കോവിഡ്‌ ചികിത്സ സംബന്ധിച്ച്‌ ഐ.സി.എം.ആറിന്റെയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസിന്റെയും പ്രത്യേക മാനദണ്ഡങ്ങൾ കോവിഡ്‌ നിയന്ത്രണത്തിനുള്ള സംയുക്തസമിതിയും സംസ്ഥാന ആരോഗ്യവകുപ്പും പുറത്തിറക്കിയിരുന്നു. കഴിഞ്ഞവർഷം നടന്ന വിവിധ ഗവേഷണറിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ്‌ പുതിയ ചികിത്സാമാനദണ്ഡം തയ്യാറാക്കിയിരിക്കുന്നത്‌. കോവിഡ്‌ ചികിത്സ ഏകീകരിക്കുന്നതിന്‌ പുതിയ മാനദണ്ഡങ്ങൾ സഹായിക്കും. വർധിച്ച ചികിത്സച്ചെലവിനും ഗുരുതരമായ പാർശ്വഫലങ്ങൾക്കും മരുന്ന്‌ പ്രതിരോധത്തിനും ഇടയാക്കുമെന്നതുകൊണ്ട്‌ കോവിഡ്‌ വ്യാപിക്കുന്ന സാഹചര്യത്തിൽ മരുന്നുകളുടെ അമിത ഉപയോഗവും ദുരുപയോഗവും ഒഴിവാക്കേണ്ടതാണ്‌. അശാസ്ത്രീയവും യുക്തിരഹിതവുമായ ചികിത്സയെ ആശ്രയിക്കാതെ മാനദണ്ഡങ്ങളനുസരിച്ച്‌ ഡോക്ടർമാർ നിർദേശിക്കുന്ന ചികിത്സമാത്രം പിന്തുടരാൻ പൊതുസമൂഹം ജാഗ്രത കാണിക്കണം.

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം ആപത്ത്‌

കഴിഞ്ഞവർഷം സംസ്ഥാന ആരോഗ്യവകുപ്പ്‌ പുറത്തിറക്കിയ ചികിത്സാമാനദണ്ഡത്തിൽ ആന്റിബയോട്ടിക്കുകൾ നിർദേശിച്ചിരുന്ന കമ്മിറ്റി രോഗികൾക്കും നേരിയ ഗുരുതരാവസ്ഥയുള്ള കാറ്റഗറി സി.ക്കാർക്കുമാണ്‌ അസിത്രോമൈസിൻ എന്ന ആന്റിബയോട്ടിക്‌ നിർദേശിച്ചിരുന്നത്‌. എന്നാൽ, പുതിയ മാനദണ്ഡങ്ങളിൽ കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകൾ ആൻറിബയോട്ടിക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡത്തിലും ലഘുവായ കോവിഡിനും (കാറ്റഗറി-എ) അല്പം ഗുരുതരാവസ്ഥയിലുള്ള കോവിഡിനും (കാറ്റഗറി-ബി) ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല. കോവിഡ്‌ ബാധിതർക്ക്‌ ദ്വിതീയ ബാക്ടീരിയൽ രോഗാണുബാധയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽമാത്രം ആന്റിബയോട്ടിക്‌ ചികിത്സനൽകാനാണ്‌ ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്നത്‌.

ചികിത്സയിൽ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം വ്യാപകമാകുന്നുവെന്ന സൂചനയുള്ളപ്പോൾ ആന്റിബയോട്ടിക്‌ പ്രതിരോധം ഒഴിവാക്കാനായി അംഗീകൃത ചികിത്സാമാനദണ്ഡങ്ങൾ 
പിന്തുടരണ്ടേതുണ്ട്‌. കോവിഡ്‌ ചികിത്സയുമായി ബന്ധപ്പെട്ട 1002 പഠനങ്ങൾ വിശകലനംചെയ്തപ്പോൾ എട്ടുശതമാനം രോഗികൾക്കുമാത്രം ബാക്ടീരിയൽ അണുബാധ ഉണ്ടായപ്പോൾ 72 ശതമാനം രോഗികൾക്കും ആന്റിബയോട്ടിക്‌ ചികിത്സ ലഭിച്ചതായി ക്ലിനിക്കൽ ഇൻഫക്‌ഷ്യസ്‌ ഡിസീസ്‌ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. 88 രാജ്യങ്ങളിലെ കോവിഡ്‌ തീവ്രപരിചരണവിഭാഗം കേന്ദ്രീകരിച്ച്‌ നടത്തിയ പഠനത്തിൽ 54 ശതമാനം രോഗികൾക്കുമാത്രം ബാക്ടീരിയൽ അണുബാധ സ്ഥിരീകരിച്ചപ്പോൾ 70 ശതമാനം രോഗികൾക്കും ശക്തിയേറിയ ആന്റിബയോട്ടിക്കുകൾ ലഭിച്ചതായി ജേണൽ ഓഫ്‌ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

