കോവിഡ്-19നെതിരായ പോരാട്ടത്തിൽ ഇതൊരു വൻമുന്നേറ്റമാണ്. പ്രത്യേകിച്ചും 2020-ന്റെ തുടക്കത്തിലുണ്ടായ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ. അതിവേഗം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന അജ്ഞാതവും അദൃശ്യവുമായ ഒരു ശത്രുവിനെയാണു നേരിട്ടത് എന്നതിനാൽത്തന്നെ അപ്രതീക്ഷിതമായിരുന്നു അപ്പോഴത്തെ സാഹചര്യം.

ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പു പരിപാടിയുടെ ഫലമായി ഇപ്പോൾ ആശങ്കയിൽനിന്ന് ആത്മവിശ്വാസത്തിലേക്ക് നാമെത്തിച്ചേരുകയും രാജ്യം കരുത്താർജിക്കുകയും ചെയ്തു.
യഥാർഥത്തിൽ സമൂഹത്തിലെ ഒട്ടേറെ വിഭാഗങ്ങൾ പങ്കുചേർന്ന ഭഗീരഥപ്രയത്നമായിരുന്നു അത്. ഓരോ കുത്തിവെപ്പിനായും ഒരു ആരോഗ്യപ്രവർത്തകൻ രണ്ടുമിനിറ്റാണ് എടുത്തത് എന്നു കണക്കാക്കി ഇതിന്റെ തോത്‌ നമുക്കു പരിശോധിക്കാം. ഈ നിരക്കിൽ, ഈ നേട്ടത്തിലേക്ക് എത്തിച്ചേരാൻ എടുക്കുന്നത് ഏകദേശം 41 ലക്ഷം തൊഴിൽ ദിനങ്ങളാണ്, അഥവാ ഏകദേശം 11,000 മനുഷ്യവർഷമാണ്.

വേഗവും തോതും കൈവരിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള ഏതൊരു ശ്രമത്തിനും അതോടൊപ്പം ചേർന്നുനിൽക്കുന്നവരുടെയെല്ലാം വിശ്വാസം നിർണായകമാണ്. അവിശ്വാസവും പരിഭ്രാന്തിയും സൃഷ്ടിക്കാൻ പല ശ്രമങ്ങളും നടന്നിട്ടും വാക്സിനിൽ ജനങ്ങൾ നൽകിയ വിശ്വാസവും തുടർന്നുള്ള പ്രവർത്തനങ്ങളുമാണ് ഈ പദ്ധതിയുടെ വിജയത്തിന് ഒരു കാരണം.

മറികടന്നത് വെല്ലുവിളികൾ

ദൈനംദിന ആവശ്യങ്ങൾക്കുപോലും വിദേശ ബ്രാൻഡുകൾ മാത്രം ആശ്രയിക്കുന്ന ചിലർ നമുക്കിടയിലുണ്ട്. എന്നാൽ, കോവിഡ്-19 വാക്സിൻ പോലെ നിർണായകമായ ഒരു ഘട്ടം വന്നപ്പോൾ, ഇന്ത്യയിലെ ജനങ്ങൾ ഏകകണ്ഠമായി ‘മെയ്ഡ് ഇൻ ഇന്ത്യ’ വാക്സിനുകളെ വിശ്വസിച്ചു. ഇത് മാതൃകാപരമായ സുപ്രധാന മാറ്റമാണ്.

