കടക്കെണിയിൽ യുവ ഡോക്ടർമാർ
മെഡിക്കൽ സയൻസിനും പരിമിതിയുണ്ട്
പരസ്പരം ആശ്രയിച്ചും വിശ്വസിച്ചും സ്നേഹിച്ചും മാത്രം മുന്നോട്ടുപോകാനാവുന്ന അത്രയേറെ അവിഭാജ്യമായ ബന്ധമാണ് രോഗി-ചികിത്സകൻ ബന്ധം. പൊതുജനാരോഗ്യത്തിന് അർഹമായ പരിഗണന നൽകാതിരിക്കുക, ആവശ്യമായ ഡോക്ടർമാരെയും മറ്റു ജോലിക്കാരെയും നിയമിക്കാതിരിക്കുക, നോക്കിനിൽക്കെ ഉയർന്നുയർന്നു പോവുന്ന ചികിത്സച്ചെലവുകൾ, ആശയവിനിമയത്തിലെ ഗുരുതരമായ അപാകങ്ങൾ, അനിയന്ത്രിതമായ രോഗീസമൂഹം, ഡോക്ടർ-രോഗി അനുപാതത്തിലെ കുറ്റകരമായ പാളിച്ചകൾ, രോഗീസൗഹൃദമല്ലാത്ത ആശുപത്രി സംവിധാനങ്ങൾ, സ്വയം വിമർശനത്തിന്റെ അഭാവം, രോഗിയുടെ സാമൂഹിക-സാമ്പത്തിക അവസ്ഥകൾ തിരിച്ചറിയാതെയുള്ള ചികിത്സകൾ, രോഗികളെ പരിശോധിക്കാനുതകുന്ന സംവിധാനങ്ങളുടെ അഭാവം, കർശനമായ ശിക്ഷാനടപടികൾ നടപ്പാക്കുന്നതിലെ അലസത, ദേശീയ സുരക്ഷാനിയമങ്ങൾ-ആശുപത്രി ‘സേഫ് സോൺ’ ആയി പ്രഖ്യാപിക്കുക-നടപ്പാക്കാൻ അധികാരികളുടെ ഭാഗത്തുനിന്നുള്ള വിമുഖത എന്നിവയൊക്കെ ആശുപത്രി ആക്രമണങ്ങൾക്ക് കാരണമാകുന്നു.
അതോടൊപ്പം ഏതു ഗുരുതര അസുഖത്തിനും ആധുനിക വൈദ്യശാസ്ത്രത്തിൽ പരിഹാരമുണ്ട് എന്ന അമിത പ്രതീക്ഷ. നിർഭാഗ്യവശാൽ രോഗി മരണമടഞ്ഞാൽ, കുറ്റം ഡോക്ടറിൽ മാത്രം ആരോപിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നുണ്ട്. ഡോക്ടർമാരോ മെഡിക്കൽ സയൻസോ അദ്‌ഭുതങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തരല്ലെന്നും മെഡിക്കൽ സയൻസിന് ധാരാളം പരിമിതികൾ ഉണ്ടെന്നും പൊതുസമൂഹത്തെ ബോധവത്‌കരിക്കേണ്ടതുണ്ട്.
- ഡോ. എം. മുരളീധരൻ
(എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ)
സംഘടനകൾക്കും ഇരട്ടത്താപ്പ്
ഡോക്ടർമാരുടെ എല്ലാ പ്രശ്നങ്ങൾക്കും ആവശ്യത്തിനും അല്ലാതെയും പ്രതികരിക്കുന്ന ഐ.എം.എ.(ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ)യുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കട്ടെ. ജില്ലാ ആശുപത്രികളിൽ ഒരുവർഷംവരെ ജോലിനോക്കുന്ന ഹൗസ് സർജൻമാർ നേരിടുന്ന സാമ്പത്തിക-മാനസിക പ്രയാസങ്ങൾ പലപ്രാവശ്യം ഐ.എം.എ.യുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അസംഘടിതരും സാമ്പത്തികമായി വരുമാനം ഇല്ലാത്തവരും എന്ന ഒറ്റ കുറ്റംകൊണ്ടാണ് നാളിതുവരെ ഐ.എം.എ. ജില്ലാ ഹൗസ് സർജൻമാരുടെ ഈ ദുരവസ്ഥയിൽ ഇടപെടാത്തത് എന്നുകരുതുന്നു.
