കോവിഡ് മഹാമാരി ചൈനയിൽ നിന്നാരംഭിച്ച് ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരുന്ന ആദ്യനാളുകളിൽ കോവിഡിന് കാരണമായ സാർസ്‌ കൊറോണ വൈറസ്-2
ചൈനീസ് ലബോറട്ടറികളിൽ രഹസ്യമായി നടന്നിരുന്ന ജൈവായുധ പരീക്ഷണങ്ങളെത്തുടർന്ന് പുറത്തേക്ക് വന്നതാണെന്ന ഗൂഢാലോചനാസിദ്ധാ‍ന്തം ചിലർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, അതിനെത്തുടർന്ന് ലോകാരോഗ്യ സംഘടനയും മറ്റ് ചില ശാസ്ത്രജ്ഞരും നടത്തിയ പഠനം കോവിഡ് വൈറസ് വവ്വാലുകളിൽനിന്നു മനുഷ്യരിലെത്തിയിരിക്കാനാണ് സാധ്യത എന്ന നിഗമനത്തിലാണെത്തിയത്. ചൈനീസ് മൃഗമാംസ കമ്പോളത്തിൽ (വെറ്റ് മാർക്കറ്റ്) വൈറസ് ഈനാംപേച്ചിയിലെത്തി ജനിതകമാറ്റത്തിന് വിധേയമായിരിക്കാൻ സാധ്യതയുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഈനാംപേച്ചിയിൽനിന്ന്‌ മനുഷ്യരിലേക്ക് വൈറസ് എത്തിയോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. എന്നാലിപ്പോൾ ജൈവായുധ പരീക്ഷണം എന്ന ആരോപണം ഉപേക്ഷിച്ച് പുതിയൊരു സിദ്ധാന്തവുമായി ചില ശാസ്ത്രജ്ഞർ മുന്നോട്ടുവന്നിരിക്കയാണ്.

വുഹാൻ ലബോറട്ടറി പരീക്ഷണം

ബ്രിട്ടീഷ് ഗവേഷകൻ ആംഗസ് ഡാൽഗ്ലീഷും നോർവീജിയൻ ശാസ്ത്രജ്ഞൻ ബിർജർ സോറൻസൻസെന്നും ചേർന്നെഴുതിയ ഒരു പ്രബന്ധത്തിൽ മറ്റു ചില ആരോപണങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഇവരുടെ അഭിപ്രായത്തിൽ സാർസ്‌ കൊറോണ വൈറസ്-2ന് വിശ്വസനീയമായ ഒരു പ്രകൃതിദത്ത മുൻഗാമിയെ കണ്ടെത്താനായിട്ടില്ലെന്നാണ്. വുഹാൻ ലബോറട്ടറിയിൽ വൈറസുകളിൽ പുതിയ സ്വഭാവം സൃഷ്ടിച്ചെടുക്കുന്ന ഗവേഷണം (Gain of Function) നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ചൈനീസ് ഗുഹകളിൽനിന്നുമുള്ള വവ്വാലുകളിലെ സാർസ്‌ വൈറസുകളുടെ സ്പൈക്ക് പ്രോട്ടീനിൽ ജനിതകമാറ്റം വരുത്തി അവയുടെ വ്യാപനസാധ്യത വർധിപ്പിക്കുകയാണുണ്ടായതെന്ന നിഗമനത്തിലാണ് ഇവർ എത്തിച്ചേർന്നിട്ടുള്ളത്. റിവേഴ്സ് എൻജിനിയറിങ്‌ സങ്കേതത്തിലൂടെ വൈറസ് പ്രകൃതിദത്തമാണെന്ന് പ്രതീതി പരത്താനാണ് ചൈനീസ് ശാസ്ത്രജ്ഞർ ശ്രമിക്കുന്നതെന്ന ഗുരുതരമായ ആരോപണവും ഇവർ ഉന്നയിക്കുന്നുണ്ട്. ശാസ്ത്രഗവേഷണത്തിന്റെ ഭാഗമായി ഉദ്‌ഭവിച്ച വൈറസ് ലബോറട്ടറിയിലെ സുരക്ഷാസംവിധാനത്തിന്റെ അപര്യാപ്തതമൂലം പുറത്ത് വ്യാപിച്ചിരിക്കാനാണ് സാധ്യതയെന്നും ഇവർ നിരീക്ഷിക്കുന്നു.

