കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന രാജ്യത്ത് കുത്തിവെപ്പുകള്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്ന് ഹെല്‍ത്ത് ഇക്കണോമിസ്റ്റും ലോകാരോഗ്യസംഘടനാ കണ്‍സള്‍ട്ടന്റുമായ ഡോ. റിജോ എം ജോണ്‍. അദ്ദേഹം മാതൃഭൂമി പ്രതിനിധി എംകെ രാജശേഖരന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്

കോവിഡിന്റെ രണ്ടാംതരംഗം ഇന്ത്യയിൽ തുടങ്ങിയതായി വ്യക്തമായിട്ടുണ്ട്, വിലയിരുത്താമോ

തീർച്ചയായും കോവിഡിന്റെ രണ്ടാംതരംഗം ഇന്ത്യയിൽ തുടങ്ങിക്കഴിഞ്ഞു. ആദ്യത്തെ രോഗവ്യാപനനിരക്കിനെക്കാൾ കൂടിയതോതിലാണ് മിക്ക സംസ്ഥാനത്തും ഇപ്പോൾ രോഗം പടരുന്നത്. ആദ്യതരംഗം കൊടുമുടിയിലെത്തിയിരുന്ന കാലത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തെക്കാൾ ഏറെക്കൂടുതലാണ് മിക്ക സ്ഥലങ്ങളിലെയും രണ്ടാംതരംഗത്തിലെ കണക്ക്. രണ്ടാംവരവിൽ കൂടുതൽ രോഗബാധിതർ മഹാരാഷ്ട്രയിലാണെങ്കിലും 36 ശതമാനത്തോളം പ്രതിദിനരോഗികളുടെ വളർച്ചനിരക്കിൽ ബിഹാർ, ഉത്തർപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളാണ് മുന്നിൽ. ആദ്യഘട്ടത്തിലെ പുതിയ രോഗികളുടെ ശരാശരി നിരക്ക് 93,000 ആയിരുന്നു. ഇപ്പോൾത്തന്നെ പ്രതിദിനനിരക്ക് രണ്ടരലക്ഷത്തിനുമുകളിലായിക്കഴിഞ്ഞു. എന്നാൽ, മരണനിരക്ക് ഇപ്പോൾ കുറവായിട്ടാണ് കാണുന്നത്. നിലവിൽ ശരാശരി 1123 മരണമാണ് ഓരോ ദിവസവും രോഗംമൂലമുണ്ടാകുന്നത്. ആദ്യതരംഗത്തിലിത് 1165 ആയിരുന്നു. രോഗികളുടെ എണ്ണം കൂടുമ്പോഴും മരണനിരക്ക് കുറയുന്നുവെന്നത് രണ്ടാംതരംഗത്തിന്റെ പ്രത്യേകതയായി ചിലർ പറയുന്നുണ്ട്. എന്നാൽ, രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് നമ്മുടെ ആരോഗ്യ-പ്രതിരോധ പ്രവർത്തനങ്ങളെ അവതാളത്തിലാക്കും. ഇതുമൂലം മരണനിരക്ക് വരുംദിവസങ്ങളിൽ വലിയതോതിൽ ഉയരാനും സാധ്യതയുണ്ട്.

എന്തുകൊണ്ടാണ് രണ്ടാംവരവുണ്ടായത് 

രണ്ടാംവരവിന് ഒട്ടേറെ കാരണങ്ങളാണുള്ളത്. ഇതിൽ പ്രധാനം ആളുകളിൽ സാമൂഹികപ്രതിരോധശേഷി(ഹേർഡ് ഇമ്യൂണിറ്റി) വളർത്താവുന്നവിധത്തിൽ ആദ്യവരവിലെ രോഗവ്യാപനമെത്തിയില്ല എന്നതായിരിക്കാം. കോവിഡ് വ്യാപനം സംബന്ധിച്ച് അടുത്തിടെനടന്ന മിക്ക പഠനത്തിലും വ്യക്തമാകുന്നത് ഇന്ത്യയിൽ 30 മുതൽ 40 ശതമാനംവരെ ആളുകൾക്കാണ് വൈറസ്ബാധയുണ്ടായതെന്നാണ്. ഇതിൽത്തന്നെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വ്യത്യാസം വളരെക്കൂടുതലാണുതാനും. മുൻതവണത്തെക്കാൾ വേഗത്തിൽ പടർന്നുപിടിക്കുന്ന  വൈറസാണ് രണ്ടാംവരവിൽ കാണുന്നതെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ഇതും വ്യാപനവേഗത്തിന് മുഖ്യമായ കാരണമാണ്. ഇതിനെല്ലാമുപരി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കാട്ടിയ അലംഭാവവും ഉഴപ്പുമാണ്. അഞ്ചുനിയമസഭകളിലേക്കുനടന്ന തിരഞ്ഞെടുപ്പുകൾ, മതപരമായ ആഘോഷങ്ങൾ തുടങ്ങിയവയൊക്കെ പ്രതിരോധവഴികളെ അട്ടിമറിച്ചിട്ടുണ്ടാകാം. പ്രതിദിന രോഗപരിശോധനനിരക്കിൽ വലിയ വീഴ്ചയാണുണ്ടായത്, പലയിടത്തും. ഇതുമൂലം തിരിച്ചറിയപ്പെടാത്ത രോഗികളുടെ എണ്ണം കൂടിയതും പ്രശ്നമായി.