നിയമം എന്ത് അനുശാസിക്കുന്നു എന്നതുമാത്രമല്ല, മനുഷ്യനെ മനുഷ്യനായി കാണാൻ സംഘടനകളും രാഷ്ട്രീയപ്പാർട്ടികളും പലപ്പോഴും പരാജയപ്പെടുന്ന സാഹചര്യത്തിൽ മനുഷ്യത്വത്തിന്റെ ചെറുവെളിച്ചം ഹൗസ് സർജൻമാർക്ക് നൽകാൻ മാതൃഭൂമി പരമ്പര കാരണമായി.
-തിരുവനന്തപുരം ജില്ലാ ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻ
(പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല)
മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ മാഫിയ
പത്തുവർഷമായി ഹയർസെക്കൻഡറി മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകനാണ് ഞാൻ. മെഡിക്കൽരംഗത്തെ മാഫിയ എന്നുപറയുന്നത് അത്രയും ഭീകരമാണ്. ഹയർ സെക്കൻഡറി സ്കൂളുകളിൽ എല്ലാവർഷവും ഇവർ റാകിപ്പറക്കുകയാണ്. ഓരോവർഷവും പ്രവേശനം നേടുന്ന കുട്ടികളാണ് അടുത്തവർഷം ഇവർക്കായി ഇടനിലക്കാരാകുന്നത്. ഒരുകുട്ടിയെ പിടിച്ചുകൊടുത്താൽ ലക്ഷങ്ങളാണ് കമ്മിഷൻ.
ബി.ഡി.എസ്., ബി.എ.എം.എസ്. എന്നിവ പഠിച്ചിറങ്ങിയയാളുകൾ സമൂഹത്തിൽ വേണ്ടതിനെക്കാൾ അധികമായിക്കഴിഞ്ഞു. അതേരീതിയിലേക്കാണ് എം.ബി.ബി.എസിന്‍റെയും പോക്ക്. അത് വലിയൊരു പ്രതിസന്ധിയിലേക്ക് പോകും.
മാത്രമല്ല, അതോടനുബന്ധിച്ചുള്ള മറ്റുകുറെ കോഴ്സുകളും ഇപ്പോൾ പടച്ചുവിട്ടിട്ടുണ്ട്. അതിലൊക്കെ പെട്ടുപോയിട്ടുള്ള ഒരുപാട് കുട്ടികളെ അറിയാം. ഇതിൽ 90 ശതമാനത്തിനും പഠിച്ചതുമായി ബന്ധപ്പെട്ട ഒരു തൊഴിലും കിട്ടിയിട്ടില്ല.
-കെ. ജങ്കേഷ്,
(സോഷ്യോളജി അധ്യാപകൻ)
പല്ലു ഡോക്ടറെ ആർക്കും വേണ്ട
ഡോക്ടർമാരുടെ ഇടയിലുള്ള തൊഴിൽ, സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച പരമ്പരയ്ക്ക് അഭിനന്ദനങ്ങൾ. ഈ നാട്ടിൽ എം.ബി.ബി.എസുകാർ നേരിടുന്ന ശോചനീയ അവസ്ഥയാണ് ബി.ഡി.എസുകാരുടേതും.
പൊതുവേ ‘പല്ലുഡോക്ടറല്ലേ’ എന്ന അവഹേളനം പഠനകാലംമുതൽ കേൾക്കുന്ന ഈ വിഭാഗക്കാർ, എം.ബി.ബി.എസ്. പഠിക്കുന്നവരെക്കാൾ അമ്പതോ അറുപതോ റാങ്കിന് മെഡിക്കൽ സീറ്റ് നഷ്ടപ്പെട്ടവരാകും. മാത്രമല്ല, കുറച്ചുനാൾമുമ്പ് ഇറങ്ങിയ ഒരു മലയാള ചലച്ചിത്രത്തിൽ അങ്ങേയറ്റം മണ്ടനായ ഒരു കഥാപാത്രത്തെ ഡെന്റിസ്റ്റായി അവതരിപ്പിച്ചതോടെ ‘അപ്പുക്കുട്ടന്മാർ’ എന്നും ഇവർ പരിഹാസം ഏറ്റുവാങ്ങുന്നു.
