കോവിഡ് മഹാമാരി ലോകത്തെ പഠിപ്പിക്കുന്ന ചില പാഠങ്ങളുണ്ട്. ലോകരാഷ്ട്രങ്ങൾ അത് മനസ്സിലാക്കി ഭാവിപ്രവർത്തനങ്ങൾ ആസൂത്രണംചെയ്യുമോ എന്നത്‌ കാത്തിരുന്നുകാണാം. കോവിഡിനുശേഷവും വൈറസ്ബാധകൾ ഉണ്ടാവാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. വിമാനത്താവളങ്ങളും തുറമുഖങ്ങളും കരമാർഗമുള്ള നവീന ഗതാഗതസൗകര്യങ്ങളും വേഗമേറിയ വാഹനങ്ങളും മനുഷ്യന്റെമാത്രമല്ല, പകർച്ചവ്യാധികൾക്ക്‌ കാരണമാകുന്ന സൂക്ഷ്മജീവികളുടെ സഞ്ചാരസൗകര്യവും വർധിപ്പിച്ചിട്ടുണ്ട്‌. ഒരിടത്ത് പൊട്ടിപ്പുറപ്പെടുന്ന പകർച്ചവ്യാധി മണിക്കൂറുകൾക്കുള്ളിൽ അനേകം ഇടങ്ങളിലേക്ക് പറന്നെത്താൻ കഴിയുന്നു.

ഇത്തരമൊരവസ്ഥയിൽ പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ നിയതമായ ചില തന്ത്രങ്ങളും നിബന്ധനകളും ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും തീരുമാനിക്കേണ്ടതുണ്ട്. അതിപകർച്ചശേഷിയുള്ള വൈറസുകൾ പൊട്ടിപ്പുറപ്പെട്ടാൽ അവിടെനിന്ന്‌ മറ്റിടങ്ങളിലേക്കുള്ള സഞ്ചാരം നിയന്ത്രിക്കുകയെന്നതാണ് ഏറ്റവും ഫലപ്രദമായ രീതി. രോഗം വ്യാപിച്ചശേഷം ലോക്‌ഡൗൺ പ്രഖ്യാപിക്കുന്നതുകൊണ്ട് പ്രയോജനമില്ല. രോഗം പകരാതിരിക്കാനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടൊപ്പം ഓരോ വ്യക്തിക്കും ആരോഗ്യപരിപാലനവും  അവശ്യവസ്തുക്കളുടെ ലഭ്യതയും ഉറപ്പുവരുത്തണം. 
രോഗബാധിതരെ ആശുപത്രിയിലേക്കുമാറ്റി വിദഗ്ധചികിത്സ ഉറപ്പാക്കാൻ കഴിയണം. അത് ഓരോ മനുഷ്യന്റെയും അവകാശമായി അംഗീകരിക്കണം. ദുർബലസംവിധാനമുള്ള രാജ്യങ്ങളാണെങ്കിൽ ഐക്യരാഷ്ട്രസഭയുടെയും ലോകാരോഗ്യ സംഘടനയുടെയും നേതൃത്വത്തിൽ അവർക്കാവശ്യമായ സംവിധാനങ്ങളൊരുക്കണം. മനുഷ്യരുടെ മാത്രമല്ല, മറ്റുജീവജാലങ്ങളുടെ സുസ്ഥിരതയും ഉറപ്പാക്കുന്ന ഏകാരോഗ്യ സമീപനം ഉറപ്പുവരുത്തണം. വൈറസ്ബാധകൾ ഉണ്ടാവുന്നതിനുമുമ്പ്‌ ഓരോ രാജ്യത്തെയും പൊതുജനാരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തണം.

