covid2019 ഡിസംബർ അവസാനം ചൈനയിലെ വുഹാനിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ട് ഏഴുമാസവും ഇന്ത്യയിലാദ്യമായി 2020 ജനുവരി മുപ്പതിന് ചൈനയിൽനിന്ന്‌ കേരളത്തിലെത്തിയ ഒരു വിദ്യാർഥിനിയിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് ആറുമാസവുമാകുന്നു.

കേരളം നേരിട്ട വെല്ലുവിളികൾ

കേരളത്തിൽ കോവിഡ് രോഗം വലിയ വെല്ലുവിളികളാണ് ഉയർത്തിയത്. ജനസാന്ദ്രതയും അപകടസാധ്യതയുള്ള ജനസമൂഹത്തിന്റെ എണ്ണവും വളരെ കൂടുതലായ സംസ്ഥാനത്ത് കോവിഡ് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. എന്നാൽ, ആരോഗ്യവകുപ്പ് മുൻകൂട്ടി സ്വീകരിച്ച കരുതൽനടപടികൾമൂലം ആദ്യഘട്ടങ്ങളിൽ കോവിഡിനെ നിയന്ത്രിച്ചുനിർത്താൻ കേരളത്തിന് കഴിഞ്ഞു.

വുഹാനിൽനിന്ന്‌ വിദ്യാർഥികൾ കേരളത്തിലെത്തിയതുമുതൽ അന്തർസംസ്ഥാന വിദേശയാത്രകൾ നിരോധിച്ച്‌ ലോക്ഡൗൺ വരെയുള്ള കാലത്തെ ഒന്നാംഘട്ടമായും (ജനുവരി അവസാനംമുതൽ മാർച്ച് 25 വരെ) ലോക്ഡൗൺ ലഘൂകരിച്ച് വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ആളുകൾക്ക് കേരളത്തിലേക്കു വരാൻ അനുമതിനൽകിയ വന്ദേഭാരത് വരെയുള്ള കാലത്തെ (മേയ് നാലുവരെ) രണ്ടാംഘട്ടമായും കണക്കാക്കാം. ഒന്നും രണ്ടും ഘട്ടങ്ങളിലായി 499 പേർക്കാണ് രോഗം ബാധിച്ചത്. മൂന്നുപേർ മാത്രമാണ് മരിച്ചത്.

ലോക്ഡൗൺ ലഘൂകരിച്ചുകൊണ്ട് കേന്ദ്രസർക്കാർ അന്തരാഷ്ട്ര വിമാനസർവീസും അന്തസ്സംസ്ഥാന ട്രെയിൻ സാർവീസുകളും പുനരാരംഭിക്കാൻ തീരുമാനിച്ച മേയ് നാലുമുതൽ കേരളം കോവിഡ് നിയന്ത്രണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നതോടെ വലിയ വെല്ലുവിളികൾ നേരിടാൻ തുടങ്ങി. കോവിഡ് രോഗം അതിവേഗം പടർന്നുപിടിച്ചുകൊണ്ടിരിക്കയാണ്. മലയാളികൾ ഏറെ തിരികെവരാൻ സാധ്യതയുള്ള ചൈന്നെ, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങൾ കോവിഡ് ഹോട്സ്‌പോട്ടുകളുമാണ്. സ്വാഭാവികമായും ഇവിടെ നിന്നെത്തുന്നവരിൽ രോഗബാധിതർ ഒന്നാംഘട്ടത്തിലേതിനെക്കാൾ വളരെ കൂടുതലാവുകയും മരണനിരക്ക് നേരിയതോതിലാണെങ്കിലും വർധിക്കുകയും ചെയ്തു.

ക്ലസ്റ്റർ വ്യാപനം

ഇതിനിടെ കോവിഡിന്റെ മറ്റൊരു പ്രത്യേകതയും കേരളത്തിൽ രോഗവ്യാപനം വർധിപ്പിക്കുന്ന തരത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിന് കാരണമായി. രോഗം ബാധിക്കുന്ന കുറച്ചുപേരിൽനിന്ന്‌ മറ്റ് ഏതാനും പേരിലേക്കുമാത്രം രോഗംപകരുന്ന രീതിയിലല്ല കോവിഡ് വ്യാപനം നടക്കുന്നത്. രോഗം ബാധിച്ച ബഹുഭൂരിപക്ഷംപേരും മറ്റുള്ളവരിലേക്ക് രോഗം പകർത്തണമെന്നില്ല. എന്നാൽ, അതേയവസരത്തിൽ വളരെ ചുരുക്കംപേരിൽനിന്ന്‌ ഒട്ടേറെപ്പേരിലേക്ക് രോഗം പകരുന്ന അതിവ്യാപന രീതിയിലാണ് (Super Spread) രോഗം വ്യാപിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