രണ്ടാംവരവിനെയും ഇപ്പോഴത്തെ അവസ്ഥയിൽ നമുക്ക് നേരിടാനാകുമോ

അവസരത്തിനും വെല്ലുവിളികൾക്കുമൊപ്പം രാജ്യത്തിനും പൗരന്മാർക്കും എങ്ങനെ ഉയരാനാകുമെന്നതിനെ അനുസരിച്ചായിരിക്കുമിത്. ഒട്ടേറെ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ്‌ ഇക്കാര്യം നിലനിൽക്കുന്നത്. ആരോഗ്യപരിപാലനമേഖലയെ എത്രത്തോളം സജ്ജരാക്കാൻ നമ്മുടെ ഭരണകർത്താക്കൾക്ക് കഴിയുമെന്നതാണ് ഇതിൽ പ്രധാനം. രോഗസാധ്യത ഏറ്റവുമധികമുള്ള ജനവിഭാഗങ്ങളിലേക്ക് പ്രതിരോധകുത്തിവെപ്പ് വേഗമെത്തുന്നുണ്ടെന്ന് ഉറപ്പാക്കൽ അനിവാര്യമാണ്. പരിശോധനയ്ക്കും ഉറവിടം കണ്ടെത്തുന്നതിനുമുള്ള സംവിധാനങ്ങളുടെ വിപുലീകരണവും പ്രധാനപ്പെട്ട സംഗതിയാണ്. ഇതിനെല്ലാമുപരി പ്രധാനം ജനങ്ങളുടെ സഹകരണമാണ്. കോവിഡ്‌ മാനദണ്ഡങ്ങൾ സ്വയമേവ പാലിക്കാൻ പൊതുജനം എത്രത്തോളം തയ്യാറാകുന്നുവോ അത്രത്തോളം ഫലപ്രദമാകും നമ്മുടെ പ്രതിരോധം. മിന്നൽവേഗത്തിലാണ് രണ്ടാം തരംഗത്തിന്റെ വ്യാപനം. അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും അവരുടെ ശ്രമങ്ങൾക്കൊപ്പം നിൽക്കുകയുംചെയ്താൽ ഗുരുതരപ്രത്യാഘാതങ്ങളില്ലാതെ ഈ പരീക്ഷണത്തെയും മറികടക്കാനാകും.

ഇന്ത്യയിലെ വാക്സിനേഷൻ പദ്ധതിയുടെ പുരോഗതിയെങ്ങനെ

കുത്തിവെപ്പുയജ്ഞം തുടങ്ങിയിട്ട് തൊണ്ണൂറുദിവസം കഴിഞ്ഞു. ഇപ്പോഴും എട്ടുശതമാനത്തിൽത്താഴെ ആളുകൾക്കുമാത്രമേ ഒരു ഡോസെങ്കിലും കുത്തിവെക്കാൻ കഴിഞ്ഞിട്ടുള്ളൂ. പൂർണമായും കുത്തിവെക്കപ്പെട്ടവരുടെ നിരക്ക് ഒരുശതമാനംമാത്രം. നിലവിൽ പ്രതിദിനം ശരാശരി 34 ലക്ഷം കുത്തിവെപ്പാണ് രാജ്യത്ത് നടക്കുന്നത്. ഇതേനിരക്കിൽ പുരോഗമിക്കുകയാണെങ്കിൽ ഇന്ത്യയിലെ 75 ശതമാനം ആളുകൾക്ക് കുത്തിവെപ്പെടുക്കാൻ കുറഞ്ഞത് ഒന്നരവർഷമെടുക്കും. വൈറസുകളുടെ വ്യതിയാനവും രോഗവ്യാപനത്തിന്റെ വേഗവും കുത്തിവെപ്പിന്റെ എണ്ണം കൂട്ടണമെന്ന ആവശ്യമാണ് ഉയർത്തുന്നത്. എത്രയും വേഗത്തിൽ കുത്തിവെപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമാകും. 