ആരോഗ്യരംഗം സമീപഭാവിയിൽ നേരിടാൻപോകുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ലോകാരോഗ്യസംഘടനയും സെന്റർഫോർ ഡിസീസ്‌ കൺട്രോൾ ആൻഡ്‌ പ്രിവൻഷനും ആന്റിബയോട്ടിക്‌ റസിസ്റ്റൻസിനെ ഉയർത്തിക്കാണിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കോവിഡ്‌ ചികിത്സയിലെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നീതിപൂർവമാകേണ്ടതുണ്ട്‌. കാലികമായി നവീകരിക്കുന്ന ചികിത്സാമാനദണ്ഡങ്ങൾ പിന്തുടരാനും പ്രയോഗത്തിൽവരുത്താനും ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. കോവിഡ്‌ തീവ്രപരിചരണവിഭാഗവും ആശുപത്രിവാർഡുകളും അണുവിമുക്തമാക്കി ബാക്ടീരിയൽ രോഗാണുബാധ ഉണ്ടാകാനുള്ള സാഹചര്യവും ഒഴിവാക്കണം.

ചികിത്സയ്ക്ക്‌ വിറ്റാമിനുകൾ

കോവിഡ്‌ ചികിത്സയിൽ ദുരുപയോഗം ചെയ്യപ്പെടുന്ന മറ്റൊരുവിഭാഗം മരുന്നുകളാണ്‌ വിറ്റാമിനുകളും മറ്റ്‌ സപ്ളിമെന്റുകളും. ജീവകം സി., ജീവകം ഡി, സിങ്ക്‌, സെലീനിയം തുടങ്ങിയവയാണ്‌ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്‌. എന്നാൽ, കോവിഡ്‌ ചികിത്സയിൽ ഇവയൊന്നും തന്നെ ഫലപ്രദമാണെന്ന്‌ തെളിയിക്കപ്പെടാത്തതിനാൽ പുതുക്കിയ ചികിത്സാമാനദണ്ഡങ്ങളിൽ ഇവ ഉൾപ്പെടുത്തിയിട്ടില്ല. വിറ്റാമിൻ മരുന്നുകളുടെ അനാവശ്യ ഉപയോഗം ചികിത്സച്ചെലവ്‌ വർധിപ്പിക്കാനേ ഉപകരിക്കൂ. ഇത്തരം മരുന്നുകൾ നൽകുമെന്ന്‌ തെറ്റായി കരുതുന്ന സുരക്ഷമൂലം മറ്റു പ്രതിരോധമാർഗങ്ങൾ അവലംബിക്കാൻ അലംഭാവമുണ്ടാകാനുമിടയുണ്ട്‌. അപൂർവമായെങ്കിലും ഇത്തരം മരുന്നുകളുടെ അമിത ഉപയോഗം പാർശ്വഫലങ്ങൾക്കും കാരണമാകാം.
 

