‘വൃക്കരോഗങ്ങളുമായി നന്നായി ജീവിക്കുക’ എന്നാണ് ഇത്തവണത്തെ ലോക വൃക്കദിനത്തിലെ സന്ദേശം. ഗുരുതരരോഗങ്ങൾ സ്ഥിരീകരിക്കുന്നതോടെ പലർക്കും സാധാരണജീവിതം നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. ജീവിതവും സന്തോഷവും തിരിച്ചുപിടിക്കാൻ അവരെ സഹായിക്കണമെന്നാണ് ഇതിന്റെ അർത്ഥം. ശരീരത്തിലെ മാലിന്യം നീക്കുന്ന അരിപ്പകളാണ് വൃക്കകൾ. ശരീരസന്തുലിതാവസ്ഥ നിലനിർത്തുന്നതും ജലാംശം നിയന്ത്രിക്കുന്നതും വൃക്കകൾതന്നെ. എന്നാൽ, ജീവിതശൈലീരോഗങ്ങൾ വൃക്കകളെയും തകരാറിലാക്കുകയാണ്. 60 വയസ്സിനു താഴെ പ്രായമുള്ള പത്തിൽ ഒരാൾക്ക് വൃക്കരോഗമുണ്ടെന്ന് മെയ്‌ത്ര ആശുപത്രിയിലെ നെഫ്രോളജിസ്റ്റായ ഡോ. വിനുഗോപാൽ പറയുന്നു. 60-നും 70-നും ഇടയിലുള്ളവരിൽ പത്തിൽ മൂന്നുപേരിലും 75-നു മുകളിൽ പ്രായമുള്ള 50 ശതമാനത്തോളം പേരിലും രോഗം കാണുന്നു.

വിവിധ പ്രായക്കാർ ശ്രദ്ധിക്കേണ്ടത്

കുട്ടികൾ
ജനിതകത്തകരാറുകളാണ് പ്രധാനകാരണം  
രോഗം നേരത്തേ തിരിച്ചറിഞ്ഞാൽ ഫലപ്രദമായി ചികിത്സിക്കാം
ഗർഭാവസ്ഥയിലും പരിശോധനകൾ നടത്താം
ജനിച്ചയുടനെ കുട്ടികളിൽ മൂത്രതടസ്സം, വേദന, പഴുപ്പ് തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ചികിത്സ തുടങ്ങണം. തുടക്കത്തിൽ ചികിത്സിച്ചില്ലെങ്കിൽ  ചിലത് സ്ഥിരരോഗമായിമാറും. ഭാവിയിൽ വൃക്ക മാറ്റിവെക്കേണ്ടിവരുകയും ചെയ്യും
നെഫ്രോട്ടിക് സിൻഡ്രോം (12-18 വയസ്സുവരെ ബാധിക്കുന്നത്), മൂത്രനാളിയിലെ വൈകല്യങ്ങൾ തുടങ്ങിയവയാണ് പ്രധാനപ്പെട്ട രോഗങ്ങൾ. ഇതൊന്നും സ്ഥിരവൈകല്യങ്ങളല്ല. ചികിത്സിക്കാം.

യുവാക്കൾ
വ്യായാമം ശീലമാക്കുക
2.5 മുതൽ മൂന്നുവരെ ലിറ്റർ വെള്ളം കുടിക്കുക
പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക
രക്തസമ്മർദവും പ്രമേഹവുമുള്ളവർ കിഡ്നിയുടെ പ്രവർത്തനവും പരിശോധിക്കുക 
പൊണ്ണത്തടിയുള്ളവർ മുൻകരുതലെടുക്കുക
ഭക്ഷണം ക്രമീകരിക്കുക
18-40 വരെ പ്രായമുള്ളവരിൽ കിഡ്നിയിലെ തടസ്സം, നെഫ്രോട്ടിക് സിൻഡ്രോം എന്നിവ കാണുന്നു
അനാവശ്യമായി ആന്റിബയോട്ടിക്കുകളോ വേദനസംഹാരികളോ കഴിക്കുന്നത് ഒഴിവാക്കുക

പ്രായംചെന്നവർ
ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകഴിക്കുക
ഹൃദ്രോഗമുള്ളവർ വൃക്കരോഗ പരിശോധനകൾ ഇടയ്ക്കിടെ നടത്തുക
നന്നായി വെള്ളം കുടിക്കുക
വ്യായാമം ശീലമാക്കുക
ഭക്ഷണം ക്രമീകരിക്കുക

