ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട ട്രിപ്‌സ് കരാറിലെ വ്യവസ്ഥകൾ താത്‌കാലികമായി ഒഴിവാക്കുന്നതിനുള്ള പിന്തുണ അമേരിക്ക പ്രഖ്യാപിച്ചു.  ഈ നടപടിയുടെ ഗുണവശങ്ങളെന്തൊക്കെയാണ് 
= കോവിഡ് മെഡിക്കൽ ഉത്‌പന്നങ്ങളുടെ പ്രാദേശിക ഉത്‌പാദനം വർധിപ്പിക്കുന്നതിന് ട്രിപ്‌സ് കരാർപ്രകാരം പകർപ്പവകാശങ്ങൾ, വ്യാവസായിക രൂപകല്പനകൾ എന്നിവ പരിരക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള ബാധ്യത താത്‌കാലികമായി നിർത്തിവെക്കാനുള്ള നിർദേശം 2020 ഒക്ടോബർ ഒന്നിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഡബ്ല്യു.ടി.ഒ.യ്ക്ക് സമർപ്പിച്ചു. താങ്ങാവുന്ന വിലയ്ക്ക് ഉത്‌പന്നങ്ങളുടെ ലഭ്യതയെന്നതാണ് ഇതിന്റെ ഗുണം. ബൗദ്ധികസ്വത്തവകാശനിയമം ഉടമയ്ക്ക് കുത്തക പരിരക്ഷിത ഉത്‌പന്നങ്ങൾ നിർമിക്കുന്നതിൽനിന്ന് മറ്റുള്ളവരെ തടയുകയും ചെയ്യുന്നു. ഈ കുത്തക  മെഡിക്കൽ ഉത്‌പന്നങ്ങളുടെ ഉയർന്നവിലയ്ക്ക് കാരണമാകുന്നു. പൊതുവായി പറഞ്ഞാൽ, മെഡിക്കൽ ഉത്‌പന്നങ്ങളുടെ ഉടമസ്ഥാവകാശം വികസിത രാജ്യക്കാർക്കോ കമ്പനികൾക്കോ ഉള്ളതാണ്. വികസ്വര രാജ്യങ്ങളിലെ ഈ ഉത്‌പന്നങ്ങളുടെ പ്രാദേശിക ഉത്‌പാദനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു. കോവിഡ് വാക്സിനുകൾക്കുള്ള കുത്തക ഒഴിവാക്കുന്നതിനുള്ള പിന്തുണ മേയ് 5-ന് അമേരിക്ക നൽകി. ഇത് ട്രിപ്‌സ് എഴുതിത്തള്ളൽ നിർദേശത്തിൽ സമവായത്തിലെത്താൻ ചർച്ചകൾ പുരോഗമിക്കുകയാണ്. യൂറോപ്യൻ യൂണിയനാണ് ചർച്ചകളുടെ പുരോഗതി തടയുന്നത്.

അമേരിക്കയുടെ ഈ നീക്കംകൊണ്ട് ഇന്ത്യയിൽ എന്തെങ്കിലും ഫലമുണ്ടാകുമോ
= ട്രിപ്‌സ് എഴുതിത്തള്ളൽ നടപ്പാക്കുന്നത് ഇന്ത്യൻ കമ്പനികൾക്ക് സാങ്കേതികവിദ്യകൾ അനുകരിക്കാനും പുതിയ ഉത്‌പന്നങ്ങൾ നിർമിക്കാനും സ്വാതന്ത്ര്യം നൽകും. മത്സരഭയം, വിദേശ കമ്പനികളെ അവരുടെ സാങ്കേതികവിദ്യകൾ ഇന്ത്യൻ കമ്പനികൾക്ക് നൽകാൻ പ്രേരിപ്പിച്ചേക്കാം. ട്രിപ്‌സ് എഴുതിത്തള്ളലിന് പകരമായി  വൊളന്ററി ലൈസൻസ് പ്രോത്സാഹിപ്പിക്കാനാണ് ഔഷധക്കുത്തകകളുടെ ശ്രമം. അന്താരാഷ്ട്ര വിപണിയിൽ മത്സരിക്കാനുള്ള ഇന്ത്യൻ കമ്പനികളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇത്തരം കമ്പനികൾ ഒരു സഖ്യമായി പ്രവർത്തിക്കാതിരിക്കാൻ  ഇന്ത്യൻ സർക്കാർ ജാഗ്രത പാലിക്കണം.

