കോവിഡ് ഏതാണ്ട്‌ എല്ലാസ്ഥലത്തുനിന്നും നിഷ്ക്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ ആശ്വാസത്തിനിടയിലേക്കാണ് ഒമിക്രോൺ എന്ന പുതിയൊരു വൈറസ് വകഭേദം കടന്നുവന്നിരിക്കുന്നത്. വുഹാൻ വകഭേദവും ഡെൽറ്റ വകഭേദവുമായി താരതമ്യംചെയ്യുമ്പോൾ ഒമിക്രോണിന് പകർച്ചശേഷി വളരെ കൂടുതലാണെന്നാണ് നിഗമനം. ശ്വാസകോശഭിത്തികളിലേക്ക് പെട്ടെന്ന് പകർന്നെത്താൻ സഹായിക്കുന്ന സ്‌പൈക്ക്‌ പ്രോട്ടീനുകളിലാണ് കാര്യമായ ജനിതകവ്യതിയാനം സംഭവിച്ചിട്ടുള്ളത്. വുഹാൻ വൈറസിനെക്കാൾ വേഗത്തിൽ ഡെൽറ്റ വൈറസ് പകർന്നെങ്കിൽ അതിനെക്കാൾ വേഗത്തിൽ ഒമിക്രോൺ പകർന്നേക്കാമെന്നർഥം. 
എന്നാൽ, ഒമിക്രോണിന് രോഗതീവ്രതാശേഷി കുറവാണെന്നാണ് കരുതപ്പെടുന്നത്. മരണനിരക്ക് ഉൾപ്പെടെ വർധിക്കുമെന്ന ഭയംവേണ്ടാ എന്നർഥം. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടന്നുവരുകയാണ്. അപ്പോഴും കോവിഡിനെതിരേ ലോകമെമ്പാടും സ്വീകരിച്ചിട്ടുള്ള വാക്സിനേഷൻ എത്രമാത്രം ഫലപ്രദമാണെന്ന ചോദ്യവും ഉയരുന്നുണ്ട്. കോവിഡ് വാക്സിൻ രോഗപ്പകർച്ച പൂർണമായി തടയുന്നില്ലെന്ന കാര്യം നേരത്തേത്തന്നെ ബോധ്യപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വാക്സിനെടുത്തവരിൽ ഒമിക്രോണും ബാധിച്ചേക്കാം. എന്നുകരുതി വാക്സിൻ പ്രയോജനപ്രദമല്ല എന്ന വാദത്തിൽ കഴമ്പില്ല. 
 
വൈറസിന്റെ വുഹാൻ വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് നാം വാക്സിൻ വികസിപ്പിച്ചെടുത്തത്. വാക്സിനെടുക്കുമ്പോൾ വൈറസിന്റെ ഏതെങ്കിലുമൊരു ഘടകത്തിനെതിരായി മാത്രമല്ല ശരീരം ആന്റിബോഡി സൃഷ്ടിക്കുന്നത്. സെൽ മീഡിയേറ്റഡ് ഇമ്യൂണിറ്റി എന്ന, വൈറസിനോടുള്ള വ്യാപകമായ രോഗപ്രതിരോധശേഷിയാണ് കോവിഡ് വാക്സിൻ ഉണ്ടാക്കുന്നത്. മിക്കവാറും വൈറസുകളെ ആക്രമിക്കാനുള്ള ശേഷി ഈ ആന്റിബോഡികൾക്കുണ്ടാകും. എന്നാൽ, ബ്രേക്ക് ത്രൂ ഇൻഫെക്‌ഷനുകൾ കൂടുകയും ചെയ്യാം. ഡെൽറ്റ വൈറസ് വ്യാപകമായപ്പോഴും വാക്സിനേഷന്റെ ശക്തിയിൽത്തന്നെയാണ് നാം പിടിച്ചുനിന്നതെന്ന കാര്യം മറക്കരുത്. രോഗം വന്നാലും അവയുണ്ടാക്കുന്ന പ്രശ്നങ്ങൾ ശക്തികുറഞ്ഞവയായിരിക്കും. പുതിയ വകഭേദം വന്നതോടെ ഇനിയൊരു ബൂസ്റ്റർ ഡോസ് ആവശ്യമായി വന്നാൽ അതിലെന്തൊക്കെ മാറ്റങ്ങൾ വേണ്ടിവന്നേക്കാമെന്ന പഠനത്തിനുകൂടിയാണ് സാധ്യത തെളിയുന്നത്.
 