‘പൊതുപങ്കാളിത്ത’മെന്ന മനോഭാവത്തോടെ, പൊതുലക്ഷ്യവുമായി പൗരന്മാരും സർക്കാരും ഒന്നുചേർന്നാൽ ഇന്ത്യക്ക് എന്തും നേടാനാകുമെന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ വാക്സിൻഡ്രൈവ്. ഇന്ത്യ പ്രതിരോധ കുത്തിവെപ്പു പരിപാടി ആരംഭിച്ചപ്പോൾ, 130 കോടി ഇന്ത്യക്കാരുടെ കഴിവിനെ സംശയിക്കുന്ന ഒട്ടേറെ പേരുണ്ടായിരുന്നു. ഇതിനായി ഇന്ത്യ 3-4 വർഷം എടുക്കുമെന്നു ചിലർ പറഞ്ഞു. വാക്സിനേഷൻ എടുക്കാൻ ആളുകൾ മുന്നോട്ടുവരില്ലെന്നു മറ്റുചിലർ പറഞ്ഞു. വാക്സിനേഷൻ പ്രക്രിയയിൽ ഗുരുതരമായ കെടുകാര്യസ്ഥതയും അരാജകത്വവും ഉണ്ടെന്നു പറഞ്ഞവരുമുണ്ടായിരുന്നു. വിതരണശൃംഖലകൾ കൈകാര്യംചെയ്യാൻ ഇന്ത്യക്കു കഴിയില്ലെന്ന് ചിലർ പറഞ്ഞു. പക്ഷേ, ഇന്ത്യയിലെ ജനങ്ങളെ വിശ്വസ്തരായ കൂട്ടാളികളാക്കിയത്, ജനതാ കർഫ്യൂവും തുടർന്നുള്ള ലോക്‌ഡൗണുകളും പോലെ, ഫലങ്ങൾ എത്ര മികച്ചതാണെന്നു കാണിച്ചുതന്നു.

ആത്മനിർഭരം അഭിമാനപൂരിതം

എല്ലാവരും ഉടമസ്ഥാവകാശം ഏറ്റെടുക്കുമ്പോൾ ഒന്നും അസാധ്യമല്ല. നമ്മുടെ ആരോഗ്യപ്രവർത്തകർ മലകളും നദികളുമുൾപ്പെടെ മറികടന്ന്, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ എത്തിച്ചേർന്ന് ജനങ്ങൾക്കു പ്രതിരോധ കുത്തിവെപ്പ്‌ നൽകി. വികസിതരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വാക്സിനെടുക്കാനുള്ള വിമുഖത നമ്മുടെ രാജ്യത്തു കുറവാണ് എന്നതിന്റെ ഖ്യാതി നമ്മുടെ യുവാക്കൾക്കും സാമൂഹികപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും സാമൂഹിക-മത നേതാക്കൾക്കും അർഹതപ്പെട്ടതാണ്.

തത്‌പരകക്ഷികൾക്ക് പ്രതിരോധ കുത്തിവെപ്പിൽ മുൻഗണന നൽകുന്നതിന് വിവിധയിടങ്ങളിൽനിന്ന് ഒട്ടേറെ സമ്മർദങ്ങൾ ഉയർന്നിരുന്നു. എന്നാൽ, നമ്മുടെ മറ്റു പദ്ധതികളെപ്പോലെ, വാക്സിനേഷൻ ഡ്രൈവിലും വി.ഐ.പി.സംസ്കാരം ഉണ്ടാകില്ലെന്നു സർക്കാർ ഉറപ്പുവരുത്തി.

2020-ന്റെ തുടക്കത്തിൽ, ലോകമെമ്പാടും കോവിഡ്-19 ആഞ്ഞടിച്ചപ്പോൾ, ഈ മഹാമാരിയെ വാക്സിനുകളുടെ സഹായത്തോടെയാകും ഒടുവിൽ നേരിടേണ്ടിവരുകയെന്നു നമുക്കു വ്യക്തമായിരുന്നു. നാം നേരത്തേത്തന്നെ തയ്യാറെടുപ്പു തുടങ്ങി. വിദഗ്‌ധസമിതികൾക്കു രൂപംനൽകുകയും 2020 ഏപ്രിൽമുതൽ പ്രവർത്തനപദ്ധതി തയ്യാറാക്കുകയും ചെയ്തു.