ബൗദ്ധികസ്വത്തവകാശം റദ്ദാക്കാനുള്ള നടപടികൾ ഇന്ത്യയിലും സ്വീകരിക്കാൻ കഴിയുമോ, എന്താണ്‌ ഗുണങ്ങൾ
= അതെ, തീർച്ചയായും. നിയമത്തിൽ ഭേദഗതി വരുത്തുകയോ ദുരന്തനിവാരണ നിയമപ്രകാരം അധികാരങ്ങൾ ഉപയോഗിക്കുകയോ ചെയ്താൽ സർക്കാരിന് ബൗദ്ധിക സ്വത്തവകാശം താത്‌കാലികമായി നിർത്തലാക്കാം. ഇതിലൂടെ ഉത്‌പന്നങ്ങളുടെ പ്രാദേശിക ഉത്‌പാദനം സുഗമമാക്കാം. പ്രത്യേകിച്ചും വാക്സിനുകൾ, മരുന്നുകൾ, ഡയഗ്‌നോസ്റ്റിക്‌സ് എന്നിവയിൽ. കൂടുതൽ ഫലപ്രദമായ സാങ്കേതികവിദ്യകൾ വകസിച്ചുവരുകയാണ്. അണുബാധ തടയാൻ കഴിയുന്ന വാക്സിനുകളുടെ വരവുമുതൽ  ആന്റി വൈറൽ മരുന്നുകൾവരെ പ്രധാനമാണ്. ഇളവ് സ്വീകരിക്കുന്നതും നടപ്പാക്കുന്നതും ഇന്ത്യൻ കമ്പനികളെ ഇവ മിതമായ നിരക്കിൽ ഉത്പാദിപ്പിക്കാൻ സഹായിക്കും. ട്രിപ്‌സ്  വ്യവസ്ഥകൾ ഇളവുചെയ്യൽ നിർദേശത്തിന്റെ കോ-സ്പോൺസർ ആയതിനാൽ ഇന്ത്യയിൽ നിർബന്ധിത ലൈസൻസ് നൽകുന്നതിനെ ഇന്ത്യൻ സർക്കാർ എതിർക്കരുത്. ഇത് ഇന്ത്യയുടെ ചർച്ചാനിലപാടിനെ ദുർബലപ്പെടുത്തും. അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര തലത്തിലും ഇപ്പോഴുള്ള വൈരുധ്യപരമായ നിലപാട് ഇന്ത്യൻ സർക്കാർ വെടിയണം.

കോവിഡ് വാക്സിൻ കാര്യത്തിൽ നമ്മുടെ നിർബന്ധിത ലൈസൻസിങ് നിയമം പ്രായോഗികമാക്കാനാകുമോ
= തീർച്ചയായും. വാക്സിൻ പേറ്റന്റുകൾക്കെതിരേ നിർബന്ധിത ലൈസൻസിങ്‌ വ്യവസ്ഥകൾ നടപ്പാക്കാം. വലിയതോതിലുള്ള ക്ലിനിക്കൽ ട്രയൽ ഇല്ലാതെ വിലകുറഞ്ഞതും വേഗത്തിലുള്ളതുമായ വാക്സിനുകൾ നിർമിക്കുന്നതിന് ഒരു വ്യാപാര രഹസ്യത്തിലേക്കുള്ള പ്രവേശനം പ്രധാനമാണ്. സാധാരണ അലോപ്പതി മരുന്നുകളുടെ കാര്യത്തിൽ, ജനറിക് പതിപ്പിന്റെ സുരക്ഷയും ഫലപ്രാപ്തിയും തെളിയിക്കാൻ ജനറിക് കമ്പനിക്ക് ഒരു ബാധ്യതയുമില്ല, കാരണം ആ മരുന്നിന്റെ സുരക്ഷയും ഫലപ്രാപ്തിയും മാതൃകമ്പനി നേരത്തേ സ്ഥാപിച്ചതാണ്. എന്നാലും മാതൃകമ്പനിയിൽനിന്ന് നിർമാണപ്രക്രിയ നേടിയിട്ടില്ലെങ്കിൽ ക്ലിനിക്കൽ പഠനങ്ങളിലൂടെ ഉത്‌പന്നത്തിന്റെ സുരക്ഷയും കാര്യക്ഷമതയും തെളിയിക്കേണ്ടതുണ്ട്. ഇത് സമയവും വിഭവവും ഏറെവേണ്ട പ്രക്രിയയാണ്. അതിനാൽ, മതിയായ സാമ്പത്തിക പിന്തുണയുള്ള കമ്പനികൾ മാത്രമാണ് വാക്സിൻ നിർമാണത്തിലേക്ക് പ്രവേശിക്കുന്നത്.

