കോവിഡ്-19ന് എതിരേ അന്തിമയുദ്ധത്തിലാണ് ലോകം. ലോകത്തിനുതന്നെ മാതൃകയാകുംവിധം തുടക്കംമുതലേ പ്രതിരോധത്തിലേക്ക് നീങ്ങിയ കേരളത്തിലും സ്ഥിതി മറിച്ചല്ല. കേരളത്തിലെ കോവിഡ് പ്രതിരോധ പോരാട്ടത്തെക്കുറിച്ച് സംസ്ഥാന സാമൂഹികസുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ മാതൃഭൂമി പ്രതിനിധി കെ. ഉണ്ണികൃഷ്ണനോട് സംസാരിക്കുന്നു
കോവിഡ്-19 ബാധിച്ചുള്ള മരണങ്ങൾ കേരളത്തിലും കൂടുന്നു. രോഗവ്യാപനം ദിവസം 10,000 രോഗികൾ എന്ന നിലയിലേക്ക് എത്തുകയാണല്ലോ?
ഈവർഷം ജനുവരി രണ്ടാംവാരമാണ് ലോകാരോഗ്യ സംഘടന കോവിഡ്-19നെക്കുറിച്ച് ആദ്യ മുന്നറിയിപ്പ് നൽകിയത്. പിറ്റേന്നുതന്നെ കേരളം ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കാരണം, നമുക്ക് നിപയുടെ അനുഭവപാഠങ്ങൾ ഉണ്ടായിരുന്നു. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം വേഗം ഇവിടെയെത്തുമെന്നും മനസ്സിലായിരുന്നു. ജനുവരി 30-ന് ഇന്ത്യയിലെ ആദ്യ കേസ് തൃശ്ശൂരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനുവരി അവസാനവും ഫെബ്രുവരിയിലുമായി വന്ന മൂന്നു കേസിൽ ആരും മരിച്ചില്ല, രോഗം പടർന്നതുമില്ല. മേയ് നാലിന് ലോക്ഡൗൺ ഒന്നും രണ്ടും തീരുമ്പോൾ കേസുകൾ മൂന്നു ശതമാനമായിരുന്നു. പുതിയ കേസുകൾ ഇല്ലായിരുന്നു. അതൊരു സ്വപ്നതുല്യമായ നേട്ടമാണ്. അമേരിക്ക, ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ അതേ സമയത്തുതന്നെയാണ് രോഗം എത്തിയത്. അവിടെ വലിയതോതിൽ മരണങ്ങൾ ഉണ്ടായി. കേരളത്തിന്റെ പ്രത്യേകതകൾവെച്ച് നോക്കിയാൽ രോഗം തേർവാഴ്ച നടത്തേണ്ട സ്ഥലമാണ്. കരുതലും ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളും കൊണ്ടാണ് നാം പിടിച്ചുനിൽക്കുന്നത്. ആരോഗ്യപ്രവർത്തകരും പോലീസും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരുടെ കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ടാണ് ഇതു സാധ്യമായത്. കേരളം ജാഗ്രത തുടരേണ്ടതുണ്ട്. അല്ലെങ്കിൽ പകുതി ജയിച്ച യുദ്ധം നമ്മൾ തോറ്റുപോകും.
കേരളത്തിലും ഈയടുത്തായി രോഗം കൂടുന്നുണ്ടല്ലോ?
മൂന്നാംഘട്ടത്തിൽ രോഗികളുടെ എണ്ണം കൂടുന്നുണ്ട്. ഇത് നേരത്തേതന്നെ പ്രതീക്ഷിച്ചതാണ്. ലോക്‌ഡൗൺ പിൻവലിക്കുമ്പോൾ വളരെ ജനസാന്ദ്രതകൂടിയ പ്രദേശങ്ങളിൽ രോഗവ്യാപനം ഉണ്ടാകും. എന്നാൽ, രോഗവ്യാപനത്തിന്റെ വേഗം കുറച്ചുനിർത്താൻ നമുക്ക് അപ്പോഴും സാധിക്കും. അതിനുള്ള പ്രവർത്തനമാണ് നമ്മൾ ശാക്തീകരിക്കേണ്ടത്. മരണങ്ങൾ ഇപ്പോഴും നാലു ശതമാനമാണ്.
