c raghunath
സി. രഘുനാഥ്

കേരളത്തിനകത്തും പുറത്തും ഡൽഹി ഉൾപ്പെടെ  ഒട്ടേറെ വൻകിട ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഓക്സിജൻ സപ്ലൈ ലൈൻ യൂണിറ്റ് സ്ഥാപിച്ചു നൽകുന്ന ‘ബെംഗളൂരു മെഡിഗ്യാസ് സിസ്റ്റ’ത്തിന്റെയും മെഡിഫ്ളോ കമ്പനിയുടെയും എം.ഡി. കണ്ണൂർ കാവിന്മൂല സ്വദേശി സി. രഘുനാഥ് അദ്ദേഹത്തിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ കാര്യങ്ങളെ വിലയിരുത്തുന്നു 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധർമടത്ത് യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ച വ്യക്തി കൂടിയാണ് കോൺഗ്രസ് നേതാവ് സി. രഘുനാഥ്. കോവിഡിന്റെ രണ്ടാം തരംഗം ഭീഷണിയുയർത്തുന്ന കേരളത്തിൽ ഭാവിയിൽ  ഓക്സിജൻ വിതരണത്തിന്റെ  കാര്യത്തിൽ വലിയ മുൻകരുതൽ വേണമെന്ന്‌ അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നു. മാതൃഭൂമി പ്രതിനിധി ദിനകരൻ കൊമ്പിലാത്തിനു നൽകിയ അഭിമുഖത്തിൽനിന്ന്

കേരളം ഗുരുതരമായ ഓക്സിജൻ പ്രതിസന്ധിയിലേക്കാണോ നീങ്ങുന്നത്.

ഗുരുതരമായ പ്രതിസന്ധി അടുത്ത ഭാവിയിൽ ഉണ്ടായേക്കാം. ആരോഗ്യവകുപ്പോ സാധാരണ ജനങ്ങളോ ഇക്കാര്യത്തിൽ ശരിക്കും ബോധവാന്മാരായിട്ടില്ല എന്നുതോന്നുന്നു. ഡൽഹിയിലും മറ്റും ശ്വാസംമുട്ടി, ഓക്സിജനുവേണ്ടി ആശുപത്രിക്കുപുറത്ത് കാത്തിരുന്നു പിടഞ്ഞുമരിക്കുന്ന മനുഷ്യരുടെ ചിത്രങ്ങൾ നമ്മെ ഞെട്ടിക്കുന്നു. വർഷങ്ങൾക്കുമുൻപ് ഡൽഹി ഗംഗാറാം ഹോസ്പിറ്റലിലും മൂൽചന്ദ് ഹോസ്പിറ്റലിലും ഓക്സിജൻ സപ്ലൈയൂണിറ്റ് നിർമിക്കുമ്പോൾ പലർക്കും അത് അധികപ്പറ്റുപോലെ തോന്നിയിരുന്നു.

