ഇന്ന് ലോക കാൻസർ ദിനം

ആളുകൾ ഏറ്റവുമധികം പേടിക്കുന്ന അസുഖം ഇന്നും കാൻസറാണ്. രോഗനിർണയത്തിലും ചികിത്സയിലുമെല്ലാം ആധുനിക വൈദ്യശാസ്ത്രം ഏറെ മുന്നേറ്റങ്ങൾ ഉണ്ടാക്കിയിട്ടും 60 ശതമാനത്തിലേറെ കാൻസറുകളും ചികിത്സിച്ചുമാറ്റാനാവും എന്ന നിലയായിട്ടും ഈസ്ഥിതി മാറിയിട്ടില്ല. ഇതിന് കാരണം കാൻസർമൂലമുള്ള മരണനിരക്ക് നമ്മുടെ നാട്ടിൽ ഇപ്പോഴും കൂടിത്തന്നെയിരിക്കുന്നു എന്നതാണ്. ഹൃദയാഘാതം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് കാൻസർകാരണമാണ്.  കാൻസറിനുള്ള ചികിത്സച്ചെലവുകൾ കൂടുതലാണ് എന്നതും ആശങ്കകൂട്ടുന്ന കാര്യമാണ്.

എണ്ണം ഇരട്ടിയായി
1990 മുതൽ 2016 വരെയുള്ള കാലത്ത് ഇന്ത്യയിൽ കാൻസർ ബാധിച്ചവരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. ഈ കാലയളവിൽ ഈ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണവും ഇരട്ടിയായി. 2016-ലെ ഗ്ലോബൽ ബേർഡൻ ഓഫ് ഡിസീസസ് (ജി.ബി.ഡി.) പഠനത്തിന്റെ ഭാഗമായി 1990 മുതൽ 2016 വരെ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തുമുള്ള 28 ഇനം കാൻസറുകളുടെയും അതേത്തുടർന്നുള്ള മരണങ്ങളുടെയും രോഗം ഉണ്ടാക്കുന്ന അവശതകളുമായി പൊരുത്തപ്പെട്ടുകൊണ്ടുള്ള ജീവിതവർഷങ്ങളുടെയും (Disability Adjusted life Years -DALY) കണക്കുകൾ തയ്യാറാക്കിയിട്ടുണ്ട്. 2016-ൽ ഇന്ത്യയിലെ ആകെ മരണത്തിന്റെ 8.3 ശതമാനവും കാൻസർ കാരണമാണെന്നാണ് കണ്ടെത്തിയത്. രോഗമുണ്ടാക്കിയ അവശതകളുമായി പൊരുത്തപ്പെട്ടുകൊണ്ടുള്ള ജീവിതവർഷങ്ങളുടെ അഞ്ചുശതമാനവും കാൻസർ കാരണമാണെന്നും കണ്ടെത്തി. കാൻസറുമായി ബന്ധപ്പെട്ടുള്ള 1990-ലെ തോതിന്റെ ഇരട്ടിയാണിത്.

ഈ റിപ്പോർട്ടുപ്രകാരം കാൻസർബാധനിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലും മിസോറമിലുമായിരുന്നു. ഹരിയാണ, ഡൽഹി, കർണാടക, ഗോവ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, അസം എന്നിവയാണ് തൊട്ടുപിന്നിൽ.

കാൻസറുകൾ കൂടുന്നു, കുറയുന്നു
ഇന്ത്യയിൽ ഏറ്റവുമധികം കാണുന്ന പത്തിനം കാൻസറുകൾ ആമാശയം, സ്തനം, ശ്വാസകോശം, ചുണ്ട്‌, വായ, കണ്ഠനാളം, വൻകുടൽ, ഗർഭാശയമുഖം, അന്നനാളം, തലച്ചോർ എന്നിവയെ ബാധിക്കുന്നതും രക്താർബുദവുമാണ്. ഈ കാലയളവിൽ ഇന്ത്യയിൽ ആയുർദൈർഘ്യം കൂടിയതും ജനസംഖ്യ കൂടിയതും ഈ വർധനയ്ക്ക്‌ കാരണമാണ്.   