കമ്പോളങ്ങൾ, കടകൾ, സാമൂഹിക ചടങ്ങുകൾ എന്നിവയിൽ ആളുകൾ കൂട്ടത്തോടെ പങ്കെടുക്കുന്ന അതിവ്യാപന സംഭവങ്ങളാണ് (Super Spread Events) രോഗവ്യാപനം വർധിക്കുന്നതിനു കാരണമാവുന്നതെന്നും മനസ്സിലായിട്ടുണ്ട്. നിപയും പ്രളയവും ഒരുമാസംവീതം നീണ്ടുനിന്ന പ്രതിസന്ധികളായിരുന്നു. എന്നാൽ, കോവിഡിനെ നേരിടാൻ തുടങ്ങിയിട്ട് ഇപ്പോൾ ആറുമാസത്തിലേറെയാവുന്നു. അതിന്റെ ക്ഷീണവും ആലസ്യവും മടുപ്പം പലരെയും ബാധിച്ചിട്ടുണ്ട്. സ്വാഭാവികമായും ഈയൊരു മാനസികാവസ്ഥ ‘ബ്രേക്ക് ദി ചെയിൻ’ ജീവിതരീതികൾ കർശനമായി പാലിക്കുന്നതിലുള്ള ഉദാസീനതയിലേക്ക് നയിച്ചതും അതിവ്യാപന സംഭവങ്ങൾ വർധിക്കാൻ കാരണമായി.

രോഗികളുടെ എണ്ണം കൂടുമ്പോൾ

ഇതിന്റെയെല്ലാം ഫലമായി സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ, ഉറവിടം കണ്ടെത്താൻ കഴിയാത്ത രോഗികൾ, എന്നിവരുടെയെല്ലാം എണ്ണത്തിൽ വലിയ വർധനയുണ്ടായി. മാത്രമല്ല, ആരോഗ്യപ്രവർത്തകരിലും രോഗബാധ വർധിച്ചുവരുന്നു.

ഈ സാഹചര്യത്തെ വിലയിരുത്തി കരുതൽനടപടികൾ ശക്തമാക്കാനും ഉചിതമായ ചികിത്സാ സംവിധാനങ്ങൾ സംഘടിപ്പിക്കാനുമാണ് ഈ ഘട്ടത്തിൽ ശ്രമിച്ചുവരുന്നത്. ഗുരുതര രോഗമുള്ളവരെ ചികിത്സിക്കാൻ ഐ.സി.യു., വെന്റിലേറ്റർ സൗകര്യമുള്ള കോവിഡ് ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്.

മെഡിക്കൽ കോളേജിലായി സജ്ജമാക്കിയിട്ടുള്ള കോവിഡ് ആശുപത്രികളിലായി 8704 കിടക്കകളാണുള്ളത്. ഇവയിൽ നാലിലൊന്ന് കിടക്കകളിൽ (2747) മാത്രമാണ് രോഗികളുള്ളത്. കടുത്തരോഗലക്ഷണമില്ലാത്തവരെ പരിചരിക്കുന്നതിനായുള്ള 101 കോവിഡ് ഫസ്റ്റ്‌ലൈൻ ചികിത്സാകേന്ദ്രങ്ങൾ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു.

ഇവിടെ ഇപ്പോൾ 12,801 കിടക്കകളാണുള്ളത്. പകുതി കിടക്കകളിൽ മാത്രമാണ് (5881) ഇതിനകം രോഗികളെ അഡ്മിറ്റ് ചെയ്യേണ്ടിവന്നിട്ടുള്ളത്. എങ്കിലും ഇനിയുള്ള ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കാൻ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കോവിഡ് ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ചികിത്സാകേന്ദ്രങ്ങളും സ്ഥാപിക്കാൻ ഊർജിതശ്രമം നടന്നുവരുകയാണ്.

