ന്നിവളർത്തുകേന്ദ്രങ്ങളുടെ പേരിൽ പ്രശസ്തിനേടിയ മലേഷ്യൻ ഗ്രാമമായ കമ്പൂങ് സുൻഗായിയിൽനിന്ന് ജാപ്പനീസ് ബി എൻകെഫലൈറ്റിസ് എന്നു സംശയിക്കപ്പെട്ട ഒട്ടേറെ കേസുകൾ പ്രവിശ്യാ ആശുപത്രിയിലേക്ക് നിരന്തരമായി വന്നുകൊണ്ടിരുന്നത് തുടക്കത്തിൽ ആരെയും അദ്‌ഭുതപ്പെടുത്തിയില്ല. പക്ഷേ, ഡോ. ലാം സായ് കിറ്റിന് അത് ഒട്ടും വിശ്വസനീയമായി തോന്നിയില്ല. രോഗികളുടെ സ്രവങ്ങളിലെ ജീവകണങ്ങളിൽ ജപ്പാൻ ജ്വരത്തിന്റെ വൈറസുകളിൽനിന്ന് തികച്ചും വ്യത്യസ്തമായ രൂപഭാവങ്ങൾ അദ്ദേഹത്തെ അമ്പരപ്പിച്ചു. അങ്ങനെയാണ് അദ്ദേഹം അമേരിക്കയിലെ ഹൈ സെക്യൂരിറ്റി വൈറൽ ഇൻസ്റ്റിറ്റ്യൂട്ടിനെ സമീപിക്കുന്നത്. 1999 ഏപ്രിലിൽ ആ സൂക്ഷ്മജീവികൾ ഭൂലോകത്തെ ഏറ്റവും അപകടകാരികളായ P4 വകുപ്പിൽപ്പെട്ട വൈറസുകളാണെന്ന റിപ്പോർട്ട് വന്നപ്പോൾ ഡോ. ലാമിന്റെ ജാഗ്രതയ്ക്കും നൈപുണ്യത്തിനും മുന്നിൽ ലോകം കൈകൂപ്പിനിന്നു.
കമ്പൂങ് സുൻഗായിയിലെ പുഴയുടെ പേരാണ് നിപ (Nipah). 1998-ൽ മലേഷ്യയിൽ എൽ-നിനോ പ്രതിഭാസം  ഏറ്റവും ഭീകരമായി പ്രത്യക്ഷപ്പെട്ട വനമേഖലകളിൽനിന്ന് ജീവരക്ഷാർഥം പറന്നുപൊങ്ങിയ വവ്വാലുകൾക്ക് അഭയമേകിയത് പന്നിവളർത്തുകേന്ദ്രങ്ങളിലെ ഫലവൃക്ഷങ്ങളായിരുന്നു. ഭക്ഷണദൗർലഭ്യവും ആവാസവ്യവസ്ഥയിലുണ്ടായ അസാധാരണങ്ങളായ മാറ്റങ്ങളും സർവോപരി കടുത്ത ഭീതിയും വവ്വാലുകളുടെ (pteropus) പ്രതിരോധശേഷി തകർത്തപ്പോൾ അവയുടെ ശരീരത്തിൽ എക്കാലത്തും വളരെ ചെറിയതോതിൽ സഹവർത്തിത്വത്തോടെ ജീവിച്ചിരുന്ന (നിപ) വൈറസുകൾ അനിയന്ത്രിതമായി പെരുകാൻ തുടങ്ങി. കാണുന്നതെന്തും ഭക്ഷിക്കുന്ന പന്നികൾ അവയും കഴിച്ചു.

1998-ലായിരുന്നു അത്

നിപയുമായി മനുഷ്യകുലം അഭിമുഖംനിന്നത് താരതമ്യേന കുറച്ചു സന്ദർഭങ്ങളിൽ മാത്രമാണ്. 1998-’99ൽ മലേഷ്യയിലും സിങ്കപ്പൂരിലും 2001 മുതൽ 2015 വരെ ബംഗ്ലാദേശിൽ, 2001-ൽ ആദ്യമായി ഇന്ത്യയിലെ സിലിഗുരിയിൽ, 2007-ൽ പശ്ചിമബംഗാളിലെ നാഡിയയിൽ, 2018-’19-ൽ കേരളത്തിൽ  പേരാമ്പ്രയിലെ സൂപ്പിക്കടയിൽ. അന്ന് രോഗം പിടിപെട്ട 21 പേരിൽ 19 പേരെയും നമുക്ക് നഷ്ടപ്പെട്ടു. മൂന്നുവർഷത്തിനുശേഷം വീണ്ടും കേരളത്തിൽ കോഴിക്കോട് ചാത്തമംഗലത്ത് പാഴൂർ പഞ്ചായത്തിൽ പന്ത്രണ്ടുവയസ്സുകാരനെ നിപ കവർന്നെടുത്തിരിക്കുകയാണ്.

