പൊതുജനാരോഗ്യരംഗത്തെ അടിയന്തരാവസ്ഥ എന്നാണ് കോവിഡ് രണ്ടാംവരവിനെ ലോകാരോഗ്യസംഘടന വിശേഷിപ്പിച്ചിട്ടുള്ളത്. ഇക്കാര്യം ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാവരും മനസ്സിലാക്കി ചടുലമായ നീക്കങ്ങൾ നടത്തണം.  മൗലികാവകാശങ്ങൾ ലംഘിക്കുകയും രാഷ്ട്രീയപ്രതിയോഗികളെ തുറുങ്കിലടയ്ക്കുകയുംചെയ്ത ആ കറുത്തപദമല്ല  ഇന്നത്തെ അടിയന്തരാവസ്ഥ. മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങും ദേവഗൗഡയും മുതിർന്ന നേതാവ് കപിൽ സിബലും പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ആവശ്യമാണ് എന്ന് പറഞ്ഞുകഴിഞ്ഞു. ഇതൊരു ദേശീയ സമവായമായി കാണാമെന്നു തോന്നുന്നു.

ഊർജിത വാക്സിൻ ഉത്‌പാദനം
മഹാമാരിയുടെ രണ്ടാംവരവിനെ പിടിച്ചുനിർത്തുന്നതിനുള്ള ഒരു ഫോർമുല നമ്മുടെ രാഷ്ട്രീയകക്ഷികൾ ആദ്യം സൃഷ്ടിക്കണം.  പ്രതിരോധകുത്തിവെപ്പ്‌  എല്ലാവർക്കും നൽകുക എന്നതാണ് ഇതിൽ ആദ്യപടി. ലോകത്തെ ഏറ്റവുമധികം  ഔഷധനിർമാണക്കമ്പനികൾ പ്രവർത്തിക്കുന്നത് ഇന്ത്യയിലാണ്. ഇവരെല്ലാം ചേർന്ന് വിചാരിച്ചാൽ ഇന്ത്യക്ക് ആവശ്യമുള്ള  വാക്സിനുകൾ നിർമിക്കാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിലുള്ള  അടിയന്തര സാഹചര്യങ്ങളുടെ വെളിച്ചത്തിൽ  ഇന്ത്യയിലെ എല്ലാ മരുന്നുകമ്പനിക്കും വാക്സിൻ നിർമിക്കാനുള്ള അനുമതി നൽകുക. പേറ്റന്റ് നിയമവും ലോകവ്യാപാരസംഘടനയും അനുശാസിക്കുന്ന രീതിയിൽ ആരുടെ പേറ്റന്റും ഉപയോഗിച്ച് വാക്സിൻ നിർമിക്കാനുള്ള അനുമതിയായിരിക്കണം ഇത്.  ഇതിനെ കംപൽസറി ലൈസൻസ് പ്രൊവിഷൻ എന്നുവിളിക്കും.  ഒരിക്കൽ കരളിനും വൃക്കയ്ക്കും ആവശ്യമുള്ള മരുന്ന്‌  ഇത്തരത്തിൽ വൻതോതിൽ ഇന്ത്യ ഉത്‌പാദിപ്പിച്ചിട്ടുണ്ട്. അന്ന് ബേയർ കോർപ്പറേഷൻ 2.8 ലക്ഷം രൂപയ്ക്കാണ് മരുന്ന് വിറ്റിരുന്നത്. എന്നാൽ, പ്രത്യേക ലൈസൻസ് പ്രകാരം ഇന്ത്യയിലെ നാറ്റ്‌കോ എന്ന കമ്പനി  ഇതേ ഔഷധം നിർമിക്കുകയും വെറും 9000 രൂപയ്ക്ക്  വിപണിയിൽ എത്തിക്കുകയുംചെയ്തു. ഇസ്രയേൽ, എച്ച്.ഐ.വി.ക്ക്  നൽകുന്ന മരുന്നുകൾ ഇത്തരത്തിൽ വൻതോതിൽ ഉത്‌പാദിപ്പിച്ചിട്ടുണ്ട്.