സ്റ്റിറോയ്‌ഡുകൾ കരുതലോടെ

ഓക്സിജൻ ആവശ്യമായി  വരുന്ന കോവിഡ്‌ രോഗികളിൽ സ്റ്റിറോയ്‌ഡുകൾ മരണനിരക്ക്‌ കുറയ്ക്കുമെന്നു കണ്ടെത്തൽ കോവിഡ്‌ ചികിത്സയിലെ ഒരു വഴിത്തിരിവായിരുന്നു. ആറായിരത്തിലേറെ കോവിഡ്‌ രോഗികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ ‘റിക്കവറി’ ട്രയലിലാണ്‌ സ്റ്റിറോയ്‌ഡുകളുടെ പങ്ക്‌ വ്യക്തമായത്‌. സ്റ്റിറോയ്‌ഡുകളുടെ പാർശ്വഫലങ്ങൾ ഒഴിവാക്കാൻ മരുന്നുപയോഗം മാനദണ്ഡങ്ങൾ അനുസൃതമാകണം. ലഘുവായ ലക്ഷണങ്ങൾ മാത്രമുള്ള കാറ്റഗറി എ രോഗികൾക്ക്‌ സ്റ്റിറോയ്‌ഡുകൾ ആവശ്യമില്ല. മറ്റുള്ളവർക്ക്‌ സാധാരണയിൽ അഞ്ചുമുതൽ പത്തുദിവസങ്ങൾവരെ മാത്രമേ സ്റ്റിറോയ്‌ഡ്‌ ചികിത്സ ആവശ്യമുള്ളൂ. സ്റ്റിറോയ്‌ഡുകളുടെ അമിത ഉപയോഗമാണ്‌ പലപ്പോഴും കോവിഡ്‌ രോഗികളുടെ പ്രമേഹനിയന്ത്രണം ദുഷ്‌കരമാക്കുന്നത്‌.ആസ്പിരിൻ പോലെയുള്ള വേദനാസംഹാരികൾ ഉദരപ്രശ്നങ്ങൾക്കും ഗുരുതരമായ ആന്തരിക്ക രക്തസ്രാവത്തിനും വൃക്കത്തകരാറിനും കാരണമാകാമെന്നതുകൊണ്ട്‌ താപനില കുറയ്ക്കാനും ശരീരവേദനയ്ക്കും പരിഹാരമായ പാരസെറ്റമോൾ പോലെയുള്ള പനിമരുന്നുകളാണ്‌ കോവിഡ്‌ ചികിത്സയ്ക്ക്‌ നിർദേശിക്കുന്നത്‌.

ഓക്സിജൻ ആവശ്യമുള്ളവർക്കുമാത്രം

ഓക്സിജന്റെ ആവശ്യം ഉയരുന്നസാഹചര്യത്തിൽ ആവശ്യമുള്ള രോഗികൾക്കുമാത്രമായി ഓക്സിജൻ ഉപയോഗം പരിമിതപ്പെടുത്തേണ്ടതുണ്ട്‌. രക്തത്തിലെ ഓക്സിജന്റെ സാന്ദ്രത 94 ശതമാനത്തിൽ കൂടുതലുള്ള കാറ്റഗറി എ രോഗികൾക്ക്‌ ഓക്സിജൻ കൃത്രിമമായി നൽകേണ്ട ആവശ്യമില്ല. 94 ശതമാനത്തിൽ താഴെയുള്ള ലഘുതീവ്രതയുള്ള രോഗികൾക്ക്‌ ഫെയ്‌സ്‌ മാസ്ക്‌ ഉപയോഗിച്ചുള്ള ഓക്സിജൻ ചികിത്സ മതി. ഓക്സിജൻ സാന്ദ്രത 90-ൽ കുറയുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക്‌ മാത്രമാണ്‌ എച്ച്‌.എഫ്‌.എൻ.സി. (ഹൈ ഫ്ലോ നേസൽ കത്തീറ്റർ), എൻ.ഐ.വി. (നോൺ ഇൻവേസീവ്‌ വെന്റിലേഷൻ) സംവിധാനം ഉപയോഗിച്ച്‌ ഉയർന്ന അളവിൽ ഓക്സിജൻ നൽകേണ്ടിവരുന്നത്‌. ആശുപത്രി വാർഡുകളിൽ കിടക്കുന്ന ദീർഘകാല ശ്വാസകോശ രോഗികളുടെ ഓക്സിജൻ സാന്ദ്രത 88 മുതൽ 92 ശതമാനംവരെ ലക്ഷ്യമാക്കിയാൽ മതിയെന്നും പുതിയ മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നു. രോഗിയെ കമഴ്‌ത്തിക്കിടത്തി ശ്വസിക്കാൻ പ്രേരിപ്പിക്കുന്നത്‌ ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും ഓക്സിജൻ ആവശ്യം കുറയ്ക്കാനും ഇന്റുബേഷൻ പോലെയുള്ള തീവ്രചികിത്സ ഒഴിവാക്കാനും ഉപകരിക്കുമെന്നതുകൊണ്ട്‌ പ്രോത്സാഹിപ്പിക്കാനും നവീകരിച്ച ചികിത്സാ മാനദണ്ഡങ്ങളിൽ നിർദേശമുണ്ട്‌.

ആലപ്പുഴ മെഡിക്കൽ കോളേജ്‌.
മെഡിസിൻ വിഭാഗം, 
വകുപ്പു മേധാവിയാണ്‌ ലേഖകൻ