ലോക്ഡൗൺ പരാജയമായിരുന്നു എന്ന് വിമർശനങ്ങളുണ്ടല്ലോ?
ലോക്ഡൗണിനെക്കുറിച്ച് തെറ്റിദ്ധാരണയുണ്ട്. അതുകൊണ്ടാണ് ആ വിമർശനം. ലോക്ഡൗൺ ഒരു ശാശ്വത പരിഹാരമല്ല. ആരോഗ്യസംവിധാനങ്ങൾ ശാക്തീകരിക്കാൻ സമയം നേടുക, രോഗവ്യാപനത്തിന്റെ വേഗം കുറയ്ക്കുക. ഈ രണ്ടു കാര്യങ്ങളാണ് ലോക്ഡൗണിന്റെ ലക്ഷ്യം. വലിയതോതിൽ അത് ഫലംകണ്ടു. ആളുകൾ പുറത്തിറങ്ങാതായപ്പോൾ വ്യാപനം മന്ദഗതിയിലായി. ആ സമയത്ത് നമുക്ക് ആരോഗ്യസംവിധാനങ്ങൾ ശക്തമാക്കി രോഗത്തെപ്പറ്റി പഠിക്കാനും മുൻകരുതലെടുക്കാനും സാവകാശം കിട്ടി.
സ്വീഡൻ മാതൃകയാണ് ശരി, കേരളത്തിന് പിഴച്ചു എന്ന വിമർശനത്തെക്കുറിച്ച്?
ഒരു കാലത്ത് ആരോഗ്യമേഖലയിൽ വലിയ മാതൃകകൾ സൃഷ്ടിച്ച രാജ്യംതന്നെയാണ് സ്വീഡൻ. പക്ഷേ, കോവിഡിനെ നേരിടുന്നതിൽ അവർക്ക് വീഴ്ചപറ്റി. രോഗത്തിന്റെ ആദ്യഘട്ടത്തിൽ പല രാജ്യങ്ങളും ലോക്ഡൗണിലേക്കും കണ്ടെയ്ൻമെന്റ് സോണുകൾ സൃഷ്ടിക്കുന്നതിലേക്കും പോയി. പക്ഷേ, സ്വീഡൻ തുറന്നിട്ട് നേരിടാം എന്ന തന്ത്രം സ്വീകരിച്ചു. ആ തീരുമാനം തെറ്റിയെന്ന് സ്വീഡന്റെ ചീഫ് എപ്പിഡമോളജിസ്റ്റ് ആന്റർ ടെക്‌നിൽ തന്നെ സമ്മതിച്ചിട്ടുണ്ട്. കേരളവും സ്വീഡനും സാമ്യമുള്ള പ്രദേശങ്ങളല്ല. ജനസാന്ദ്രത നോക്കിയാൽ അവിടെ ഒരു സ്ക്വയർ കിലോമീറ്ററിൽ 26 ആണ് ജനസംഖ്യ. ഇവിടെ അത് 859. കേരളത്തെക്കാൾ സംവിധാനങ്ങൾകൊണ്ട് സമ്പന്നവുമാണ് അവരുടെ ആരോഗ്യമേഖല. ഇതൊക്കെയായിട്ടും സ്വീഡന് പിഴവുപറ്റി. മഹാമാരികൾ വന്നുപോവുമ്പോൾ ബാക്കിനിൽക്കുന്ന ചോദ്യം എത്ര പേർ മരിച്ചു എന്നതാണ്. ജനസംഖ്യാനുപാതികമായി നോക്കിയാൽ സ്വീഡനിൽ അത് പത്തുലക്ഷം പേരിൽ 583 ആണ്. പക്ഷേ, കേരളത്തിൽ 24 ആണ്. സ്വീഡനെ പിന്തുടർന്നുവെങ്കിൽ കേരളത്തിൽ ഇതിനകം ഏകദേശം 20,000 ആളുകൾ മരിച്ചേനെ.
ഇനിയെന്താണ്?
