കോവിഡ്‌ മഹാമാരിയുടെ ആദ്യതരംഗത്തെ ഫലപ്രദമായി നേരിടാനായത്‌ അഭിപ്രായവ്യത്യാസമില്ലാതെ സൃഷ്ടിച്ച ഐക്യംകൊണ്ടാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ രണ്ടാംതരംഗത്തിലും പ്രസക്തമാണ്‌.

ആരാണ് ഉത്തരവാദി
സ്വാതന്ത്ര്യദിനംമുതൽ കോവിഡിന്റെ ആരംഭംവരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിൽ 16,000 വെന്റിലേറ്ററുകൾ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. കഴിഞ്ഞ ഒമ്പതു മാസത്തിന്റെയുള്ളിൽ 36,438 ഇന്ത്യൻ നിർമിത വെന്റിലേറ്ററുകൾ ആരോഗ്യമന്ത്രാലയം ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക്‌ കൈമാറി. രണ്ടുലക്ഷംമുതൽ പത്തു ലക്ഷംവരെ വിലവരുന്ന ഈ വെന്റിലേറ്ററുകളുടെ നിർമാണച്ചെലവടക്കം 2200 കോടി രൂപയാണ്‌ കോവിഡ്‌ അടിസ്ഥാന അവശ്യസാമഗ്രികളുടെ നിർമാണത്തിന്‌ പി.എം. കെയർ ഫണ്ടിൽനിന്ന്‌ ഇതിനകം ചെലവഴിച്ചത്‌. കോവിഡ്‌ ഒന്നാംഘട്ടത്തിലെ പാഠം ഉൾക്കൊണ്ട്‌ 2020 ഡിസംബറിൽത്തന്നെ ഓക്സിജൻ ഉത്‌പാദനം നാലിരട്ടി വർധിപ്പിക്കാൻവേണ്ടി പുതിയ 162 മെഡിക്കൽ ഓക്സിജൻ നിർമാണസംരംഭങ്ങൾ സംസ്ഥാനങ്ങളിൽ ആരംഭിക്കാൻ 201.58 കോടി രൂപയും നിർദേശങ്ങളും നൽകി. നിർഭാഗ്യവശാൽ ഡൽഹി അടക്കം ചില സംസ്ഥാനങ്ങൾ വേണ്ടത്ര ജാഗ്രതപുലർത്താതിരുന്നതിനാൽ സംരംഭം തുടങ്ങിയില്ല. ഇന്ന്‌ ഓക്സിജൻ ക്ഷാമം ഡൽഹി നേരിടുന്നതിന്റെ കാരണം അതാണ്‌. മുഖ്യമന്ത്രി കെജ്‌രിവാളിനെതിരേ ഡൽഹി ഹൈക്കോടതി നടത്തിയ രൂക്ഷവിമർശനവും ഇതുതന്നെയായിരുന്നു.

2021 ജനുവരി ഏഴിനും ഫെബ്രുവരി 21-നും 25-നും അടക്കം മൂന്നുതവണ കേരളമടക്കം രണ്ടാംതരംഗം തീവ്രമായ ഏഴു സംസ്ഥാനങ്ങളിൽ അതിജാഗ്രതാ നിർദേശം കേന്ദ്രം നൽകുകയുണ്ടായി. കേരളത്തിൽ കേന്ദ്ര ഹെൽത്ത്‌ ടീം സന്ദർശിക്കുകയും രണ്ടാംതരംഗത്തിന്റെ തീവ്രതയെക്കുറിച്ച്‌ ബോധ്യപ്പെടുത്തുകയും ചെയ്തു. നിർഭാഗ്യമെന്നു പറയട്ടെ, ഒന്നാംഘട്ടത്തിലെ വാക്സിനേഷൻ വേണ്ടത്ര ശുഷ്‌കാന്തിയോടെ നടത്താൻ കേരളത്തിന്‌ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പുനടന്ന കേരളവും തിരഞ്ഞെടുപ്പു നടക്കാത്ത മറ്റു സംസ്ഥാനങ്ങളും മനഃപൂർവമല്ലെങ്കിലും ജാഗ്രത കൈവിട്ടു എന്നത്‌ യാഥാർഥ്യമാണ്‌. ആരോഗ്യമേഖലയുടെ മികവുകൊണ്ട്‌ ഒന്നാംതരംഗത്തെ നിയന്ത്രിക്കാൻ കേരളത്തിന്‌ കഴിഞ്ഞെങ്കിലും മഹാരാഷ്ട്രയിലും ഡൽഹിയിലും ജനങ്ങളെ രക്ഷിക്കാൻ കേന്ദ്രസർക്കാരിന്‌ നേരിട്ട്‌ ഇടപെടേണ്ടിവന്നു. ഇവിടെത്തന്നെയാണ്‌ രണ്ടാംതരംഗത്തിലെ ആശയക്കുഴപ്പങ്ങളും അരങ്ങേറിയത്‌.

