ഒമിക്രോൺ വിദേശരാജ്യങ്ങൾ കടന്ന്‌ ഇന്ത്യയിലും കേരളത്തിലും എത്തിയിരിക്കുകയാണ്‌. കൊടുങ്കാറ്റിനായി കാത്തിരിക്കാൻ ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. നിലവിൽ ഒമിക്രോണിനെ സംബന്ധിച്ച നിഗമനങ്ങളിലെത്താനും പ്രതിരോധമാർഗങ്ങൾ ഏർപ്പെടുത്താനും വിദേശരാജ്യങ്ങളിൽനിന്നു ലഭിക്കുന്ന വിവരങ്ങളെയാണ്‌ അടിസ്ഥാനമാക്കേണ്ടിയിരിക്കുന്നത്‌. ഡെന്മാർക്ക്‌, നെതർലൻഡ്‌സ്‌, ഇംഗ്ളണ്ട്‌ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള വിവരങ്ങളാണ്‌ ഇപ്പോൾ ലഭ്യമായിട്ടുള്ളത്‌. ഒമിക്രോൺ പകർച്ചയിലും മറ്റു കാര്യങ്ങളിലും പ്രതീക്ഷിച്ചതുപോലെത്തന്നെയാണ്‌ മുന്നോട്ടുപോകുന്നതെങ്കിലും സമൂഹത്തിൽ അതുണ്ടാക്കുന്ന പ്രത്യാഘാതം നിലവിൽ പ്രവചനാതീതമാണ്‌. കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ഇത്‌ നാം കണ്ടതാണ്‌. രോഗം പടരുമ്പോൾമാത്രമേ അത്‌ സമൂഹത്തിൽ ഏതുതരത്തിലൊക്കെയുള്ള പ്രത്യാഘാതമാണ്‌ സൃഷ്ടിക്കുന്നതെന്ന്‌ തിരിച്ചറിയാൻ കഴിയൂ.
വളരെ വേഗം പടരുന്നതാണ്‌ ഒമിക്രോൺ എന്നകാര്യം സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. ഒന്നര-രണ്ടു ദിവസം മതി കേസുകൾ ഇരട്ടിയാകാൻ. ഇതിനു മുമ്പുള്ള രണ്ടു വകഭേദങ്ങളെക്കാളും വേഗമേറിയതാണിത്‌. കാട്ടുതീപോലെ പടരാനുള്ള സാധ്യതയിലേക്കാണ്‌ ഇത്‌ വിരൽചൂണ്ടുന്നത്‌. ഡിസംബർ ആദ്യം യു.കെ.യിൽ 46,000 കേസുണ്ടായിരുന്നത്‌ 73,000 ആകാൻ രണ്ടാഴ്ചമാത്രമേ വേണ്ടിവന്നുള്ളൂ. ലോകാരോഗ്യ സംഘടനയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്‌.

ജനസംഖ്യ ഒരു വെല്ലുവിളി
വൈറസ്‌ ബാധിക്കുന്നവരിൽ രോഗാവസ്ഥ ഗുരുതരമാകുന്നില്ലെന്നതും സ്ഥിരീകരിച്ച കാര്യമാണ്‌. രോഗബാധിതരിൽ അധികമൊന്നും ഇതുവരെ അതിഗുരുതരാവസ്ഥയിൽ എത്തിയിട്ടില്ല. ഒരേസമയത്ത്‌ രോഗം വരുന്നവരുടെ എണ്ണം വളരെ കൂടുതലായതിനാൽ ആശുപത്രി പ്രവേശനത്തിന്റെ കാര്യം വരുമ്പോൾ ഇന്ത്യപോലെ ജനസംഖ്യ വളരെ കൂടുതലുള്ളതും ആശുപത്രികളുടെ എണ്ണം താരതമ്യേന കുറവുള്ളതുമായ ഇടങ്ങളിൽ പ്രശ്നമായേക്കാം. വലിയൊരു തരംഗമുണ്ടായി ഒട്ടേറെ ആളുകളെ രോഗം ഒരേസമയം ബാധിച്ചാൽ ആശുപത്രിയിലെത്തുന്നത്‌ ഒരു ശതമാനമാണെങ്കിൽപ്പോലും അത്‌ ആശുപത്രി സംവിധാനങ്ങളുടെ താളംതെറ്റിച്ചേക്കാം. കോവിഡ്‌ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചപ്പോൾ നാം നേരിട്ട പ്രതിസന്ധിയുടെ ഒരു രണ്ടാം പതിപ്പായി ഇതു മാറാതെ നോക്കേണ്ടതുണ്ട്‌. ഗുരുതരാവസ്ഥ ഏറ്റവും കുറഞ്ഞ കാറ്റഗറി ‘എ’ ആണെങ്കിൽപ്പോലും വീട്ടിൽ പരിചരിക്കാൻ ആളില്ലാതെ വന്നാൽ രോഗികൾക്ക്‌ ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നേക്കാം. ഇത്‌ ആശുപത്രികളിൽ തിരക്ക്‌ വർധിപ്പിക്കാനിടയാക്കും. അതിനനുസരിച്ചുവേണം പ്രതിരോധമാർഗങ്ങൾ ആവിഷ്കരിക്കാൻ.