എല്ലാം ഹൃദയത്തിൽ സൂക്ഷിക്കാനാണ് ഇവർക്കിഷ്ടം... ഓർമകളും അനുഭവങ്ങളും. എറണാകുളം ലിസി ആശുപത്രിയിലെ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിനു മുന്നിൽ അവരെ കണ്ടുമുട്ടുമ്പോൾ ഹൃദയത്തിന്റെ വിശേഷങ്ങളായിരുന്നു ഒഴുകിയെത്തിയതെല്ലാം. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവിൽ, ഡോ. ജേക്കബ് എബ്രഹാം... ഹൃദയത്തിന്റെ കൂട്ടുകാരും സംരക്ഷകരുമെന്ന് നൂറു ശതമാനം അടയാളപ്പെടുത്താവുന്ന ഇവർക്ക്‌ ഡോക്ടർമാരുടെ ദിനത്തിൽ പറയാനുള്ളത്‌ ഒന്നുമാത്രം:

''ഹൃദയമാണ് മനുഷ്യന്റെ ജീവന്റെ അടിസ്ഥാനം. ഹൃദയം സംരക്ഷിക്കാൻ ഒാരോരുത്തർക്കും പരമാവധി കാര്യങ്ങൾ ചെയ്തുകൊടുക്കാൻ ഇനിയും കഴിയേണമേ...!''
എറണാകുളം ലിസി ആശുപത്രിയിൽ ഒരു ടീമായി ഇവർ 12 വർഷം പിന്നിടുമ്പോൾ, കൈപിടിച്ചുയർത്തപ്പെട്ടത് എത്രയോ ജീവനുകളാണ്.

''ഹൃദയത്തിന്റെ താളം നഷ്ടമായി മുന്നിലെത്തുന്ന ഓരോരുത്തരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് ടീം വർക്കിലൂടെയാണ്. ആദ്യം രോഗി ഫിസിഷ്യന്റെ അടുക്കലാണ് എത്തുന്നത്. അയാളെ പരിശോധിച്ച് ആൻജിയോഗ്രാമാണോ ആൻജിയോപ്ലാസ്റ്റിയാണോ വേണ്ടതെന്നൊക്കെ തീരുമാനമെടുക്കണം. ബൈപ്പാസ് സർജറിയിലേക്ക്‌ പോകേണ്ടതാണെങ്കിൽ അതു ചെയ്യണം. സർജനും അനസ്തേഷ്യ വിദഗ്‌ധനുമൊക്കെ അടുത്ത ഘട്ടത്തിൽ ഒപ്പം ചേരും. അങ്ങനെ എല്ലാവരും ചേർന്നാണ് ഒരാളുടെ ഹൃദയത്തിന്റെ തെറ്റിയ താളം വീണ്ടെടുക്കുന്നത്...'' - ഡോ. ജോസ് ചാക്കോ പറയുമ്പോൾ സഹപ്രവർത്തകർ അതു ശരിവെച്ച് തലയാട്ടി.
ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ വീണ്ടെടുത്ത ജീവനുകളും ഒരിക്കലും മായാത്ത ഓർമകളായി ഇവരുടെ മനസ്സിലുണ്ട്.

''അവയവദാനത്തിന്റെ മഹത്ത്വം ഓർമപ്പെടുത്തുന്നതാണ് ഓരോ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയും. ഓരോ ഹൃദയം മാറ്റിവെക്കലും ഓരോ ജീവിതകഥയാണ്. മരണത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരാളുടെ ഹൃദയം എടുത്ത് അപരിചിതനായ മറ്റൊരാളിൽ വെച്ചുപിടിപ്പിക്കുക, പുതിയ പ്രതീക്ഷകളുമായി അയാളിൽ ആ ഹൃദയം സ്പന്ദിച്ചു തുടങ്ങുക, അയാളും കുടുംബാംഗങ്ങളും പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുക... എല്ലാം മനസ്സിനെ സ്പർശിക്കുന്ന വലിയ അനുഭവങ്ങളാണ്...'' -ഡോ. റോണി പറയുന്നു.

ഇതിനകം 25-ഓളം ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകളാണ് ലിസി ആശുപത്രിയിൽ നടന്നത്. ഡോക്ടർമാരെന്ന നിലയിൽ തിരക്കിട്ട ജീവിതത്തിനിടയിൽ സ്വകാര്യമായ ചില സ്വപ്നങ്ങൾ നഷ്ടമാകുന്നുണ്ടെന്നും ഇവർ പറയുന്നു. ആശുപത്രിയിലെ തിരക്കുകൾക്കിടയിൽ അല്പസമയം വീണുകിട്ടിയാൽ ശാസ്ത്രീയസംഗീതം കേൾക്കാനാണ് ഡോ. ജോസ് ചാക്കോ ഏറ്റവുമധികം ആഗ്രഹിക്കുന്നത്. തിരക്കുകൾക്കിടയിൽ അവധി കിട്ടിയാൽ യാത്രകളാണ് ഡോ. ജേക്കബ് എബ്രഹാമിന്റെ ഇഷ്ടം.

ആശുപത്രിയിലെ തിരക്കുകൾ കഴിഞ്ഞാൽ ഗവേഷണവും ക്ലാസുകളുമായി കഴിഞ്ഞിരുന്ന ഡോ. റോണി മാത്യുവിന് പക്ഷേ, ഇപ്പോൾ കോവിഡ് കാലമായതിനാൽ ഒരാഗ്രഹം സാധിക്കുന്നുണ്ട്: ''ലോക്‌ഡൗൺമൂലം ഇപ്പോൾ ക്ലാസുകളും മറ്റും ഇല്ലാത്തതിനാൽ കുറെ സിനിമകൾ കാണാൻ അവസരം കിട്ടി...'' - ഡോ. റോണി പറഞ്ഞതു കേട്ട് സഹ പ്രവർത്തകർ ചിരിച്ചു.