ലോകത്തെവിടെയെല്ലാം  വാക്സിൻ ലഭിക്കുമോ അവിടെനിന്നെല്ലാം അവശ്യമായ തോതിൽ വാക്സിൻ ഇന്ത്യയിലെത്തിക്കണം. അത് ആവശ്യക്കാരിലെത്തിക്കാനുള്ള സൗകര്യം സംസ്ഥാന സർക്കാർ ഒരുക്കണം. പൊതുജനാരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ആരോഗ്യസംവിധാനങ്ങളുടെ ഒരു ദേശീയ ശൃംഖലയുണ്ടാക്കണം. സ്വകാര്യാശുപത്രികളെയും ഇതിന്റെ ഭാഗമാക്കണം. ആവശ്യമെങ്കിൽ ഹോട്ടലുകളും വിദ്യാലയങ്ങളും താത്‌കാലിക ആശുപത്രിയാക്കണം. അതതുസ്ഥലത്തെ കോവിഡ് രോഗികളെ പരിപാലിക്കേണ്ട ചുമതല പഞ്ചായത്തുകൾക്ക് നൽകണം. മൊബൈൽ ആശുപത്രികൾ  നിരത്തിലിറങ്ങണം. ഒപ്പം മൊബൈൽ ഐ.സി.യു.വും. എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങളിൽനിന്ന് രോഗികളെ എത്തിക്കാനും ഉടനടി വൈദ്യസഹായം നൽകാനും  ഹെലികോപ്റ്റർ ഏർപ്പാടാക്കണം. തീവണ്ടികളും കപ്പലുകളും ആവശ്യാനുസരണം താത്കാലിക കോവിഡ് ആശുപത്രികളാക്കണം.  വൈദ്യശുശ്രൂഷയ്ക്കായുള്ള ഇടത്താവളങ്ങൾ തുറക്കാൻ  ജില്ലാ ഭരണകൂടത്തിന് അനുമതി നൽകണം. ഇതെല്ലാം നോക്കിനടത്താൻ ജീവനക്കാരെ എവിടെനിന്ന്‌ കിട്ടും? വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. സർവീസിൽനിന്ന് വിരമിച്ച ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ഇതിനുവേണ്ടി നിയമിക്കണം. പോലീസിനെ സഹായിക്കാനായി സർവീസിൽനിന്ന്‌ വിരമിച്ചവരെയും വിമുക്തഭടൻമാരെയും യുവാക്കളെയും രംഗത്തിറക്കാം.

 ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിക്കണം
പൊതുജനാരോഗ്യ അടിയന്തരാവസ്ഥയെക്കുറിച്ച് ഭരണഘടന നിശ്ശബ്ദമാണ്.  അതുകൊണ്ടുതന്നെ അതിനെ രാഷ്ട്രീയ അടിയന്തരാവസ്ഥയുമായി കൂട്ടിക്കുഴച്ച്  തെറ്റിദ്ധരിപ്പിക്കരുത്. 1897-ൽ പാസാക്കിയ എപ്പിഡമിക്ക് ഡിസീസസ് ആക്ടും ഇന്ത്യൻ പീനൽ കോഡുമാണ് നമ്മുടെ കൈയിലെ ആയുധം. ഇവ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടുമായി ചേർത്തുവായിക്കണം. പ്രതിസന്ധികൾ വരുമ്പോൾ അതിനെ നേരിടാൻ സർക്കാരിന് അധികാരം നൽകുന്ന ഒരു  പൊതുനിയമം  നിലവിലില്ല. സംസ്ഥാന സർക്കാരുകളെ  വിശ്വാസത്തിലെടുത്തുകൊണ്ട് ഇങ്ങനെ ഒരു നിയമം നിർമിക്കാനുള്ള സമയം അതിക്രമിച്ചിരിക്കയാണ്. അടിയന്തര സാഹചര്യം പരിഗണിക്കുമ്പോൾ ഒരു ഓർഡിനൻസ് ആയികൂടെന്നില്ലല്ലോ.

സിവിൽ സർവീസസിലെ മുതിർന്ന ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ്‌ ലേഖകൻ

Content Highlights: Covid 19, Vaccine, lockdown