ചൈനയിലെ വുഹാനിൽ സാർസ് കൊറോണ വൈറസ്-2 പടരാൻ തുടങ്ങിയ സമയത്ത് വൈറസ് പുറത്തേക്കുപോകുന്നതിന് പ്രതിരോധനടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ലോകമാകെ പ്രതിസന്ധിയിലാകുന്ന അവസ്ഥ  ഒഴിവാക്കാമായിരുന്നു. കേരളത്തിൽ 2018-ൽ നിപ വൈറസ് ബാധയുണ്ടായപ്പോൾ ചില പ്രായോഗിക പ്രവർത്തനങ്ങൾ സ്വീകരിക്കാൻ നമുക്ക് കഴിഞ്ഞത് ഏറെ ഗുണംചെയ്തു. 
പകർച്ചവ്യാധികളുടെ വ്യാപനസാധ്യത മനസ്സിലാക്കുകയും തടയുകയും ചെയ്യുന്നതിനായി 2004-ൽ കേന്ദ്രസർക്കാർ സംയോജിത രോഗനിരീക്ഷണപദ്ധതി (Integrated Disease Surveillance Programme (IDSP)) പ്രഖ്യാപിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും ഇത് വേണ്ടത്ര ശ്രദ്ധയോടെ നടപ്പാക്കിയില്ല. കേരളത്തിൽ കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് രോഗനിരീക്ഷണനടപടികൾ ശക്തമാക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ലബോറട്ടറികൾ ശക്തമാക്കുക, ആരോഗ്യപ്രവർത്തകർക്ക് നിരന്തരമായ പരിശീലനം നൽകുക, പരിശീലനം സിദ്ധിച്ച പകർച്ചവ്യാധി വിദഗ്‌ധരെയും പൊതുജനാരോഗ്യവിദഗ്ധരെയും വിന്യസിച്ച് രോഗനിരീക്ഷണം ശക്തമാക്കുക എന്ന നടപടിയാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്.

കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിലും അത് റിപ്പോർട്ട്ചെയ്യുന്നതിലും നാം സുതാര്യമായ നടപടികൾ സ്വീകരിച്ചു. നിപയെ പ്രതിരോധിക്കുന്നതിൽ ഏറെ ഗുണംചെയ്തത് ഈ നടപടിക്രമമായിരുന്നു. എല്ലാ ദിവസവും നടത്തിയ പത്രസമ്മേളനത്തിലൂടെ ജനങ്ങളുമായി ആശയവിനിമയം  നടത്തി. അസാധാരണമായ അനുഭവങ്ങളിൽ അമാന്തിച്ചുനിൽക്കാതെ പെട്ടെന്ന് തീരുമാനങ്ങളെടുത്തു. വ്യാജവാർത്തകളുടെ വ്യാപനം തടയാൻ ശ്രമിച്ചു. ഇങ്ങനെയെല്ലാം ചെയ്യുമ്പോഴും എതിരഭിപ്രായങ്ങളും വിമർശനങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. വിമർശനങ്ങൾ രണ്ടുതരത്തിലുണ്ട്. അതിലൊന്ന് നാം ചെയ്യാൻ വിട്ടുപോകുന്ന കാര്യങ്ങൾ ഓർമപ്പെടുത്തിക്കൊണ്ട് പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്ന ക്രിയാത്മകമായ വിമർശനങ്ങളാണ്. എന്നാൽ, മനപ്പൂർവം തെറ്റിദ്ധാരണകൾ പടർത്താനുള്ള സംഹാരാത്മക വിമർശനങ്ങളും ഉണ്ടാവാറുണ്ട്. 

കോവിഡിന്റെ കാര്യത്തിലും കേരളം ഇതേജാഗ്രതതന്നെയാണ് പാലിച്ചത്. വുഹാനിൽ കോവിഡ്‌  വ്യാപനം ഉണ്ടെന്നറിഞ്ഞമാത്രയിൽ കേരളം മുന്നൊരുക്കങ്ങൾ ആരംഭിച്ചു. 2020 ജനുവരിയിൽ കൺട്രോൾ റും, വിദഗ്ധടീമുകൾ, നിരന്തരമായ ആശയവിനിമയം, കൃത്യതയുള്ള ആസൂത്രണങ്ങൾ എന്നിവ പെട്ടെന്നുതന്നെ ആരംഭിച്ചതുകൊണ്ടാണ് മറ്റാളുകളിലേക്ക് വ്യാപിക്കാതെ ആദ്യത്തെ കേസുകൾ കണ്ടെത്താൻ കഴിഞ്ഞത്. പ്രത്യേക ചികിത്സ പ്രോട്ടോക്കോളോ മരുന്നുകളോ പ്രതിരോധവാക്സിനുകളോ ലഭ്യമല്ലാതിരുന്ന സാഹചര്യത്തിലാണ് കേരളം പ്രതിരോധപ്രവർത്തനരീതികൾ ആവിഷ്കരിച്ചത്. നാം മുൻഗണന കൊടുത്തത് രോഗനിരീക്ഷണത്തിനും പ്രതിരോധത്തിനുമാണ്. വെളിയിൽനിന്ന് വരുന്നവരെ ക്വാറന്റീൻചെയ്ത് നിരീക്ഷിക്കുക, രോഗലക്ഷണമുള്ളവരെ ടെസ്റ്റ്ചെയ്യുക, പോസിറ്റീവാകുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിക്കുക എന്ന തന്ത്രമാണ് നാം സ്വീകരിച്ചത്. ഇതോടൊപ്പം രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾ (Break the chain) സ്വീകരിച്ചു. സോപ്പ്, മാസ്ക്‌, സോഷ്യൽ ഡിസ്റ്റൻസ് എന്ന പ്രചാരണം ശക്തമാക്കി ആരോഗ്യസംവിധാനങ്ങൾ ശക്തമാക്കാനുള്ള നടപടികൾ തുടർച്ചയായി സ്വീകരിച്ചു. 