ഇന്ത്യയിൽ കോവിഡ് വാക്സിൻ നയത്തെപ്പറ്റി ഏറെ വിവാദങ്ങളുണ്ട്, ഇതിനെപ്പറ്റി
= പുതുക്കിയ വാക്സിൻ നയം പ്രധാന പിശകുകൾ പരിഹരിച്ചെങ്കിലും ഇപ്പോഴും വാക്സിൻ നിർമാതാക്കൾക്ക് അവരുടെ ഉത്‌പാദനത്തിന്റെ 25 ശതമാനം പൊതുവിപണിയിൽ അവർ നിശ്ചയിച്ച വിലയ്ക്ക് വിൽക്കാൻ അനുവദിക്കുന്നു. സ്വകാര്യ ആശുപത്രികൾക്കുള്ള  25 ശതമാനം വിഹിതം പൊതു ആശുപത്രികളിൽ കുറവുണ്ടാക്കുന്നു, കാരണം, സ്വകാര്യ ആശുപത്രികൾ ഏതാനും മെട്രോ നഗരങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. സ്വകാര്യമേഖലയുടെ വിഹിതത്തിന്റെ 50 ശതമാനത്തിലധികവും ഒമ്പത്‌ ആശുപത്രി ശൃംഖലകളാൽ ‘കോർണർ ചെയ്യപ്പെട്ട’തായും തെളിവുകൾ വ്യക്തമാക്കുന്നു. വാക്സിനുകളുടെ ഉയർന്നവില സ്വകാര്യ ആശുപത്രികളിൽനിന്ന് വാക്സിനുകൾ ലഭിക്കുന്നത് പലരെയും തടയുന്നു. അതിനാൽ, ഒഡിഷ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടപ്രകാരം സ്വകാര്യ ആശുപത്രികൾക്കുള്ള വകയിരുത്തൽ സംബന്ധിച്ച് കേന്ദ്ര സർക്കാർ പുനരവലോകനം നടത്തണം. കൂടാതെ, അവശ്യ ചരക്ക് നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് കോവിഡ് വാക്സിനുകളുടെ വിലയ്ക്ക് സർക്കാർ പരിധി നിശ്ചയിക്കണം.

വാക്സിൻ വിതരണത്തിലെ സാമ്പത്തിക അസന്തുലിതാവസ്ഥയിൽ ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ചിട്ടുണ്ട്, എന്താണ് പരിഹാരം
= സാമ്പത്തിക അസമത്വത്തെ മഹാമാരി കൂടുതൽ വഷളാക്കി. ഒരു ഐ.എം.എഫ്. പ്രവചനമനുസരിച്ച് 124 ദശലക്ഷം ആളുകൾ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടും. ഇതിൽ 60 ശതമാനം ദക്ഷിണേഷ്യയിൽ നിന്നുള്ളവരാണ്. വാക്സിൻ കുത്തക ഇതുവരെ എട്ടു പുതിയ ശതകോടീശ്വരന്മാരെ സൃഷ്ടിച്ചു. സാമ്പത്തികപ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ, ജനസംഖ്യയുടെ ഗണ്യമായ ശതമാനത്തിന് പ്രതിരോധ കുത്തിവെപ്പ്‌ ത്വരപ്പെടുത്തേണ്ടതുണ്ട്. ഇതിന് ആവശ്യമായ വാക്സിൻ ഡോസുകൾ വേണം. നല്ല മാർഗം ഉത്‌പാദന വൈവിധ്യവത്‌കരണമാണ്. ഈ ലക്ഷ്യത്തിനായി, മത്സരം വർധിപ്പിക്കുന്നതിന് സർക്കാർ വാക്സിൻ സാങ്കേതികവിദ്യക്ക്‌ ലൈസൻസ് നൽകേണ്ടതുണ്ട്. മൂന്ന് പൊതുമേഖലാ കമ്പനികൾക്ക് കോവാക്സിൻ ലൈസൻസ് നൽകി സർക്കാർ ഈ ദിശയിലേക്ക് ചില നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. സാധ്യതയുള്ള മറ്റ് നിർമാതാക്കൾക്ക് ലൈസൻസ് നൽകാനുള്ള സന്നദ്ധത പ്രഖ്യാപിച്ചു. 
ഗവേഷണവികസന ചെലവുകൾക്ക് നഷ്ടപരിഹാരം നൽകിയശേഷം നിലവിൽ വികസിച്ചുകൊണ്ടിരിക്കുന്ന  ആഭ്യന്തര വാക്സിനുകൾക്ക് ലൈസൻസ് നൽകുന്നതിന്  സർക്കാർ അടിയന്തരമായി  നടപടിയെടുക്കണം.