കേരളത്തിൽ കോവിഡ് മരണനിരക്ക് 0.5 ആയിരിക്കുമ്പോൾ നിപയുടെ മരണനിരക്ക് 50 ശതമാനംമുതൽ 75 ശതമാനംവരെയാണ്. നിപയുടെ സംക്രമണശേഷി (0.48) വളരെ കുറവാണെന്നതും എല്ലാവർക്കും തുടക്കത്തിൽത്തന്നെ കടുത്തരോഗലക്ഷണങൾ ഉണ്ടാവുമെന്നതുകൊണ്ട് തിരിച്ചറിയാൻ എളുപ്പമാണ് എന്നതുമാണ് ആശ്വാസഘടകങ്ങൾ.

പാരാ മിക്സോ വൈറിഡേ (Para mixo viridae) കുടുംബത്തിൽപ്പെട്ട ഹെനിപാ വൈറസ് എന്ന ജീനസിലെ രണ്ടംഗങ്ങളിൽ ഒന്നാണ് നിപ വൈറസ്. ഇത് ഒരു ആർ.എൻ.എ. (RNA virus) വൈറസാണ്. നിപ പരത്തുന്നതിൽ മുഖ്യപങ്കുവഹിക്കുന്നത് പഴംതീനി വവ്വാലുകളാണ്. റ്റീറോ പോഡിഡേ (Pteropodidae) കുടുംബത്തിലെ റ്റീറോപസ് (Pteropus) ജീനസിലെ അംഗമാണ് എന്നതാണവയുടെ വംശാവലിരഹസ്യം.

 ആദ്യ രോഗലക്ഷണങ്ങൾ

നിപയുടെ ബീജഗർഭകാലം (incubation period) അഞ്ചുമുതൽ 21 ദിവസംവരെയാണ്. പതിന്നാലുദിവസംവരെ നീണ്ടുനിന്നേക്കാവുന്ന കടുത്ത പനി, ചുമ, ശാരീരിക ക്ഷീണം, തലവേദന, തൊണ്ടവേദന തുടങ്ങിയവയാണ് ആദ്യ രോഗലക്ഷണങ്ങൾ. തുടർന്ന് അസാധാരണമായ ഉറക്കം, പരിസരബോധം നഷ്ടപ്പെടുക, ബോധക്ഷയം എന്നിവയും. 2015 വരെയുള്ള രോഗികളിൽ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ അത്ര ഗുരുതരമായിരുന്നില്ല. പക്ഷേ, 2018-ൽ കേരളത്തിൽ കടുത്ത ശ്വാസകോശപ്രശ്നങ്ങൾ രോഗികളിൽ കണ്ടത്‌ വൈറസിന്റെ ജനിതകമാറ്റത്തിന്റെ ലക്ഷണങ്ങളായി ശാസ്ത്രലോകം വിലയിരുത്തുന്നു.

പരിശോധനകൾ

രക്തം, സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് (CSF), തൊണ്ടയിൽനിന്നും മൂക്കിൽ നിന്നുമെടുക്കുന്ന സ്രവങ്ങൾ എന്നിവയിൽ വൈറസിന്റെ സാന്നിധ്യം പോളിമറൈസ് ചെയിൻ റിയാക്‌ഷൻ ടെസ്റ്റ് (PCR) വഴി ഉറപ്പിക്കുകയാണ് ആദ്യ ഘട്ടങ്ങളിൽ ചെയ്യുന്നത്. മധ്യഘട്ടങ്ങളിലും അവസാന ഘട്ടങ്ങളിലും എലിസ (ELISA) ടെസ്റ്റുകൾ ഉപയോഗിച്ച്  ആന്റിബോഡികളെ (IgM, IgG) തിരിച്ചറിയാം. മരണശേഷം പോസ്റ്റ്മോർട്ടസമയത്ത് എടുത്തുവെക്കുന്ന ശരീരകലകളിലെ (tissues) വൈറസ് സാന്നിധ്യം ഇമ്യൂണോ ഹിസ്റ്റോ കെമിസ്ട്രി വഴി തിരിച്ചറിയാം.