2021 ജനുവരിമുതൽ രണ്ടാംതരംഗത്തിന്റെ ഘട്ടമായിരുന്നു. തിരഞ്ഞെടുപ്പും ഓണാഘോഷപരിപാടികളുമെല്ലാം ഇടയിൽവന്നപ്പോൾ രണ്ടാം തരംഗത്തിന്റെ വേഗംകുറയ്ക്കാൻ നമുക്ക് കഴിഞ്ഞില്ല. വൈറസിന്റെ  ജനിതകവകഭേദം (ഡെൽറ്റ) രോഗവ്യാപനത്തോത് വർധിപ്പിച്ചു. ഏറ്റവും കൂടുതൽ രോഗപ്പകർച്ചയും മരണങ്ങളുമുണ്ടായത് ഈ ഘട്ടത്തിലാണ്. 2021 ജനുവരിമുതൽ ഓഗസ്റ്റ്‌വരെ 25 ലക്ഷത്തിലേറെ കേസുകളും പതിനൊന്നായിരത്തിലേറെ മരണവുമുണ്ടായി. എന്നാൽ, കേരളം നേരത്തേ തുടർന്നുപോന്ന എല്ലാ നടപടിക്രമങ്ങളും ശക്തമായി തുടരുകയും പുതിയ സാഹചര്യം നേരിടാൻ ഒരുങ്ങുകയുംചെയ്തതിന്റെ ഫലമായാണ് മരണനിരക്ക് കുറച്ചുനിർത്താൻ കഴിഞ്ഞത്. 

പലരും മിറ്റിഗേഷൻരീതി സ്വീകരിച്ച് എല്ലാവർക്കും രോഗംവന്നുപോയി പ്രതിരോധമാർജിക്കണമെന്ന് വാദിച്ചപ്പോൾ നാം പരമാവധി ആളുകളെ രോഗബാധയിൽനിന്ന് മാറ്റിനിർത്തി ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. മിറ്റിഗേഷൻ രീതി സ്വീകരിച്ച അമേരിക്കയിലും ബ്രിട്ടനിലും സ്വീഡനിലുമൊക്കെ ആദ്യഘട്ടത്തിലുണ്ടായ മരണത്തിന്റെ കണക്ക് ഭയാനകമായിരുന്നു.  
കോവിഡിന്റെ മൂന്നാം തരംഗത്തെക്കുറിച്ച് ചർച്ചകളുയരുന്നുണ്ട്. രണ്ടാംതരംഗം മാസങ്ങളോളം നീണ്ടുനിന്നതിനാൽ പ്രതീക്ഷിച്ച മൂന്നാംതരംഗവും ഇതിന്റെകൂടെത്തന്നെ കടന്നുപോകാനാണ് സാധ്യത. തരംഗത്തിന്റെ ഉയർച്ച താമസിപ്പിക്കുക എന്നതിനുപകരം തരംഗത്തെ തകർക്കുകയെന്ന രീതിയാണ് നാം ഇപ്പോൾ പ്രയോഗിക്കുന്നത്. ചിട്ടയോടെ പ്രവർത്തിച്ചാൽ മൂന്നാംതരംഗത്തിന് ഉയർച്ചയെയും നമുക്ക് തടയാൻ സാധിക്കും. നാം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് കുറ്റമറ്റ രോഗനിരീക്ഷണസംവിധാനം, ആരോഗ്യ സ്ഥാപനങ്ങളുടെ ആധുനികീകരണം, തുടർച്ചയായ പരിശീലനപദ്ധതികൾ, കൃത്യമായ വിവരശേഖരണവും റിപ്പോർട്ടിങ്ങും, കാലികമായ മുന്നൊരുക്കങ്ങൾ, ആരോഗ്യപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ സുസ്ഥിരത ഉറപ്പുവരുത്തൽ തുടങ്ങിയ കാര്യങ്ങളിലാണ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് കേരള സർക്കാർ നടത്തുന്ന പ്രവർത്തനം, ഏതു വലിയ പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയുമെന്ന പ്രതീക്ഷതന്നെയാണ് നൽകുന്നത്.