വസൂരി വിവാദം

മഹാമാരിചരിത്രത്തിൽ ലബോറട്ടറിയിൽനിന്ന്‌ വൈറസ് ചോർന്ന് വലിയ വിവാദം സൃഷ്ടിച്ച ഒരു സംഭവം ഈ അവസരത്തിൽ ഓർമവരുന്നു. വസൂരി രോഗാണുവുമായി ബന്ധപ്പെട്ടാണിതുണ്ടായത്. എഡ്വേർഡ് ജെന്നറുടെ 1796-ലെ ചരിത്രം സൃഷ്ടിച്ച വസൂരി വാക്സിനേഷൻ കണ്ടെത്തലിനു ശേഷവും പലരാജ്യങ്ങളിലും വസൂരി പടർന്നുപിടിച്ചുകൊണ്ടിരുന്നു. ലോകാരോഗ്യസംഘടന പത്തു വർഷത്തിനകം ഭൂമുഖത്തുനിന്ന്‌ വസൂരി തുടച്ചുനീക്കുന്നതിനുള്ള ഊർജിത വസൂരിനിർമാർജന പദ്ധതി (Intensified Small Pox Eradication Programme) 1966-ൽ പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടന വിഭാവനം ചെയ്തപോലെ, വസൂരിയുടെ പിടിയിൽനിന്നു ലോകത്തെ രക്ഷപ്പെടുത്താനുള്ള ബൃഹദ്‌ പദ്ധതി 1977-ൽത്തന്നെ സാക്ഷാത്കരിക്കാൻ കഴിഞ്ഞു.

1975 ഒക്ടോബർ 16-ന്‌ ബംഗ്ലാദേശിലെ ബരിസാൽ ജില്ലയിലെ കുറാലിയ എന്ന ജില്ലയിൽ രണ്ടുവയസ്സുള്ള റഹിമ ബാനു എന്ന കുട്ടിയിലാണ് ലോകത്തെ അവസാനത്തെ വേരിയോള മേജർ രോഗാണുമൂലമുള്ള വസൂരി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1977-ൽ സൊമാലിയയിലെ തുറമുഖ നഗരമായ മെർക്കയിൽ താമസിച്ചിരുന്ന 23 വയസ്സുള്ള അലി മവോ മാലിൻ (1954-2013) ആണ് വേരിയോള മൈനർ ബാധിച്ച അവസാനത്തെ മനുഷ്യൻ എന്ന് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷകർ പ്രഖ്യാപിച്ചു. ആശുപത്രി പാചകക്കാരനായിരുന്ന മാലിൻ രണ്ട് വസൂരി രോഗികളുമായി 12, ഒക്ടോബർ 1977-ൽ  ആശുപത്രിയിലേക്ക് പോകവേയാണ് രോഗബാധിതനായത്. ഒക്ടോബർ 30-ന് വസൂരി സ്ഥിരീകരിക്കപ്പെട്ട മാലിൻ പൂർണ രോഗവിമുക്തി നേടി.

