കൊല്ലം കരുനാഗപ്പള്ളിയിലെ ആൻസി നരേഷ് എന്ന അധ്യാപികയുടെ മനസ്സ് താളം തെറ്റിയത്‌ കഴിഞ്ഞ സെപ്‌റ്റംബർ മുതലാണ്. പതിന്നാലുവയസ്സുള്ള ഇളയമകന് ആസ്‌ത്‌മ കടുത്തു. കോവിഡ് ബാധിച്ചാൽ അതവന്റെ ജീവനെടുത്തേക്കും എന്ന ഭയമായി ആൻസിക്ക്. എല്ലാവരെയും അവർ ഭയന്നു. ഗേറ്റ് അടച്ചിട്ടു. വാതിൽ എപ്പോഴും കുറ്റിയിട്ടു. പുറത്തിറങ്ങുേന്പാൾ മാസ്കില്ലാത്തവരെ കണ്ടാൽ ഓടിമാറി, വെറുപ്പു കാണിച്ചു. പിന്നെപ്പിന്നെ പുറത്തേക്കേയിറങ്ങാതായി. വിദേശത്തുള്ള ഭർത്താവെത്തുമ്പോൾ ആൻസി വിഭ്രാന്തിയുടെ വക്കിലായിരുന്നു.

വീടുകളിലും പുറത്തും നമ്മൾ കാണുന്നുണ്ട് കോവിഡിൽ മനസ്സിന്റെ സ്വാസ്ഥ്യം കളഞ്ഞുപോയവരെ. അതിതീവ്ര ഉത്കണ്ഠ(anxiety disorder)യും വിഷാദരോഗ (depression)  വുമാണ് പലരുടെയും പ്രശ്നങ്ങൾ. നെഞ്ചുവേദനയുണ്ടെന്ന് തോന്നൽ (panic attack), ഉറക്കമില്ലായ്മ (sleep apnea) തുടങ്ങി അനുബന്ധ രോഗങ്ങൾ വേറെയും.

പിരിമുറുക്കത്തിന്റെ നാളുകൾ

മനുഷ്യരോട് കോവിഡ് ചെയ്യുന്നതിന്റെ കാണാപ്പുറങ്ങളിലുണ്ട് ഇതുപോലെ ലക്ഷക്കണക്കിനുപേർ. കോവിഡ്കാലത്തെ മാനസികപ്രശ്നങ്ങൾ പരിഹരിക്കാനായി സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ പരിപാടിയിലേക്കുമാത്രം 2020 ഫെബ്രുവരിമുതലുള്ള 15 കോവിഡ് മാസങ്ങളിൽ വിളിച്ചത് 75,000-ത്തോളം പേർ. മാനസിക പിരിമുറുക്കംമുതൽ വിഷാദരോഗംവരെ എത്തിനിൽക്കുന്ന നിസ്സഹായർ. അവരെ വിഴുങ്ങിയത് കോവിഡ് മാത്രമല്ല; മനസ്സിന്റെ പ്രതിരോധശേഷിയില്ലായ്മകൂടിയാണ്.

രോഗഭീതി, ഒറ്റപ്പെടൽ, വേർപാട്, ഇല്ലായ്മ, നഷ്ടങ്ങൾ... ഇങ്ങനെ എണ്ണിത്തീർക്കാനാവാത്ത കാരണങ്ങൾ പറയാം മനസ്സിന്റെ മറിമായങ്ങൾക്ക്. മഹാമാരി തുടങ്ങിയശേഷം രാജ്യത്ത് 74 മുതൽ  88 ശതമാനംവരെ ആളുകൾ ഏതെങ്കിലും തരത്തിലുള്ള മാനസികപ്രശ്നങ്ങൾ അനുഭവിക്കുന്നുവെന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ സെന്റർ ഓഫ് ഹീലിങ്ങിന്റെ കണക്കുകൾ പറയുന്നു. സഹായത്തിനായി തങ്ങളെ സമീപിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ടെന്ന് പകുതിയിലധികം മാനസികാരോഗ്യവിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യൻ ജേണൽ ഓഫ് സൈക്യാട്രി പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് കോവിഡ് കാലത്ത് ഇന്ത്യയിൽ 40 ശതമാനം പേരും ഉറക്കപ്രശ്നങ്ങൾ അനുഭവിക്കുന്നു എന്നാണ്. 34 ശതമാനം പേർ മാനസികസമ്മർദത്തിലും അത്രതന്നെ പേർ മാനസിക അസ്വസ്ഥതകളിലും ജീവിക്കുന്നു.