 മാർഗരേഖകൾ

നിപ രോഗസംക്രമണം തടയാനുള്ള മാർഗരേഖകൾ വളരെ കൃത്യമായി ലോകാരോഗ്യസംഘടന പുറത്തിറക്കിയിട്ടുണ്ട്. ഇരുപത് സെക്കൻഡെങ്കിലുമെടുത്ത് സോപ്പുപയോഗിച്ചുള്ള ശാസ്ത്രീയമായ കൈകഴുകലിനാണ് (ഇഗ്നാസ് സിമ്മൽ വീസിന് പ്രണാമം) അതിൽ പ്രഥമസ്ഥാനം. കൈപ്പത്തിയുടെ അകവും പുറവും, പെരുവിരൽ, കൈത്തണ്ട, വിരലിനടിയിലെ ഭാഗങ്ങൾ, വിരലറ്റങ്ങൾ എന്നിവ സോപ്പുപയോഗിച്ച് കഴുകുക, സാമൂഹിക അകലം പാലിക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, കൂടിച്ചേരലുകളിൽനിന്ന് ഒഴിഞ്ഞുനിൽക്കുക, ശാസ്ത്രീയമായി, ഗുണമേന്മയുള്ള മാസ്കുകൾ (N95) മാത്രം ഉപയോഗിക്കുക, അത്യാവശ്യ കാര്യങ്ങൾക്കുമാത്രം പുറത്തുപോവുക, ആവശ്യമുള്ള സന്ദർഭങ്ങളിൽ വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുക, ആശുപത്രികളിൽ രോഗീപരിചരണ അതിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക തുടങ്ങി ഒട്ടേറെ വ്യക്തിശുചിത്വ-സാമൂഹികശുചിത്വ രീതികൾ സമൂഹം അവലംബിക്കേണ്ടതുണ്ട്.

 വവ്വാലുകളെ സൂക്ഷിക്കാം

ലോകത്തെമ്പാടുമായി നിപയും വവ്വാലുകളുമായുള്ള സഹവർത്തിത്വം രേഖപ്പെടുത്തപ്പെട്ട സാഹചര്യത്തിൽ വവ്വാലുകളുമായി പ്രത്യക്ഷമോ പരോക്ഷമോ ആയ എല്ലാ ബന്ധങ്ങളും ഒഴിവാക്കുന്നതാണ് ഉത്തമം. വവ്വാൽ തൊട്ടതല്ല എന്ന് ഉറപ്പിക്കാൻകഴിയാത്ത പഴങ്ങൾ, വവ്വാൽ വസിക്കുന്ന വൃക്ഷങ്ങൾ, സ്ഥലങ്ങൾ എന്നിവയുമായി ഒരുതരത്തിലുള്ള സമ്പർക്കവും പാടില്ല. വാഴക്കൂമ്പിലെ തേൻ വവ്വാലുകളുടെ പ്രിയഭക്ഷണമാണ് എന്നതിനാൽ വാഴയില, കൂമ്പ്, കായകൾ എന്നിവ അതിജാഗ്രതയോടെ കൈകാര്യം ചെയ്യണം. കള്ള് വവ്വാലുകളുടെ ഇഷ്ടപാനീയമായതിനാൽ തുറന്നുവെച്ച കള്ളുകുടങ്ങളുള്ള തെങ്ങിൽ കയറുന്നതും അത്തരം കള്ളുകുടിക്കുന്നതും അതിജാഗ്രത ആവശ്യപ്പെടുന്നുണ്ട്. നിപ വൈറസ് അജൈവപദാർഥങ്ങളിൽ രണ്ടുമണിക്കൂറിലേറെ ജീവിച്ചിരിക്കില്ല എന്നതും പഞ്ചസാരലായനിയിൽപ്പോലും കുറച്ചു മണിക്കൂറുകൾമാത്രമേ അവയ്ക്കു ജീവിക്കാൻ പറ്റൂ എന്ന കാര്യവും ആശ്വാസംപകരുന്നു.

 വാക്സിൻ

നിപയ്ക്കെതിരേ പത്തിലധികം വാക്സിനുകൾ പരീക്ഷണഘട്ടത്തിലാണ്. പക്ഷേ, അന്തിമ സ്ഥിരീകരണം ലഭിച്ചാൽമാത്രമേ നമുക്ക് അവ ഉപയോഗിക്കാനാവൂ. ലോകത്ത് ഒരിക്കലും വെല്ലുവിളിയാവാത്ത ഒരു അസുഖത്തിന്റെ വാക്സിനുവേണ്ടി ദശലക്ഷക്കണക്കിന് ഡോളറുകൾ ചെലവാക്കാൻ സമ്പന്നരാഷ്ട്രങ്ങൾ ഒരിക്കലും മുന്നിട്ടിറങ്ങില്ല.

