ഒരു വർഷംമുമ്പ്‌, 2018 മേയിൽ നാം വിജയകരമായി നേരിട്ട ഒരു വെല്ലുവിളി തിരിച്ചുവരുന്നു എന്ന സൂചനയാണ് നിലവിലുള്ളത്. ഒരുതരത്തിൽ ഈ സാഹചര്യം നാം പ്രതീക്ഷിച്ചതാണ്. നിപ രോഗം കാലാവസ്ഥയ്ക്കനുസരിച്ച് ചാക്രികമായി പ്രത്യക്ഷപ്പെടുന്ന ഒന്നാണെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്.

വവ്വാലുകളുടെ പ്രജനനകാലവും  രോഗത്തിന്റെ ചാക്രികസ്വഭാവവും

ഡിസംബർമുതൽ മേയ്‌വരെയുള്ള കാലയളവിലാണ് സാധാരണഗതിയിൽ നിപ പകർച്ചവ്യാധികൾ ഉണ്ടാകാറ്. നിപ വൈറസിന്റെ സ്രോതസ്സായ വവ്വാലുകളുടെ പ്രജനനകാലഘട്ടം ഇതാണ് എന്നതും ഈ കാലയളവിൽ വവ്വാലുകളിൽനിന്ന് വൈറസ് പുറത്തേക്ക് എത്തുന്നതിന്റെ തോത് വർധിക്കുമെന്നതുമാണ് ഇതിന്‌ കാരണം. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷത്തിൽനിന്ന് വ്യത്യസ്തമായി ഈ രോഗം കണ്ടെത്തുന്നതിനും കണ്ടെത്തിക്കഴിഞ്ഞാൽ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനും നാം തയ്യാറാണ്. രോഗപ്പകർച്ച തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ നാം സജ്ജരാണെങ്കിലും ഉയർന്ന മരണനിരക്കുള്ള ഒരു പകർച്ചവ്യാധിയെക്കുറിച്ച് ജാഗ്രത പുലർത്തുന്നത് നല്ലതാണ്.

ലോകത്തിന്‌ മാതൃക തീർത്തപ്പോൾ
കഴിഞ്ഞവർഷം മേയ് അഞ്ചാംതീയതിയാണ്  നിപ വൈറസ് ആദ്യത്തെ ജീവനെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചവരിൽ രണ്ടുപേരൊഴികെ ബാക്കി പതിനേഴുപേർ മരിച്ചു. ആദ്യമരണം നടന്നുകഴിഞ്ഞ് പന്ത്രണ്ടുദിവസം കഴിഞ്ഞാണ് ആരോഗ്യവകുപ്പിന് അജ്ഞാതമായ വൈറൽ രോഗത്തിന്റെ സാധ്യതയെക്കുറിച്ച് ആദ്യമായി അറിവ് ലഭിക്കുന്നത്.  മേയ് ഇരുപതാംതീയതി ഉച്ചയോടെയാണ് രോഗത്തിനുകാരണം നിപ വൈറസാണെന്ന്‌ തിരിച്ചറിയാനായത്. രോഗനിർണയത്തിന് രണ്ടാഴ്ചയിലധികം  നമുക്ക് വേണ്ടിവന്നെങ്കിലും തുടർന്ന് കോഴിക്കോട് ജില്ലയിലെ ആരോഗ്യസംവിധാനത്തിന്റെ ഏകോപനം  ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും ഹെൽത്ത് സർവീസ് ഡയറക്ടറും അടങ്ങുന്ന സംഘം ഏറ്റെടുക്കുകയും  ചിട്ടയായ പ്രതിരോധപ്രവർത്തനങ്ങൾവഴി രോഗത്തിന്റെ വ്യാപനം തടയുകയും ചെയ്തു. 
ജില്ലയിലെ സർക്കാർ-സ്വകാര്യ ആശുപത്രികളും ഡോക്ടർമാരും ഒറ്റക്കെട്ടായി ഈ ആരോഗ്യഭീഷണിയെ നേരിടാൻ തയ്യാറായി. ലോകത്തെമ്പാടും ഈ രോഗവുമായി ബന്ധപ്പെട്ട്‌ പ്രവർത്തിച്ച വിദഗ്ധരുടെ ഉപദേശങ്ങൾ തേടിയും ഈ വിഷയത്തിൽ പ്രസിദ്ധീകരിച്ച ശാസ്ത്രീയപഠനങ്ങൾ വായിച്ചും ഇവയിലുള്ള നിർദേശങ്ങൾ നമ്മുടെ സാഹചര്യങ്ങൾക്കനുസരിച്ച് വേണ്ടരീതിയിൽ മാറ്റംവരുത്തിയും രോഗത്തെ നേരിടാനുള്ള മാർഗരേഖകൾ തയ്യാറാക്കി. സംസ്ഥാനത്തിനുപുറത്ത് പല മേഖലകളിലും പ്രവർത്തിക്കുന്ന മലയാളികളുടെ സഹായം പണമായും ഉപകരണങ്ങളായും വിദഗ്‌ധോപദേശങ്ങളായും എത്തി. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പേഴ്‌സണൽ പ്രൊട്ടക്ടീവ് ഉപകരണങ്ങൾ, മാസ്കുകൾ എന്നിവയെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കി.  കോഴിക്കോട് മെഡിക്കൽ കോളേജ് രോഗചികിത്സയുടെ കേന്ദ്രബിന്ദുവായതോടെ ഇവിടേക്കുള്ള ആളുകളുടെ സന്ദർശനവുംമറ്റും നിയന്ത്രിക്കുകയും അതുവഴി രോഗത്തിന്റെ വ്യാപനം തടയുകയുംചെയ്തു. അങ്ങനെ ജനസാന്ദ്രത വളരെ കൂടിയ ഈ സംസ്ഥാനത്തും രോഗം ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ 
പൂർണമായും കെട്ടടങ്ങുന്ന രീതിയിൽ നിയന്ത്രണവിധേയമാക്കാൻ നമുക്ക് സാധിച്ചു. 

