രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ നിലവാരം പഠനവിധേയമാക്കി നീതി ആയോഗ് പ്രസിദ്ധീകരിച്ചിട്ടുള്ള ‘ആരോഗ്യമുള്ള സംസ്ഥാനങ്ങൾ ഇന്ത്യ മുന്നോട്ട്’ എന്ന പുതിയ റിപ്പോർട്ടനുസരിച്ച് കേരളം വീണ്ടും ആരോഗ്യ നിലവാരത്തിൽ മുൻപന്തിയിൽത്തന്നെ. 2015-16 വർഷം അടിസ്ഥാന വർഷമായും 2017-18 വർഷം റഫറൻസ് വർഷമായും കണക്കാക്കി ഇരുകാലങ്ങളും തമ്മിൽ താരതമ്യം ചെയ്തുള്ള ആരോഗ്യസൂചികകളാണ് നീതി ആയോഗ് തയ്യാറാക്കിയിട്ടുള്ളത്. 2018-ൽ, 2015-2016 വർഷങ്ങൾ താരതമ്യം ചെയ്തുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞവർഷത്തെപ്പോലെ ഇത്തവണയും  കേരളത്തിനേറെ സന്തോഷം നൽകുന്നതാണ് റിപ്പോർട്ടെങ്കിലും നീതി ആയോഗ് പരിഗണനയ്ക്കെടുക്കുന്ന ചില സൂചികകളിൽ നമുക്കിനിയും മുന്നോട്ടുപോവാനുണ്ടെന്ന മുന്നറിയിപ്പും റിപ്പോർട്ട് നൽകുന്നുണ്ട്. പകർച്ച-പകർച്ചേതര രോഗങ്ങളെയും മാനസികാരോഗ്യത്തെയും സംബന്ധിച്ചുള്ള വിവരശേഖരണം നടത്തിയിട്ടില്ല എന്നതാണ് നീതി ആയോഗിന്റെ പഠനത്തിന്റെ പ്രധാന പരിമിതി.

നവജാതശിശു മരണനിരക്ക് (ജനിച്ച് 28 ദിവസത്തിനകം 1000 കുട്ടികളിൽ  മരണമടയുന്നവരുടെ എണ്ണം) അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക്, ജനനനിരക്ക് (15 മുതൽ 49 വരെയുള്ള പ്രായത്തിൽ ഒരു സ്ത്രീ ശരാശരി ജന്മംനൽകുന്ന കുട്ടികളുടെ എണ്ണം), ആശുപത്രി പ്രസവം നടത്തുന്ന ഗർഭിണികളുടെ ശതമാനം, സാർവത്രിക വാക്‌സിനേഷൻ ലഭിച്ച കുട്ടികളുടെ ശതമാനം, തൂക്കംകുറഞ്ഞ കുട്ടികളുടെ ശതമാനം (ജനന സമയത്ത് 2.5 കിലോഗ്രാമിൽ കുറവ്), ജനനസമയത്തെ സ്ത്രീ-പുരുഷ അനുപാതം, ക്ഷയരോഗത്തിനും എയ്ഡ്‌സിനുമുള്ള ചികിത്സ ലഭിക്കുന്ന രോഗികളുടെ ശതമാനം തുടങ്ങിയ ആരോഗ്യ സൂചികകളും ആരോഗ്യമേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ എത്രകാലം ഒരു തസ്തികയിൽ സ്ഥിരമായി ജോലിനോക്കുന്നു, ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ ശതമാനം തുടങ്ങിയ ഭരണ കാര്യക്ഷമത നിലവാര മാനദണ്ഡങ്ങളടക്കം 23 സൂചികകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവയ്ക്കോരോന്നിനും പ്രത്യേക പ്രാമുഖ്യം (Weightage) നൽകി 0-100 വരെ  പോയന്റുകൾ കണക്കാക്കി സംസ്ഥാനങ്ങളെ  പട്ടികപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.
ആരോഗ്യ നിലവാരത്തിൽ വിവിധ സംസ്ഥാനങ്ങൾ തമ്മിലുള്ള വമ്പിച്ച അന്തരം റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഉത്തർപ്രദേശ് 28.61 പോയന്റുമായി ഏറ്റവും പിന്നിലാണ്. 74.01 പോയന്റുകൾ കരസ്ഥമാക്കി കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ വളരെ മുന്നിൽ എത്തിയിരിക്കുന്നു. തൊട്ടടുത്ത് രണ്ടാം സ്ഥാനത്തെത്തിയിട്ടുള്ള ആന്ധാപ്രദേശും (65.1), മഹാരാഷ്ട്രയും (63.99) കേരളത്തെക്കാൾ വളരെ പിന്നിലാണ്.   2030-ൽ കൈവരിക്കാനായി ലക്ഷ്യമിട്ടിട്ടുള്ള പല ആരോഗ്യലക്ഷ്യങ്ങളും കേരളം ഇതിനകം കൈവരിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

