വീണ്ടും കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടതിനെത്തുടർന്ന് യാത്രക്കാർക്ക് കടുത്ത നിയന്ത്രണങ്ങൾ കർണാടകത്തിൽ നിലവിൽവന്നു. കേരളത്തിൽനിന്നും വരുന്നവർക്കായാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിലാക്കിയത്. കേരളത്തിൽനിന്നും വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇതില്ലാതെ വരുന്നവർ ആർ.ടിപി.സി.ആർ. പരിശോധനയ്ക്ക് വിധേയരാകുകയും ഫലം വരുന്നതുവരെ ക്വാറന്റീനിൽ കഴിയുകയും വേണം. ഇത്‌ അവിടെ പഠിക്കുന്ന മലയാളിവിദ്യാർഥികളെയും  വിവിധ പരീക്ഷകൾക്കൊരുങ്ങുന്നവരെയും യാത്രക്കാരെയും പ്രതിസന്ധിയിലാക്കി. കെ.എസ്.ആർ.ടി.സി. ബസുകളുൾപ്പെടെ യാത്രാസൗകര്യമുണ്ടെങ്കിലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ പരീക്ഷയ്ക്കെത്താൻ കഴിയില്ല. വിദ്യാർഥികളോടൊപ്പം വരുന്ന രക്ഷിതാക്കൾക്കും ഇത് പ്രയാസമുണ്ടാക്കും.

ഹോസ്റ്റലുകളിലും ലോഡ്ജുകളിലും റിസോർട്ടുകളിലും പ്രവേശിക്കണമെങ്കിൽ കോവിഡ് ഇല്ലെന്നു തെളിയിക്കണം. വീടുകളിലുൾപ്പെടെ സന്ദർശകരെ അനുവദിക്കാൻ പാടില്ല. ദക്ഷിണ കന്നഡ ജില്ലയിലേക്ക് കടക്കുന്ന അതിർത്തിയിൽ യാത്രക്കാരെ തടഞ്ഞ് പരിശോധന നടത്താനും ആലോചനയുണ്ട്. ബെംഗളൂരുവിലെ മെജസ്റ്റിക് റേയിൽവേ സ്റ്റേഷനിൽ കോവിഡ് പരിശോധനാകേന്ദ്രം തുടങ്ങി.

ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാളിലും ബെംഗളൂരുവിലെ ആർ.ടി. നഗറിലും മലയാളിവിദ്യാർഥികൾ പഠിക്കുന്ന നഴ്‌സിങ് കോളേജുകളിൽ ഒട്ടേറെ വിദ്യാർഥികൾക്ക് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബെംഗളൂരുവിൽ മലയാളികളുൾപ്പെടെ താമസിക്കുന്ന ഒരു ഭവനസമുച്ചയത്തിൽ നൂറിലധികം പേർക്ക് രോഗം ബാധിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ മലയാളികൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തോത് തീരെ കുറഞ്ഞുനിൽക്കുമ്പോഴാണ് പുതിയ നിയന്ത്രണങ്ങൾ വരുന്നത്. രോഗവ്യാപനത്തിന്റെ രണ്ടാംതരംഗം ഉണ്ടായേക്കുമെന്ന ആശങ്കയിലാണിത്.  രോഗവ്യാപനം കൂടിനിൽക്കുമ്പോൾത്തന്നെ യാത്രക്കാർക്കുള്ള നിയന്ത്രണങ്ങളും ക്വാറന്റീൻ നിയമങ്ങളുമൊക്കെ ഒഴിവാക്കിയ സംസ്ഥാനമാണ് കർണാടക. ഇപ്പോൾ കേരളത്തിൽമാത്രം രോഗവ്യാപനം കുറയാതെ നിൽക്കുന്നതിനാൽ അവിടെനിന്നെത്തുന്നവരിൽനിന്നും വൈറസ് പടരാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ബി.ജെ.പി.യോട് അടുത്തും അകന്നും  ജെ.ഡി.എസ്.

കർണാടകത്തിൽ ജെ.ഡി.എസും ബി.ജെ.പി.യും പരസ്പരം സഹായിച്ചു നിൽക്കുന്നതിനിടെയാണ് മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആർ.എസ്.എസിനെതിരേ അപ്രതീക്ഷിതമായി വെടിയുതിർത്തത്. ബി.ജെ.പി.യുമായി ഒരു ബന്ധത്തിനുമില്ലെന്ന് ആവർത്തിച്ചു പറയുമ്പോഴും ഇരു പാർട്ടികളും കൈകോർത്ത് നിൽക്കുന്നത് സംസ്ഥാന നിയമസഭയുടെ ഉപരിസഭയായ നിയമനിർമാണ കൗൺസിൽ സാക്ഷിയായതാണ്. ജെ.ഡി.എസിന്റെ പിന്തുണയോടെ കൗൺസിൽ വൈസ് ചെയർമാൻ സ്ഥാനം ബി.ജെ.പി. സ്വന്തമാക്കി. തുടർന്ന് രണ്ടു പാർട്ടികളും ചേർന്ന് കോൺഗ്രസ് അംഗമായ ചെയർമാൻ പ്രതാപചന്ദ്രഷെട്ടിയെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കാൻ നീക്കം നടത്തി. തുടർന്ന് ചെയർമാൻ രാജിവെച്ചു. ചെയർമാൻസ്ഥാനം ബി.ജെ.പി. പിന്തുണയോടെ ജെ.ഡി.എസ്. പിടിച്ചെടുത്തു.

