച മടവൂര്‍ ഉസ്താദാണ് അത്തര്‍ കച്ചവടം തുടങ്ങാന്‍ ഉപദേശിച്ചത്.
രണ്ടാമത് ഒന്നാലോചിക്കാന്‍ അദ്രുമാന്‍ നിന്നില്ല! ആരോഗ്യ പ്രശനവുമില്ല. ഒരിടത്ത് ഇരുന്ന് ചെയ്യാന്‍ പറ്റിയ ബിസിനസ്സ്. അങ്ങനെ ഒരു പെട്ടിയില്‍ പാളയം ബസ്റ്റാന്‍ഡില്‍ ഇരുന്ന് തുടങ്ങിയ കച്ചവടം 1998ല്‍ പെട്ടി വണ്ടിയിലായി. മാപ്പിളപ്പാട്ടുകളുടെ കടുത്ത ആരാധകനായ അദ്രുമാന്റെ പെട്ടി വണ്ടി പീര്‍ മുഹമ്മദിന്റെയും, വി.എം.കുട്ടിയുടെയും, എരഞ്ഞോളി മൂസയുടെയും, എടപ്പാള്‍ ബാപ്പുവിന്റെയും പാട്ടുകള്‍ ഉച്ചത്തില്‍ കേള്‍പ്പിച്ച് പാളയത്തും മാവൂര്‍ റോഡിലും സുഗന്ധം വിതറി നടന്നു. അദ്രുമാന് കൂടുതല്‍ ഇഷ്ടം എടപ്പാള്‍ ബാപ്പുവിനെയാണ്. ആയിരത്തിലധികം പഴയ മാപ്പിളപ്പാട്ടുകളുടെ ഒരു ശേഖരം തന്നെ കയ്യിലുണ്ട്.
പ്രായമായി, ഒപ്പം ഷുഗറും, പ്രഷറും. പഴയത് പോലെ ആരോഗ്യം അനുവദിക്കുന്നില്ല. അത് കൊണ്ട് ഇപ്പോള്‍ ഞായറാഴ്ച്ചകളില്‍ മാത്രമാണ് കച്ചവടം. മൊയ്തീന്‍ പളളി റോഡില്‍. ഞായറാഴ്ച്ച ദിവസം തിരഞ്ഞെടുത്തതിന് ഒരു കാരണമുണ്ട്, അന്ന് മറ്റ് കടകള്‍ കുറവാണ്. സണ്‍ഡേ മാര്‍ക്കറ്റ് ആയതിനാല്‍ വഴിയോര കച്ചവടം കൂടും. റോഡില്‍ തിരക്ക് കൂടും, അദ്രുമാന്റെ തിരക്കിനും കുറവില്ല. കാരണം ഞായറാഴ്ച്ചയാണോ, അദ്രുമാന്‍ ഹാജരുണ്ടാവും എന്ന് സുഗന്ധ പ്രേമികള്‍ക്കറിയാം. അന്നേ ദിവസം മാപ്പിളപ്പാട്ടിന്റെ ശീലുകള്‍ ആ വാഹനത്തില്‍ നിന്നുയര്‍ന്നിരിക്കും. വയ്യാതായതോട് കൂടി സഹായത്തിന് മകന്‍ താഹയെയും ഒപ്പം കൂട്ടിയിട്ടുണ്ട്.
മൊയ്തീന്‍ പളളിയില്‍ നമസ്‌ക്കാരത്തിനെത്തുന്നവരില്‍ പലരും അദ്രുമാന്റെ പതിവ് കാരാണ്. അവരില്‍ ലക്ഷദ്വീപുകാരും, ബംഗാളികളുമുണ്ട്. അദ്രുമാന്റെ അടുത്ത് വെറുതെ ചെന്നാല്‍ കയ്യിലെ അത്തര്‍ കുപ്പി വസ്ത്രത്തില്‍ ഒന്നുരസിത്തരും, അതാരായാലും, ഏത് പ്രായക്കാരനായാലും ! അത് അദ്രുമാന് ഒരു രസമാണ്. പിണങ്ങിയവര്‍ ഇണങ്ങിവരും എന്ന് പരസ്യ വാചകം എഴുതിയ വണ്ടിയില്‍ ഊദും ഊദിന്റെ അത്തറും, ടവ്വലുകളും, തൊപ്പികളും, തസ്ബീഹ് മാലകളും, ഖുര്‍ ആനിലെ ആയത്തുകള്‍ ആലേഖനം ചെയ്ത ചെറുതും വലുതുമായ ബോര്‍ഡുകളും വില്‍പ്പനയ്ക്കുണ്ട്.
സുഗന്ധം വില്‍ക്കുന്ന അദ്രുമാന്റെ മനസ്സിനുമുണ്ട് സുഗന്ധം, മുന്നില്‍ വന്ന് കൈ നീട്ടുന്ന ആര്‍ക്കും ഒരു ചായയ്ക്കുള്ള പണം അദ്രുമാന്‍ നല്‍കും. അത്തര്‍ വില്‍പ്പനയ്ക്ക് പുറമെ സര്‍ക്കാര്‍ മാസം തോറും നല്‍കുന്ന 1100 രൂപ വികലാംഗ പെന്‍ഷന്‍ ആണ് അദ്രുമാന്റെ വരുമാനം.
അന്നും ഇന്നും ശുഭ്രവസ്ത്ര ധാരിയാണ് അദ്രുമാന്‍... മനസ്സ് പോലെ പരിശുദ്ധമായ തൂ വെളള. കച്ചവടത്തിനായ് തുടങ്ങിയ സുഗന്ധം ഇന്ന് അദ്രുമാന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. വാക്കിലും, പ്രവൃത്തിയിലും നന്മയുടെ, സ്‌നേഹത്തിന്റെ സുഗന്ധം പരത്തി മരണം വരെ ഇങ്ങനെ - അതാണ് അദ്രുമാന്റെ ആഗ്രഹം.
പാട്ടുപെട്ടിയില്‍ ഇപ്പോള്‍ എടപ്പാള്‍ ബാപ്പു പാടുന്നുണ്ട്.
മരതക മലര്‍ ഹാരം
അണിഞ്ഞു വന്നേ....... എന്ന വരികള്‍.
പ്രായമായ കുറച്ചാളുകള്‍ അവിടവിടെയിരുന്ന് അത് കേട്ട് താളം പിടിക്കുന്നുണ്ട്. അതിന് കാതോര്‍ത്ത് സുഗന്ധ പ്രേമികള്‍ എത്തുന്നുമുണ്ട്.....
അദ്രുമാന്‍ തിരക്കിലാണ്, ജീവിതത്തിന്റെസുഗന്ധം കലര്‍ന്ന തിരക്കില്‍..... കാരണം സുബൈദ, ഫാത്തിമ എന്നീ രണ്ട് ഭാര്യമാരും, മൂന്ന് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളും, പതിനഞ്ച് പേരക്കിടാങ്ങളും, പേരക്കിടാങ്ങളില്‍ ഒരാളുടെ കുഞ്ഞും സ്‌നേഹസുഗന്ധം തൂകി ഈ മനുഷ്യനെ കാത്തിരിയ്ക്കുന്നുണ്ട്...
Content Highlights: Aduman, Attar Bottle Supplier in Kozhikode