മറ്റ് സംസ്ഥാനങ്ങളെക്കാൾ മുന്നിലെന്ന് അഭിമാനിക്കുമ്പോൾ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കേരളത്തിനുലഭിച്ച പോയന്റ് 2.55 കുറഞ്ഞു എന്ന വസ്തുത (76.55-ൽനിന്ന്‌ 74.01) ശ്രദ്ധിക്കപ്പെടാതെ  പോവരുത്. ഇങ്ങനെ മൊത്തം പോയന്റിൽ കുറവുവന്നതിന്റെ ഒരു പ്രധാനകാരണം ആരോഗ്യ സൂചികാവർധന നിരക്കിൽ (ഇൻക്രിമെന്റൽ പ്രോഗ്രസ്) കേരളം പിന്നിൽ നിൽക്കുന്നതാവാനാണ് സാധ്യത. ഇതിൽ പക്ഷേ, അദ്‌ഭുതപ്പെടാനില്ല.  കുറവായി കാണേണ്ടതുമില്ല. ആരോഗ്യ  നിലവാരത്തിലുള്ള സൂചികകളിൽ  പലതിലും വികസിത രാജ്യങ്ങൾക്ക് അടുത്തെത്തിയിട്ടുള്ള കേരളത്തിന് സൂചികാവർധന കാട്ടാൻ സ്വാഭാവികമായും ബുദ്ധിമുട്ടനുഭവപ്പെടുന്നു എന്നുമാത്രം. നമ്മുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് നൽകേണ്ടിവരുന്ന വിലയായി കണ്ടാൽമതിയാവും.

സാധ്യതയില്ലാത്ത സൂചികകൾ
അതേയവസരത്തിൽ ചില സൂചികകളിൽ നീതി ആയോഗ് നൽകുന്ന കണക്കുകൾ ശരിയോ എന്ന്‌ സംശയിക്കാവുന്നതുമാണ്. ഉദാഹരണത്തിന് ആശുപത്രി പ്രസവം നടത്തുന്ന മാതാക്കളുടെ ശതമാനം 92.6-ൽനിന്ന്‌ 90.9 ആയി കുറഞ്ഞിരിക്കുന്നതായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇത് ശരിയാവാൻ ഒരു സാധ്യതയുമില്ല. ഏതാണ്ട് 100 ശതമാനം  ഗർഭിണികളും ഇപ്പോൾ ആശുപത്രിയിലാണ് പ്രസവിക്കുന്നതെന്ന് ഒട്ടേറെ പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. അതുപോലെ, രോഗനിർണയശേഷം  ക്ഷയരോഗചികിത്സ കിട്ടുന്നവരുടെ ശതമാനം 87.5-ൽനിന്ന്‌ 83.5 ആയി കുറഞ്ഞതായും കാണുന്നു. ഇതും ശരിയാവാനുള്ള സാധ്യത കുറവാണ്.  ക്ഷയരോഗരഹിത കേരളം എന്ന ലക്ഷ്യത്തിലേക്ക് കേരളം അടുത്തുകൊണ്ടിരിക്കയാണ്. സംസ്ഥാന സർക്കാർ ഏജൻസികളിൽനിന്നാണ് നീതി ആയോഗ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇങ്ങനെ തെറ്റായ കണക്കുകൾ നൽകിയതാരെന്നും അവയുടെ  ഉറവിടമേതെന്നും ആരോഗ്യവകുപ്പ് പരിശോധിക്കേണ്ടതാണ്.  

കേരളത്തിന്റെ പോയന്റ് കുറയ്ക്കാനും  തെറ്റിദ്ധാരണയുണ്ടാക്കാനും ഇടയായ മറ്റൊരു സൂചിക ജനനസമയത്തെ പുരുഷ-സ്ത്രീ അനുപാതത്തിൽ വന്നിട്ടുള്ള മാറ്റമാണ്. പുരുഷ-സ്ത്രീ അനുപാതം 967-ൽനിന്ന്‌ 959 ആയി കുറഞ്ഞിരിക്കുന്നു. പെൺ ഭ്രൂണഹത്യ വ്യാപകമായി നടക്കുമ്പോഴാണ് സ്ത്രീ അനുപാതം കുറയുന്നത്. കേരളത്തിൽ പെൺഭ്രൂണഹത്യ നടക്കുന്നു എന്നതിന് തെളിവൊന്നുമില്ല. മാത്രമല്ല, പുരുഷ-സ്ത്രീ അനുപാതത്തിന്‌
50-ൽ കൂടുതൽ വ്യത്യാസമുള്ളപ്പോൾ മാത്രമാണ് അതിനു സ്റ്റാറ്റിസ്റ്റിക്കലായി പ്രസക്തിയുള്ളത്. ഇവിടെ അങ്ങനെ സംഭവിച്ചിട്ടുമില്ല. എങ്കിലും നീതി ആയോഗ് കേരളത്തിന്റെ
പോയന്റ് കണക്കാക്കിയപ്പോൾ ഇതൊരു പ്രതികൂലഘടകമായി എടുത്തിരിക്കാൻ സാധ്യതയുണ്ട്.

കേരളത്തെ ഇനി മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുന്നതിൽ അർഥമില്ല.  വികസ്വര രാജ്യങ്ങളിൽ മികച്ച ആരോഗ്യസൂചികകളുള്ള ക്യൂബ, കോസ്റ്ററീക്ക, നിക്കരാഗ്വ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിൽ കേരളം സ്ഥാനം പിടിച്ചുകഴിഞ്ഞു. വികസിത രാജ്യങ്ങൾക്കൊപ്പമെത്തുക എന്നതാവണം ഇനി കേരളത്തിന്റെ ലക്ഷ്യം. ബുദ്ധിമുട്ടാണെങ്കിലും ഇപ്പോൾ ആരോഗ്യമേഖലയിൽ കാണുന്ന ഉണർവ് നിലനിർത്താൻ കഴിഞ്ഞാൽ അതസാധ്യമല്ലതാനും.

(ആരോഗ്യ പ്രവർത്തകനും ഡോക്ടറുമായ ലേഖകൻ സംസ്ഥാന ആസൂത്രണ ബോർഡ്‌ അംഗമാണ്‌)

Content Highlights: health Index