ദക്ഷിണാഫ്രിക്ക  എന്തുപിഴച്ചു 
ഒമിക്രോണിന്റെ കണ്ടെത്തൽ ആഗോളതലത്തിൽ ചില രാഷ്ട്രീയ ചർച്ചകൾക്കുകൂടി വഴിതെളിച്ചിട്ടുണ്ട്. രോഗം കണ്ടെത്തിയതിന്റെ പേരിൽ ദക്ഷിണാഫ്രിക്കയുമായി സമ്പർക്കയാത്രവിലക്കുകൾ ചില രാജ്യങ്ങൾ ഏർപ്പെടുത്തിയതാണ് ഇതിലേക്ക്‌ വഴിതെളിച്ചത്. കോവിഡിന്റെ തുടക്കകാലത്തും യാത്രവിലക്ക് വലിയൊരു പ്രശ്നവും പ്രതിസന്ധിയുമായിരുന്നെങ്കിലും അതിനെ രാഷ്ട്രീയചർച്ചയായി മാറ്റിയത് ഒമിക്രോണും ദക്ഷിണാഫ്രിക്കയുമാണ്. ഒമിക്രോൺ എന്ന പുതിയ വൈറസ് വകഭേദത്തെ ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ കണ്ടെത്തിയപ്പോൾ ലോക മാധ്യമങ്ങളുൾപ്പെടെ റിപ്പോർട്ട് ചെയ്തതും പ്രചരിപ്പിച്ചതും അവിടെ പുതിയ വൈറസ് എന്നാണ്. ഇതോടെ ഒമിക്രോൺ ഉണ്ടായത് അവിടെയാണെന്നും അവിടെനിന്ന്‌ രോഗം പുറംലോകത്തേക്ക്‌ പകരുമെന്നുമുള്ള തെറ്റായ ധാരണ പരന്നു. പല രാജ്യങ്ങളും അങ്ങോട്ടും അവിടെനിന്നുമുള്ള യാത്രകൾ വിലക്കി. എന്നാൽ, യഥാർഥത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.
എയ്ഡ്‌സുമായും എബോളയുമായുമൊക്കെ ബന്ധപ്പെട്ട് വലിയ സംവിധാനങ്ങളാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. ഏതുരോഗത്തെയും വകഭേദങ്ങളെയും നേരത്തേ കണ്ടെത്താൻ സഹായിക്കുന്ന പരിശോധനാസങ്കേതങ്ങളാണ് അവയിൽ പ്രധാനം. വൈറസുകളുടെ ജനിതകവകഭേദങ്ങളെ വേഗത്തിൽ തിരിച്ചറിയാനുതകുന്ന അത്യാധുനികവും ശേഷികൂടിയതുമായ ലാബ് സംവിധാനങ്ങൾ, രോഗം കണ്ടെത്തിയാൽ പടരുന്നത് തടയാനുള്ള സംവിധാനങ്ങൾ എന്നിവയൊക്കെ ഇതിലുൾപ്പെടും. മിടുക്കരായ ഗവേഷകരും അവിടെ ധാരാളമാണ്. അവരുടെ ഈ ശാസ്ത്രസാങ്കേതികശേഷിയാണ് ഒമിക്രോൺ എന്ന വൈറസ് വകഭേദത്തെ തുടക്കത്തിൽത്തന്നെ കണ്ടെത്താൻ സഹായിച്ചത്. 
 