രോഗികളുടെ എണ്ണം പെരുകുമ്പോൾ ഓക്സിജൻ ആവശ്യകത കൂടിക്കൊണ്ടിരിക്കും. അതേസമയം, ഓക്സിജൻ നിർമാണ പ്ലാന്റുകൾ കേരളത്തിൽ മൂന്നുനാലെണ്ണമേ ഉള്ളൂ. അയൽ സംസ്ഥാനങ്ങളിൽനിന്നും മറ്റും സിലിൻഡറുകൾ വാങ്ങാൻ പറ്റും. പക്ഷേ, പ്രതിസന്ധി കൂടിയാൽ അതിന് കഴിയില്ല. കേരളത്തിലെ എല്ലാ പ്രധാന ആശുപത്രികളിലും ഓക്സിജൻ ജനറേറ്റർ സ്ഥാപിക്കുകയാണ് വേണ്ടത്.  എൻ.എ.ബി.എച്ച്‌. അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽപ്പോലും നിലവിലുള്ള സെൻട്രലൈസ്ഡ് ഓക്സിജൻ സിസ്റ്റം  അല്ലെങ്കിൽ മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം(എം.ജി.പി.എസ്) മാത്രമാണുള്ളത്. അത് പോരാ. സിലിൻഡറുകൾ ലഭിച്ചില്ലെങ്കിലും പെട്ടെന്ന് അന്തരീക്ഷത്തിൽ നിന്ന് നേരിട്ട് ഓക്സിജൻ നിർമിക്കാനുള്ള സംവിധാനം വേണം. ഒരു ശതമാനം ആശുപത്രികളിൽപ്പോലും ഓക്സിജൻ ജനറേറ്റർ ഇല്ല. സാമ്പത്തികപ്രശ്നമാണ് പലരും പറയുന്നത്. 15ലക്ഷം മുതൽ മുകളിലോട്ട് ഇതിന് ചെലവ് വരും. അതേസമയം, മിക്കയിടത്തും എം.ജി.പി.എസ്. ആണുള്ളത്. അതില്ലാത്ത ആശുപത്രികളും ഏറെ. അവയൊക്കെ സിലിൻഡർ നേരിട്ട് രോഗിയുടെ കിടക്കയ്ക്കരികിൽവെച്ച് ഓക്സിജൻ കൊടുക്കുകയാണ്. ഇതു രോഗികൾക്ക് ആശങ്കയും ബുദ്ധിമുട്ടും ഉണ്ടാക്കും. പല മെഡിക്കൽ കോളേജുകളിലും ഇപ്പോഴാണ് ഈ യൂണിറ്റ് സ്ഥാപിക്കുന്നത്.

മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റത്തിന്റെ പ്രത്യേകത എന്താണ്.

ആശുപത്രിയിലെ എല്ലാ ബെഡുകളിലേക്കും ഓക്സിജൻ പൈപ്പ് വഴി എത്തിക്കുന്ന സംവിധാനമാണിത്. എൻ.എ.ബി.എച്ച്. അക്രഡിറ്റഡ് ഹോസ്പിറ്റലിൽ യൂണിറ്റ് നിർബന്ധമാണ്. ഈ സജ്ജീകരണം ഒരുക്കാൻ 50 ബെഡ്ഡുള്ള ആശുപത്രികളിൽ ഏകദേശം 30 ലക്ഷത്തോളം ചെലവ് വരും. ചെറുകിട ആശുപത്രികൾ ഒന്നും ഇത് ചെയ്യാറില്ല. ഈ സിസ്റ്റത്തിൽ നാലുമുതൽ അഞ്ചുവരെ ഗ്യാസ് സംവിധാനം നൽകാൻ പറ്റും. ഓക്സിജന് പുറമേ നൈട്രസ് ഓക്‌സൈഡ്, കംപ്രസ്ഡ് എയർഗ്യാസ്, വാക്വംസിസ്റ്റം എന്നിവ മെഡിക്കൽ സൗകര്യത്തിനായി ഉപയോഗപ്പെടുത്താം. അനസ്തേഷ്യക്കാണ് നൈട്രസ് ഓക്‌സൈഡ് വേണ്ടിവരുന്നത്. വെന്റിലേറ്ററിൽ കംപ്രസ്ഡ് എയർ സിസ്റ്റും വേണം, കട്ടിങ്‌, സക്ഷൻ (ശരീരത്തിനുള്ളിലെ ദ്രവങ്ങളും മറ്റും വലിച്ചെടുക്കൽ) തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടിയും ഗ്യാസ് ആവശ്യമുണ്ട്. ചില മൈക്രോവാസ്‌കുലർ ശസ്ത്രക്രിയയ്ക്ക് കാർബൺഡൈ ഓക്സൈഡും ആവശ്യമുണ്ട്. എന്നാൽ ഏറ്റവും പ്രധാനമാണ് ഓക്സിജൻ.

വാതകസിലിൻഡർ, ദ്രാവക ഓക്സിജൻ സിലിൻഡർ, അന്തരീക്ഷവായുവിൽനിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കുന്ന ജനറേറ്റർ സിസ്റ്റം എന്നീ രീതിവഴിയാണ് സെൻട്രൽ ഓക്സിജൻ സിസ്റ്റത്തിലൂടെ ഓക്സിജൻ കടത്തിവിടുന്നത്. ഓക്സിജൻ ജനറേറ്റർ ഉണ്ടെങ്കിൽ സിലിൻഡറുകൾക്ക്‌ പരക്കം പായേണ്ട.