ജാനറ്റ് പാർക്കറും ഷൂട്ടർ കമ്മിഷനും

വസൂരി രോഗത്തിന്റെ കഥ എന്നാൽ ഇവിടെ അവസാനിച്ചില്ല. ലോകം വസൂരിമുക്തമായി എന്ന് 1978-ൽ പ്രഖ്യാപിക്കാൻ ലോകാരോഗ്യസംഘടന തയ്യാറെടുത്തു തുടങ്ങിയ അവസരത്തിൽ തികച്ചും  നാടകീയവും സ്തോഭജനകവുമായി ബ്രിട്ടനിലെ ബെമിങ്ങാമിൽനിന്ന്‌ 1978 ഓഗസ്റ്റിൽ മറ്റൊരു വസൂരിബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു.  ബെമിങ്ങാം സർവകലാശാല മെഡിക്കൽ സ്കൂളിലെ അനാട്ടമി ഡിപ്പാർട്ട്മെന്റിലെ മെഡിക്കൽ ഫോട്ടോഗ്രാഫർ നാല്പതു വയസ്സുള്ള ജാനറ്റ് പാർക്കറിലാണ് (1938-78) 1978 ഓഗസ്റ്റ് പതിനൊന്നിന് വസൂരി രോഗലക്ഷണം കണ്ടെത്തിയത്. ബെമിങ്ങാം സർവകലാശാലയിലെ മൈക്രോബയോളജിസ്റ്റ് ഹെൻട്രി ബെഡ്സൺ (1929-1978) ജാനറ്റ് പാർക്കറിന്റെ ശരീരത്തിലെ വസൂരിക്കുരുക്കളിലെ സ്രവം ഇലക്‌ട്രോൺ മൈക്രോസ്കോപ്പിലൂടെ പരിശോധിച്ച് വസൂരിരോഗാണുക്കളെ കണ്ടെത്തി രോഗം സ്ഥിരീകരിച്ചു. ഒരുമാസത്തെ ഗുരുതരമായ രോഗബാധയെത്തുടർന്ന് സെപ്‌റ്റംബർ പതിനൊന്നിന് ജാനറ്റ് പാർക്കർ മരിച്ചു. വസൂരിമൂലം ലോകത്ത് മരിച്ച അവസാനത്തെ രോഗിയായി ചരിത്രത്തിൽ ജാനറ്റ് പാർക്കർ സ്ഥാനംപിടിച്ചു.

വലിയ വിവാദവും ജനരോഷവും വിളിച്ചുവരുത്തിയ പ്രസ്തുത സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രസിദ്ധ മൈക്രോബയോളജിസ്റ്റ് ആർ.എ. ഷൂട്ടറിന്റെ (1916-2013) അധ്യക്ഷതയിൽ പൊതുജനാരോഗ്യ വിദഗ്ധരും ലോകാരോഗ്യസംഘടന പ്രതിനിധികളുമടങ്ങിയ  സമിതിയെ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ചു. ഷൂട്ടർ കമ്മിഷൻ എന്നറിയപ്പെടുന്ന അന്വേഷണക്കമ്മിഷൻ,  സർവകലാശാലയിലെ മൈക്രോബയോളജി വസൂരി ഗവേഷണ ലബോറട്ടറിയിൽ സൂക്ഷിച്ചിരുന്ന വസൂരി രോഗാണുക്കൾ കേടുവന്ന കുഴൽ സംവിധാനത്തിലൂടെ (Duct system) പുറത്തു വരുകയാണുണ്ടായതെന്ന് കണ്ടെത്തി. വായുവിലൂടെ വ്യാപിച്ച രോഗാണുക്കൾ, ലബോറട്ടറിയുടെ താഴത്തെ നിലയിൽ ജോലിചെയ്തിരുന്ന ജാനറ്റ് പാർക്കറിലെത്തി രോഗബാധയുണ്ടാക്കിയതാവാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് കമ്മിഷൻ എത്തിച്ചേർന്നത്. 