കേരളത്തിലുള്ള രോഗികളിൽ അറുപതു ശതമാനത്തിലേറെ രോഗലക്ഷണമൊന്നും പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളിൽത്തന്നെ താമസിച്ച് പരിചരിച്ചാൽ മതിയെന്ന് വിദഗ്ധർ ഉപാധികളോടെ നിർദേശിച്ചിട്ടുണ്ട്. അപകടസാധ്യതാവിഭാഗത്തിൽ പെടാത്തവരായ രോഗലക്ഷണമില്ലാത്തവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാകേന്ദ്രങ്ങളുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ വീട്ടിൽത്തന്നെ കഴിയാൻ അനുവദിക്കാവുന്നതാണെന്നാണ് മറ്റ് പലരാജ്യങ്ങളിലെയും രീതികൾ പിന്തുടരുന്നവരുടെ അഭിപ്രായം. രോഗികളുടെ എണ്ണം അമിതമായി വർധിച്ചാൽ ഈ നിർദേശവും പരിഗണിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്.


ആരോഗ്യസംവിധാനങ്ങൾ സജ്ജമോ

കോവിഡ് ഒരു ആരോഗ്യപ്രശ്നം മാത്രമല്ല, സാമൂഹിക-സാമ്പത്തിക പ്രശ്നം കൂടിയാണ്. പല രാജ്യങ്ങളിലും മിക്ക സംസ്ഥാനങ്ങളിലും രോഗികൾക്ക് പൊതുജനാരോഗ്യസംവിധാനം ദുർബലമായതുകൊണ്ട് ചികിത്സയ്ക്കായി സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവരുന്നു.

പല സംസ്ഥാനങ്ങളിൽനിന്നും സ്വകാര്യമേഖല ഈടാക്കുന്ന അമിത ചികിത്സാഫീസിനെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കയാണ്. രോഗികളും ബന്ധുക്കളും വലിയ സാമ്പത്തികബാധ്യതയാണ് നേരിടുന്നത്. എന്നാൽ, കേരളത്തിലാവട്ടെ സർക്കാർ ആശുപത്രികളിൽ പൂർണമായും സൗജന്യചികിത്സയാണ് നൽകുന്നത്. കോവിഡ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും രോഗികൾക്ക് സൗജന്യ ഭക്ഷണവും നൽകുന്നു.

കേരളത്തിലെ സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്ക് സർക്കാരുമായി സഹകരിക്കുന്നുണ്ട്. കാരുണ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി കോവിഡ് കാലത്ത് കൂടുതൽ ആശുപത്രികൾ സർക്കാരുമായി കൈകോർത്തുവരുകയാണ്.

കാസ്‌പ്‌ ഗുണഭോക്താക്കൾക്കും സർക്കാർ റഫർചെയ്യുന്ന കോവിഡ് രോഗികൾക്കും എം പാനൽചെയ്ത സ്വകാര്യ ആശുപത്രികളിൽനിന്ന്‌ സൗജന്യചികിത്സ ലഭിക്കും. കോവിഡ് ചികിത്സയ്ക്ക് മാത്രമായി താത്‌കാലിക എം പാനൽമെന്റ് സൗകര്യം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ ചികിത്സനിരക്ക് നിശ്ചയിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ജനറൽ വാർഡിൽ 2300 രൂപയും ഐ.സി.യു.വിൽ 6500 രൂപയും വെന്റിലേറ്റർ ഐ.സി.യു.വിൽ 11,500 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

മനുഷ്യവിഭവലഭ്യത

ചികിത്സാകേന്ദ്രങ്ങളുടെ എണ്ണത്തിലുണ്ടാവുന്ന വർധനയും ആരോഗ്യപ്രവർത്തകരിൽ വർധിച്ചുവരുന്ന രോഗവ്യാപനവും പരിഗണിച്ച് ആരോഗ്യ മനുഷ്യവിഭവ ലഭ്യത ഉറപ്പാക്കുക എന്ന ശ്രമകരമായ വെല്ലുവിളിയും ഏറ്റെടുക്കേണ്ടതുണ്ട്. ഇ.എസ്.ഐ., സഹകരണമേഖല, ആയുഷ് എന്നീ വിഭാഗങ്ങളിൽനിന്ന്‌ ആരോഗ്യപ്രവർത്തകരെ കോവിഡ് പരിചരണത്തിന് വിനിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ദേശീയാരോഗ്യ മിഷനിലൂടെ ആവശ്യാനുസരണം  താത്‌കാലിക നിയമനം നടത്താനുമുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ബ്രേക്ക് ദി ചെയിൻ ജീവിതരീതികൾ ശക്തമായി പിന്തുടരുകയും അപകടസാധ്യതയുള്ളവർക്ക് ഐ.സി.യു. പരിചരണം ഉറപ്പാക്കുകയും രോഗവ്യാപനവും മരണനിരക്കും നിയന്ത്രിക്കുകയുംചെയ്താൽ നമുക്ക് കോവിഡിനെ അതിജീവിക്കാൻ കഴിയും.