സംസ്ഥാനം മുഴുവൻ കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുമ്പോൾ തികച്ചും അപ്രതീക്ഷിതമായാണ്‌ സിക്ക പകർച്ചവ്യാധിയുടെ കടന്നുവരവ്‌. പൊതുവേ മാരകമാകില്ലെങ്കിലും ഗർഭസ്ഥശിശുവിന്‌ ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാക്കാനും രോഗംബാധിച്ചവരിൽ ആയിരത്തിലൊരാൾക്ക്‌  നാഡീസംബന്ധമായ തകരാറുകൾ ഉണ്ടാക്കാനും സിക്ക വൈറസ്‌ബാധയ്ക്ക്‌ കഴിയും. സിക്ക വൈറസിനെതിരായി വാക്സിനേഷനോ ഫലപ്രദമായ ആന്റിവൈറൽ മരുന്നോ ലഭ്യമല്ലെന്ന വസ്തുത സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു.

കൊതുകുജന്യരോഗങ്ങൾ പടർന്നുപിടിക്കാൻ അനുകൂല സാഹചര്യമാണ്‌ കേരളത്തിലുള്ളത്‌. മഴക്കാലത്ത്‌ വെള്ളക്കെട്ടുകൾ രൂപപ്പെടാനും ശുദ്ധജല ശേഖരങ്ങളിൽ മുട്ടയിട്ട്‌ പെരുകുന്ന കൊതുകുകളുടെ സാന്ദ്രത വർധിക്കാനുമിടയുണ്ട്‌. ആരോഗ്യപ്രവർത്തകരും പോലീസും ജനപ്രതിനിധികളും ഒറ്റക്കെട്ടായി കോവിഡിനെതിരായ പോരാട്ടത്തിലാണ്‌. സ്വാഭാവികമായ മാലിന്യസംസ്കരണ നടപടികളും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും കൊതുകുനിയന്ത്രണവുമൊക്കെ മന്ദഗതിയിലാക്കാനിടയുണ്ട്‌. ഈ അവസരം മുതലെടുത്തുകൊണ്ട്‌ സിക്ക വൈറസ്‌ വ്യാപനം ഉണ്ടാകാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധവേണം. 

രോഗം പകരാൻ പല വഴികൾ

  • പ്രധാനമായും ഈഡിസ്‌ വിഭാഗത്തിൽപ്പെട്ട പെൺ കൊതുകുകൾ കടിക്കുന്നതിലൂടെയാണ്‌ രോഗം പകരുന്നത്‌. പകൽകടിയന്മാരായ ഇൗഡിസ്‌ ഈജിപ്തി, ഈഡിസ്‌ ആൽബോപിക്‌റ്റസ്‌ തുടങ്ങിയവ രോഗം പരത്തുന്ന കൊതുകുകളാണ്‌
  • രോഗബാധിതനായ വ്യക്തിയിൽനിന്നുള്ള രക്തം, രക്തഘടകങ്ങൾ എന്നിവ വഴിയും രോഗം പകരാം
  • ഗർഭിണിയിൽനിന്ന്‌ ഗർഭസ്ഥ ശിശുവിലേക്കും രോഗം പകരാം. പ്രസവസമയത്തും രോഗബാധിതയായ അമ്മ മുലയൂട്ടന്നതിലൂടെയും രോഗപ്പകർച്ച ഉണ്ടാകാം
  • രോഗമുള്ളവരുമായുള്ള ലൈംഗികബന്ധത്തിലൂടെ സിക്ക വൈറസ്‌ പകരാം. രോഗിയുടെ വൃഷണങ്ങളിൽ 16 ദിവസം വരെയൊക്കെ വൈറസ്‌ സജീവമായി നിലനിൽക്കാം