എല്ലാം അടച്ചിട്ടുകൊണ്ട് നമുക്ക് ഇനി മുന്നോട്ടുപോവാനാവില്ല. എല്ലാ മേഖലകളിലും ജനങ്ങൾ കഷ്ടപ്പെടുന്നു. ഒരു ഭാഗത്ത് കൊറോണ, മറുഭാഗത്ത് നഷ്ടപ്പെടുന്ന ജീവനോപാധികൾ. അതുകൊണ്ടാണ് ‘ജീവനോടൊപ്പം ജീവിതവും’ എന്നു സംസ്ഥാന സർക്കാർ പറയുന്നത്. വൈറസിനോടൊപ്പം ജീവിക്കുക എന്നതാണ് അത്. ഈ കാലയളവിൽ അതിന് നമ്മൾ തയ്യാറെടുക്കുകയായിരുന്നു എന്നതാണ് യാഥാർഥ്യം.
എങ്ങനെയാണ് കേരളം പുതിയ രോഗവ്യാപന പ്രതിസന്ധി നേരിടുക ?
നമ്മൾ ആർജിച്ച കുറെ കാര്യങ്ങൾ ഇപ്പോൾ കർശനമായി പിന്തുടരേണ്ടതുണ്ട്. അടച്ചിട്ട മുറികളിലെ യോഗങ്ങളും കൂടിച്ചേരലുകളും മറ്റും ഒഴിവാക്കുക. ഓൺലൈനിൽ നടത്താവുന്നത് അങ്ങനെയാക്കാമല്ലോ. തിരക്ക് ഉണ്ടാകാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക; കല്യാണം, മരണം തുടങ്ങിയവ. സാമൂഹികാകലം പാലിക്കുമ്പോൾത്തന്നെ ചില നേരങ്ങളിൽ ഇത് ചിലർ നോക്കാറില്ല. ഭക്ഷണനേരങ്ങൾ ഒരു ഉദാഹരണമാണ്. അത് ഒഴിവാക്കുക. ചുറ്റും ഒരു സുരക്ഷാവലയം തീർക്കുക. വീട്ടിൽ വയോജനങ്ങൾ ഉണ്ടെങ്കിൽ പുറത്തുപോകുന്നവർ കൂടുതൽ ജാഗ്രതപുലർത്തണം.
രോഗികളുടെ എണ്ണവും മരണവും പ്രതിദിനം കൂടുന്നു. എങ്ങനെയാണ് കേരളം ഇതിനെ നേരിടുക?
ലോക്ഡൗൺ കാലത്ത് നമുക്ക് സാവകാശം ലഭിച്ചു. അതിനിടയിൽ നാം സ്വയം ശാക്തീകരിച്ചു. കേരളത്തിൽ 83,000 കിടക്കകൾ കോവിഡ് രോഗികൾക്കായി ഒരുക്കി. അതിൽ 50 ശതമാനത്തിൽ ഇപ്പോൾ രോഗികളുണ്ട്. ഐ.സി.യു. സംവിധാനത്തിൽ, നമുക്ക് സർക്കാർ സംവിധാനത്തിൽ 2883 കിടക്കകൾ തയ്യാറാക്കി. 50 ശതമാനം കിടക്കകൾ ഒഴിവുണ്ട്. സ്വകാര്യമേഖലയിൽ 6000-ത്തിൽ കൂടുതൽ ഐ.സി.യു. കിടക്കകൾ തയ്യാറാണ്. സർക്കാർ സംവിധാനത്തിൽ ആരോഗ്യവകുപ്പിൽ മാത്രം 10,000-ത്തിലേറെ ആളുകളെ റിക്രൂട്ട് ചെയ്തു. കൂടുതൽ വ്യാപനം ഉണ്ടാവുന്ന സാഹചര്യം ഉണ്ടായാൽ അത് കൈകാര്യംചെയ്യാൻ കോവിഡ് ബ്രിഗേഡ് ആരംഭിച്ചു.
എന്താണ് കോവിഡ് ബ്രിഗേഡിന്റെ ദൗത്യം?
കൂടുതൽ രോഗവ്യാപനം വന്നാൽ ജനപങ്കാളിത്തത്തോടെ പ്രതിരോധിക്കാനുള്ള മുൻകരുതലാണ് ബ്രിഗേഡ്. ഇതുവരെ, 16,842 പേർ രജിസ്റ്റർ ചെയ്തു. ആരോഗ്യ പ്രവർത്തനത്തിൽ പ്രാവീണ്യമുള്ളവർമുതൽ സാധാരണക്കാർവരെ അണിചേരുന്ന ഒരു സന്നദ്ധസേന തന്നെയാണത്.
കോവിഡ് പ്രതിരോധത്തിൽ കേരളം ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു?
