കോവിഡ് സാഹചര്യം വിലയിരുത്താനും മാർഗനിർദേശം സ്വീകരിക്കുന്നതിനുമായി കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ  വിദഗ്‌ധർ മുന്നോട്ടുവെച്ച നിർദേശങ്ങൾ

പ്രധാന പരിഗണന പ്രതിരോധത്തിന്‌

യൂറോപ്പിലും മറ്റു വിദേശ രാജ്യങ്ങളിലും നടപ്പാക്കിയ പ്രതിരോധ പ്രവർത്തനങ്ങളല്ല കേരളത്തിൽ വേണ്ടത്. കേരളത്തിന് പ്രത്യേക ശ്രദ്ധ വേണം.
പ്രതിരോധത്തിനായിരിക്കണം പ്രധാനപരിഗണന. പകർച്ച, ജനങ്ങൾ കൂട്ടം കൂടുന്നതുനിമിത്തമാണ്. ഇത്തരം കൂട്ടംകൂടലുകൾ ഒഴിവാക്കണം. ഗുണനിലവാരമുള്ള മാസ്ക് ഉപയോഗിക്കുന്നത് രോഗത്തിനെതിരായി നടത്തുന്ന നിക്ഷേപമാണെന്ന് കരുതണം. വെന്റിലേഷൻ കൂട്ടണം. പ്രതിരോധമരുന്ന് നൽകുന്നതും ഊർജിതമായി നടക്കുന്നുണ്ട്‌. പ്രതിരോധം, ആശുപത്രി സംവിധാനങ്ങൾ സജ്ജമാക്കുന്നതടക്കമുള്ള ആസൂത്രണം നടപ്പാക്കണം. പുതിയ വേരിയന്റ് എവിടെനിന്നുണ്ടാവുന്നുവെന്നറിയില്ല.- ഡോ. ഭരത് പംഗാനിയ, സീനിയർ ക്ലിനിക്കൽ ലക്ചറർ, യൂണിവേഴ്‌സിറ്റി ഓഫ് എക്സിറ്റർ മെഡിക്കൽ സ്കൂൾ, യു.കെ.

സ്കൂൾ ഭാഗികമായി തുറക്കാം

ഇപ്പോഴത്തെ സാഹചര്യത്തിൽ സ്കൂൾ പൂർണമായും തുറക്കാനാകില്ല. എന്നാൽ, വാക്സിനേഷൻ, കുട്ടികളുടെ പ്രായം, സമ്പർക്കസാധ്യത എന്നിവ കണക്കിലെടുത്ത് ഭാഗികമായി തുറക്കാവുന്നതാണ്. അധ്യാപകർക്കും മറ്റു ജീവനക്കാർക്കും രണ്ടു ഡോസ് വാക്സിനും നിർബന്ധമാക്കണം. കുട്ടികൾക്ക് ഷിഫ്റ്റ് സമ്പ്രദായത്തിലോ ഒന്നിടവിട്ട ആഴ്ചകളിലോ ക്ലാസ് നടത്താം. ദിവസവും കുട്ടികളിലെ രോഗലക്ഷണങ്ങൾ പരിശോധിക്കണം. രോഗലക്ഷണമുള്ളവർ വീടുകളിൽത്തന്നെ കഴിയാൻ നിർബന്ധിക്കണം. സമ്പർക്കപ്പട്ടിക തയ്യാറാക്കി ക്വാറന്റീൻ നടപടികളും സ്വീകരിക്കണം.-ഡോ. ഡേവിഡ് പീറ്റേഴ്‌സ്, ജോൺസ് ഹോപ്കിൻസ് സർവകലാശാല

നീണ്ടുനിൽക്കാൻ കാരണം ഡെൽറ്റ വകഭേദം

രണ്ടാംതരംഗം കേരളത്തിൽ നീണ്ടുനിൽക്കുന്നതിന് പ്രധാനകാരണം വൈറസിന്റെ ഡെൽറ്റ വകഭേദമാണ്. രോഗപ്പകർച്ചയും വൈറസ് വ്യാപനസാധ്യതകളും കുറയ്ക്കുക, ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടവരുടെ എണ്ണം കുറയ്ക്കുക, ഗുരുതരരോഗങ്ങളുള്ളവർക്ക് പ്രത്യേക സംരക്ഷണം ഒരുക്കുക എന്നിവ പ്രധാനമാണ്.- ഡോ. അനുരാഗ് അഗർവാൾ
ഡയറക്ടർ, ഐ.ഡി.ഐ.ബി., സി.എസ്. ഐ.ആർ., ന്യൂഡൽഹി