ചികിത്സാരീതികൾ

നിപ രോഗം വളരെ ഗുരുതരമാണെങ്കിലും വൈറസ് ശരീരത്തിലെത്തിയാൽ എല്ലാവർക്കും അസുഖം ഉണ്ടാവണമെന്നില്ല. രോഗിയുടെ പ്രതിരോധശേഷി, ശരീരത്തിൽ എത്തുന്ന വൈറസിന്റെ അളവ്, രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യം, വൈറസിന്റെ പാരുഷ്യം, രോഗസംക്രമണത്തിന് സഹായകമായ പരിസ്ഥിതിഘടകങ്ങൾ എന്നിവ നിർണായക രോഗഹേതുക്കളാണ്‌. രോഗലക്ഷണങ്ങളെ മുൻനിർത്തിയുള്ള ചികിത്സ (Symptomatic treatment), അനുബന്ധ ചികിത്സ (Supportive therapy), രോഗനിർമാർജന ചികിത്സ (curative treatment) എന്നിവയാണ്‌ ചികിത്സാരീതികൾ.

റിബാവെറിൻ, ഫാവി പിരാവിർ എന്നീ ആന്റിവൈറൽ മരുന്നുകൾ രോഗചികിത്സയിൽ പ്രതീക്ഷനൽകുന്നവയാണ്. പക്ഷേ, ലോകാരോഗ്യസംഘടന രോഗനിർമാർജന ഔഷധങ്ങളായി അവയെ ഇതുവരെ അംഗീകരിച്ചിട്ടില്ല. 2018-ൽ കേരളത്തിൽ പത്തുദിവസത്തെ പരീക്ഷണ ചികിത്സാപദ്ധതിയുടെ ഭാഗമായി റിബാവെറിൻ നൽകിയിരുന്നു. നിപയിലെ ജി-ഗ്ലൈക്കോ പ്രോട്ടീനുകളെ ലക്ഷ്യമാക്കി മോണോ ക്ലോണൽ ആന്റിബോഡി (MAB) ഉപയോഗിക്കുന്നത് പ്രതീക്ഷനൽകുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

നിപയുടെ അടുത്ത കുടുംബാംഗമായ ഹെൻഡ്ര വൈറസിനെതിരേ മികച്ചഫലങ്ങൾ ഉണ്ടാക്കിയ ഈ മരുന്ന് 2018-ൽ ഓസ്‌ട്രേലിയയിൽനിന്ന് കേരളം ഇറക്കുമതി ചെയ്തിരുന്നു. കോവിഡ് ചികിത്സയിൽ സെട്രോ വിമാബ്, കാരിനി വിമാബ് എന്നീ മോണോ ക്ലോണൽ ആന്റിബോഡി മരുന്നുകൾ, ഏറക്കുറെ ഫലപ്രദമായി നാം ഉപയോഗിച്ചുതുടങ്ങിയ സാഹചര്യത്തിൽ ഇത്തരം മരുന്നുകളുടെ പ്രസക്തി നിശ്ചയമായും വർധിക്കുന്നുണ്ട്.