പക്ഷേ, അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രനിർമാണത്തിന് സംഘപരിവാർ സംഘടനകൾ നടത്തിവരുന്ന ഫണ്ടുപിരിവിനെതിരേ കുമാരസ്വാമി നടത്തിയ പ്രസ്താവന ബി.ജെ.പി.യെ ഞെട്ടിച്ചു. ജർമനിയിലെ നാസി ഭരണകൂടത്തിന്റെ ചെയ്തികളുമായാണ് ആർ.എസ്.എസിന്റെ പ്രവർത്തനത്തെ അദ്ദേഹം ഉപമിച്ചത്. ക്ഷേത്രനിർമാണത്തിന് സംഭാവന നൽകുന്നതും നൽകാത്തതുമായ വീടുകൾ അടയാളപ്പെടുത്തി വേർതിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇത് നാസി ഭരണകൂടം അന്ന് ചെയ്തതുപോലുള്ള പ്രവൃത്തിയാണ്.

ആരോപണത്തിനെതിരേ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് നളിൻകുമാർ കട്ടീലും വി.എച്ച്.പി. നേതാക്കളും രംഗത്തുവന്നെങ്കിലും കുമാരസ്വാമി പിന്മാറിയില്ല. അടിസ്ഥാനരഹിതമായ ആരോപണമെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം. അടയാളപ്പെടുത്തിയ ഒരു വീടെങ്കിലും കാണിച്ചുതരാൻ കട്ടീൽ വെല്ലുവിളിച്ചു. ഇതോടെ തന്റെ വീട്ടിൽ സംഭാവന പിരിക്കാനെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന വിശദീകരണവുമായി കുമാരസ്വാമി വീണ്ടും രംഗത്തെത്തി. സംഭാവന നൽകാത്തതെന്തുകൊണ്ടെന്നു ചോദിച്ചായിരുന്നു ഭീഷണി. രാമക്ഷേത്രം നിർമിക്കുകയാണ് രാജ്യത്തെ പ്രധാനപ്രശ്നമെന്നാണ് അവർ പറഞ്ഞത്. എന്ത് ആധികാരികതയാണ് ഇതിനുള്ളതെന്നും ആരാണ് അവർക്ക് ഇതിന് അധികാരം നൽകിയതെന്നും അദ്ദേഹം ചോദിച്ചു. രാമക്ഷേത്ര നിർമാണത്തിന് 1989-ൽ എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ നടത്തിയ ഫണ്ടുപിരിവിന്റെ കണക്കെവിടെയെന്നും അദ്ദേഹം ആരാഞ്ഞു.

സംഘപരിവാർ സംഘടനകളുടെ ഫണ്ടുപിരിവിനെതിരേ കുമാരസ്വാമിക്കുപിന്നാലെ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും രംഗത്തുവന്നു. തർക്കം നിലനിൽക്കുന്ന സ്ഥലത്ത് നിർമിക്കുന്ന ക്ഷേത്രത്തിന് താൻ സംഭാവന നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. 2023-ൽ നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുമായും കൂട്ടുചേരാതെ മുഴുവൻ മണ്ഡലങ്ങളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ ചേർന്ന പാർട്ടി കൺവെൻഷനിൽ കുമാരസ്വാമി പ്രഖ്യാപിച്ചു. ബി.ജെ.പി.യുമായി ചേരുന്നെന്ന പ്രചാരണത്തിന് ചെവികൊടുക്കരുതെന്ന് അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ പങ്കെടുത്ത യോഗത്തിലായിരുന്നു പ്രഖ്യാപനം. അടുത്തുനടക്കുന്ന ബസവ കല്യാൺ, സിന്ദഗി, മസ്കി നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ മത്സിരിക്കേണ്ടെന്ന തീരുമാനത്തിൽനിന്ന് പിന്മാറുകയും ചെയ്തു. ഈ മണ്ഡലങ്ങളിൽ മത്സരിക്കുന്നില്ലെന്ന് ദേവഗൗഡയായിരുന്നു പ്രഖ്യാപിച്ചത്. ഇത് ബി.ജെ.പി.യെ സഹായിക്കാനാണെന്ന് ആരോപണമുയർന്നതിനെത്തുടർന്നാണ് തീരുമാനം മാറ്റിയത്.