കോവിഡ്-19 കൂടുതൽ ബാധിച്ച കേന്ദ്രങ്ങളിലൊന്ന് ദക്ഷിണേന്ത്യയാണ്. അയൽ
പക്കവുമായി താരതമ്യംചെയ്താൽ അത് വ്യക്തമാകും. കർണാടകത്തിൽ കോവിഡ്
രോഗികൾ 6,30,516 ആണ്. മരണം 9238. മരണനിരക്ക് 1.47 ശതമാനം. ജനസഖ്യാടിസ്ഥാനത്തിൽ നോക്കിയാൽ 10 ലക്ഷത്തിൽ 151 പേർ മരിച്ചു. തമിഴ്‌നാട്ടിൽ രോഗികളുടെ സംഖ്യ 6,14,507 ആണ്. മരണം 9718. മരണനിരക്ക് 1.6. പത്തുലക്ഷത്തിൽ 135. കേരളത്തിൽ 2,21,333 ആണ് രോഗികളുടെ സംഖ്യ. മരണം 813.
മരണനിരക്ക് നോക്കിയാൽ ദശാംശം 37 അതായത്, 10 ലക്ഷത്തിൽ 24 ആണ് മരണനിരക്ക്.
കുത്തിവെപ്പിനായി ലോകം കാത്തിരിക്കുകയാണ്. എന്നെത്തുമെന്നാണ് പ്രതീക്ഷ?
കോവിഡിനെ പൂർണമായും കീഴ്‌പ്പെടുത്താൻ വാക്സിൻ വരണം. കുത്തിവെപ്പ് കണ്ടെത്താൻ ലോകമെമ്പാടുമായി മുന്നൂറിലേറെ ശ്രമങ്ങൾ നടക്കുന്നുണ്ട്. 40 എണ്ണം ക്ലിനിക്കൽ ഘട്ടത്തിലാണ്. അതിൽ ഓക്സ്‌ഫഡ് വാക്സിനും റഷ്യയുടെ സ്പുട്‌നിക്കും ഉൾപ്പെടെ 10 എണ്ണം മുന്നിലാണ്. ആരോഗ്യമേഖലയിലെ കാര്യങ്ങൾ നിരീക്ഷിക്കുന്ന ഒരാൾ എന്നനിലയ്ക്ക് ഓക്സ്‌ഫഡ് വാക്സിനിലാണ് എനിക്ക് കൂടുതൽ പ്രതീക്ഷ. വാക്സിൻ കണ്ടെത്തിയാലും ജനങ്ങളിലെത്താൻ കാലമെടുക്കും. അതൊരുപക്ഷേ, അടുത്ത വർഷം പകുതിയാകും. അതുവരെ ഇതെല്ലാം ഇങ്ങനെ പോകട്ടെ എന്നു ചിന്തിക്കാനാവില്ലല്ലോ. പ്രത്യേകിച്ച്, കേരളത്തിന്റെ കാര്യത്തിൽ രോഗം ഉച്ചസ്ഥായിയിലായിട്ടില്ല. കേസുകൾ ഒക്ടോബർ, നവംബർ മാസങ്ങളിൽ കൂടാം. ‘വാക്സിൻ വരുംവരെ മാസ്കാണ് വാക്സിൻ’ എന്ന കാര്യം ലോകമെങ്ങുമുള്ള ആരോഗ്യവിദഗ്ധർ പറയുന്നു. രോഗത്തെ പ്രതിരോധിക്കാനും വ്യാപനം തടയാനും ബ്രേക്ക് ദി ചെയിൻ ശക്തമായി പിന്തുടരണം. സോപ്പും മാസ്കും സാമൂഹിക അകലവുമാണ് പ്രധാനം. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. അതാണ് നമ്മുടെ ജീവന്റെ വിലയുള്ള ജാഗ്രത.
കോവിഡ് പോരാട്ടം ഇങ്ങനെ
അതിജാഗ്രതയോടെയായിരുന്നു കോവിഡിനോടുള്ള കേരളത്തിന്റെ പ്രതികരണം. നിപ ഉൾപ്പെടെ സംസ്ഥാനത്തെ പഴയ പകർച്ചവ്യാധികളുടെ അനുഭവപാഠങ്ങൾ അതിന് ബലം നൽകി.