സ്കൂൾ തുറക്കേണ്ടത്‌ എങ്ങനെ

30-40 കുട്ടികളെ വീതം ബയോ ബബിളായി കണക്കാക്കി പത്തുദിവസം ഐസൊലേറ്റ് ചെയ്യുന്ന രീതിയിലാണ് സ്കോട്‌ലൻഡിൽ ക്ലാസുകൾ ആരംഭിച്ചത്. ഇപ്പോൾ ബബിൾ സംവിധാനത്തിന് മാറ്റംവരുത്തി. നിരന്തര പരിശോധന നടത്തി. അധ്യാപകർക്ക് പൂർണമായും വാക്സിൻ നൽകി. കൂടുതൽ അധ്യാപകരും ചെറുപ്പക്കാരായിരുന്നു. സ്കൂൾ അന്തരീക്ഷത്തിൽനിന്ന് രോഗം പകരുന്നത് ഒഴിവാക്കാൻ  രക്ഷിതാക്കൾസ്കൂളിൽ പ്രവേശിക്കുന്നതിന്  നിയന്ത്രണം ഏർപ്പെടുത്തി. കാരണം അവർ ജനസമ്പർക്കം ഉള്ളവരായതിനാൽ രോഗം പകരാൻ സാധ്യതകൂടും. അവർക്ക്‌ കുട്ടികളെ സ്കൂൾ ഗേറ്റിൽ എത്തിക്കുന്നതിന് മാത്രമാണ് അനുമതി നൽകിയത്. സ്കൂളിൽ വെന്റിലേഷൻ നിർബന്ധമാക്കി. കുട്ടികളുടെ മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകി. മറ്റുഗുരുതര രോഗങ്ങളുള്ള കുട്ടികൾക്കും സംരക്ഷണം നൽകി. വീടുകളിൽ രോഗനിർണയത്തിന്  സംവിധാനം ഒരുക്കിയിട്ടുണ്ട്.-ഡോ. ദേവിശ്രീധർ, ചെയർ ഓഫ് ​േഗ്ലാബൽ പബ്ലിക് ഹെൽത്ത്‌ യൂണിവേഴ്‌സിറ്റി ഓഫ് എഡിൻബർഗ്.

ഊന്നൽ യുവാക്കൾക്ക്‌

ഓസ്‌ട്രേലിയൻ സർക്കാർ കോവിഡ് കാലത്ത് യുവാക്കളുടെ വിദ്യാഭ്യാസം, മാനസികാരോഗ്യം എന്നിവയ്ക്കാണ്‌ അധിക പ്രാധാന്യം നൽകിയത്. സാമ്പത്തിക, സാമൂഹിക പ്രതിസന്ധി ഒഴിവാക്കാൻ യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനും പ്രാധാന്യം നൽകിയിരുന്നു.-ഡോ. അജയ് മഹൽ, പ്രൊഫസർ ഹെൽത്ത്‌ ഇക്കണോമിക്സ് ആൻഡ് ഗ്ലോബൽ ഹെൽത്ത് സിസ്റ്റംസ് റിസർച്ച്, യൂണിവേഴ്‌സിറ്റി ഓഫ് മെൽബൺ

ആശുപത്രികൾ സജ്ജമാക്കണം

ആശുപത്രികൾ സജ്ജമാക്കുകയും  വാക്സിനേഷന് കൂടുതൽ ഊന്നൽ നൽകുകയുമാണ് വേണ്ടത്. പുതിയ വകഭേദമുണ്ടാകുന്നുണ്ടോ എന്ന് നിരന്തരം പരിശോധിക്കേണ്ടതുണ്ട്. വാക്സിനേഷനിലൂടെ രോഗം ഗുരുതരമാവുന്നവരുടെ എണ്ണം കുറയ്ക്കാനാവും. സമൂഹത്തിൽ നേരിയ രോഗലക്ഷണങ്ങളുള്ളവരെ മുഴുവൻ പരിശോധിക്കേണ്ടതില്ല. സ്കൂളുകളിലും മറ്റും രോഗബാധ കണക്കാക്കാൻ പൂൾടെസ്റ്റിങ് പോലെയുള്ള രീതികൾ അവലംബിക്കാവുന്നതാണ്.- ഡോ. ആർ.ആർ. ഗംഗാഖേദ്കർ, എപ്പിഡമോളജി മുൻ മേധാവി, ഐ.സി.എം.ആർ.

