കുറച്ചു മാസങ്ങൾകൊണ്ട് ലോകത്ത് ലക്ഷങ്ങളെ കൊന്നൊടുക്കുകയും കോടികളെ ബാധിക്കുകയും ചെയ്ത മഹാമാരിയുടെ അവസാനം കാണാനാകുമെന്ന പ്രതീക്ഷയോടെയാണ് ഓരോ ദിവസവും നാം ഉറക്കമുണരുന്നത്. എന്നാൽ, മരണസംഖ്യയും രോഗികളുടെ എണ്ണവും പെരുകുന്നത് നമ്മുടെ പ്രതീക്ഷകളെ തകിടംമറിക്കുകയാണ്. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ഒരുഘട്ടത്തിൽ വിജയം വരിച്ച സംസ്ഥാനങ്ങളിലും ചില പ്രത്യേക പ്രദേശങ്ങളിലും രോഗം വീണ്ടും പിടിമുറുക്കുന്നുമുണ്ട്.

അതേസമയം, വാക്സിൻ പരീക്ഷണങ്ങളിൽ ലോകം ഉറ്റുനോക്കുന്ന ആസ്ട്രസനേകയുടെ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം താത്കാലികമായി നിർത്തിവെക്കുകയും പിന്നീട്‌ പനുരാരംഭിക്കുകയും ചെയ്‌തു. തങ്ങളുടെ വാക്സിനാവണം ഏറ്റവുമാദ്യം വിപണിയിലെത്തുന്നത് എന്ന് ഊറ്റംകൊള്ളാൻ മത്സരിക്കുന്ന രാഷ്ട്രീയനേതാക്കൾക്ക്  വാക്‌സിൻ പരീക്ഷണം താത്‌കാലികമായി നിർത്തിവെക്കേണ്ടിവന്നത്‌ വലിയ നിരാശയുണ്ടാക്കി. അപ്പോഴും,  വാക്സിന്റെ പ്രശ്നം പരീക്ഷണഘട്ടത്തിൽത്തന്നെ കണ്ടുപിടിക്കാനായി എന്നത്‌ ജനങ്ങൾക്ക് ആശ്വാസം പകരുന്നതായിരുന്നു. അപാകം പരിഹരിച്ച് മുന്നേറാൻ ശാസ്ത്രത്തിന് കഴിയുമെന്ന്‌ തെളിയുകയും ചെയ്‌തു. 

ഇത് നല്ല സൂചനയാണെന്നാണ് ലോകാരോഗ്യസംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ അഭിപ്രായപ്പെട്ടത്. ഗവേഷണത്തിൽ ഉയർച്ചതാഴ്ചകളുണ്ടാകുമെന്ന യാഥാർഥ്യം മനസ്സിലാക്കണമെന്നും അതിനെ നേരിടാൻ സമൂഹം തയ്യാറാകണമെന്നുമുള്ള ഓർമപ്പെടുത്തലാകാം ഇതെന്നാണ് അവരുടെ പക്ഷം.

പരീക്ഷണത്തിൽ പങ്കെടുത്തവരിൽ അസ്വാഭാവിക ലക്ഷണങ്ങൾ കണ്ടെത്തിയത് ഒരു സ്ത്രീയിലാണെന്നത് തീർത്തും യാദൃച്ഛികമാണ്. ഇത്തരം പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവരെ മുൻകൂട്ടി അറിയിച്ച് അനുമതി തേടുന്നതിന്റെ പ്രസക്തിയാണ് ഞാനിവിടെ ആലോചിക്കുന്നത്.

കോവിഡ്-19 വാക്സിൻ രൂപപ്പെടുത്തുന്നത് ബൃഹത്തായ ഉദ്യമമാണ്. പരീക്ഷണങ്ങൾ ലോകം മുഴുവൻ ഉറ്റുനോക്കുന്നതാണ്, ഏവരും പ്രതീക്ഷയോടെ കാത്തുനിൽക്കുന്നതും. കുറുക്കുവഴികളിലൂടെ വിജയം നേടാനുമാകില്ല.
നിർഭാഗ്യവശാൽ, മുൻകാലങ്ങളിൽ നടത്തിപ്പോന്ന മറ്റ് പരീക്ഷണങ്ങളുടെ കാര്യം വ്യത്യസ്തമായിരുന്നു. പ്രത്യേകിച്ച് പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവരുടെ അനുമതി സംബന്ധിച്ച്.

