സാധാരണ ഒരുവർഷം കടന്നുപോകുന്നതു പോലെയല്ല കോവിഡിന്റെ  പിടിയിലൂടെ 2020 കടന്നുപോയത്. എങ്കിലും, അനേകം മനുഷ്യരുടെ ജീവനെടുത്ത വൈറസിനു ശാസ്ത്രത്തെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല എന്നുപറയണം. ഒരു മഹാമാരി തുടങ്ങിയ വർഷംതന്നെ അതിനുള്ള വാക്സിനും കണ്ടുപിടിക്കുക, അത് സാധാരണ ജനങ്ങളിലേക്ക് എത്തുക എന്നത്, മഹത്തായ, അദ്‌ഭുതമുളവാക്കുന്ന കാര്യംതന്നെയാണ്. ഇങ്ങനെയൊന്നു ലോകം കണ്ടിട്ടില്ല. ഇങ്ങനെയൊരു വിജയം ശാസ്ത്രചരിത്രത്തിൽ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിജയത്തെ ലോകം സംശയത്തോടെ നോക്കുകയാണ്. എങ്ങനെയാണ് ഒരുവർഷം പോലുമെടുക്കാതെ ഒരു വാക്സിൻ നിർമിക്കാൻ കഴിയുക ? ഈ സംശയത്തിനാക്കംകൂട്ടുന്ന വികലമായ പല വാർത്തകളിലൂടെയും നമ്മളിന്ന് കടന്നുപോവുകയാണ്. സോഷ്യൽ മീഡിയയിൽ അതിവേഗം ഇത്തരം വാർത്തകൾ പടരുകയും സാധാരണക്കാർ ആശയക്കുഴപ്പത്തിൽ തുടരുകയും ചെയ്യുന്നു. മുൻകാലങ്ങളിൽ വർഷങ്ങൾനീണ്ട ഗവേഷണങ്ങൾ കൊണ്ടുമാത്രം സാധിച്ചിരുന്ന ഒരുകാര്യം എങ്ങനെ ഒരുവർഷംകൊണ്ട് ഫലംകണ്ടു എന്നതാണ് കുരുക്കുന്ന ചോദ്യം.

വാക്സിനു വേവ് പോരെന്നും അഞ്ചും പത്തും വർഷം കഴിയാതെ അങ്ങനെയൊന്നിന് സാധ്യത ഇല്ലെന്നുമാണ് സാധാരണക്കാർ തീർത്തും വിശ്വസിക്കുന്നത്. അത്തരത്തിൽ വേവില്ലെന്നു പറയുന്നവർ, വേവ് നോക്കാൻ അറിയുന്നവരോ, പരീക്ഷണശാലകളിലെ പ്രവർത്തനങ്ങൾ പരിചയമുള്ളവരോ അല്ല എന്നതാണ് വസ്തുത. ഇന്നത്തെക്കാലത്ത്‌, ഒരു വാക്സിൻ പാകമാവാൻ അഞ്ചോ പത്തോ വർഷം ആവശ്യമുണ്ടോ? എന്തുകൊണ്ടാണ് മുൻകാലങ്ങളിൽ ഇത്രയേറെ സമയം ഒരു വാക്സിൻ ഉണ്ടാക്കിയെടുക്കാൻ ആവശ്യമായി വന്നിരുന്നത്? ഇതിനുത്തരം തേടാൻ, വാക്സിൻ നിർമാണത്തിന്റെ പിന്നാമ്പുറവിശേഷങ്ങൾ നോക്കേണ്ടതുണ്ട്. അതിനുംമുന്നേ, ആധുനിക വൈദ്യശാസ്ത്ര ഗവേഷണത്തിൽ ഉണ്ടായ മാറ്റങ്ങളും ചിന്തിക്കേണ്ടതുണ്ട്. 