വിരലിലെണ്ണാവുന്ന രാജ്യങ്ങൾ മാത്രമാണ് ഇന്നുവരെ സ്വന്തമായി വാക്സിൻ വികസിപ്പിച്ചത്. വളരെക്കുറച്ചുമാത്രംവരുന്ന ഉത്‌പാദകരെയാണ് 180-ലധികം രാജ്യങ്ങൾ ആശ്രയിക്കുന്നത്. ഇന്ത്യ 100 കോടി ഡോസ് എന്ന നേട്ടം പിന്നിട്ടിട്ടും ഒട്ടേറെ രാജ്യങ്ങൾ വാക്സിനുകളുടെ വിതരണത്തിനായി കാത്തിരിക്കുകയാണ്! ഇന്ത്യ സ്വന്തമായി വാക്സിൻ വികസിപ്പിച്ചില്ലായിരുന്നെങ്കിലുള്ള അവസ്ഥ സങ്കല്പിച്ചുനോക്കൂ. ഇത്ര വലിയ ജനസംഖ്യയ്ക്ക്‌ ആവശ്യമായ വാക്സിനുകൾ ഇന്ത്യ എങ്ങനെ ശേഖരിക്കുമായിരുന്നു? അതിന് എത്ര വർഷമെടുക്കുമായിരുന്നു? അവസരത്തിനൊത്ത് ഉയർന്നതിന് ഇന്ത്യയിലെ ശാസ്ത്രജ്ഞരെയും സംരംഭകരെയും അംഗീകരിക്കേണ്ടത് ഇവിടെയാണ്. വാക്സിനുകളുടെ കാര്യത്തിൽ ഇന്ത്യ ശരിക്കും ‘ആത്മനിർഭർ’ ആയത് അവരുടെ കഴിവും കഠിനാധ്വാനവും കൊണ്ടാണ്. നമ്മുടെ വാക്സിൻ നിർമാതാക്കൾ, ഇത്രയും വലിയ ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലൂടെ, മറ്റാർക്കും പിന്നിലല്ലെന്നു തെളിയിച്ചു.

ലോകത്തിന് മാതൃക

ഇന്ത്യയെപ്പോലൊരു രാജ്യത്ത്, വാക്സിൻ ഉത്‌പാദിപ്പിച്ചാൽമാത്രം പോരാ, അങ്ങേയറ്റംവരെ വിതരണം ചെയ്യുന്നതിലും തടസ്സമില്ലാത്ത വിതരണശൃംഖലയിലും ശ്രദ്ധകേന്ദ്രീകരിക്കുകയും വേണം. ഇതിൽ ഉൾപ്പെട്ടിട്ടുള്ള വെല്ലുവിളികൾ മനസ്സിലാക്കാൻ, ഒരു ചെറിയ കുപ്പിയിലുള്ള വാക്സിൻ നടത്തിയ യാത്ര സങ്കല്പിച്ചുനോക്കാം. പുണെയിലോ ഹൈദരാബാദിലോ ഉള്ള ഒരു നിർമാണശാലയിൽനിന്ന്, ഏതെങ്കിലും സംസ്ഥാനത്തെ ഒരു ഹബ്ബിലേക്ക് ഈ കുപ്പി അയയ്ക്കുന്നു, അവിടെനിന്ന് അത് ജില്ലാ ഹബ്ബിലേക്ക് കൊണ്ടുപോകുന്നു. അവിടെനിന്ന് അത് ഒരു പ്രതിരോധ കുത്തിവെപ്പുകേന്ദ്രത്തിൽ എത്തുന്നു. വിമാനങ്ങളും ട്രെയിനുകളും നടത്തുന്ന ആയിരക്കണക്കിന് ട്രിപ്പുകളുടെ വിന്യാസം ഇതിൽ ഉൾപ്പെടുന്നുണ്ട്. ഈ യാത്രയിലുടനീളം, താപനില കേന്ദ്രീകൃതമായി നിരീക്ഷിക്കുകയും ഒരു പ്രത്യേക ശ്രേണിയിൽ നിലനിർത്തുകയും വേണം. ഇതിനായി ഒരുലക്ഷത്തിലധികം ശീതശൃംഖലാ ഉപകരണങ്ങൾ ഉപയോഗിച്ചു. വാക്സിനുകളുടെ വിതരണക്രമത്തെക്കുറിച്ച് സംസ്ഥാനങ്ങൾക്ക് മുൻകൂട്ടി അറിയിപ്പുനൽകി. അതിലൂടെ അവർക്ക് അവരുടെ ഡ്രൈവുകൾ നന്നായി ആസൂത്രണം ചെയ്യാനും മുൻകൂട്ടി തീരുമാനിച്ച ദിവസങ്ങളിൽ വാക്സിനുകൾ എത്തിക്കാനും കഴിഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അഭൂതപൂർവമായ ശ്രമമാണിത്.