പ്രതിരോധത്തിന്‌ നാം തയ്യാർ
കഴിഞ്ഞവർഷത്തെ അനുഭവം നമുക്ക് നൽകിയ പാഠങ്ങളാണ് ഇത്തവണ നമ്മുടെ ശക്തി. കഴിഞ്ഞവർഷത്തെ രോഗബാധയുടെ സ്വഭാവം കൃത്യമായി പഠിച്ച് നാം തയ്യാറാക്കിയ റിപ്പോർട്ടുകൾ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വർഷം നാം രൂപവത്‌കരിച്ച അന്താരാഷ്ട്രബന്ധങ്ങൾ ഇപ്പോഴും സജീവമായി നിലനിൽക്കുന്നു. ഇതെല്ലാം രോഗബാധ സംശയിക്കാനും രോഗനിർണയത്തിനുള്ള നടപടികൾ വേഗത്തിലാക്കാനും ഇത്തവണ നമ്മെ സഹായിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചാൽ ഉടനടി വേണ്ട പ്രതിരോധനടപടികൾ സ്വീകരിക്കുന്നതിനും നമുക്ക് ഇന്ന് ശേഷിയുണ്ട്.
വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് നിപ. പന്നിപോലെയുള്ള മറ്റു വളർത്തുമൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരാം. രോഗിയുടെ ശരീരസ്രവങ്ങൾ വഴിയാണ് രോഗം പകരുന്നത്. തുമ്മുമ്പോഴും മറ്റും അന്തരീക്ഷത്തിലൂടെയും രോഗം പകരാം.   തലച്ചോറിനെയും ഹൃദയത്തെയും മറ്റും ബാധിക്കുന്നതാണ് മരണകാരണമാകുന്നത്. പനി ആരംഭിച്ച്‌ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽത്തന്നെ രോഗം മൂർച്ഛിക്കുന്നത് ഈ രോഗത്തിന്റെ ഒരു സ്വഭാവമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പഴംതീനി വവ്വാലുകളിൽനിന്ന്  മനുഷ്യരിലേക്കാണ് കേരളത്തിലെ രോഗപ്പകർച്ച എന്നാണ് നമ്മുടെ അനുമാനം. പഴംതീനി വവ്വാലുകൾ ഈ രോഗാണുവിന്റെ റിസർവോയർ ആയതിനാൽ ഭാവിയിലും വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്ക് രോഗപ്പകർച്ച ഉണ്ടാകാൻ സാധ്യതയുണ്ട്.  മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക് രോഗം പകരുന്നത് ഒഴിവാക്കാൻ രോഗിയുമായി സമ്പർക്കത്തിൽ വന്നവരെയും രോഗബാധ സംശയിക്കുന്നവരെയും ഒറ്റപ്പെടുത്തി നിരീക്ഷിക്കേണ്ടതായിവരും. ഇതിനോട്‌ സഹകരിക്കുന്നത് രോഗബാധ തടയുന്നതിന് വളരെ പ്രധാനമാണ്. രോഗിയുമായി സമ്പർക്കത്തിൽവന്നവർ ഇക്കാര്യം ആശുപത്രിയുമായി ബന്ധപ്പെട്ട്‌ തുറന്നുപറയേണ്ടതാണ്. ഈ രോഗം ചികിത്സിക്കുന്നതിനുവേണ്ടി നിശ്ചയിച്ച ആശുപത്രികളിൽനിന്ന് മറ്റുതരത്തിൽപ്പെട്ട രോഗികൾ അകലംപാലിക്കേണ്ടതാണ്. ആശുപത്രിയിലെ രോഗീസന്ദർശനം പൂർണമായും ഒഴിവാക്കണം. രോഗബാധിതരുമായി ഒരുതരത്തിലും സമ്പർക്കത്തിൽ വന്നിരിക്കാൻ സാധ്യതയില്ലാത്തവർക്ക് ജലദോഷം, പനി പോലെയുള്ള ലക്ഷണങ്ങൾ കണ്ടാൽ വീട്ടിൽ വിശ്രമിക്കുന്നത് ഉചിതമാണ്.