1 ആദ്യ ഘട്ടത്തിൽ നാലു കാര്യങ്ങളാണ് നടപ്പാക്കിയത്. രോഗ സാധ്യതയുള്ളവരെ കണ്ടെത്തുക, ക്വാറന്റീൻ ചെയ്യുക, ടെസ്റ്റ് ചെയ്യുക, ഐസൊലേറ്റ് ചെയുക.
2 രോഗത്തിന്റെ സമൂഹവ്യാപനം തടയാനായി മാർച്ച് 15-ന് ബ്രേക്ക് ദി ചെയിൻ പ്രചാരണം തുടങ്ങി. സർക്കാർ തലത്തിലും സംഘടനകളുടെ പങ്കാളിത്തത്തോടെയും ആരംഭിച്ച ബോധവത്‌കരണങ്ങൾ ഇപ്പോഴും തുടരുന്നു. സോപ്പ്, മാസ്ക്, സാമൂഹിക അകലം എന്ന മൂന്നു കാര്യങ്ങൾ ജനങ്ങളെ ഓർമിപ്പിക്കുന്ന SMS കാമ്പയിനാണ് ഊന്നൽ. പിന്നാലെ, ജീവന്റെ വിലയുള്ള ജാഗ്രത എന്ന പ്രചാരണം ശക്തമായി തുടരുന്നു. ഒപ്പം, ആരോഗ്യമേഖലയിലെ മുന്നൊരുക്കങ്ങളും.
2 വയോജനങ്ങളുടെ സുരക്ഷയ്ക്കായി റിവേഴ്‌സ് ക്വാറന്റീൻ നടപ്പാക്കി. ഗ്രാൻഡ് കെയർ തുടങ്ങി.
4കോവിഡ് കാലത്ത് സാമ്പത്തികമായി പ്രതിസന്ധിയിലായവർക്കാക്കി സമൂഹ അടുക്കള ഉൾപ്പെടെയുള്ള സാമൂഹികസുരക്ഷാ സംവിധാനങ്ങൾ ഒരുക്കി.
കേരളത്തിന്റെ ദൗർബല്യം
കോവിഡ് രോഗത്തിന്റെ അപായസാധ്യത ഏറെയുള്ള സംസ്ഥാനമാണ് കേരളം. കാരണങ്ങൾ ഇവയാണ്:
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വയോജനങ്ങളുള്ള ഒരു പ്രദേശം. വിദേശ രാജ്യങ്ങളിലും രാജ്യത്തെ ഇതരസംസ്ഥാനങ്ങളിലും ജോലിചെയ്യുന്നവർ കൂടുതൽ. നഗരവും ഗ്രാമവുമെന്ന വേർതിരിവില്ലാത്ത സമൂഹം. ജനസാന്ദ്രത-കേരളത്തിൽ ഒരു സ്ക്വയർ കിലോമീറ്ററിൽ 859 ആണ് ജനസംഖ്യ. രോഗം മരണംവിതച്ച ഇറ്റലിയിൽ ഒരു സ്ക്വയർ കിലോമീറ്ററിൽ 212 മാത്രമാണ്. ഇന്ത്യയിലെ ദേശീയ ശരാശരി ഇത് 464 ആണ്) രോഗമുണ്ടായാൽ മരണസാധ്യത കൂടുതലുള്ള പ്രമേഹം, ഹൃദ്രോഗം, അർബുദം, വൃക്കരോഗം എന്നിവയുള്ളവരുടെ സാന്ദ്രത കൂടുതൽ.
കേരളത്തിന്റെ ശക്തി
കേരളത്തിനുള്ള അനുകൂല ഘടകങ്ങൾ:
ശക്തവും വികേന്ദ്രീകൃതവുമായ ആരോഗ്യസംവിധാനം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾമുതൽ മുകൾത്തട്ടുവരെയുള്ള ശൃംഖല. ജനങ്ങളുടെ സാമ്പത്തികഭദ്രത താരതമ്യേന മെച്ചം. മികച്ച വിദ്യാഭ്യാസമുള്ളതിനാൽ ബോധവത്‌കരണങ്ങൾ ഫലം കാണുന്നു. പൊതുവേ, ആരോഗ്യപ്രവർത്തകരുടെ മാർഗനിർദേശങ്ങൾ അനുസരിക്കുന്ന സമൂഹം. ജനങ്ങളിലെ മികച്ച ആരോഗ്യ അവബോധം.