പരീക്ഷണം എന്താണെന്നോ എന്തിനു വേണ്ടിയാണെന്നോ കൃത്യമായ ധാരണയില്ലാതെയാണ് സ്ത്രീകൾ പലപ്പോഴും ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുത്തത് എന്നതിന് ഉദാഹരണങ്ങൾ തേടി അധികം പിന്നോട്ട്‌ പോകേണ്ടതില്ല. 2009-ൽ ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിൽ പെൺകുട്ടികളിൽ ഹ്യൂമൺ പാപ്പിലോമ വൈറസ് (എച്ച്.പി.വി.) വാക്സിന്റെ ഫലപ്രാപ്തിപരീക്ഷണങ്ങൾ നടത്തിയത്‌ നമ്മുടെ മുന്നിലുണ്ട്‌.

നട്ടെല്ലിനെ ബാധിക്കുന്ന അർബുദത്തിനെതിരേയുള്ള വാക്സിൻ എന്നതായിരുന്നു വാഗ്ദാനം. ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകളെ ബാധിക്കുന്ന രോഗമാണിത് എന്നതിനാൽത്തന്നെ ആരോഗ്യരംഗത്ത് അതിന് മഹത്തായ പ്രാധാന്യവുമുണ്ടായിരുന്നു.

എന്നാൽ, ഇവിടെ പ്രശ്നം വാക്സിൻ പരീക്ഷണം ആരുടെമേൽ നടത്തിയെന്നതാണ്. വീട്ടുകാരിൽനിന്ന് അകന്ന് ഹോസ്റ്റലിൽക്കഴിയുന്ന ആദിവാസികളായ പെൺകുട്ടികളെയാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. അവർക്കോ അവരുടെ മാതാപിതാക്കൾക്കോ പരീക്ഷണത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്നിട്ടും, 10-നും 14-നും ഇടയിൽ പ്രായമുള്ള 14,000 പെൺകുട്ടികൾക്ക് വാക്സിന്റെ മൂന്നു ഡോസ് നൽകി.

വാക്സിൻ സ്വീകരിച്ചശേഷം നാലു പെൺകുട്ടികൾ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മരിച്ചതോടെയാണ് പ്രശ്നം ശ്രദ്ധയിലെത്തുന്നത്. കുട്ടികളുടെ മരണത്തിന് വാക്സിൻ സ്വീകരിച്ചതുമായി നേരിട്ട് ബന്ധമുണ്ടോയെന്നത് വ്യക്തമല്ല. അപ്പോഴും, ഈ പെൺകുട്ടികൾ പൂർണ ആരോഗ്യവതികളായിരുന്നില്ല എന്നതും ജീവനുള്ള വൈറസ് ശരീരത്തിൽ കയറ്റുന്നതിന്റെ പരിണതഫലങ്ങളെക്കുറിച്ച് അവർക്ക് അറിവില്ലായിരുന്നു എന്നതും വസ്തുതയാണ്. വാക്സിനെക്കുറിച്ച് വിശദമാക്കുന്ന രേഖകൾ ഇംഗ്ലീഷിലായിരുന്നു. അത് അവർക്കോ അവരുടെ മാതാപിതാക്കൾക്കോ വായിക്കാനുമാകില്ല. സത്യത്തിൽ, വാക്സിൻ നൽകാൻ ചുമതലയുള്ള ആരോഗ്യപ്രവർത്തകർക്കുപോലും ഇംഗ്ലീഷ് അറിയില്ലായിരുന്നു. 

അവസാനം, സ്ത്രീസംഘടനകളുടെ ഇടപെടലിനെത്തുടർന്നാണ് പരീക്ഷണം നിർത്തിവെച്ചത്. മാത്രമല്ല, വാക്സിൻ പരീക്ഷണത്തിനായി വ്യക്തികളെ ഉപയോഗിക്കുമ്പോൾ അവരുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി അടിസ്ഥാനപ്പെടുത്തിയല്ലാതെ അവരെ ബഹുമാനിക്കുന്നതിന്റെ പ്രാധാന്യത്തിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനും സംഘടനകളുടെ ഇടപെടൽ സഹായിച്ചു. അവരുടെ പോരാട്ടം ഇത്തരം പരീക്ഷണങ്ങൾ അവസാനിപ്പിക്കാനുള്ള പാഠമായിരിക്കുമെന്നും ഇനി ഒരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും നമുക്ക് പ്രത്യാശിക്കാം. ഇങ്ങനെയുള്ള സംഭവങ്ങളിൽനിന്ന് മനസ്സിലാകുന്ന മറ്റൊരു കാര്യം, സ്ത്രീകളും പെൺകുട്ടികളുമടങ്ങുന്ന അശക്തരായ വിഭാഗമാണ് പരീക്ഷണങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ബലിയാടാക്കപ്പെടുന്നത് എന്നതാണ്. എതിർക്കാനുള്ള കഴിവ് അവർക്കില്ലാത്തതുതന്നെ കാരണം.

content highlights: covid vaccine trials