physiotherapyലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർ കോവിഡ്-19 എന്ന മഹാമാരിക്കെതിരേ പോരാടുകയാണ്. ഈ വേളയിൽ കോവിഡ്-19 മഹാമാരിയും ഫിസിയോ തെറാപ്പിയും എന്ന വിഷയമാണ് ഈ ദിനാചാരണത്തിന്റെ മുഖ്യ പ്രമേയം. ചലനപ്രശ്നങ്ങളും വൈകല്യങ്ങളും ചികിത്സിക്കുന്ന മുഖ്യധാരാ ചികിത്സാശാഖ എന്ന നിലയ്ക്ക് ഫിസിയോതെറാപ്പിക്ക് കോവിഡ്-19 രോഗചികിത്സയിൽ സുപ്രധാനമായ പങ്കാണുള്ളത്. രോഗപ്രതിരോധം, ചികിത്സ, പുനരധിവാസം തുടങ്ങിയ മൂന്നു മേഖലയിലും ഫിസിയോ തെറാപ്പി ചികിത്സാരീതികൾ ഉപയോഗിച്ചുവരുന്നു.

ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന പഠനങ്ങളും ഫിസിയോ തെറാപ്പിയുടെ പ്രയോജനം കോവിഡ്-19 ചികിത്സയിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഈ പഠനറിപ്പോർട്ടുകൾ ആധാരമാക്കി, കേരള അസോസിയേഷൻ ഫോർ ഫിസിയോ തെറാപ്പി കോ-ഓർഡിനേഷൻ ഈ ചികിത്സാരീതികൾ കോർത്തിണക്കി ഒരു പ്രോട്ടോകോൾ തയ്യാറാക്കിവരുന്നു. 

ഏതു രോഗാവസ്ഥയിലും പ്രതിരോധം ചികിത്സയെക്കാൾ മികച്ചതാവണം. കോവിഡ്, പ്രാഥമികമായി ശ്വസനാവയവങ്ങളെ ബാധിക്കുന്ന അസുഖം എന്നനിലയ്ക്ക് ശ്വസനപ്രക്രിയയെ ഉത്തേജിപ്പിക്കാനും സുഗമമാക്കാനുമുള്ള വ്യായാമങ്ങൾ ഏറെ ഗുണംചെയ്യും. 

ശ്വസനം ഒരു സ്വാഭാവിക പ്രതിഭാസമാണെങ്കിൽകൂടി ശ്വസനത്തിന്റെ ആഴത്തെയും അതോടൊപ്പം ഓക്സിജനേഷനെയും കൂട്ടിയിണക്കുന്ന ഡീപ്പ് ബ്രിത്തിങ് വ്യായാമം, തെറാപ്പിക് എക്സ്പാൻഷൻ, വ്യായാമം, ശ്വസനത്തെ സഹായിക്കുന്ന, ഡയഫ്രം എന്നറിയപ്പെടുന്ന മുഖ്യപേശിയെ കൂടുതൽ പ്രവർത്തനക്ഷമമാക്കുന്ന പ്രക്രിയകളും വ്യായാമരീതികളുമെല്ലാം ഗുണകരമാണ്. 

ഹൃദയത്തിന്റെ പ്രവർത്തനം മെച്ചമാക്കാൻ സഹായിക്കുന്ന കാർഡിയോ പൾമനറി കണ്ടീഷനിങ് വ്യയാമങ്ങളും രോഗപ്രതിരോധശേഷിക്ക് മുതൽക്കൂട്ടാവുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 
രോഗചികിത്സയ്ക്കൊപ്പം ശ്വസനാരോഗ്യം സംരക്ഷിക്കുന്നതിനാവശ്യമായ ചികിത്സാമുറകളായ പോസ്ചുറൽ ഡ്രെയിനേജ് ടെക്നിക്കുകൾ, ഇൻഫെക്‌ഷന്റെ ഭാഗമായി കെട്ടിക്കിടക്കുന്ന കഫത്തെ ഇളക്കിക്കളയാൻ സഹായിക്കുന്ന ചികിത്സാരീതികൾ, ഓക്സിജനേഷൻ കുറവുള്ള ശ്വാസകോശഭാഗങ്ങളെ ഉണർത്താനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും സഹായിക്കുന്ന മാനിപ്പുലേഷൻസ്, സെഗ്‌മെന്റൽ ബ്രീത്തിങ് വ്യായാമങ്ങൾ, ശ്വസനനാളത്തിലെ തടസ്സങ്ങൾ നീക്കാൻ സഹായിക്കുന്ന ഫോഴ്സ്ഡ് എക്‌സ്പിറേറ്ററി ടെക്നിക്കുകൾ, ശ്വസനത്തിനു സഹായിക്കുന്ന പേശികളെ ഉത്തേജിപ്പിക്കാൻ ഉപയോഗിക്കുന്ന ഇൻസ്പിറേറ്ററി മസിൽ ട്രെയിനിങ് പോലുള്ള വിവിധങ്ങളായ ചികിത്സാരീതികൾ പ്രയോജനകരമാണെന്ന്‌ അമേരിക്കൻ ഫിസിക്കൽ തെറാപ്പി അസോസിയേഷൻ (എ.പി.ടി.എ.) നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു. 

രോഗം മൂർച്ഛിച്ച് വെന്റിലേറ്ററുകളുടെയും തീവ്രപരിചരണ ക്രമങ്ങളുടെയും സഹായത്തോടെ രോഗം ശമിച്ച മിക്കരോഗികളുടെയും ചലനപ്രശ്നങ്ങളും കായികശേഷിയും വീണ്ടെടുക്കാനും അവരെ പഴയ ജീവിതക്ഷമതയിലേക്ക് തിരിച്ചെത്തിക്കാനും ഫിസിയോതെറാപ്പി അത്യന്താപേക്ഷിതമാണ്. 

Content Highlights: covid and physiotherapy world physiotherapy day