നമ്മുടെ പൊതുജനാരോഗ്യസംവിധാനങ്ങൾ ശക്തമായ പൊളിച്ചെഴുത്തിന് വിധേയമാക്കണമെന്ന് ഒരിക്കൽകൂടി ഓർമിപ്പിക്കുകയാണ് നിപ വൈറസ്. പാരിസ്ഥിതികാവബോധവും മാലിന്യനിർമാർജനവും നമ്മുടെ പ്രധാനപ്പെട്ട ആരോഗ്യ അജൻഡകളായി മാറേണ്ടതുണ്ട്. കാലഹരണപ്പെട്ട മദ്രാസ് പബ്ലിക് ഹെൽത്ത് ആക്ടിനു പകരം കേരള പബ്ലിക് ഹെൽത്ത് ആക്ട് നടപ്പാക്കാൻ കാണിക്കുന്ന ഗുരുതരമായ അലംഭാവം ഏതൊരു പൊതുജനാരോഗ്യ പ്രവർത്തകനെയും അദ്‌ഭുതപ്പെടുത്തിയേക്കും. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി നമ്മുടെ ആരോഗ്യത്തിനു നേരെ കനത്തവെല്ലുവിളി ഉയർത്തുന്ന രോഗങ്ങൾ മിക്കവാറും പക്ഷികളിൽനിന്നും മൃഗങ്ങളിൽനിന്നും (zoonotic) പകരുന്നവയാണ്. കൊതുക്, വവ്വാൽ, കുരങ്ങ്, ചെള്ള്, പക്ഷി, പന്നി, പട്ടി എന്നിവയൊക്കെ നമ്മുടെ ജീവനുനേരെ നിരന്തരം ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം രോഗങ്ങൾ കൈകാര്യംചെയ്യാൻ മനുഷ്യർക്കുള്ള രോഗചികിത്സാ- ആരോഗ്യജാഗ്രതാസംവിധാനം മാത്രം മതിയാവില്ലെന്നു വ്യക്തമാണ്. മനുഷ്യർക്കുള്ള രോഗചികിത്സ-ആരോഗ്യ ജാഗ്രതാ സംവിധാനവും മൃഗങ്ങൾക്കുവേണ്ടിയുള്ള ചികിത്സ-ആരോഗ്യജാഗ്രതാ സംവിധാനവും പാരിസ്ഥിതിക കാഴ്ചപ്പാടുകളും സമന്വയിപ്പിക്കുന്ന വൺ ഹെൽത്ത്‌ പോളിസിയുടെ സാംഗത്യം ഇവിടെയാണ്. ഭോപാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസ് മോഡലിൽ മൃഗങ്ങളിലെ രോഗങ്ങൾ പഠിക്കുന്ന ഒരു പഠനകേന്ദ്രം കേരളത്തിലും ഉടനടി ആരംഭിക്കാൻ നാം മുന്നിട്ടിറങ്ങേണ്ടതുമുണ്ട്.

വേണം ലാബുകൾ

ഹൈ സെക്യൂരിറ്റി വൈറൽ ലാബുകളുടെ അഭാവം ഒന്നാം നിപയിൽ നമ്മെ വല്ലാതെ വലച്ചിരുന്നു. പുണെയിലും മണിപ്പാലിലും രക്തവും സ്രവങ്ങളും അയച്ച് നാം ആശങ്കപൂണ്ടിരുന്നു. ആ ദുരനുഭവങ്ങളിൽനിന്ന് നാമൊരു പാഠവും പഠിച്ചില്ല എന്നതിന്റെ തെളിവാണ് ഇത്തവണയും രോഗം സ്ഥിരീകരിക്കാൻവേണ്ടി പുണെയിലെ ലാബ് റിപ്പോർട്ടിന് നമുക്ക് കാത്തിരിക്കേണ്ടിവന്നത്. ആധുനിക ശാസ്ത്രീയസംവിധാനങ്ങളോടുകൂടിയ ഒന്നോ രണ്ടോ വൈറോളജി ഹൈ സെക്യൂരിറ്റി ലാബുകൾ എത്രയും വേഗം കേരളത്തിൽ ആരംഭിക്കേണ്ട സമയം നിശ്ചയമായും അതിക്രമിച്ചുകഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മന്ത്രിസഭാകാലത്ത് തറക്കല്ലിട്ട തോന്നയ്ക്കൽ വൈറോളജി ലാബിനെക്കുറിച്ച് പിന്നീട് അധികമൊന്നും കേൾക്കുകയുമുണ്ടായില്ല. ഐ.ഡി.എസ്.പി. (Integrated disease Surveillance Program) അതിന്റെ കടമകൾ നിർവഹിക്കുന്നതിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാതെപോയി. കഴിഞ്ഞ ഇരുപതുവർഷത്തെയെങ്കിലും പനിയെക്കുറിച്ചും അവയ്ക്കു കാരണമായ ഘടകങ്ങളെക്കുറിച്ചും കൂലങ്കഷമായ പഠനംനടത്തി ശാസ്ത്രീയമായ ഒരു ധവളപത്രം സർക്കാർ പുറത്തിറക്കുന്നത് ഈ ദിശയിലെ ആരോഗ്യപ്രവർത്തനങ്ങൾക്ക് നിശ്ചയമായും ഊർജം പകരുമെന്നുറപ്പാണ്. ലോകത്തെ മികച്ചസ്ഥാപനങ്ങളുടെ മാതൃകയിൽ ഇത്തരം സ്ഥിരംസംവിധാനങ്ങൾ നടപ്പിൽവരുത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ആരംഭിക്കേണ്ടതുണ്ട്

(ഐ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റും മാഹി ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് പീഡിയാട്രീഷ്യനുമാണ് ലേഖകൻ)