ഓക്സിജൻ പേടിയിലാണോ ഭാവിയിലെ കേരളം. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ എന്താണ് നടപടി വേണ്ടത്.

കേരളത്തിലെ മൂന്നുകോടി ജനങ്ങളിൽ ഒരു ലക്ഷംപേർക്കെങ്കിലും ഓക്സിജൻ ലഭിക്കാതെ ശ്വാസതടസ്സമുണ്ടായാൽ നമ്മൾ ബുദ്ധിമുട്ടും. ആശുപത്രികൾ കഷ്ടത്തിലാവും. അതുകൊണ്ട് എനിക്ക് മുഖ്യമന്ത്രിയോട് അഭ്യർഥിക്കാനുള്ളത്‌ എല്ലാ ആശുപത്രികളിലും രോഗികൾക്ക് ബെഡ്ഡിൽ ഓക്സിജൻ എത്താനുള്ള സംവിധാനം വേണം എന്നാണ്‌. പുറമേനിന്നും മറ്റും കൂടുതൽ സിലിൻഡറുകൾ കൊണ്ടുവരാൻ പലപ്പോഴും ബുദ്ധിമുട്ടാവും. അതുകൊണ്ടുതന്നെ ഓക്സിജൻ ജനറേറ്റർ ആശുപത്രികളിൽ പറ്റാവുന്നിടത്ത് സ്ഥാപിക്കണം.

വികസിത രാജ്യങ്ങളിൽ ഓക്സിജൻ പാർലർ വ്യാപകമാണല്ലോ

വളരെ ശരിയാണ്. കേരളം ഏറ്റവും ജനസാന്ദ്രത മാത്രമല്ല വൻതോതിൽ നഗരസാന്ദ്രതയുള്ള പ്രദേശം കൂടിയാണ്. അന്തരീക്ഷ വായുമലിനീകരണം ലോകത്തിലെ വൻ നഗരങ്ങൾക്കും തുല്യമാണ്. ജപ്പാനിലും മറ്റും പണം നൽകിയും അല്ലാതെയും ശുദ്ധവായു ശ്വസിക്കാനുള്ള ഓക്സിജൻ പാർലറുകളുണ്ട്. കോവിഡ് സാഹചര്യത്തിൽ കേരളത്തിലും അത് വേണ്ടിവരും.

പ്രതിസന്ധികൾ പരിഹരിക്കാൻ വലിയ സാമ്പത്തികബാധ്യത വരില്ലേ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ(മെഡിക്കൽ കോേളജുകൾ, ജില്ലാ താലൂക്ക് ആശുപത്രികൾ, പ്രാഥമാകാരോഗ്യകേന്ദ്രങ്ങൾ) ചെറിയ തകരാർ കാരണവും മറ്റും  കെട്ടിക്കിടക്കുന്ന ഉപകരണങ്ങളെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. പത്തു മൂന്നുറ് കോടിയിലധികം വരും ഇത്. സന്നദ്ധ സംഘടനകൾക്ക് ഓക്സിജൻ പാർലർ സ്ഥാപിക്കാൻ പറ്റും. സഹകരണ മേഖലയുടെ സഹായത്തോടെ ഓക്സിജൻ ജനറേറ്ററും സ്ഥാപിക്കാൻ പറ്റും. സർക്കാർ സഹായമില്ലാതെ കേരളത്തിൽ ആയിരക്കണക്കിന്‌ ഡയാലിസസ് യൂണിറ്റുകൾ സൗജന്യനിരക്കിലും മറ്റും പ്രവർത്തിക്കുന്നില്ലേ. സർക്കാരിനുതന്നെ മികച്ച ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാൻ ആവണം.. പൊളിഞ്ഞുപോയ നൂറുകണക്കിന്‌ പൊതുമേഖലാ സ്ഥാപനങ്ങളെക്കാൾ ലാഭകരമാവും പ്രാണവായു വിൽപ്പനയെന്ന് സർക്കാർ മനസ്സിലാക്കണം. ആശുപത്രികളിലെ ഓക്സിജൻ സംവിധാനം നവീകരിക്കാൻ ഞങ്ങളെപ്പോലുള്ളവർക്ക് മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ സഹായിക്കാൻ പറ്റും.