സുരക്ഷിതമാണ്‌ സ്കൂളുകൾ

പുതിയൊരു ലോകത്താണ് ഇനി ജീവിക്കേണ്ടി വരുക. കോവിഡ്കാല ജീവിതം  കോവിഡനന്തര  ജീവിതം എന്നിവ സംബന്ധിച്ച് അധ്യാപകർക്കും വിദ്യാർഥികൾക്കും  പ്രത്യേകപരിശീലനം നൽകണം. വീടുകളിലെക്കാൾ  സുരക്ഷിതമാണ് സ്കൂളുകൾ, സുരക്ഷാ മാനദണ്ഡങ്ങൾ വീടുകളിലെക്കാൾ അവർ പാലിക്കും. കുട്ടികളുടെ ഹാജരിന്റെ കാര്യത്തിൽ നിർബന്ധം പാടില്ല. സ്കൂളിൽ എത്താൻ കഴിയാത്തവർക്കായി ഓൺലൈൻ ക്ലാസുകൾ തുടരണം. സെക്കൻഡറി, ഹയർസെക്കൻഡറി സ്കൂളുകൾ തുറക്കുകയെന്ന് ചില സംസ്ഥാനങ്ങൾ  തീരുമാനിച്ചത് ബോർഡ് പരീക്ഷ മുന്നിൽക്കണ്ടാണ്.  ഒന്നും രണ്ടും ക്ലാസുകളിലെ വിദ്യാർഥികൾക്കും ക്ലാസ് ആരംഭിക്കണമെന്നാണ് അഭിപ്രായം. അവർ സ്കൂളുകളിൽ പോകണമെന്നത് അവരുടെ സാമൂഹിക, മാനസിക വികസനത്തിന്  പ്രധാനമാണ്. അടിസ്ഥാന വിദ്യാഭ്യാസത്തിനും കൂട്ടുകാരുമായും അധ്യാപകരുമായും ഇടപഴകുന്നതിനും അത് അനിവാര്യമാണ്. അധ്യാപകർക്കും ജീവനക്കാർക്കും വാക്സിൻ നൽകുന്നത് അവരിൽ ആത്മവിശ്വാസം വളർത്തും.-
ഡോ. സങ് സുപ് റ, ചെയർ ഓഫ് ദ എജ്യുക്കേഷൻ സെക്ടർ ഗ്രൂപ്പ്,എ.ഡി.ബി.

ടാസ്ക്‌ ഫോഴ്‌സുകൾക്ക്‌ രൂപം നൽകണം

ആന്റിജൻ, ആർ.ടി.പി.സി.ആർ. പരിശോധനകളിലൂടെ സംസ്ഥാനത്ത് വൈറസ് ബാധയുള്ളവരെ കൂടുതൽ കണ്ടെത്തുന്നുണ്ട്. എന്നാൽ, ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണ്. സാമ്പത്തിക, വിദ്യാഭ്യാസ റിക്കവറി ആവശ്യമാണ്. ജില്ലാതല ടാസ്ക് ഫോഴ്‌സുകൾക്ക് രൂപം നൽകണം.
കളക്ടറുടെ നേതൃത്വത്തിൽ എല്ലാ മേഖലകളിൽനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിവേണം അത് രൂപവത്‌കരിക്കാൻ, സാമ്പത്തിക, വിദ്യാഭ്യാസ മേഖലയെ എങ്ങനെ വീണ്ടെടുക്കാമെന്നും ആൾക്കൂട്ടം ഒഴിവാക്കാമെന്നും ടാസ്ക് ഫോഴ്‌സുകളുടെ നിർദേശം പരിഗണിക്കണം. കുട്ടികൾക്ക് ഉയർന്ന പ്രതിരോധ ശേഷിയുള്ളതിനാൽ പ്രൈമറി മുതലുള്ള ക്ലാസുകൾ തുറക്കണം. എത്രയും വേഗം സാമ്പത്തികമേഖലയിലും ആസൂത്രണം വേണം.  ഹ്രസ്വ, ദീർഘകാല ആസൂത്രണത്തിനായി ആരോഗ്യ സുരക്ഷാ ഏജൻസി ആവശ്യമാണ്.-
ഡോ. ജേക്കബ് ജോൺ, റിട്ട. പ്രൊഫസർ, ക്ലിനിക്കൽ വൈറോളജി, സി.എം.സി. വെല്ലൂർ. 