സ്തനം, ഗർഭാശയഗളം, ആമാശയം എന്നിവയിലെ അർബുദമായിരുന്നു 2016-ൽ സ്ത്രീകളിൽ അവശതകളുമായി പൊരുത്തപ്പെട്ടുകൊണ്ടുള്ള ജീവിത വർഷങ്ങൾ കൂടാൻ കാരണം. ഇതേകാലയളവിൽ പുരുഷന്മാരിൽ ഇത് ശ്വാസകോശാർബുദമായിരുന്നു. ചുണ്ടിന്റെയും വായയുടെയും കാൻസർ, കണ്ഠനാളത്തിന്റെ കാൻസർ, ആമാശയ കാൻസർ എന്നിവയായിരുന്നു മറ്റുള്ളവ.

2016-ൽ ഇന്ത്യയിൽ 14 വയസ്സുവരെയുള്ള കുട്ടികളിൽ ഏറ്റവും കൂടുതലായുള്ള കാൻസർ രക്താർബുദമായിരുന്നു. തൊട്ടുപിന്നിൽ ബ്രെയിൻ ട്യൂമറും. സ്ത്രീകളിൽ സ്തനാർബുദവും ഗർഭാശയഗളാർബുദവും 30 വയസ്സിനുശേഷം വർധിക്കുന്ന സ്ഥിതിയുണ്ടായി. 2016-ൽ പുരുഷന്മാരിൽ 30 വയസ്സിനുശേഷം ശ്വാസകോശാർബുദവും ആമാശയാർബുദവും വർധിച്ചു. പ്രോസ്റ്റേറ്റ് കാൻസറുകളാവട്ടെ 50 വയസ്സിനുശേഷം വർധിച്ചു. ജി.ബി.ഡി. റിപ്പോർട്ട് പ്രകാരം കാൻസർമൂലം ഏറ്റവും കൂടുതൽ  അവശതകൾക്കും മരണത്തിനും കാരണം പുകയില, മദ്യം എന്നിവയുടെ ഉപയോഗമാണ്.
1990 മുതൽ 2016 വരെയുള്ള കാലത്ത്‌ രക്താർബുദം ഏകദേശം 16 ശതമാനം കണ്ട് കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഡൽഹിയിലും പഞ്ചാബിലുമാണ് രക്താർബുദം ഏറ്റവും കൂടുതൽ കാണുന്നത്. ഗർഭാശയഗള കാൻസർ ഈ കലയളവിൽ 39.7 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇത് ഏറ്റവും കൂടുതൽ കാണപ്പെട്ടത് കർണാടകത്തിലായിരുന്നു. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളാണ് ഇതിന് ഏറ്റവും പ്രധാനമായി പഠനം ചൂണ്ടിക്കാണിക്കുന്നത്.  അതുപോലെ 1990-ൽനിന്ന് 2016 എത്തുമ്പോൾ ചുണ്ടിലെയും വായയിലെയും കാൻസറിന്‌ ഗണ്യമായ കുറവുണ്ടായി. ഈ കാലയളവിൽ സംസ്ഥാനങ്ങളിൽ നിരക്ക് താഴ്ന്നുകൊണ്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്ന മറ്റൊന്ന് ആമാശയ കാൻസറാണ്.
പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് കാൻസറിന്റെ നിരക്ക്  ഏറ്റവും കൂടുതൽ കേരളത്തിലായിരുന്നു. ലിവർ കാൻസർ 1990 മുതൽ 2016 വരെയുള്ള കാലത്ത് 32.2 ശതമാനം വർധിച്ചു. അരുണാചൽ പ്രദേശിലായിരുന്നു ഏറ്റവും കൂടുതൽ. തുടർന്ന് കേരളം, സിക്കിം, മിസോറം എന്നിവിടങ്ങളിലും.  
സ്തനാർബുദം 39.1 ശതമാനം വർധിച്ചു. ഇത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കേരളം, പഞ്ചാബ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ്. ശ്വസകോശാർബുദം ഈ കാലയളവിൽ വർധിച്ചു. പുരുഷന്മാരിൽ ഏറ്റവുമധികം കാണപ്പെടുന്നത് വായയിലെ കാൻസറാണ്. പിന്നെ ശ്വാസകോശാർബുദം. പുകയിലയുടെ ഉപയോഗവും വായു മലിനീകരണവുമാണ് പ്രമുഖ കാരണമായി ജി.ബി.ഡി.യിൽ പറയുന്നത്. ഈ കാൻസർ ഇന്ത്യയിൽ മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. വൻകുടലിന്റെയും മലാശയത്തിന്റെയും കാൻസർ ഏറ്റവും കൂടുതൽ കാണുന്നത് ഒഡിഷയിലാണ്. കേരളം, മിസോറം, മധ്യപ്രദേശ് എന്നിവയാണ് തൊട്ടടുത്ത്.