സഹിക്കാൻ വയ്യ, ഈ ആധി

അനിശ്ചിതത്വത്തിൽനിന്നുണ്ടാകുന്ന ഉത്കണ്ഠ (anticipatory anxiety)യാണ് കോവിഡ് അനുബന്ധ ഉത്കണ്ഠാരോഗങ്ങളുടെ ഗണത്തിൽ ഏറ്റവും കാണുന്നത്. ഇനി എന്തു സംഭവിക്കുമെന്നറിയാത്ത അവസ്ഥയിലാണിവർ. അകാരണമായ ദേഷ്യം, അനാവശ്യ ചിന്തകൾ, ഉറക്കക്കുറവ്, ഭാവിയെക്കുറിച്ച് വേണ്ടതിലേറെ ആശങ്ക എന്നിങ്ങനെ പലതാണ് ഇതിന്റെ ലക്ഷണങ്ങൾ. കോവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായി പരിശോധനാഫലം കാത്തിരിക്കുന്നവരിലാണ് ഇത് ഏറ്റവും കൂടുതൽ. ഫലം വരുന്നതിനിടയിലുള്ള രണ്ടുമൂന്നു ദിവസങ്ങൾ ഉറങ്ങാത്തവരുണ്ട്. അവർക്ക് തൊണ്ടയിൽ എന്തോ തടയുന്നതായി തോന്നും ചിലർക്ക് നെഞ്ചിൽ കനം. ശ്വാസംമുട്ടുന്നപോലെ തോന്നുന്നവരും വയറ്റിൽ അസ്വസ്ഥത അുഭവപ്പെടുന്നവരുമുണ്ട്.

ഫലം നെഗറ്റീവായാലും ചിലർ ഇതിൽനിന്ന് മോചിതരാവുന്നില്ല. അവർ പിന്നീടെപ്പോഴും രോഗഭീതിയുള്ളവരായി തുടരുന്നു. മനുഷ്യരുമായി ഇടപഴകാൻ മടിക്കുന്നു. ലൈംഗികബന്ധംപോലും ഉപേക്ഷിച്ചവരുണ്ട്. പേടിയാണ്, എല്ലാത്തിനോടും പേടി...

പേടിക്കേണ്ട ഹൃദയാഘാതമല്ല

​ഹൃദയാഘാതമുണ്ടായോ എന്ന പേടിയുമായി (പാനിക് അറ്റാക്ക്) ആശുപത്രിയിലെത്തുന്നവരാണ് കോവിഡിൽ വലയുന്ന ചിലർ. നെഞ്ചുേവദനയുമായാണ് പലരും എത്തുന്നത്. ചിലർക്ക് തളർച്ച, ചിലർക്ക് തലകറക്കം. ഇ.സി.ജി. പരിശോധനയിൽ പക്ഷേ, ഒരു കുഴപ്പവുമുണ്ടാകില്ല. ഡോക്ടറോട് സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെട്ട് ഇവർ മടങ്ങും. എന്നാൽ, ദിവസങ്ങൾക്കകം മിക്കവരും ഇതേ ലക്ഷണങ്ങളുമായി വരും. വീണ്ടും പരിശോധനകൾ. കുഴപ്പമില്ലെന്നറിഞ്ഞ് മടങ്ങിയാലും പാനിക് അറ്റാക്കുമായി ഇവർ വീണ്ടും എത്താനാണ് സാധ്യത.
ഉത്കണ്ഠാ രോഗങ്ങളാണ് പലപ്പോഴും പാനിക് അറ്റാക്കിലേക്ക് നയിക്കുന്നത്.  വേദനയും വിങ്ങലുമെല്ലാം ഇവർ ശരിക്കും അനുഭവിക്കുന്നുണ്ട്. എന്നാൽ, മനസ്സിലാണ് ആഘാതം. അത് ശരീരം അനുഭവിക്കുന്നതായി തോന്നുന്നുവെന്ന് മാത്രം.  എന്നാൽ, എല്ലാ ഹൃദയാഘാത ലക്ഷണങ്ങളും പാനിക് അറ്റാക്കാണെന്ന് കരുതി അവഗണിക്കരുത്. യഥാസമയം വൈദ്യസഹായം തേടുകതന്നെ വേണം.