നവംബർ ആദ്യം വൈറസ് വകഭേദം കണ്ടെത്തിയ ഉടൻതന്നെ ദക്ഷിണാഫ്രിക്ക അത് റിപ്പോർട്ട് ചെയ്യുകയും അവയുടെ പകർച്ചവേഗം ഉൾപ്പെടെ നിർണയിക്കുകയുംചെയ്തു. ജീനുകൾ പരിശോധിച്ചാണ് വൈറസിന്റെ പകർച്ചവേഗം നിർണയിക്കുന്നത്. വുഹാനിൽ കണ്ടെത്തിയ വൈറസുകളുടെയും ഡെൽറ്റ വൈറസുകളുടെയും പകർച്ചവേഗം നിശ്ചയിക്കുന്ന ജീനുകളുമായി ഒമിക്രോണിന്റെ ജീനുകൾ താരതമ്യംചെയ്ത് അവയുടെ ഘടനയും വ്യത്യസ്തതകളും പരിശോധിച്ചാണ് പകർച്ചവേഗത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നത്. 
ഇത്തരത്തിൽ അത്യാധുനികമായ സാങ്കേതികവിദ്യകളിലൂടെ പുതിയ രോഗങ്ങളെയും അവയുടെ വകഭേദങ്ങളെയും ഉടനടി കണ്ടെത്തുന്നതുകൊണ്ടുള്ള നേട്ടങ്ങൾ പലതാണ്. അല്ലാത്തപക്ഷം രോഗം സമൂഹത്തിൽ വളരെയേറെ വ്യാപിച്ചശേഷം മാത്രമേ കണ്ടെത്താനാകൂ. പ്രതിരോധം തുടങ്ങുമ്പോഴേക്കും വൈകിപ്പോകുകയും ചെയ്യും. ദക്ഷിണാഫ്രിക്കയുടെ ഈ ശേഷിയും കരുതലും അവർക്ക്‌ വിനയാകുന്നതാണ് പിന്നീട് കണ്ടത്. കോവിഡ് തുടങ്ങിയപ്പോൾ ചൈനയും  ഇറ്റലിയുമൊക്കെ ഒറ്റപ്പെടുത്തപ്പെട്ടതുപോലെ ദക്ഷിണാഫ്രിക്കയും ലോകരാഷ്ട്രങ്ങളിൽനിന്ന് ഒറ്റപ്പെടുന്ന സ്ഥിതി വന്നു. ഇതോടെ ഇക്കാര്യത്തിൽ വിശദീകരണവും എതിർപ്പുമായി ആരോഗ്യമേഖലയിലെ വിദഗ്ധർ രംഗത്തെത്തി. ദക്ഷിണാഫ്രിക്കയിൽ പുതിയ വകഭേദം കണ്ടെത്തി എന്നുപറയുമ്പോൾ അത് അവിടെയാണ് ആവിർഭവിച്ചതെന്നോ അവരാണ് ഇത് പകർത്തുന്നതെന്നോ ആരോപിക്കുന്നത് അടിസ്ഥാനരഹിതമാണ്. ആ സമൂഹത്തിന് അതിൽ ഉത്തരവാദിത്വമില്ല. വൈറസ് ലോകമെമ്പാടുമുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കുപിന്നാലെ ജർമനി, ന്യൂസീലൻഡ്, ബെൽജിയം തുടങ്ങി 11 രാജ്യങ്ങളിൽക്കൂടി ഒമിക്രോൺ വകഭേദം കണ്ടെത്തി. അതൊക്കെ അതതു രാജ്യങ്ങളിലെ പഠനങ്ങളിൽ കണ്ടെത്തിയവയാണ്. അല്ലാതെ ദക്ഷിണാഫ്രിക്കയിൽനിന്ന് അവിടെയെത്തിയതല്ല. കൂടുതൽ പരിശോധനകൾ നടക്കുമ്പോൾ ഈ വകഭേദം ചിലപ്പോൾ ഇന്ത്യയിലുൾപ്പെടെ കണ്ടെത്തിയെന്നുവരാം.
 
 വേണ്ടത് തിരിച്ചറിവ് 
പുതിയ വൈറസ് വകഭേദം ആവിർഭവിച്ചതോടെ ഇനി എന്താണ് നമുക്ക് ചെയ്യാനാകുക എന്നതാണ് നമ്മെ അലട്ടുന്ന അടുത്ത പ്രശ്നം. കടുത്ത പ്രതിസന്ധികൾക്കിപ്പുറം തുറന്നതൊക്കെ അടയ്ക്കേണ്ടിവരുമോയെന്നും തുടങ്ങിയതൊക്കെ അവസാനിപ്പിക്കേണ്ടിവരുമോയെന്നുമുള്ള ആശങ്ക ആളുകളിൽ വ്യാപകമാണ്. കോവിഡിന്റെ വുഹാൻ വകഭേദത്തിൽ ഏറ്റവുമധികം പകർച്ചയുണ്ടായത് വലിയതോതിൽ ആളുകൾ കൂടിയ ചടങ്ങുകളിൽനിന്നാണ്. മത, രാഷ്ട്രീയ, കുടുംബ ചടങ്ങുകളൊക്കെ ഇതിന്‌ കാരണമായിരുന്നു. അതൊക്കെ പെട്ടെന്ന് നിയന്ത്രിക്കാൻ അടച്ചിടലിലൂടെ ആദ്യം നമുക്ക് കഴിഞ്ഞു. ഡെൽറ്റ വൈറസിലേക്കെത്തിയപ്പോൾ വൈറസിന്റെ പകർച്ചശേഷി പിന്നെയും കൂടി. ആളുകൂടിയ പരിപാടികളിലുപരി വീടുകൾക്കുള്ളിലാണ് ഡെൽറ്റ വൈറസ് കൂടുതലായി പകർന്നത്. അതിലും വേഗം ഒമിക്രോണിനുണ്ട്‌ എന്നാണ് പ്രാഥമിക നിഗമനം. അത് എങ്ങനെ കുറയ്ക്കാമെന്നാണ് ചിന്തിക്കേണ്ടത്. സാമൂഹിക അകലം, മാസ്ക്, സാനി­െറ്റെസേഷൻ എന്നിവ ഇപ്പോഴും പ്രസക്തമായിത്തന്നെ നിൽക്കുകയാണ്. സാമൂഹിക അകലം ബുദ്ധിപരമായും ശാസ്ത്രീയമായും ഉപയോഗിക്കാൻ നാം ഇനിയെങ്കിലും ശീലിക്കണം. 
 