1. രോഗബാധിതനെ കടിക്കുന്നതിലൂടെ ഈഡീസ്‌ (Aedes) കൊതുകിലേക്ക്‌ ​വൈറസ്‌ പ്രവേശിക്കുന്നു 
2. വൈറസ്‌ കൊതുകിന്റെ ദഹനവ്യവസ്ഥയിലേക്കും രക്തചംക്രമണവ്യവസ്ഥയിലേക്കും ഉമിനീർ ഗ്രന്ഥിയിലേക്കും പ്രവേശിക്കുന്നു
3. രോഗവാഹക​യായ കൊതുക്‌  മറ്റൊരാളെ കടിക്കുന്നതിലൂടെ ​വൈറസ്‌ പടർത്തുന്നു

സിക്ക ചരിത്രം

വൈറസ്‌ബാധ മനുഷ്യരിൽ ആദ്യമായി കണ്ടെത്തിയത്‌ 1954-ൽ നൈജീരിയയിലായിരുന്നു. പിന്നീട്‌ 2007 വരെ വെറും 14 കേസുകൾ മാത്രമാണ്‌ സ്ഥിരീകരിക്കപ്പെട്ടത്‌. കൊതുകുജന്യ വൈറസ്‌ രോഗങ്ങളിൽ ആഗോളവ്യാപകമായി ഉണ്ടായ വർധനയെത്തുടർന്ന്‌ 2019 ആയപ്പോഴേക്കും 5 ഭൂഖണ്ഡങ്ങളിലെ 87 രാജ്യങ്ങളിലായി സിക്ക വൈറസ്‌  വ്യാപിച്ചിരുന്നു. ഇന്ത്യയിൽ 2017-ൽ നാലുപേരിൽ രോഗബാധ റിപ്പോർട്ടു ചെയ്യുകയുണ്ടായി. മൂന്നുപേർ ഗുജറാത്തിൽനിന്നും ഒരാൾ തമിഴ്‌നാട്ടിൽനിന്നുമായിരുന്നു. പിന്നീട്‌ 2018-ൽ രാജസ്ഥാനിൽനിന്നും മധ്യപ്രദേശിൽനിന്നും സിക്ക കേസുകൾ റിപ്പോർട്ടുചെയ്യുകയുണ്ടായി. ഏഷ്യൻ വംശപരമ്പരയിൽപ്പെട്ട സിക്ക വൈറസുകളായിരുന്നു ഇന്ത്യയിലെ രോഗവ്യാപനത്തിന്‌ കാരണം. ആഫ്രിക്കൻ വംശപരമ്പരയിൽപ്പെട്ട സിക്ക വൈറസുകളെക്കാൾ ഗർഭസ്ഥശിശുവിന്‌ വൈകല്യങ്ങൾ ഉണ്ടാക്കുന്നത്‌ ഏഷ്യൻ സിക്ക വൈറസുകളാണ്‌.

സിക്ക നിസ്സാരക്കാരനല്ല

ഇൻഫ്ളുവൻസ, ഡെങ്കിപ്പനി തുടങ്ങി സാധാരണ വൈറൽപ്പനികളോട്‌ സമാനമാണ്‌ സിക്ക വൈറസ്‌ബാധയുടെ ലക്ഷണങ്ങൾ. പനി, തലവേദന, ക്ഷീണം തുടങ്ങിയവയാണ്‌ പ്രാരംഭലക്ഷണങ്ങൾ. ചർമത്തിൽ ചുവന്നപാടുകൾ, കണ്ണിന്‌ ചുവപ്പ്‌, പേശീവേദന, സന്ധിവേദനകൾ തുടങ്ങിയവയുമുണ്ടാകാം. മിക്കവാറുമാളുകളിൽ രോഗം ഏതാനും ദിവസങ്ങൾക്കകം അപ്രത്യക്ഷമാവുകയാണ്‌ പതിവ്‌. എന്നാൽ, ഒരു ചെറിയ ശതമാനമാളുകളിൽ മെനിഞ്ചൈറ്റിസ്‌, എൻസിഫലൈറ്റിസ്‌, പെരിഫറൽ ന്യൂറോളജി, കാഴ്ച-കേൾവിത്തകരാറുകൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും.