വാക്ലിൻ എടുത്തവർക്കും ഒമിക്രോൺ പിടിപെടുന്നുണ്ടെന്നത്‌ ശരിയാണ്‌. ഡെന്മാർക്കിലും മറ്റും രണ്ടു ഡോസും എടുത്തവർക്കുപോലും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗതീവ്രത കുറവാണെങ്കിലും രോഗലക്ഷണങ്ങളുണ്ടായേക്കാം. ക്ഷീണംപോലുള്ള പ്രശ്നങ്ങൾ രോഗികളെ വിശ്രമത്തിലേക്ക്‌ തള്ളിവിടും. മാത്രമല്ല, വീട്ടിലുള്ള മറ്റുള്ളവർക്കും അയൽക്കാർക്കും രോഗം പകരും. ഇത്‌ പുറത്തേക്കു പടർന്നായിരിക്കും വലിയൊരു തരംഗംതന്നെ ഉണ്ടാകുക. 

രോഗപ്പകർച്ചയുടെ വേഗം തന്നെയാണ്‌ ഇവിടെ പ്രശ്നം. രോഗികൾക്ക്‌ വീട്ടിലുള്ള പരിചരണമോ പ്രാഥമിക പരിചരണകേന്ദ്രങ്ങളിലെ ചികിത്സയോ മതിയാകുമെങ്കിലും ഒരു വീട്ടിലെ എല്ലാവർക്കും രോഗം വരുകയോ അയൽപക്കക്കാരിലേക്കുകൂടി പകരുകയോ ചെയ്താൽ ഏറ്റവും അടിസ്ഥാനപരമായ പരിചരണംപോലും ചിലപ്പോൾ ലഭ്യമാക്കാനാകാതെ വന്നേക്കാം. പരിചരിക്കാനുള്ള ആളുകളുടെ എണ്ണം താരതമ്യേന കുറവാണെന്നതാണ്‌ കാരണം.

പ്രോട്ടോകോൾ തയ്യാറാക്കണം
ആഘോഷങ്ങൾ, യോഗങ്ങൾ, സത്‌കാരങ്ങൾ തുടങ്ങി ആളുകൾ കൂടുന്ന പരിപാടികളിൽനിന്നാണ് ഒമിക്രോൺ ഏറ്റവുമധികം പകർന്നിരിക്കുന്നത്. അത്തരം പരിപാടികളിൽ പങ്കെടുക്കുന്ന ഒരാൾക്ക് രോഗമുണ്ടെങ്കിൽ എല്ലാവരിലേക്കും പകർന്നേക്കാം. അങ്ങനെ വൈറസ് വീടുകളിലെത്തുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. അതുകൊണ്ടുതന്നെ അത്തരം പരിപാടികളുടെ കാര്യത്തിൽ കൃത്യമായ പ്രോട്ടോകോൾ നിശ്ചയിക്കേണ്ടതുണ്ട്.സമ്പർക്കവിലക്കും സമ്പർക്കം കണ്ടെത്തലുമൊന്നുമല്ല ഇക്കാര്യത്തിൽ പ്രധാനം. സംശയമുള്ള സ്ഥലങ്ങളിൽനിന്നു വരുന്നവരെ പ്രത്യേകം പരിശോധിച്ചും നിയന്ത്രണങ്ങളേർപ്പെടുത്തിയുമാണ് ഇപ്പോൾ ഒമിക്രോണിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. പക്ഷേ, അതിനുമപ്പുറമാണ് ഒമിക്രോൺ എന്നാണ് രോഗം വന്ന രാജ്യങ്ങൾ തെളിയിക്കുന്നത്. ജനങ്ങളെ മുഴുവനും പരിശോധിച്ചാൽ ചിലപ്പോൾ വൈറസ് വ്യാപനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ കിട്ടിയേക്കാം. നിലവിൽ യാത്രചെയ്തുവരുന്ന ചെറിയൊരു വിഭാഗത്തെ മാത്രം പരിശോധിക്കുന്നതിനാലാണ് എണ്ണം വളരെ കുറഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ ചെറിയൊരു വിഭാഗത്തിലേക്കു മാത്രമായി ശ്രദ്ധതിരിക്കുമ്പോൾ നാം കാണാത്ത മേഖലകളിൽ രോഗം പകരുകയും പടർന്നുപിടിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകും.