സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവേഷണപഠനങ്ങള്‍ നടത്തിയിട്ടുള്ള  ഡോ. വി.രാമന്‍കുട്ടി  ശ്രദ്ധേയമായ ഒട്ടേറെ പ്രബന്ധങ്ങളുടെ രചയിതാവാണ്. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും  അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസ് മുന്‍ മേധാവിയുമായ അദ്ദേഹം മുന്‍ മുഖ്യമന്ത്രി  സി. അച്യുതമേനോന്റെ മകനാണ്. രോഗപര്യവേക്ഷകനുപുറമേ  ഡേറ്റ സയന്‍സ് കണ്‍സള്‍ട്ടന്റുമാണ് അദ്ദേഹം.  ഇപ്പോള്‍ തൃശ്ശൂര്‍  അമല കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ റിസര്‍ച്ച് ഡയറക്ടര്‍. ഹെല്‍ത്ത് ആക്‌ഷന്‍ ബൈ പീപ്പിള്‍ എന്ന സംഘടനയുടെ  ഓണററി ചെയര്‍മാന്‍ കൂടിയായ അദ്ദേഹം മാതൃഭൂമി പ്രതിനിധി എം. കെ. രാജശേഖരന്‌ അനുവദിച്ച അഭിമുഖത്തില്‍നിന്ന് 

? കോവിഡിന്റെ ആദ്യവരവിനെ താരതമ്യേന ഭേദപ്പെട്ടനിലയിൽ നാം നേരിട്ടു. രണ്ടാംതരംഗത്തിൽ പിടിവിടാൻ കാരണം
= കൃത്യമായും പറയാൻ പ്രയാസമാണ്. ചരിത്രപരമായി പല പാൻഡെമിക്കുകളിലും രണ്ടാംതരംഗം രൂക്ഷമാകുന്ന പതിവുണ്ട്. ഉദാഹരണം, 1918-'19ലെ ഇൻഫ്ലുവെൻസാ പാൻഡെമിക്. രണ്ടാം തരംഗത്തിന്റെ കൊടുമുടി ആദ്യത്തേതിനെ അപേക്ഷിച്ച് അഞ്ചിരട്ടിയോളം വലുതായിരുന്നത്രേ. കൂടാതെ കോവിഡിന്റെ കാര്യത്തിൽത്തന്നെ യൂറോപ്യൻ രാജ്യങ്ങളുടെ ഉദാഹരണം നമ്മുടെ മുന്നിൽത്തന്നെയുണ്ടായിരുന്നു. എങ്കിലും നാം ഇതിനെ ഫലപ്രദമായി നേരിട്ടു എന്ന ഒരു തെറ്റായ വിശ്വാസം അധികാരികൾക്കുണ്ടായി എന്നുതോന്നുന്നു. അതിന്റെ കാരണമെന്താണെന്ന് അറിഞ്ഞുകൂടാ. അതിന്റെ ഫലമായി തിരഞ്ഞെടുപ്പ്‌ സമയത്തുംമറ്റും നിയന്ത്രണങ്ങൾ കുറെ അയഞ്ഞു. കൂടാതെ കുംഭമേളയുംമറ്റും അരങ്ങേറി. ഇതെല്ലാംകൂടി രണ്ടാമത്തേത്‌ ആദ്യത്തേതിനെ അപേക്ഷിച്ച് രൂക്ഷമാക്കി എന്നുവേണം കരുതാൻ.

? വൈറസിന്റെ ജനിതകമാറ്റമാണോ പ്രതിരോധത്തിലെ പാളിച്ചയാണോ കൂടുതൽ വിനയായത്
= രണ്ടും കാരണമായെന്ന്‌ പറയേണ്ടിവരും. ഇതിൽ ഏതാണ്‌ മുന്നിൽനിന്നത് എന്നുപറയാൻ വിഷമമാണ്.

? രണ്ടാംതരംഗമുണ്ടാവാൻ കേരളത്തിലും ഇന്ത്യയിലെമ്പാടും കാരണങ്ങൾ വ്യത്യസ്തമാണെന്ന് കരുതുന്നുണ്ടോ
= അങ്ങനെ കരുതാൻ ന്യായമില്ല. ചെറിയ വ്യത്യാസങ്ങളുണ്ടാവാം. കേരളത്തിൽ  തിരഞ്ഞെടുപ്പ് നടന്നു; എന്നാൽ തിരഞ്ഞെടുപ്പ് നടക്കാത്ത മഹാരാഷ്ട്രപോലുള്ള സംസ്ഥാനങ്ങളിലും 
രണ്ടാംതരംഗമുണ്ടായി. പിന്നെ ഈ വർഷത്തിന്റെ ആരംഭത്തോടെ സംസ്ഥാനങ്ങൾ തമ്മിലുള്ള യാത്രകളിലെ നിയന്ത്രണങ്ങളും കുറഞ്ഞു. അതോടെ നിയന്ത്രണത്തിൽ അയവുവന്നു.