കാലങ്ങളെടുത്ത കണ്ടെത്തലുകൾ

നീണ്ടനിര പിന്നിലുണ്ട്. 1918-ലെ സ്പാനിഷ് ഫ്ളൂവിന് കാരണമായ ഇൻഫ്ളുവെൻസ വൈറസിന്റെ ജനിതകപഠനം നടത്താൻ സാധിച്ചത് 1995-നുശേഷം മാത്രമാണ്. 1918-ൽ മരിച്ച രോഗിയുടെ ശരീരത്തിൽനിന്നുള്ള സാംപിളുകൾ വേർതിരിച്ചാണ് വൈറസിന്റെ ജനിതകത്തെക്കുറിച്ച്‌ യു.എസ്. ആർമ്‌ഡ് ഫോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാത്തോളജിയിൽ പഠനം നടന്നത്. അതിനുതകുന്ന ജനിതകസംബന്ധിയായ അറിവുകൾ വികസിപ്പിച്ചെടുക്കാൻ വർഷങ്ങൾ എടുത്തു. ഉദാഹരണത്തിന്, 1950-നുശേഷം മാത്രമാണ്, ഡി.എൻ.എ.യുടെ രൂപം എന്തെന്നും റൈബോസോം പ്രോട്ടീൻ ഉണ്ടാക്കാമെന്നും അതിന്‌ ആവശ്യമായ പല ആർ.എൻ.എ.കൾ ഉണ്ടെന്നും നമുക്ക് അറിയാൻ സാധിച്ചത്. കോവിഡ്-19 പ്രതിരോധത്തിൽ നിർണായകമായ പി.സി.ആർ. ടെസ്റ്റ് ചെയ്യാനുള്ള പി.സി.ആർ. മെഷീന്റെ പ്രോട്ടോടൈപ്പ് (ആദ്യത്തെ മോഡൽ) രൂപംപോലും വരാൻ 1986 വരെ കാത്തുനിൽക്കേണ്ടിവന്നു. ചുരുക്കിപ്പറഞ്ഞാൽ, വളരെ കാലത്തെ ശാസ്ത്രലോകത്തിന്റെ പരിശ്രമത്തിനുശേഷമാണ് ഇന്ന് കാണുന്ന രീതിയിലുള്ള സാങ്കേതികവിദ്യകൾ നമുക്ക് ലഭിച്ചത്. ഏറ്റവും മികച്ചരീതിയിലുള്ള സാങ്കേതിക രീതികൾക്ക് വേണ്ടിയുള്ള ശ്രമം നടന്നുകൊണ്ടേയിരിക്കുന്നു.

പരീക്ഷണ വഴികൾ

റിസർച്ച്‌ ലാബുകളിൽ ഉണ്ടാക്കിയെടുക്കുന്ന വാക്സിൻ അല്ലെങ്കിൽ മരുന്നുകൾ ഏറെദൂരം താണ്ടിയാണ് അതിന്റെ ആവശ്യക്കാരിലേക്ക്‌ എത്തുന്നത്. അതിനു വളരെ സൂക്ഷ്മമായ രീതികളുണ്ട്. ആ രീതികൾ ഇന്നത്തെ രീതിയിലേക്ക് വികസിച്ചത് വർഷങ്ങളുടെ പരിശ്രമം കാരണമാണ്. അതുകൊണ്ടുതന്നെ അത്തരം പഴയരീതികളെയും ക്ലിനിക്കൽ ട്രയലുകളെയും അമ്പതുവർഷം മുമ്പുള്ള, അത്രയധികം അറിവ് ഇല്ലാതിരുന്ന മറ്റൊരു രീതിയോട് ഇന്നുള്ളതിനെ താരതമ്യം ചെയ്യുന്നത് ബുദ്ധിശൂന്യമാണ്. വാക്സിൻ നിർമാണത്തിന്റെ ഘട്ടങ്ങൾ ചുരുക്കിയെഴുതിയാൽ ഇങ്ങനെയാണ്: ആദ്യത്തെ ഘട്ടത്തിൽ രോഗാണുവിന്റെ വിശദമായ പഠനം നടക്കുകയും ഒരേ രൂപത്തിലുള്ള പലതരം കാൻഡിഡേറ്റ്‌സ് മരുന്നുകൾ പരീക്ഷണത്തിന് തയ്യാറെടുക്കുകയും ചെയ്യുന്നു. അവയിൽ മികച്ചത്, അടുത്തഘട്ടത്തിൽ കോശങ്ങളിലും മൃഗങ്ങളിലും പരീക്ഷിച്ചറിയുന്നു. അത്തരം പരീക്ഷണങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താതെ അത് മനുഷ്യരിലേക്ക്‌, അതായത് ക്ലിനിക്കൽ ട്രയൽ എന്ന പരീക്ഷണങ്ങളിലേക്ക്‌ എത്തിച്ചേരില്ല. ക്ലിനിക്കൽ ട്രയലിനുമുമ്പുള്ള ഈ ഘട്ടങ്ങളാണ് വിഷമമേറിയവ. പിന്നീട് മൂന്നു ഘട്ടങ്ങളിലായി (phase 1-3) മനുഷ്യരിൽ നടത്തുന്ന വലിയതോതിലുള്ള പഠനപരീക്ഷണങ്ങളിലൂടെയാണ് മരുന്നിന്റെയോ വാക്സിന്റെയോ കരുത്ത് പ്രഖ്യാപിക്കുന്നത്. ആയിരക്കണക്കിന് മനുഷ്യരിൽ, രോഗമുള്ളവരിലും ഇല്ലാത്തവരിലും പല ദേശങ്ങളിലും സമൂഹങ്ങളിലും ഈ പരീക്ഷണം നടത്തുന്നു. ഓരോ ഘട്ടത്തിലും അതത് രാജ്യത്തെ എത്തിക്‌സ് കമ്മിറ്റി/റെഗുലേറ്ററി അതോറിറ്റികളുടെ അനുമതി വങ്ങേണ്ടതുണ്ട്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‌ (FDA)  സമർപ്പിക്കപ്പെടുന്ന അത്തരം ഒരു റിപ്പോർട്ടിന് ആയിരമോ പതിനായിരമോ പേജുകൾ ഉണ്ടാകും. 