പെട്ടെന്നു പടരുന്ന മഹാമാരികളിൽ, ടെസ്റ്റ് നടത്തി രോഗം സ്ഥിരീകരിക്കുന്നതിന് ചെലവും മനുഷ്യവിഭവശേഷിയും വളരെ കൂടുതലായി വേണ്ടിവരും. അതുകൊണ്ട് ക്ലിനിക്കൽ ലക്ഷണങ്ങൾവെച്ച് രോഗം സ്ഥിരീകരിച്ച് മുന്നോട്ടുപോകുകയാണ് നല്ലത്. ഗുരുതരമായ രോഗമുണ്ടാകുന്നവരെ മാത്രം ടെസ്റ്റ് ചെയ്യുകയെന്നതിലേക്കാണ് ലോകരാഷ്ട്രങ്ങൾ നീങ്ങുന്നത്, അതാണ് അഭികാമ്യവും. ഒന്നോ ഒന്നരയോ മാസത്തിനുള്ളിൽ ഒമിക്രോൺ തരംഗം ഇന്ത്യയിൽ മൂർച്ഛിക്കാമെന്നാണ് കണക്കുകൂട്ടുന്നത്. അതിന്റെകൂടി അടിസ്ഥാനത്തിൽവേണം പ്രതിരോധനടപടികൾ തയ്യാറാക്കാൻ.

 രോഗീപരിചരണത്തിന് സന്നദ്ധരെ വേണം
വളരെ പെട്ടെന്ന് പടരുകയും ഒട്ടേറെപ്പേരിലേക്ക് ഒരേസമയം എത്തുകയും തീവ്രത താരതമ്യേന കുറവായിരിക്കുകയും ചെയ്യുന്ന ഒരു പകർച്ചപ്പനിയായി ഒമിക്രോണിനെ കാണാം. ഹോം കെയറും സി.എഫ്.എൽ.ടി.സി. പരിചരണവും കുറേക്കൂടി ശക്തിപ്പെടുത്തേണ്ടിവരും. കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ വീടുകളിലും സി.എഫ്.എൽ.ടി.സി.കളിലും ഏർപ്പെടുത്തേണ്ടിവരും. ഏതുതരക്കാർക്ക് രോഗം വന്നാലും നേരിടാനും പരിചരിക്കാനും തയ്യാറായി നിൽക്കുന്നവരുണ്ടാകണം. രോഗമില്ലാത്തവരോ രോഗം വന്നുപോയവരോ ആയ ചെറുപ്പക്കാരെ രോഗീപരിചരണത്തിനായി നിയോഗിക്കേണ്ടിവരും. വാക്സിനെടുക്കാനുള്ള ചെറുപ്പക്കാർക്കായിരിക്കും ഒമിക്രോൺ പ്രധാനമായും ബാധിക്കുക എന്നതുകൂടി പരിഗണിച്ചുവേണം തയ്യാറെടുപ്പുകൾ. കൂട്ടതൽപ്പേർക്ക് പരിശീലനം കൊടുക്കുകയാണ് ഇതിനാവശ്യം. ഇവർക്ക് രോഗത്തിൽനിന്ന് അകന്നുനിൽക്കാനുതകുന്ന സുരക്ഷാമാർഗങ്ങളും അവലംബിക്കണം. വളരെ പെട്ടെന്നു വന്നുപോകുന്ന രോഗമായതിനാൽ നാലോ ആറോ ആഴ്ച മാത്രമേ ഇത് നീണ്ടുനിൽക്കാനുള്ള സാധ്യതയുള്ളൂ. ആ സമയത്ത് പരിചരണത്തിന് പരിശീലനം ലഭിച്ചവരുടെ എണ്ണം കൂടുതലായി ഉണ്ടാകണമെന്നുമാത്രം. ഗുരുതരമായവർക്കുള്ള ചികിത്സയുടെ ഉപകരണം മാത്രമായിരിക്കണം ടെസ്റ്റിങ്‌. ആശുപത്രിസംവിധാനങ്ങൾ നിലവിൽ നല്ലരീതിയിലുണ്ട്. ഈ സ്ഥിതിയിൽ പ്രശ്നമുണ്ടാകാൻ സാധ്യതയില്ലെങ്കിലും രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിരീക്ഷണം നടത്തി ദ്രുതഗതിയിൽ സൗകര്യങ്ങൾ വർധിപ്പിക്കേണ്ടിവരും. അതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോഴേ തുടങ്ങണം.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടായ ലേഖകൻ കോവിഡ് മുംബൈ മിഷന്റെ തലവനായിരുന്നു