ബെമിങ്ങാം സംഭവപരമ്പര

ബെമിങ്ങാം സംഭവപരമ്പര അവിടെയും അവസാനിച്ചില്ല. വസൂരി രോഗാണു ചോർന്ന മൈക്രോബയോളജി ലബോറട്ടറിയുടെ ചുമതലയുണ്ടായിരുന്ന സൗമ്യവ്യക്തിത്വത്തിന്റെ ഉടമയായിരുന്ന ഹെൻട്രി ബെഡ്സനെതിരേ അധാർമിക ജനിതക പരീക്ഷണമടക്കമുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാധ്യമങ്ങൾ അഴിച്ചുവിട്ടു. മാനസികമായി തകർന്ന ബെഡ്സൺ ശാസ്ത്രലോകത്തെയാകെ ഞെട്ടിച്ചുകൊണ്ട് 1978 സെപ്‌റ്റംബർ ആറിന് ആത്മഹത്യചെയ്യുകയാണുണ്ടായത്. ബെമിങ്ങാം സംഭവങ്ങൾക്കുശേഷവും റഹിമ ബാനുവിനെയും (വാരിയോള മേജർ) അലി മവോ മാലിനെ (വാരിയോള മൈനർ)യുമാണ് പ്രകൃതിദത്തമായി വസൂരി ബാധിച്ച അവസാനത്തെ വ്യക്തികളായി വൈദ്യശാസ്ത്ര ചരിത്രത്തിൽ രേഖപ്പെടുത്താറുള്ളത്. ലബോറട്ടറിയിൽ നിന്നുമുള്ള രോഗാണുബാധമൂലമായിരുന്നെങ്കിലും വസൂരിമൂലം അവസാനം മരിച്ച രോഗി ജാനറ്റ് പാർക്കറാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.  ലഘു രോഗമായിരുന്നെങ്കിലും വസൂരി ബാധിച്ച ജാനറ്റിന്റെ അമ്മ ഹിൽഡ വിറ്റ്കോംബിനെ ആരും പരിഗണിച്ചു കാണുന്നില്ല.

വസൂരി നിർമാർജനത്തെത്തുടർന്ന് വസൂരി രോഗാണു ഉപയോഗിച്ചുകൊണ്ടുള്ള ഗവേഷണങ്ങൾ ഇനിയും തുടരേണ്ടിവന്നേക്കാം എന്ന് പല രാജ്യങ്ങളിലെയും ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് ബെമിങ്ങാം സർവകലാശാല ലബോറട്ടറിയിൽനിന്നുണ്ടായ ദുരന്തംകൂടി പരിഗണിച്ച് ലോകത്തുള്ള രണ്ടെണ്ണമൊഴികെയുള്ള എല്ലാ ലബോറട്ടറികളിൽ നിന്നും പരീക്ഷണ ശാലകളിൽനിന്നും വസൂരി രോഗാണു  നീക്കംചെയ്യാൻ ലോകാരോഗ്യ സംഘടന നിർദേശം നൽകി.  ഇപ്പോൾ ഭാവി പഠനസാധ്യത  കണക്കിലെടുത്ത് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, റഷ്യൻ ഫെഡറേഷനിലെ,   റഷ്യൻ സ്റ്റേറ്റ് റിസർച്ച് സെന്റർ ഫോർ വൈറോളജി ആൻഡ്‌ ബയോടെക്‌നോളജി  എന്നീ ഗവേഷണ കേന്ദ്രങ്ങളിൽ മാത്രമാണ് ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ വസൂരി വൈറസ് സൂക്ഷിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെ 1980 മേയ് എട്ടിന് ചേർന്ന 33-ാമത് ലോകാരോഗ്യ അസംബ്ലിയിൽവെച്ച് ലോകവും ലോകജനതയും വസൂരിയിൽനിന്നു സ്വതന്ത്രമായി എന്ന് പ്രഖ്യാപിക്കപ്പെട്ടതോടെ മൂന്ന് സഹസ്രാബ്ദമായി വേട്ടയാടിയിരുന്ന ഒരു മഹാമാരിയിൽനിന്നു മനുഷ്യരാശി മോചിതമായതിന്റെ വിജയാഹ്ലാദം ലോകമെമ്പാടും ആഘോഷിക്കപ്പെട്ടു. വസൂരി രോഗാണുവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ കെട്ടടങ്ങി.  കോവിഡ് വൈറസിന്റെ കാര്യത്തിലും അങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.