കോവിഡിന്റെ കാര്യത്തിൽ, മറ്റെല്ലാ റിപ്പോർട്ടുകളും മാറ്റിവെക്കുകയാണ് എല്ലാ രാജ്യങ്ങളും ചെയ്തിരിക്കുന്നത്. ഊഴംകാത്ത് മാസമോ ഒരുവർഷമോ എടുക്കുന്ന അനുമതികൾ ഒരാഴ്ചകൊണ്ടാണ് ഗവേഷകർ നേടിയെടുത്തത്. ഏറെസമയം പിടിക്കാവുന്ന, ക്ലിനിക്കൽ ട്രയലിനുവേണ്ട പതിനായിരക്കണക്കിനുള്ള പേഷ്യന്റ് റിക്രൂട്ട്‌മെന്റും പെട്ടെന്ന് നടന്നു എന്നതും എടുത്തുപറയേണ്ടതാണ്. 
2020 ഫെബ്രുവരിയിൽ, വൈറസ് യൂറോപ്യൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുംമുമ്പേതന്നെ, അതിന്റെ ജനിതകത്തെക്കുറിച്ചുള്ള വ്യക്തമായ രൂപരേഖകളുമായി ചൈനയിലെ ഫുഡാൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് ശാസ്ത്രലേഖനം പബ്ലിഷ് ചെയ്യുകയുണ്ടായി. ആ ലേഖനം വൈറസിന്റെയും അതിന്റെ പ്രോട്ടീനുകളുടെ ഘടനയും കണ്ടുപിടിക്കുന്നതിന് നിർണായകമായി. ഇത്തരത്തിലുള്ള ശീഘ്രഗതിയിലുള്ള പല ഗവേഷണങ്ങളും വാക്സിൻ നിർമാണത്തിന് മുതൽക്കൂട്ടായി വന്നിട്ടുണ്ട്. 

നിലവിൽ കൊടുക്കുന്ന മിക്ക വാക്സിനുകളും -​ഫൈസർ ബയോൺടെക്‌, മൊഡേണ  എന്നിവയെല്ലാംതന്നെ ഫേസ്-3 ട്രയൽ കഴിഞ്ഞവയാണ്. എല്ലാ പഠനങ്ങളും കഴിഞ്ഞ് എഫ്.ഡി.എ. യുടെ അനുമതി കാത്തുനിൽക്കും. ഇതിനോടകം, ഇ.എം.എ. (European Medicines Agency) യൂറോപ്യൻ രാജ്യങ്ങളിൽ ഉടനീളം സോപാധികമായ മാർക്കറ്റിങ് അംഗീകാരത്തിന് ഫിഷർ ബയോൺടെക്കിന്റെ വാക്സിനായ കൊമിർനറ്റി(Comirnaty)യ്ക്ക് അംഗീകാരം നൽകിയിരിക്കുന്നു.