എല്ലാംപോയി, വിഷാദം ബാക്കി

സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവാതെയുണ്ടാവുന്ന  വിഷാദരോഗലക്ഷണങ്ങളാണ് (adjustmental disorder with depressive symptoms) മറ്റു ചിലരുടെ പ്രശ്നം. ഉന്മേഷക്കുറവ്, ജീവിതത്തിന് അർഥമില്ലെന്ന തോന്നൽ ഒന്നിനോടും താത്‌പര്യമില്ലായ്മ തുടങ്ങിയവയാണ് പലരിലും ആദ്യം കാണുന്നത്. നഷ്ടങ്ങൾ സംഭവിച്ചവരാണ് ഇവരിൽ കൂടുതലും. ജീവിതോപാധി, ഉറ്റവർ, സുരക്ഷിതത്വം, പ്രതീക്ഷകൾ... നഷ്ടം ഇതിലേതുമാകാം. സഹിക്കാനാവാതെ വരുമ്പോൾ ചിലരെങ്കിലും അടുപ്പമുള്ളവരോട് പറയും. എന്നാൽ, പലരും ഇത് ഒരു മാനസികപ്രശ്നമാണെന്നുപോലും മനസ്സിലാക്കാതെ അതിൽ ഉരുകിത്തീരും. ചിലർ ആത്മഹത്യാശ്രമത്തിലേക്കുപോലും നീങ്ങും.

‘‘മാനസിക പ്രയാസങ്ങൾക്ക് വൈദ്യസഹായം തേടാൻ ഇപ്പോഴും ആളുകൾക്ക് മടിയാണ്. എന്നിട്ടുപോലും ആയിരക്കണക്കിന് ഫോൺകോളുകൾ വരുന്നു. ആത്മഹത്യചെയ്യാൻ കയറിൽ കുരുക്കിട്ടശേഷം വിളിച്ച ഒരാളുണ്ട്. കിണറ്റിൽച്ചാടി നാട്ടുകാർ രക്ഷപ്പെടുത്തിയ മറ്റൊരാളുണ്ട്. ബിസിനസ് തകർന്നവരും ജോലിനഷ്ടപ്പെട്ടവരും രോഗഭീതികൊണ്ട് മാനസികനില തെറ്റിയവരും പുറത്തിറങ്ങാനാവാതെ എല്ലാറ്റിനോടും മടുപ്പ് ബാധിച്ചവരുമുണ്ട്.’’ കോഴിക്കോട് ജില്ലാ ജനറൽ ആശുപത്രിയിലെ സൈക്യാട്രിസ്റ്റും ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായ വിമുക്തിയുടെ കോ-ഓർഡിനേറ്ററുമായ ഡോ. ടോം വർഗീസ് ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ പദ്ധതിയിലേക്ക് വിളിച്ചവരെക്കുറിച്ച് പറയുന്നു.

സർക്കാരും മാനസികാരോഗ്യവിദഗ്ധരും മനസ്സിന് പരിക്കേറ്റവർക്ക് താങ്ങായുണ്ട്. എന്നാൽ, അതിന് ആരൊക്കെ, എപ്പോഴൊക്കെ, ഏതേതവസ്ഥകളിലൂടെ കടന്നുപോകുന്നുവെന്ന് അറിയുകതന്നെ വേണം. അതേക്കുറിച്ച് നാളെ.

ഒന്നുകേൾക്കൂ, എനിക്ക് പ്രശ്നങ്ങളുണ്ട്

കോവിഡ് കാലത്ത് മാനസികപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കായുള്ള ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ പദ്ധതിയിലേക്ക് ഓരോ ജില്ലയിൽനിന്നും വിളിച്ചവർ.

തിരുവനന്തപുരം 9820

കൊല്ലം 5017

കോട്ടയം  2421

പത്തനംതിട്ട 4005

ഇടുക്കി  1050

ആലപ്പുഴ  7033

എറണാകുളം 3664

തൃശ്ശൂർ  6274

പാലക്കാട്  8321

മലപ്പുറം 5409

കോഴിക്കോട്‌  8715

വയനാട്  2665

കണ്ണൂർ  4789

കാസർകോട്‌  3875


(തുടരും)