ബി.ഡി.എസ്. കഴിഞ്ഞ് ക്ലിനിക്കുകളിൽ ജോലിചെയ്യുന്നവർക്ക് പലയിടങ്ങളിലും ശമ്പളമില്ല. ‘ഒബ്‌സർവർ’ എന്ന തസ്തികയിൽ ഇവരെ നിയമിക്കുന്നു. അഞ്ചുവർഷം പഠിച്ചിട്ട് തൊഴിൽരഹിതരായിക്കഴിയുന്നതെങ്ങനെ എന്ന് ചിന്തിച്ചു പലരും ഈ ജോലിക്ക് പോകുന്നു. ഈ ഗണത്തിൽപ്പെട്ടവർക്ക് ലഭിക്കുന്ന ഏറ്റവും വലിയശമ്പളം പതിനായിരംരൂപ മാത്രമാണ്.
മെഡിക്കൽ ഡോക്ടർമാർക്ക് കേന്ദ്ര സർക്കാരിനു കീഴിലുള്ള പല സ്ഥാപനങ്ങളിൽ തൊഴിലവസരം ലഭിക്കുമ്പോൾ ഡെന്റിസ്റ്റുകൾക്ക് ഇതൊന്നുമില്ല. യു.പി.എസ്.സി. നടത്തുന്ന കമ്പൈൻഡ് മെഡിക്കൽ സർവീസ് പരീക്ഷയിൽ 800 മുതൽ 1000 വരെ ഒഴിവ് റിപ്പോർട്ടുചെയ്യുന്നു. ഇവ കൂടാതെ, പൊതുമേഖലാ ബാങ്കുകളിലും മെഡിക്കൽ ഓഫീസർമാരായി മെഡിക്കൽ ബിരുദധാരികളെ നിയമിക്കുന്നു. ഇതിനൊക്കെ ഡെന്റിസ്റ്റുമാർ അനർഹരാണ്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെ ബ്രിഡ്‌ജ്‌കോഴ്സ് മുതലായ പ്രഹസനങ്ങൾ അവസാനിപ്പിക്കണമെന്നാണ് അധികൃതരോടുള്ള അഭ്യർഥന.
-ഡോ. ലക്ഷ്മി എം. നായർ
ഡെന്റൽ സർജൻ, തിരുവനന്തപുരം
ബി.ഡി.എസുകാർക്ക് ശമ്പളം മൂവായിരം!
എന്റെ മകൾ ബി.ഡി.എസ്. കഴിഞ്ഞതാണ്. സീനിയർ ഡോക്ടർമാർക്കുകീഴിൽ ജോലിക്ക് കയറിക്കഴിഞ്ഞാൽ ബി.ഡി.എസുകാർക്ക് കിട്ടുന്ന മാസശമ്പളം വെറും മൂവായിരം രൂപയാണ്.
മൂന്നുലക്ഷംരൂപ വായ്‍പയെടുത്താണ് മകളെ പഠിപ്പിച്ചത്. ഇപ്പോൾ ബാങ്കിൽനിന്നുള്ള വിളി പേടിച്ച് ഉറങ്ങാൻപോലുമാവാത്ത സ്ഥിതിയാണ്. നാട്ടിൽ ബി.ഡി.എസുകാരും കോളേജുകളും കോഴ്സുകളും ഇങ്ങനെ പെരുകിക്കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാതെ സ്വാശ്രയ കോളേജുകൾ വർധിക്കുന്നു. ശരിക്കും ഇതിലൂടെ രക്ഷിതാക്കളും കുട്ടികളും വഞ്ചിക്കപ്പെടുകയാണ്.
സ്വന്തമായി ക്ലിനിക് തുടങ്ങാൻ കുറഞ്ഞത് 35-40 ലക്ഷം രൂപവേണം. അതിനുകഴിയാത്ത എത്രയോ ആളുകളുണ്ട്. അവർക്ക് ജോലിയുമില്ല, ക്ലിനിക്കുമില്ല, ജോലിവാഗ്ദാനം കിട്ടിയാൽത്തന്നെ ശമ്പളം മൂവായിരമോ നാലായിരമോ. അതിൽക്കൂടുതലില്ല.
-ബാലൻ, നാദാപുരം, കോഴിക്കോട്
Content Highlights: Young doctor's crisis