വൃക്കരോഗങ്ങളുടെ പ്രധാനലക്ഷണങ്ങൾ

കാലുകളിലും മുഖത്തും ഉണ്ടാകുന്ന നീര് വൃക്കരോഗത്തിന്റെ ലക്ഷണമാകാം. രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് നീര് വയറ്റിലും വരാം
സാധാരണയിലും മൂത്രത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യാം
മൂത്രമൊഴിക്കുമ്പോൾ വേദന, പുകച്ചിൽ
മൂത്രം പിടിച്ചുനിർത്താൻ കഴിയാതെവരുക
മൂത്രത്തിലെ നിറവ്യത്യാസം,
കണ്ണിൽ ഇരുട്ടുകയറുക, തളർച്ച, വിശപ്പില്ലായ്മ

വൃക്കയെ തകരാറിലാക്കുന്നത്

അനിയന്ത്രിത പ്രമേഹം
ഉയർന്ന രക്തസമ്മർദം
പാരമ്പര്യ രോഗങ്ങൾ (പോളിസിസ്റ്റിക് കിഡ്നി ഡിസീസ്)
വൃക്കയിലെയും മൂത്രാശയത്തിലെയും കല്ലുകൾ
ഐ.ജി.എ.
നെഫ്രോപ്പതി
എഫ്.എസ്.ജി.എസ്.
ജന്മനാ ഉള്ള വൈകല്യങ്ങൾ
വിട്ടുമാറാത്ത മൂത്രാശയ അണുബാധ
വൃക്കയിലെ അണുബാധ
ചില മരുന്നുകളുടെ ഉപയോഗം

പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാവണമെന്നില്ല

മിക്കവരിലും വൃക്കരോഗം പ്രകടമായ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. മറ്റ് ഗുരുതരരോഗങ്ങൾ വരുമ്പോഴാണ് പലകേസുകളിലും വൃക്കരോഗം തിരിച്ചറിയുന്നത്. അപ്പോഴേക്കും സ്ഥിതി വഷളായിട്ടുമുണ്ടാകും. അതിനാൽ രോഗസാധ്യതയുള്ളവർ കൃത്യമായ പരിശോധനകൾക്കു വിധേയരാകണം. ഇന്ത്യയിലും കേരളത്തിലും രോഗികളുടെ കൃത്യമായൊരു കണക്ക് ലഭ്യമില്ല. രോഗം വരാതെ നോക്കുകയാണ് ഏറ്റവും ഉചിതം. 
ഡോ. വിനുഗോപാൽ, 
കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് , മെയ്‌ത്ര ആശുപത്രി

ചികിത്സാരംഗം നേരിടുന്ന പ്രധാനപ്രശ്നങ്ങൾ

ഗുണമേന്മയുള്ള ഡയാലിസിസ്  കേന്ദ്രങ്ങൾ കൂടുതൽ വേണം
ജീവിതകാലം മുഴുവൻ ചികിത്സിക്കേണ്ടവയാണ് വൃക്കരോഗങ്ങൾ. മനുഷ്യരക്തം നേരിട്ട് ശുദ്ധീകരിച്ചെടുക്കേണ്ട ഡയാലിസിസാണ് ചികിത്സ. എന്നാൽ, രോഗികളുടെ എണ്ണത്തിനൊത്ത് ഉയരുന്ന ഡയാലിസിസ് കേന്ദ്രങ്ങളിൽ സുരക്ഷയും അടിസ്ഥാനസൗകര്യവും ഇല്ലെന്ന ആരോപണം പരക്കേ ഉയരുന്നുണ്ട്. സർക്കാർ മാനദണ്ഡവും മേൽനോട്ടവും ഈ മേഖലയിലുണ്ടാവണം. ആശുപത്രികളുടെയും അംഗീകൃത വിദഗ്ധ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മേൽനോട്ടത്തിൽ കൂടുതൽ കേന്ദ്രങ്ങൾ തുറക്കണം. കൃത്യമായ ഇടവേളകളിൽ ഡയാലിസിസ് കേന്ദ്രങ്ങളിൽ നിരീക്ഷണവും വേണം. ഡയാലിസിസിലെ പിഴവ് അണുബാധമുതൽ ഹൃദയസ്തംഭനം വരെയുള്ള ഗുരുതരമായപ്രശ്നങ്ങൾക്ക് വഴിവെക്കും. ചെലവ്‌ കുറയ്ക്കാനുള്ള മാർഗങ്ങളും കണ്ടെത്തണം.

