73,74 ഭരണഘടനാ ഭേദഗതിയെ തുടർന്ന്‌ നിലവിൽ വന്ന പഞ്ചായത്തീരാജ് സംവിധാനം കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ ഏറ്റവുമധികം ഗുണകരമായ മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത് ആരോഗ്യമേഖലയിലാണ്. കോവിഡ് നിയന്ത്രണത്തിൽ കേരളം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങൾക്ക് കാരണം നമ്മുടെ സുശക്തമായ പൊതുജനാരോഗ്യ സംവിധാനവും ഊർജ്വസ്വലമായി പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണെന്ന് സാർവദേശീയമായിപ്പോലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

 ശ്രദ്ധിക്കപ്പെടാതെ പോയോ

കേരളത്തിൽ അധികാരവികേന്ദ്രീകരണവും തുടർന്ന് ജനകീയാസൂത്രണവും ആരോഗ്യമേഖലയിലുണ്ടാക്കിയ മാറ്റങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, എല്ലാകാലത്തും കേരളത്തിലെ വിജയകരമായ ആരോഗ്യമാതൃകയെ കുറിച്ചാണ് ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ടിരുന്നത്. 1980-കളുടെ അവസാനത്തിൽ കേരളം ആരോഗ്യ മേഖലയിൽ ഗുരുതരമായ പ്രതിസന്ധികളെ നേരിട്ടു തുടങ്ങിയിരുന്നു. ’90-കളിൽ ആയപ്പോൾ അത് അതിന്റെ ഉച്ചസ്ഥായിയിൽ എത്തുകയും ചെയ്തു. കേരളത്തിലെ ആയുർദൈർഘ്യം വർധിച്ചതുകൊണ്ടുതന്നെ ജീവിതശൈലീ രോഗങ്ങൾ (പകർച്ചേതര രോഗങ്ങൾ) ഉള്ളവരുടെ എണ്ണം ഗണ്യമായി വർധിച്ചു. പ്രമേഹം, കാൻസർ, രക്തസമ്മർദം, ശ്വാസകോശരോഗങ്ങൾ എന്നിവ പ്രതീക്ഷയിലേറെ വർധിച്ചു. പക്ഷേ, പകർച്ചേതര രോഗങ്ങളുടെ സാന്നിധ്യം മാത്രമല്ല കേരളത്തിൽ ആരോഗ്യ പ്രതിസന്ധിയുടെ കാരണം. നിയന്ത്രിച്ച് കഴിഞ്ഞു എന്ന് കരുതിയിരുന്ന പകർച്ചവ്യാധികൾ തിരിച്ചുവന്നു തുടങ്ങിയിരുന്നു. പുതിയ പല പകർച്ചവ്യാധികളും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് ’80-കളിലും ’90-കളിലും. ജപ്പാൻജ്വരം, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, തുടങ്ങിയ രോഗങ്ങൾ അന്നാണ് കേരളത്തിലേക്ക് എത്തുന്നത്. പൂർണമായും നിർമാർജനം ചെയ്തു എന്ന് പ്രഖ്യാപിച്ച മലേറിയ തിരിച്ചുവന്നു. പകർച്ചേതര രോഗങ്ങളും പകർച്ചവ്യാധികളും നിലനിൽക്കുന്ന വർധിച്ച രോഗാതുരത ഉള്ള സംസ്ഥാനമായി കേരളം മാറി.

