ഒരുകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയോ മരിക്കുകയോ ചെയ്തശേഷം, അവനിൽ ഈ സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കണ്ട പലമാറ്റങ്ങളും കൂട്ടുകാരും അധ്യാപകരും ഓർത്തെടുത്തു പറയാറുണ്ട്.
തൊണ്ണൂറുശതമാനം ആത്മഹത്യയിലും പെരുമാറ്റങ്ങളിൽ സൂചനകൾ ഉണ്ടാകാറുണ്ട്. പെട്ടെന്നുള്ള ആത്മഹത്യാ പെരുമാറ്റങ്ങൾ പത്തുശതമാനമേ വരൂ. സ്‌കൂൾക്കുട്ടികളിൽ രണ്ടുശതമാനം പേർക്കെങ്കിലും വിഷാദരോഗം ഉണ്ടാകാറുണ്ടെന്നും കൗമാരപ്രായമാകുമ്പോൾ അത് നാലുശതമാനംമുതൽ ആറുശതമാനംവരെ വർധിക്കുമെന്നും കണക്കുകൾ പറയുന്നു.
കുട്ടിയെ വിഷമിപ്പിച്ചിരുന്ന സമീപകാല സംഘർഷങ്ങൾ പലർക്കും അറിയാവുന്നതായിരിക്കും. പരീക്ഷയിലുള്ള തോൽവിയോ ചങ്ങാത്തത്തിൽ വന്ന തകർച്ചയോ വീട്ടിലെ സാഹചര്യങ്ങളിലെ ബുദ്ധിമുട്ടുകളോ ഒക്കെ ആയിരിക്കാം അവ. ലൈംഗികചൂഷണം പോലെയുള്ള വിഷമങ്ങൾ ആരോടും പറയാതെ ഉള്ളിലൊതുക്കി നടക്കുന്നതുമാകാം. ആത്മഹത്യാപ്രവണത കാട്ടിയ കുട്ടി തൊട്ടുമുമ്പുള്ള നാളുകളിൽ പ്രകടിപ്പിച്ച പെരുമാറ്റങ്ങളുടെയും അവന്റെ പ്രശ്‌നങ്ങളുടെയും സൈക്കോളജിക്കൽ പോസ്റ്റ്മോർട്ടം മരണശേഷം നടത്തിയിട്ട് എന്തുപ്രയോജനം. ആകുലതയിൽപ്പെടുന്ന കുട്ടികളെ പിന്തുണയ്ക്കുന്ന ഒരു സമൂഹത്തെ വിദ്യാലയത്തിലും വീട്ടിലുമൊക്കെ സൃഷ്ടിച്ചെടുത്താലേ ആത്മഹത്യാപ്രതിരോധം ശക്തമാകൂ. കുട്ടികൾ കൂടുതൽ നേരം ചെലവഴിക്കുന്ന വിദ്യാലയങ്ങൾക്കും അവരുമായി ഇടപെടുന്ന അധ്യാപകർക്കും ഇതിൽ വലിയ പങ്കുവഹിക്കാനുണ്ട്.
ജീവൻ രക്ഷിച്ചാൽമാത്രം പോരാ
മെന്റൽ ഹെൽത്ത് കെയർ ആക്ട് 2017-ലെ സെക്‌ഷൻ 115 പ്രകാരം ആത്മഹത്യശ്രമങ്ങൾ ഇപ്പോൾ കുറ്റകരമല്ല. തീവ്ര മാനസിക സംഘർഷങ്ങളുടെ ഫലമായി സംഭവിക്കുന്നതാണ് സ്വയം ഉയിരെടുക്കാനുള്ള ശ്രമമെന്നും ആ നോവിൽനിന്ന് മോചിപ്പിക്കാനുള്ള പ്രൊഫഷണൽ ഇടപെടലുകളും പുനരധിവാസവും ഉണ്ടാകണമെന്നും ചട്ടം അനുശാസിക്കുന്നു. ആത്മഹത്യാപ്രവണത കാട്ടിയ മനസ്സിന്റെ മുറിവുകൾക്കുകൂടി ആശ്വാസം നൽകാതെ വീണ്ടെടുപ്പ് പൂർണമാകില്ലെന്ന് മാതാപിതാക്കൾ ഓർക്കണം. നാലുപേരറിഞ്ഞാൽ നാണക്കേടെന്ന് വിചാരിച്ച്, മാനസികാരോഗ്യ വിശകലനവും സാന്ത്വനവും തേടാതിരിക്കുന്നത് വീഴ്ചയാണ്. എന്തിന് ജീവിച്ചിരിക്കണമെന്ന തോന്നൽ സാധാരണമാണെന്നും അതിനു കീഴ്‌പെട്ടുപോകാനിടയുള്ളവർക്ക് കരുത്തുനൽകണമെന്നുമുള്ള ചിന്ത പൊതുബോധത്തിൽ വളരേണ്ടതുണ്ട്. ജീവിതപ്രതിസന്ധികൾ ഉൾപ്പെടെയുള്ള സാമൂഹികവും വ്യക്തിപരവുമായ ഘടകങ്ങൾ തേടണം. മാനസിക രോഗങ്ങളുടെ സ്വാധീനം ഉണ്ടോയെന്ന് നോക്കണം. വിശകലനങ്ങൾക്കുശേഷം പരിഹാര മാർഗങ്ങൾ തുറന്നുകൊടുക്കണം. പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള മനസ്സുറപ്പേകുംവിധത്തിലുള്ള ജീവിതപാഠങ്ങൾ നൽകണം. ആത്മഹത്യശ്രമങ്ങൾ നടത്തി ആരോഗ്യകേന്ദ്രങ്ങളിലെത്തുന്ന എല്ലാവർക്കും മാനസികാരോഗ്യസഹായം നൽകണമെന്ന നിർദേശം ഉണ്ടാകണം.
(കൊച്ചിയിലെ മാനസികാരോഗ്യ വിദഗ്ധനും മൈത്രിയെന്ന ആത്മഹത്യാപ്രതിരോധ സംഘടനയുടെ സ്ഥാപക ഡയറക്ടറും ട്രസ്റ്റിയുമാണ് ലേഖകൻ)