പാർശ്വഫലങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും

ഗൂഢാലോചനാസിദ്ധാന്തങ്ങൾ ഉണ്ടാക്കുന്നവർക്ക്‌ എളുപ്പം അത്തരം സിദ്ധാന്തങ്ങൾ ഉണ്ടാക്കാൻപറ്റുന്ന ഒരു മേഖലയായി ഈ വിഷയം കാണാം. അതിനുള്ള കാരണം, ഈ വിഷയത്തിന്റെ പിന്നാമ്പുറക്കഥകൾ വായനക്കാർക്കോ അത്തരം കഥകൾ ഉണ്ടാക്കുന്നവർക്കുപോലുമോ ലഭ്യമാകുന്നില്ല എന്നുള്ളതാണ്. അത്യന്തം ശ്രദ്ധാപൂർവം ചെയ്യുന്ന, സുരക്ഷ എന്ന വാക്കിന് ഏറ്റവും മുൻഗണന കൊടുക്കുന്ന ഇടമാണ് വാക്സിൻനിർമാണം. നിലവിലുള്ള mRNA വാക്സിൻ ഫലപ്രദമാണ് എന്നു പറയുമ്പോൾത്തന്നെ ചെറിയ പാർശ്വഫലവാർത്തകൾ ലോകമെമ്പാടുമുള്ള ചില മാധ്യമങ്ങളിൽ കാണാം. ഇതുവരെ പരീക്ഷിച്ചുചെയ്ത് അപ്രൂവൽ കിട്ടിയ, മറ്റു അസുഖങ്ങൾക്കു വേണ്ടി ഉണ്ടാക്കിയ, എല്ലാ ‘ക്ളാസിക്കൽ’ വാക്സിനുകൾക്കും ഉള്ളതുപോലെത്തന്നെ കോവിഡ് വാക്സിനുകൾക്കും പാർശ്വഫലങ്ങളുണ്ട്. ഏതു വാക്സിനും മരുന്നിനും ഇത്തരം നിസ്സാരമായ പാർശ്വഫലങ്ങൾ പ്രതീക്ഷിക്കേണ്ടതുണ്ട്. 

നിലവിലുള്ള ശക്തിയേറിയ വാക്സിൻ mRNA വാക്സിൻ ആണെന്നുള്ള വാദം ശരിയെന്നു സമ്മതിക്കേണ്ടിവരും. മനുഷ്യരിൽ ജനിതകവ്യത്യാസം നടത്താൻപറ്റിയ രാസപദാർഥങ്ങളാണ് ഇത്തരം വാക്സിനിൽ അടങ്ങിയിരിക്കുന്നത് എന്നാണ് മറ്റൊരുവാദം. എന്താണ് mRNA ചെയ്യുന്നത്? എങ്ങനെയാണ് അവ കൊറോണ വൈറസിനെതിരേ പ്രവർത്തിക്കുന്നത്? വൈറസിന്റെ പുറത്തുള്ള സ്പൈക്ക് പ്രോട്ടീൻ നിർമിക്കാൻ ആവശ്യമായ ‘കോഡ്’ ആണ് mRNA വാക്സിൻ കൊടുക്കുന്നത്. ഈ പ്രോട്ടീൻ ഉണ്ടാക്കാനുള്ള നിർദേശങ്ങൾ ഉൾക്കൊണ്ട ചെറിയ ജനിതകമാണ് വാക്സിനിലുള്ളത്. അത് ശരീരത്തിൽ എത്തുന്നതോടെ, കോശങ്ങൾ വൈറസിന്റെ പുറത്തുള്ള ഈ സ്‌പൈക്ക് പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നു. ശരീരത്തിന് യോജിക്കാത്ത, അറിയാത്ത ഈ പ്രോട്ടീനിനെതിരേ പ്രവർത്തിക്കാൻ ശരീരം തയ്യാറെടുക്കുകയും ചെയ്യുന്നു. രൂപംകൊണ്ട ഉടനെതന്നെ പുതിയ പ്രോട്ടീനെ നശിപ്പിക്കാൻ ആവശ്യമായ പ്രതിരോധ കോശങ്ങൾ (immune cells) ശരീരം സ്വയം ഉത്‌പാദിപ്പിക്കുകയും ആ ഓർമ നിലനിർത്തുകയും ചെയ്യുന്നു. അതുമൂലം, പിന്നീടെപ്പോഴെങ്കിലും വൈറസ് ശരീരത്തു കടന്നുവന്നാൽ, അതിന്റെ സ്‌പൈക്ക് പ്രോട്ടീൻ തിരിച്ചറിഞ്ഞ് പെട്ടെന്നുതന്നെ അവയെ തുരത്തിയോടിക്കാൻ സാധിക്കുകയും ചെയ്യുന്നു.

സുരക്ഷിതമാണോ എന്ന ഊഹാപോഹങ്ങൾക്കു ഒരു പരിഗണനയും കൊടുക്കേണ്ടതില്ലെന്നതിനുള്ള തെളിവുതന്നെയാണ്, അത്യാഹിത സന്ദർഭങ്ങളിൽ വാക്സിൻ ഉപയോഗിക്കാനുള്ള അനുമതി ആദ്യംതന്നെ അധികാരികൾ കൊടുത്തത്. നിലവിൽ നാല്പതിലധികം രാജ്യങ്ങൾ mRNA വാക്സിൻ അംഗീകരിക്കുകയും യൂറോപ്യൻ രാജ്യങ്ങളിൽ ഇതിനകം വാക്സിനേഷൻ ആരംഭിക്കുകയും ചെയ്തുകഴിഞ്ഞു.  