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡെപ്യൂട്ടി സൂപ്രണ്ടായ ​ലേഖകൻ കോവിഡ്‌ മുംബൈ മിഷന്റെ തലവനായിരുന്നു
 

യാത്രവിലക്കിന്റെ നിരർഥകത

ലോകത്ത് ആളുകൾ വളരെ വേഗത്തിലാണ് യാത്രചെയ്യുന്നത്. യാത്രവിലക്കുകൊണ്ട് രോഗപ്പകർച്ച തടയുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാകുന്നത് അതിനാലാണ്. വൈറസിനും ബാക്ടീരിയയ്ക്കുമൊന്നും രാജ്യാതിർത്തികൾ ബാധകമല്ലെന്ന തിരിച്ചറിവ് ഇനിയെങ്കിലും നമുക്കുണ്ടാകണം. അതിർത്തികൾ മനുഷ്യൻ സൃഷ്ടിച്ചതാണ്. അത് അവർക്കുമാത്രമേ ബാധകമാകൂ. മറ്റു ജീവജാലങ്ങൾക്കൊന്നും അതിർത്തികൾ ബാധകമല്ല. ലോകം ഒരു ആഗോളഗ്രാമമായി പരിണമിച്ചതോടെ യാത്രചെയ്യുകയെന്നത് അനിവാര്യമായ സംഗതിയാണ്. അത് രാജ്യാന്തരമായാലും സംസ്ഥാനാന്തരമായാലും. കോവിഡിന്റെ തുടക്കത്തിൽ കേരള-കർണാടക അതിർത്തി അടിച്ചിട്ട വിവാദം നാം മറന്നിട്ടില്ല. ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യനാണ്, അല്ലാതെ വൈറസല്ല പ്രതിസന്ധി സൃഷ്ടിക്കുന്നത്. പത്തോ നൂറോ പേർക്ക് രോഗം വന്നപ്പോൾ സംസ്ഥാനത്തിന്റെ അതിർത്തി അടച്ചിട്ട് വിലക്കുകളേർപ്പെടുത്തിയപ്പോൾ എന്തിനും ഏതിനും മംഗലാപുരത്തെ ആശ്രയിച്ചിരുന്ന കാസർകോട്ടുകാർ അനുഭവിച്ച ബുദ്ധിമുട്ട് നാം നേരിട്ടറിഞ്ഞു. ഹൃദ്രോഗികളും ഗുരുതരരോഗമുള്ളവരും അപകടത്തിൽപ്പെടുന്നവരുമൊക്കെ മംഗലാപുരത്തെ ആശുപത്രിയിലാണ് എത്തിക്കൊണ്ടിരുന്നത്. അതുസാധ്യമാകാതെ വന്നതോടെ അവർക്ക് വിദഗ്ധചികിത്സ കിട്ടാതെ മരിച്ചുപോകുന്ന സ്ഥിതിയായി. മനുഷ്യനുണ്ടാക്കുന്ന വിപത്തെന്ന് ഇതിനെ പറയാനുള്ള കാരണമിതാണ്. എന്നിട്ട് കർണാടകത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ കോവിഡ് പടരുന്നതോ മരണമുണ്ടാകുന്നതോ തടയാൻ സാധിച്ചില്ലെന്ന കാര്യം ഓർക്കുക.