പ്രതിവിധി പ്രതിരോധം 
രോഗലക്ഷണങ്ങൾക്ക് ആശ്വാസം ലഭിക്കുന്നില്ലെങ്കിൽ ഡോക്ടറെ സമീപിക്കണം. രോഗലക്ഷണങ്ങളുള്ളവർ പൊതുഗതാഗത സംവിധാനം, തിേയറ്റർ, പാർക്കുകൾ, വായനശാലകൾ, സ്കൂൾ, ഓഫീസുകൾ തുടങ്ങിയ പൊതുവിടങ്ങളിൽനിന്ന് സ്വയം അകലം പാലിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുന്ന തൂവാല  ഉപയോഗിക്കണം. കൈകളുടെ വൃത്തി  മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്. പുറത്തുപോയി വന്നശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. 
തൊണ്ടയിൽനിന്നും മൂക്കിൽനിന്നും മറ്റുമുള്ള സ്രവം, തലച്ചോറിലെ നീര്, രക്തം, മൂത്രം എന്നിവയിൽ നിന്നൊക്കെ പരിശോധനകൾ വഴി വൈറസിന്റെ സാന്നിധ്യം കണ്ടെത്താം. വൈറസ് ബാധ കണ്ടെത്തിക്കഴിഞ്ഞാൽ 100 ശതമാനം ഫലപ്രദമായ മരുന്നോ വാക്സിനോ നിലവിലില്ല എങ്കിലും ശരീരത്തിന്  പിന്തുണ നൽകുകവഴി രോഗം മാറുന്നതിനുള്ള സാധ്യത വർധിപ്പിക്കാൻ കഴിയും. വൈറസ് ബാധ ഉണ്ടായവരിലുള്ള മരണനിരക്ക് വളരെ അധികമാണ് എന്നതിനാൽ പ്രതിരോധം മാത്രമാണ് ആശ്രയിക്കാവുന്ന പ്രതിവിധി.

കരുതിയിരിക്കാം
കഴിഞ്ഞവർഷം രോഗബാധ നിയന്ത്രിക്കുന്നതിൽ നാം വിജയിച്ചെങ്കിലും ഭീതിയുടെ അന്തരീക്ഷം കോഴിക്കോട്ട്‌ നിലനിന്നിരുന്നു എന്നത് വസ്തുതയാണ്. കടകൾ അടഞ്ഞുകിടക്കുകയും വാഹനങ്ങൾ  രോഗബാധിതരെ ആശുപത്രിയിലെത്തിക്കുന്നതിൽ വിമുഖത കാണിക്കുകയും ചെയ്തു. പൊതുഗതാഗത സംവിധാനം താളംതെറ്റി. എന്നാൽ, കഴിഞ്ഞതവണ രോഗബാധ തടയാൻ നമുക്ക് സാധിച്ചു എന്നത് ഇത്തവണ ഭീതിയുടെ അന്തരീക്ഷം ഒഴിവാക്കാൻ നമ്മെ സഹായിക്കേണ്ടതാണ്.
ശരിയായ മുൻകരുതലുകൾ എടുത്താൽ തടഞ്ഞുനിർത്താവുന്ന രോഗമാണ് നിപ. രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ആരോഗ്യവകുപ്പിനെയോ മറ്റ് വിശ്വസനീയമായ കേന്ദ്രങ്ങളെയോമാത്രം ആശ്രയിക്കുകയും  സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ പരമാവധി പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യണം. സർക്കാർ നൽകുന്ന നിർദേശങ്ങൾ ജാഗ്രതയോടെ പാലിക്കുക എന്നതാണ് രോഗനിയന്ത്രണത്തിന് ഏറ്റവും ഗുണം ചെയ്യുക. 

(കോഴിക്കോട് മെഡിക്കൽ കോളേജിൽ 
ഡോക്ടറാണ്‌ ലേഖകൻ )