വാക്സിൻ ദേശീയത ആപത്ത്‌

ഇന്ത്യയിൽ വാക്സിനേഷൻ പൂർത്തിയാകുന്നതുവരെ  കയറ്റുമതി നിരോധിക്കണമെന്ന ആവശ്യം നഗ്നമായ വാക്സിൻ ദേശീയതയാണ്. പൊതുജനാരോഗ്യ വീക്ഷണകോണിൽ നിന്ന് അത്തരം അവകാശവാദങ്ങൾ അംഗീകരിക്കാനാവില്ല. കാരണം, എല്ലാവരും സുരക്ഷിതരാകുന്നതുവരെ ആരും സുരക്ഷിതരല്ല. വേണ്ടത് അന്താരാഷ്ട്ര സഹകരണവും ഐക്യദാർഢ്യവുമാണ്. 
2020-ൽ ലോകാരോഗ്യ അസംബ്ലിയുടെ തീരുമാനപ്രകാരം ലോകാരോഗ്യ സംഘടന ആഗോള വിഹിതം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സംവിധാനം അനുസരിച്ച് ആരോഗ്യപരിപാലനം തൊഴിലാളികളെയും മുതിർന്ന പൗരന്മാരെയും അനുബന്ധരോഗങ്ങളുള്ള ആളുകളെയും ലക്ഷ്യമിടുന്നതാണ്. അതിനാൽ, സാർവത്രിക വാക്സിനേഷനായി തുറക്കുന്നതിനുമുമ്പ് ഈ മുൻഗണനാ ഗ്രൂപ്പുകൾക്ക് വാക്സിനുകൾ  നൽകുക എന്നതാണ് ആശയം. ഈ ചട്ടക്കൂട് പിന്തുടരുകയും മറ്റു രാജ്യങ്ങൾക്ക് ഈ ലക്ഷ്യം കൈവരിക്കാൻ അനുവദിക്കുകയും ചെയ്യുക എന്നതാണ് ശരി.
 ലോകത്തിന്റെ ഫാർമസി എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. വാക്സിനുകൾ ഉൾപ്പെടെയുള്ള ഒട്ടേറെ കോവിഡ് മെഡിക്കൽ ഉത്‌പന്നങ്ങൾക്ക് ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നുണ്ട്‌. 
ആരോഗ്യ നയതന്ത്രം എന്നറിയപ്പെടുന്ന മെഡിക്കൽ ഉത്‌പന്നങ്ങളുടെ വിതരണം ഇന്ത്യയുടെ വിദേശനയത്തിന്റെ ഭാഗമാണ്. ഡബ്ല്യു.ടി.ഒ. ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര ഫോറങ്ങളെ ദുർബലപ്പെടുത്തുന്ന വികസിത രാജ്യങ്ങളെപ്പോലെ പ്രവേശനം നിരസിക്കാനും പെരുമാറാനും നമുക്ക് കഴിയില്ല. സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസ്വര രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള ഒരു ധാരണയോടെയാണ് വാക്സിൻ സാങ്കേതികവിദ്യ നേടിയത്.  കയറ്റുമതി നിരോധനം ഇന്ത്യയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകളുമായി പൊരുത്തപ്പെടുന്നതല്ല.