? സാംക്രമികരോഗങ്ങളുടെ രീതി മാറുകയാണ്. നമ്മുടെ പ്രതിരോധങ്ങളും മാറണ്ടേ
= കോവിഡ് ഒരു പുതിയ രോഗമാണ്. എച്ച്.ഐ. വി.യും പുതിയ രോഗമായിരുന്നു. പുതിയ സാംക്രമികരോഗങ്ങൾ പലതും മൃഗങ്ങളുമായുള്ള ഇടപഴകലിൽനിന്നാണ് ഉണ്ടാകുന്നതെന്നാണ് ഇപ്പോഴത്തെ നിഗമനം. അതുകൊണ്ടുതന്നെ ‘വൺ ഹെൽത്ത്‌’ എന്ന ആശയം ഇപ്പോൾ ശക്തിപ്രാപിക്കുന്നുണ്ട്. അതായത്, മനുഷ്യന്റെ ആരോഗ്യം, മൃഗസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവ ഒറ്റപ്പാക്കേജായി സംയോജിപ്പിക്കേണ്ടിയിരിക്കുന്നു.

? ചൈന രണ്ടാംതരംഗത്തെ ഫലപ്രദമായി നേരിട്ടെന്നുപറയുന്നു. വിലയിരുത്താമോ
= കുറെയൊക്കെ ശരിയാണ്. പക്ഷേ, ചൈനയിൽനിന്നുവരുന്ന പല കണക്കുകളും വിശ്വസനീയമല്ല എന്നതും മറന്നുകൂടാ. വളരെ ആധിപത്യപ്രവണതയുള്ള ഒരു ഭരണകൂടമാണ് ചൈന ഭരിക്കുന്നത്. ഇന്ത്യയെക്കാൾ വൈകി ജനനനിയന്ത്രണം ഒരു നയമായി സ്വീകരിച്ചതിനുശേഷം, മനുഷ്യാവകാശങ്ങൾക്ക് വിലകല്പിക്കാതെ ആ നയം അടിച്ചേല്പിച്ച ഭരണകൂടമാണ്. അതുകൊണ്ട് ചൈനയെ ഈ വിധ കാര്യങ്ങളിൽ ഒരു മാതൃകയാക്കാമെന്ന് എനിക്കഭിപ്രായമില്ല.

? കൊറോണ വൈറസ് മനുഷ്യനിർമിതമാണെന്ന വാദത്തിൽ കഴമ്പുണ്ടോ?
= ഇല്ലെന്നാണ് എനിക്കുതോന്നുന്നത്. ചൈനയാണ് അത് നിർമിച്ചതെങ്കിൽ അവരുടെ ജനതയും അതുകൊണ്ട് വളരെ കഷ്ടപ്പെട്ടുവെന്ന് നമുക്കറിയാം. മറ്റുശാസ്ത്രീയകാരണങ്ങളും ആ നിഗമനത്തിനെതിരാണ്. എന്നുവെച്ച് വൈറസുകളെയും മറ്റു സൂക്ഷ്മജീവികളെയും ആയുധവത്‌കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നത് നിഷേധിച്ചുകൂടാ. അങ്ങനെ ചെയ്യുകയാണെങ്കിൽ വായുവിൽക്കൂടി പകരുന്ന ഒന്നായിരിക്കും ഏറ്റവും ഫലപ്രദം. 

മൂന്നാംതരംഗത്തെ കരുതിയിരിക്കാം

: മൂന്നാംതരംഗം പലരാജ്യത്തും വന്നിട്ടുള്ളതുകൊണ്ട് നമ്മളും കരുതിയിരിക്കുകതന്നെ വേണം. ഏറ്റവും പ്രധാനം പ്രതിരോധത്തിൽ ജാഗ്രതക്കുറവ് വരുത്തരുത് എന്നതാണ്. ഓക്സിജൻ, മരുന്നുകൾ എന്നിവയിൽ തയ്യാറെടുപ്പുവേണം. കൂടുതൽ സൗകര്യങ്ങൾ പരമാവധി ചികിത്സാകേന്ദ്രങ്ങളിൽ ഉണ്ടാക്കാൻ നോക്കണം. എല്ലാ പ്രായക്കാർക്കും ആദ്യത്തെ ഒരു ഡോസ് വാക്സിനെങ്കിലും എത്തിക്കുക എന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ.

content highlights:we want one health approach- dr v ramankutty