ഈ ശ്രമങ്ങളെല്ലാം ‘കോവിനി’ലെ കരുത്തുറ്റ സാങ്കേതിക പ്ലാറ്റ്‌ഫോം വഴിയാണ് പൂർത്തീകരിച്ചത്. വാക്സിൻ ഡ്രൈവ് തുല്യവും തിട്ടപ്പെടുത്താൻ കഴിയുന്നതും നിരീക്ഷിക്കാവുന്നതും സുതാര്യവുമാണെന്ന് ഇത് ഉറപ്പാക്കി. ഇഷ്ടക്കാർക്കു നൽകുന്നതിനോ ക്യൂ മറികടക്കുന്നതിനോ ഉള്ള സാധ്യതയില്ലെന്നും ഇതുറപ്പാക്കി. പാവപ്പെട്ട തൊഴിലാളിക്ക് ആദ്യത്തെ ഡോസ് തന്റെ ഗ്രാമത്തിലും രണ്ടാമത്തെ ഡോസ് ഒരു നിശ്ചിതസമയ ഇടവേളയ്ക്കുശേഷം അയാൾ ജോലിചെയ്യുന്ന നഗരത്തിലും എടുക്കാൻ കഴിയുമെന്ന് ഇത് ഉറപ്പാക്കി. സുതാര്യത വർധിപ്പിക്കുന്നതിനുള്ള തത്സമയ ഡാഷ്‌ബോർഡിനു പുറമേ, ക്യൂആർ കോഡ് അധിഷ്ഠിത സർട്ടിഫിക്കറ്റുകളും പരിശോധനക്ഷമത ഉറപ്പുവരുത്തി. ഇന്ത്യയിലെന്നു മാത്രമല്ല ലോകത്തൊരിടത്തും ഇത്തരം ശ്രമങ്ങൾക്ക് മറ്റ്‌ ഉദാഹരണങ്ങൾ കാണാൻ കഴിയില്ല.

 നമ്മുടെ ടീം വലിയ ടീം
നമ്മുടെ രാജ്യം മുന്നേറുന്നത് ‘ടീം ഇന്ത്യ’ കാരണമാണെന്നും ഈ ‘ടീം ഇന്ത്യ’ നമ്മുടെ 130 കോടി ജനങ്ങളുൾപ്പെടുന്ന ഒരു വലിയ ടീമാണെന്നും 2015-ലെ എന്റെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ ഞാൻ പറഞ്ഞിരുന്നു. ജനങ്ങളുടെ പങ്കാളിത്തമാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയശക്തി. 130 കോടി ഇന്ത്യക്കാരുടെ പങ്കാളിത്തത്തിലൂടെ നമ്മൾ രാജ്യത്തെ നയിക്കുകയാണെങ്കിൽ, നമ്മുടെ രാജ്യം ഓരോ നിമിഷവും 130 കോടി ചുവടുകൾ മുന്നോട്ടു നീങ്ങും. നമ്മുടെ പ്രതിരോധ കുത്തിവെപ്പു പരിപാടി ഈ ‘ടീം ഇന്ത്യയുടെ’ ശക്തി വീണ്ടും തെളിയിച്ചു. ഇന്ത്യയുടെ പ്രതിരോധ കുത്തിവെപ്പു പരിപാടിയുടെ വിജയം ‘ജനാധിപത്യത്തിന് എന്തും സാധിക്കും’ എന്നു ലോകത്തിനു തെളിയിച്ചുകൊടുത്തു.

നമ്മുടെ യുവാക്കൾക്കും നൂതനാശയ ഉപജ്ഞാതാക്കൾക്കും സർക്കാരിന്റെ എല്ലാ തലങ്ങളിലും പൊതുജന സേവന വിതരണത്തിനായി പുതിയ മാനദണ്ഡങ്ങൾ ഒരുക്കുന്നതിന്, ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പരിപാടിയുടെ വിജയം സഹായിക്കുമെന്ന് എനിക്ക് പ്രത്യാശയുണ്ട്‌. അത് നമ്മുടെ രാജ്യത്തിനു മാത്രമല്ല, ലോകത്തിനും മാതൃകയാകും.