എന്തുകൊണ്ട് പെട്ടെന്ന്?

പെട്ടെന്ന് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ‘ഗെയിം ചേഞ്ചർ ആയ mRNA വാക്സിൻ. സാധാരണ നിലയിലുള്ള വാക്സിനുകൾ  അഞ്ചോ പത്തോ വർഷം വേണ്ടിവരുന്നു പ്രയോഗത്തിൽ വരാൻ. അതിനുള്ള പ്രധാനകാരണം, അത്തരം ‘ക്ളാസിക്കൽ’ വാക്സിനിൽ ഉപയോഗിക്കുന്ന ശക്തികുറഞ്ഞ അണു ശകലങ്ങൾ/പ്രോട്ടീനുകൾ (weakened version of the pathogen) നിർമിക്കാൻ സമയം ഏറെ എടുക്കുന്നു എന്നതുംകൂടിയാണ്. അവ കോശങ്ങളിലും ഭ്രൂണങ്ങളിലും അത്യധികം സുരക്ഷിതമായ ലബോറട്ടറികളിൽ വളർത്തിയെടുക്കുകയും നിരന്തരം സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. നേരെമറിച്ച്, പുതിയ രീതിയിലുള്ള വാക്സിനിൽ അടങ്ങിയ mRNA (മെസഞ്ചർ RNA) ലബോറട്ടറികളിൽ താരതമ്യേന എളുപ്പത്തിൽ നിർമിച്ചെടുക്കുന്നതുമൂലം മാസങ്ങളോ വർഷങ്ങളോ ലാഭിക്കാം. സാധാരണഗതിയിൽ റെഗുലേറ്ററി അതോറിറ്റികളായ എഫ്‌.ഡി.എ., യൂറോപ്യൻ മെഡിസിൻ ഏജൻസി എന്നിവയുടെ അനുമതിക്കുശേഷമാണ് വലിയതോതിലുള്ള വാക്സിൻ നിർമാണം ആരംഭിക്കുന്നത്. അത്തരം അനുമതികൾക്ക് കാത്തുനിൽക്കാതെ, നിർമാണക്കമ്പനികൾ റിസ്ക് എടുത്ത് നേരത്തേ വാക്സിൻ നിർമാണം ആരംഭിച്ചിരുന്നു. അത്തരത്തിൽ നിർമിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ കാണുന്നപോലെ  ട്രയലുകൾ കഴിഞ്ഞ ഉടനെതന്നെ മനുഷ്യരിൽ കുത്തിവെക്കാനുള്ള വാക്സിൻ തയ്യാറാകുമായിരുന്നില്ല. 

ഇന്നത്തെക്കാലത്ത്‌, ഒരു വാക്സിൻ പാകമാവാൻ അഞ്ചോ പത്തോ വർഷം ആവശ്യമുണ്ടോ? എന്തുകൊണ്ടാണ് മുൻകാലങ്ങളിൽ ഇത്രയേറെ സമയം ഒരു വാക്സിൻ ഉണ്ടാക്കിയെടുക്കാൻ ആവശ്യമായി വരുന്നത്? 
ഇതിനുത്തരം തേടാൻ, വാക്സിൻ നിർമാണത്തിന്റെ പിന്നാമ്പുറവിശേഷങ്ങൾ നോക്കേണ്ടതുണ്ട്. അതിനുംമുന്നേ, ആധുനിക വൈദ്യശാസ്ത്ര ഗവേഷണത്തിൽ ഉണ്ടായ മാറ്റങ്ങളും ചിന്തിക്കേണ്ടതുണ്ട്. അത്യന്തം ശ്രദ്ധാപൂർവം ചെയ്യുന്ന, സുരക്ഷ എന്ന വാക്കിന് ഏറ്റവും മുൻഗണന കൊടുക്കുന്ന ഇടമാണ്  വാക്സിൻനിർമാണം. 

(ജർമനിയിലെ സാർലൻഡ് സർവകലാശാലയിൽനിന്ന് പിഎച്ച്.ഡിയ്ക്കും, ​ഫ്രൈബുർഗ്, ബോൺ, ആർ.ഡബ്ല്യു.ടി.എച്ച്. ആഹൻ എന്നീ സർവകലാശാലകളിൽനിന്ന് പോസ്റ്റ്  ഡോക്ടറൽ ഫെലോ ഗവേഷണങ്ങൾക്കും ശേഷം അവിടെത്തന്നെ ഔഷധനിർമാണമേഖലയിൽ ജോലിചെയ്യുകയാണ് ലേഖിക)