കേരളം ശ്രദ്ധിക്കണം
കേരളത്തിലെ കാൻസറുകളുടെ സ്ഥിതിവിവരക്കണക്ക് നോക്കുകയാണെങ്കിൽ 1990 മുതൽ 2016 വരെ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കാൻസർ കണ്ടെത്തിയത് കേരളത്തിലാണ്. കേരളത്തിലെ പുരുഷന്മാരുടെ ഇടയിൽ ശ്വാസകോശാർബുദവും സ്ത്രീകളുടെ ഇടയിൽ സ്തനാർബുദവുമാണ് ഏറ്റവും കൂടുതൽ കണ്ടെത്തിയത്. പ്രോസ്റ്റേറ്റ് കാൻസർ, അണ്ഡാശയ കാൻസർ, തൈറോയ്‌ഡ് കാൻസർ എന്നിവ രാജ്യത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കേരളത്തിലാണ്. പുകയില, മദ്യം എന്നിവയുടെ ഉപയോഗവും ഭക്ഷണത്തിലെ അപാകവുമാണ് ഈ കാൻസറുകളുടെ കാരണമായി ജി.ബി.ഡി.യിൽ ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ, അതോടൊപ്പം വർധിച്ച സ്തനാർബുദത്തിന്റെയും അണ്ഡാശയ കാൻസറുകളുടെയും തൈറോയ്‌ഡ് കാൻസറിനും ഈ കാരണങ്ങൾ പോരാ. ഒരുപക്ഷേ, മറ്റു ഹോർമോൺ വ്യതിയാനങ്ങൾമൂലമായിരിക്കാം ഇവ വർധിച്ചത്.

വിപുലമായി പഠിക്കണം
1990 മുതൽ 2016 വരെയുള്ള കാലത്ത്‌ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കാൻസറിന്റെ തോതിലുള്ള ഏറ്റക്കുറച്ചിലുകൾ, വൈവിധ്യത്തിലുള്ള അന്തരം എന്നിവ വിരൽചൂണ്ടുന്നത് കാൻസർ നിയന്ത്രണത്തിന് ഓരോ സംസ്ഥാനത്തിനും പ്രത്യേകം പ്രത്യേകം സമീപനം ഉണ്ടാകണമെന്നാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഓരോതരം കാൻസറുകൾ കൂടുതലായി കാണപ്പെടുന്നത് എന്തുകൊണ്ടാണ്, പ്രധാനതരം കാൻസറുകൾ ഇത്തരത്തിൽ ഉണ്ടാകുന്നതിലെ വ്യത്യാസത്തിനുള്ള കാരണങ്ങളെന്താണ് എന്നതിനെക്കുറിച്ച് ശാസ്ത്രീയവഴിയിൽ വിപുലമായി പഠിക്കേണ്ടതുണ്ട്.  ഇതിന്റെ കാരണങ്ങൾ തിരിച്ചറിയാനായാൽ കൃത്യമായ പ്രതിരോധ നിയന്ത്രണ പരിപാടികൾ ആസൂത്രണം ചെയ്യാനും രാജ്യത്ത് കാൻസർ  ഉണ്ടാക്കുന്ന ക്ലേശം കുറയ്ക്കാനും സാധിക്കും.

(കോഴിക്കോട് എം.വി.ആർ. കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടറാണ് ലേഖകൻ)