വേണ്ടത്‌ ഹൈബ്രിഡ്‌ രീതി

കോവിഡിന് എതിരായ ദീർഘകാല പോരാട്ടമാണ് നടക്കുന്നത്. നയതീരുമാനങ്ങളെടുക്കും മുമ്പ് സമൂഹപങ്കാളിത്തം ഉറപ്പാക്കണം. സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കാൻ അത് ആവശ്യമാണ്. പലപ്പോഴും ജനങ്ങളുമായുള്ള ആശയവിനിമയം കാര്യക്ഷമമായി നടക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങൾ ഇതിന് മുൻകൈയെടുക്കണം. പ്രതിരോധ നടപടികൾക്കായി ലോക്ഡൗൺ പോലെയുള്ള ചർച്ചകളാണ് നടക്കുന്നത്.  ഹൈബ്രിഡ് രീതിയാണ് അവലംബിക്കേണ്ടത്.  ജീവനക്കാർക്ക് വീട്ടിലിരുന്നും ഓഫീസിലെത്തിയും ജോലിചെയ്യാനുള്ള അവസരമൊരുക്കണം.-ഡോ. സജ്ജയ് പൂജാരി, ഡയറക്ടർ ആൻഡ് ചീഫ് കൺസൽട്ടന്റ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ്, പുണെ

പ്രൈമറി സ്കൂളുകൾ തുറക്കാം

ആറു മുതൽ 13 വരെ പ്രായമുള്ള കുട്ടികളിൽ രോഗപ്പകർച്ച കുറവാണെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രൈമറി സ്കൂളുകൾ തുറക്കാമെന്നുതന്നെയാണ് ഈ കണക്കുകൾ നൽകുന്ന സൂചന. നല്ലൊരുശതമാനം കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ ലഭിക്കുന്നില്ലെന്നകാര്യവും പരിഗണിക്കണം. കണക്കുകൾ പരിശോധിച്ചാൽ സ്കൂളുകൾ അടച്ചിട്ട് കുട്ടികളെ സുരക്ഷിതരാക്കാമെന്നു കരുതാനാവില്ല. ബ്രേക്ക് ത്രൂ ഇൻഫെക്‌ഷൻ, റിപ്പീറ്റഡ് ഇൻഫെക്‌ഷൻ എന്നിവ സംബന്ധിച്ച് ജനിതക പഠനം തുടരേണ്ടതുണ്ട്.-
ഡോ. ഷാഹിദ് ജമീൽ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, വെൽക്കം ട്രസ്റ്റ് ഡി.ബി.ടി. ഇന്ത്യ
 
രാത്രികാല കർഫ്യൂ എന്തിന്‌

സ്കൂൾ തുറക്കുന്നകാര്യം പരിഗണിക്കേണ്ട സമയമായി. നിശ്ചിത സമയം നൽകി അതിനായി നയം തീരുമാനിക്കണം. നിശാജീവിതമില്ലാത്ത സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. ഞായറാഴ്ച ലോക്ഡൗൺ തുടരുന്നകാര്യവും കണക്കുകൾ പരിശോധിച്ച് പുനരവലോകനം ചെയ്യേണ്ടതുണ്ട്.
പകുതിപ്പേർക്ക് പ്രവേശനം നൽകി ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കാൻ അനുമതി നൽകണം. സാമ്പത്തികോത്തേജനത്തിന് അത് അനിവാര്യമാണ്.- ഡോ. മുരളി തുമ്മാരുകുടി, ഓപ്പറേഷൻസ് മാനേജർ, ക്രൈസിസ് മാനേജ്‌മെന്റ് ബ്രാഞ്ച്, യു.എൻ. എൻവയോൺമെന്റ് പ്രോഗ്രാം.