ഗർഭിണികളെ ബാധിക്കുമ്പോഴാണ്‌ സിക്ക വൈറസ്‌ബാധ കൂടുതൽ ഗുരുതരമാകുന്നത്‌. മാസം തികയാതെ പ്രസവിക്കുന്നതിനും ഗർഭസ്ഥശിശുവിന്റെ മരണത്തിനും മാതാവിന്റെ വൈറസ്‌ബാധ ഇടയാക്കാം. കൂടാതെ, ഗർഭസ്ഥശിശുവിന്‌ ഒേട്ടറെ വൈകല്യങ്ങൾ ഉണ്ടാകാനുമിടയുണ്ട്‌. (കൺജനൈറ്റൽ സിക്ക സിൻഡ്രോം), മസ്തിഷ്കവളർച്ചമുരടിപ്പ്‌, തല ചെറുതാവുക െെമക്രോ സെഫാലി), കൈകാലുകൾ ശോഷിക്കുക, ശ്രവണവൈകല്യങ്ങൾ, തലച്ചോറിൽ കാത്സ്യം അടിഞ്ഞുകൂടുക തുടങ്ങിയ പ്രശ്നങ്ങൾ ഇതിന്റെ ഭാഗമായി ഉണ്ടാകാം. അമ്മമാരിലെ വൈറസ്‌ബാധയെത്തുടർന്ന്‌ ബ്രസീലിൽ 2015-2016 കാലഘട്ടത്തിൽ 1950 കുട്ടികളിലാണ്‌ മൈക്രോ സെഫാലി റിപ്പോർട്ട്‌ ചെയ്തത്‌.

കൊതുകുനശീകരണമെന്ന പ്രതിരോധം

മരുന്നോ വാക്സിനോ ലഭ്യമല്ലാത്ത സിക്ക വൈറസിനെ നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാർഗം കൊതുകുനശീകരണംതന്നെയാണ്‌. പൈരിത്രം പോലെുള്ള സുരക്ഷിതമായ സ്പ്രേ ഉപയോഗിച്ച്‌ കൊതുകുകളെ നശിപ്പിക്കാം. സിക്ക പരത്തുന്ന ഈഡിസ്‌ കൊതുകുകൾ പകൽക്കടിയന്മാരായതുകൊണ്ട്‌ രാവിലെയും ഉച്ചസമയത്തും സ്പ്രേ ചെയ്യുന്നതാണ്‌ നല്ലത്‌. കൊതുകുകളുടെ മുട്ടയും ലാർവയുമൊക്കെ നശിപ്പിക്കാനായി പരിസരം വൃത്തിയായും ഈർപ്പരഹിതമായും സൂക്ഷിക്കണം. ആഴ്ചയിലൊരിക്കൽ ചുറ്റുപാടുമുള്ള പ്ളാസ്റ്റിക്‌ പാത്രങ്ങളിലും ചിരട്ടയിലും മറ്റു ശേഖരിച്ചിരിക്കുന്ന വെള്ളം ഒഴുക്കിക്കളഞ്ഞ്‌ ഡ്രൈഡേ ആചരിക്കണം. ചെടിച്ചട്ടികൾ, വാട്ടർകൂളറുകൾ, വീടിന്റെ ടെറസ്‌, സൺഷൈയ്‌ഡ്‌ തുടങ്ങിയ സ്ഥലങ്ങൾ ആഴ്ചയിലൊരിക്കൽ പരിശോധിച്ച്‌ വെള്ളക്കെട്ടുകൾ നീക്കണം.

രോഗബാധിതരുമായുള്ള ലൈംഗികബന്ധത്തിലൂടെയും രോഗം പകരാമെന്നതുകൊണ്ട്‌ പുരുഷന്മാർ മൂന്നുമാസത്തേക്കും സ്ത്രീകൾ രണ്ടുമാസത്തേക്കും ലൈംഗികബന്ധത്തിൽനിന്ന്‌ വിട്ടുനിൽക്കുകയോ സുരക്ഷിതമാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യണം. ഗർഭിണികളിൽ േരാഗം ഗുരുതരമാകാമെന്നതിനാൽ രോഗബാധിതപ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണം.

(ആലപ്പുഴ മെഡി. കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസറും വകുപ്പ്‌ മേധാവിയുമാണ്‌ ലേഖകൻ)