പ്രായത്തിന്റെ അടിസ്ഥാനത്തിൽ കുത്തിവെപ്പ് നടത്തുന്നത് ഗുണകരമാണോ

പ്രായമായവർക്കും ഗുരുതരരോഗങ്ങളുള്ളവർക്കും മുൻതൂക്കംനൽകുന്ന രീതി വേണ്ടതുതന്നെ. രോഗം വളരെ വേഗത്തിൽ പടരുന്ന സ്ഥലങ്ങളിൽ പ്രായഭേദമെന്യേ എല്ലാവർക്കും കുത്തിവെപ്പ് നൽകണമെന്നതാണ് അഭിപ്രായം. ചില സ്ഥലങ്ങളിൽ കുത്തിവെപ്പ് നടത്താൻ മടികാട്ടുന്ന പ്രവണതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ താത്പര്യമുള്ളവർക്ക് പരമാവധി പ്രയോജനപ്പെടുന്ന വിധത്തിൽ കുത്തിവെപ്പ് പദ്ധതികൾ ക്രമീകരിക്കാൻ സാധിക്കണം. 

കുത്തിവെപ്പ് പൂർത്തിയാക്കാൻ എന്തൊക്കെ നടപടികളാണ് ആവശ്യം

ഇപ്പോഴത്തെ സ്ഥിതിപ്രകാരം ഒരാൾക്ക് രണ്ടുഡോസ് വാക്സിനാണ് വേണ്ടത്. ഇതിൽ ഉപയോഗിക്കപ്പെട്ട വാക്സിന്റെ അടിസ്ഥാനത്തിൽ നാലുമുതൽ എട്ടാഴ്ചവരെയുള്ള ഇടവേളയാണ് വേണ്ടത്. കേന്ദ്രസർക്കാരിന്റെ കോവിൻ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിലൂടെയോ കുത്തിവെപ്പ് കേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നതിലൂടെയോ ഇത് സാധ്യമാക്കാം. 

കേരളത്തിലെ പ്രതിരോധപ്രവർത്തനങ്ങൾ പുതിയ സാഹചര്യത്തിൽ മാറേണ്ടതുണ്ടോ

കേരളത്തിലും രണ്ടാംതരംഗത്തിന്റെ സൂചനകളുണ്ടായിക്കഴിഞ്ഞു. പ്രതിദിനം പത്തുശതമാനത്തിലധികമായാണ് കോവിഡ് രോഗികളുടെ എണ്ണം ഇവിടെ കൂടുന്നത്. പോസിറ്റിവിറ്റി നിരക്ക് ശരാശരി 12 ശതമാനത്തിന് മുകളിലായിക്കഴിഞ്ഞു. മൂന്നാഴ്ചമുമ്പ്‌ ഇത്‌ വെറും മൂന്നരശതമാനമായിരുന്നു. തിരഞ്ഞെടുപ്പുകാലത്തുംമറ്റും കോവിഡിന്റെ സുരക്ഷാമാനദണ്ഡങ്ങൾ ഇവിടെ വ്യാപകമായി ലംഘിക്കപ്പെട്ടിരുന്നു. ഇപ്പോഴത്തെ വ്യാപനത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ആർക്കും ഒഴിയാനാവില്ല. ഏതായാലും നമ്മുടെ പൊതുജനാരോഗ്യരംഗം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത്തരത്തിലുള്ള വെല്ലുവിളി നേരിടാൻ കൂടുതൽ സജ്ജമാണ്. അതുപോലെത്തന്നെ രാജ്യത്തെ ഏതൊരു സംസ്ഥാനത്തെക്കാളും മികച്ച കുത്തിവെപ്പുനിരക്ക് കൈവരിക്കാനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, രോഗപരിശോധനകൂട്ടാനും കർശനമായ സുരക്ഷാനിർദേശങ്ങൾ നടപ്പാക്കാനും സംസ്ഥാനം തയ്യാറാകണം. അല്ലാത്തപക്ഷം കേരളവും ഗുരുതരമായ അപകടത്തിലാകും.