ആവശ്യത്തിന്  വൃക്കയില്ല

കേരളസർക്കാരിന്റെ മസ്തിഷ്ക മരണദാതാക്കളിൽനിന്നുള്ള അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ രജിസ്റ്റർചെയ്യുന്ന പത്തുശതമാനത്തോളം പേർക്കുമാത്രമേ വൃക്ക ലഭിക്കുന്നുള്ളൂ. അവയവദാനക്കച്ചവടം മാഫിയാതലത്തിലേക്കുയർന്നതോടെ നിയമം കർക്കശമായി. രോഗികൾ നരകയാതനയിലും.

ഒറ്റവൃക്കയിൽ പടുത്തുയർത്തിയ സ്വപ്നം

ഒറ്റവൃക്കയും കൊണ്ടാണ് അഞ്ജു ബോബി ജോർജ്‌ നമുക്കുമുമ്പിൽ ചരിത്രമെഴുതിയത്‌. ജന്മനാ ഒരു വൃക്ക ഇല്ലാത്ത റീനൽ അജെനസിസ് എന്ന അവസ്ഥയാണ് അഞ്ജുവിന്. അത്‌ലറ്റിക് രംഗത്ത് തിളങ്ങിനിൽക്കുന്ന ചെറുപ്രായത്തിലാണ് ഇക്കാര്യം അഞ്ജു തിരിച്ചറിഞ്ഞത്. പിന്നീടങ്ങോട്ടു നേടിയ നേട്ടങ്ങൾക്കെല്ലാം രോഗത്തെ മറികടന്ന ആത്മവിശ്വാസത്തിന്റെ കരുത്തായിരുന്നു.  
“ഒരു വൃക്കയേയുള്ളൂവെന്ന് തിരിച്ചറിയുമ്പോൾ അന്താരാഷ്ട്ര മത്സരരംഗത്ത് ഞാനെങ്ങും എത്തിയിരുന്നില്ല. ഇനിയെങ്ങനെ മുന്നോട്ടുപോവുമെന്ന ആശങ്കയും ആശയക്കുഴപ്പവുമായിരുന്നു മനസ്സിൽ. കുറെ ഡോക്ടർമാരുമായി സംസാരിച്ചു. സാധാരണജീവിതത്തിൽ ഒരു പ്രശ്നവുമുണ്ടാവില്ലെന്നറിയിച്ച ഡോക്ടർമാർ പക്ഷേ, സ്പോർട്സിന്റെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു. ഇത്രയും നാളും ചെയ്തില്ലേ, ഇനിയിത് അറിഞ്ഞില്ലാന്നുവെച്ച് മുന്നോട്ടുപോവാമെന്ന് പറഞ്ഞ് ഭർത്താവ് ബോബി ധൈര്യംതന്നു. നിന്റെ വൃക്കയ്ക്ക് എന്തെങ്കിലും പറ്റിയാൽ എൻറേത് തരാമെന്ന് ബോബി വാഗ്ദാനവും നൽകി. അതിൽ കൂടുതൽ എനിക്ക് കിട്ടാനുണ്ടായിരുന്നില്ല. എന്റെ സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു ബോബിയുടെ ലക്ഷ്യം. പരിശീലനത്തിലും മത്സരത്തിൽ പങ്കെടുക്കുമ്പോഴുമെല്ലാം വൃക്കയുമായി ബന്ധപ്പെട്ട കുറെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. സാധാരണയിലുമധികം ആയാസപ്പെടേണ്ടിവന്നു. സന്ധികളിൽ വേദന. അധികം പരിശീലനം ചെയ്യുമ്പോൾ ശരീരത്തിൽ മുഴകൾവരും. തളർച്ചയും. തന്റെ അവസ്ഥ ആളുകൾ ഒരു കുറവായി കാണുമോയെന്നു ഭയപ്പെട്ടതിനാലാണ് ഇത്രയും കാലം തുറന്നുപറയാതിരുന്നത്”.