പക്ഷേ, വർധിച്ചുവരുന്ന ഈ രോഗാതുരതയെ നേരിടാൻ പാകത്തിന് പൊതുജനാരോഗ്യമേഖലയെ വികസിപ്പിക്കാൻ നമുക്ക് കഴിഞ്ഞില്ല. ആ ശൂന്യതയിലേക്കാണ് സ്വകാര്യമേഖലയുടെ കടന്നുവരവ്. അതിനെത്തുടർന്ന് ആരോഗ്യച്ചെലവ് വലിയ തോതിൽ കുതിച്ചുയരുകയും സാധാരണക്കാർക്ക് ആരോഗ്യച്ചെലവ് താങ്ങാൻ പറ്റാത്ത ഒരു സ്ഥിതിയുണ്ടാവുകയും ചെയ്തു. സ്വാഭാവികമായും സാമൂഹികനീതിയിലും തുല്യതയിലും അധിഷ്ഠിതമായ കേരള ആരോഗ്യമാതൃക വലിയൊരു പ്രതിസന്ധി നേരിടാൻ തുടങ്ങി. ഈ സന്ദിഗ്‌ധഘട്ടത്തിലാണ് 1996-ലെ ജനകീയാസൂത്രണം മറ്റു പല മേഖലകളിലുമെന്നപോലെ ആരോഗ്യമേഖലയിൽ വമ്പിച്ച പരിവർത്തനത്തിന്‌ തുടക്കംകുറിച്ചത്.
ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഭരണപരമായ അധികാര വികേന്ദ്രീകരണത്തോടൊപ്പം ധനപരമായ വികേന്ദ്രീകരണവും നടത്തി. സംസ്ഥാന ബജറ്റിന്റെ 26 ശതമാനം ഇപ്പോൾ പഞ്ചായത്തുകൾക്കാണ് നൽകുന്നത് അതിനോടൊപ്പം പദ്ധതിവിഹിതം പ്രാദേശികാവശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചെലവിടാനുള്ള ആസൂത്രണം നടത്താനുള്ള അവകാശവും പഞ്ചായത്തുകൾക്ക് നൽകി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾമുതൽ ജില്ലാ ആശുപത്രികൾവരെയുള്ള ആരോഗ്യകേന്ദ്രങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈകളിലേക്ക് കൈമാറി. പഞ്ചായത്തുകളിലേക്ക് പ്രാഥമികാരോഗ്യ കേന്ദ്രം, ബ്ലോക്ക് പഞ്ചായത്തിലേക്ക് സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, മുനിസിപ്പാലിറ്റികളിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും താലൂക്ക് ആശുപത്രികൾ, ജില്ലാപഞ്ചായത്തിന് കീഴിൽ ജില്ലാ ആശുപത്രികൾ എന്നിങ്ങനെ വികേന്ദ്രീകരിച്ചിരിക്കുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് താഴെത്തട്ടിലുള്ള ആരോഗ്യസ്ഥാപനങ്ങളുടെ ചുമതല നൽകിയതോടെ ഉയർന്നതലത്തിലുള്ള മെഡിക്കൽ കോളേജുകളിലും മറ്റ് സ്ഥാപനങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കാൻ ആരോഗ്യവകുപ്പിനു കഴിഞ്ഞു. പ്രാഥമികാരോഗ്യകേന്ദ്രംമുതൽ ജില്ലാ ആശുപത്രികൾവരെയുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുക, ഔഷധങ്ങളുടെ ലഭ്യത ഉറപ്പാക്കുക, ആരോഗ്യജീവനക്കാരെ ആവശ്യാനുസരണം താത്‌കാലികമായി നിയമിക്കുക തുടങ്ങി താഴെത്തട്ടിൽ നടത്തേണ്ട ഒട്ടേറെ പൊതുജനാരോഗ്യ ബോധവത്‌കരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത് പഞ്ചായത്തുകളാണ്.

കേരളത്തിന്റെ ഒരു വലിയ ആസ്തി എന്നു പറയാവുന്നത് നമുക്ക് വലിയൊരു സാമൂഹിക മൂലധനമുണ്ട് (Social Capital) എന്നതാണ്. നമുക്ക് രാഷ്ട്രീയപ്പാർട്ടികൾക്കുപുറമേ യുവജനസംഘടനകൾ, വനിതാ സംഘടനകൾ, ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങി സുശക്തമായും അർഥവത്തായും പ്രവർത്തിക്കുന്ന ഒട്ടേറെ പ്രസ്ഥാനങ്ങളുണ്ട്. ഇവയെ കേരളത്തിലെ വികസനപ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു ശക്തമായ കണ്ണിയായിട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്.

ഇനി ചെയ്യാനുള്ളത്

രോഗാതുരത ഇപ്പോഴും കേരളത്തിൽ കൂടുതലാണ്‌. കേരളത്തിലെ രോഗാതുരത കുറയ്ക്കുക എന്ന വലിയൊരു വെല്ലുവിളിയാണ്‌ ഇനി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർവഹിക്കാനുള്ളത്. അതുപോലെത്തന്നെ കൊതുകുനശീകരണം, ശുചിത്വ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയവയിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗാതുരത കുറയ്ക്കുന്നതിനുള്ള കർമപരിപാടികളോടൊപ്പം ജനങ്ങളുടെ ഭാഗത്തുനിന്നുമുള്ള ആരോഗ്യപരിപാലനച്ചെലവ് കുറയ്ക്കാനും നമുക്ക് കഴിയണം.

(സംസ്ഥാന ആസൂത്രണബോർഡംഗം, കോവിഡ് വിദഗ്ധസമിതി അധ്യക്ഷൻ)