 വികലനിരീക്ഷണം
മോദിയെ കാണുമ്പോൾ തലതിരിയുന്നവർക്ക്‌ എല്ലാം തലകുത്തനെ എന്നുതോന്നുന്നത്‌ സ്വാഭാവികം. പ്രധാന ആരോപണം സംസ്ഥാനസർക്കാർ വാക്സിൻ വിലകൊടുത്ത്‌ വാങ്ങണമെന്നും കടമകൈവിട്ട്‌ കേന്ദ്രസർക്കാർ ഒളിച്ചോടുന്നു എന്നുമാണ്‌. ഈ വാദം വികലനിരീക്ഷണത്തിന്റെ ഭാഗമാണ്‌. വാക്സിൻ ഉത്‌പാദകരായ സിറം കമ്പനിയുമായി കേന്ദ്രസർക്കാർ ഉണ്ടാക്കിയ ഉടമ്പടിപ്രകാരം ഉത്‌പാദിപ്പിക്കുന്ന 50 ശതമാനം വാക്സിൻ കേന്ദ്രസർക്കാരിന്‌ 150 രൂപയ്ക്ക്‌ കൊടുക്കണമെന്നാണ്‌ നിലവിലുള്ളത്‌. ഈ വാക്സിൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക്‌ സൗജന്യമായി വിതരണം ചെയ്യുന്നു. 45 വയസ്സിനു മുകളിലുള്ള ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും കേന്ദ്രസർക്കാർ സംസ്ഥാനസർക്കാരുകളിലൂടെ സൗജന്യമായിട്ടാണ്‌ വാക്സിൻ വിതരണം ചെയ്യുന്നത്‌. അത്‌ തുടരുകയും ചെയ്യും. 18 വയസ്സിനും 45 വയസ്സിനും ഇടയ്ക്കുള്ളവരുടെ 50 ശതമാനവും കേന്ദ്രം വഹിക്കുന്നു. ശേഷിക്കുന്ന 18-നും 45-നും ഇടയിൽ പ്രായമുള്ള 50 ശതമാനം ജനങ്ങളുടെ വാക്‌സിന്റെ വില മാത്രമാണ്‌ സംസ്ഥാനസർക്കാർ വഹിക്കേണ്ടത്‌. പിന്നെ എവിടെയാണ്‌, ആരാണ്‌ കടമ കൈവിട്ട്‌ ഒളിച്ചോടുന്നത്‌. ഇതിനിടയിൽ രണ്ടാംതരംഗത്തിന്റെ തീവ്രത കൂടിയപ്പോൾ മഹാരാഷ്ട്രയടക്കമുള്ള ചില സർക്കാരുകൾ വാക്സിൻ വിതരണം നീതിയുക്തമല്ലെന്ന്‌ കേന്ദ്രത്തെ പഴിപറയുകയും വിദേശരാജ്യങ്ങളിൽനിന്ന്‌ വാക്സിൻ ഇറക്കുമതിക്ക്‌ അനുവാദം നൽകണമെന്ന്‌ ആവശ്യപ്പെടുകയുമുണ്ടായി. കേരളം അടക്കം ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും സൗജന്യ വാക്സിൻ വിതരണം പ്രഖ്യാപിച്ചു. തോമസ്‌ ഐസക്‌ കേന്ദ്രത്തെ വെല്ലുവിളിച്ചുകൊണ്ടാണ്‌ ഈ കാര്യം ബജറ്റ്‌ പ്രസംഗത്തിൽ പറഞ്ഞത്‌. കോവിഡ്‌ രണ്ടാംതരംഗത്തെ വേഗത്തിൽ തടയാൻ 18 വയസ്സിനു മുകളിലുള്ളവർക്കെല്ലാം വാക്സിൻ എടുക്കാമെന്നും സംസ്ഥാന സർക്കാരുകൾക്ക്‌ വാക്സിൻ ഉത്‌പാദകരിൽനിന്നു നേരിട്ടു വാങ്ങാനുള്ള അനുമതിയും നൽകി. ഇതോടെയാണ്‌ അനാവശ്യമായ കിംവദന്തികൾ ആരംഭിച്ചത്‌. 138 കോടി ജനങ്ങളുള്ള ഇന്ത്യയിൽ എല്ലാവർക്കും എത്രയും വേഗം വാക്സിൻ എത്തിക്കുക എന്ന മഹാസംരംഭത്തിൽ ബഹുജനപങ്കാളിത്തം ഉറപ്പാക്കി ഉള്ളവർ ഇല്ലാത്തവർക്ക്‌ നൽകുന്നതിന്‌ അവസരം ഒരുക്കുന്നതിൽ എന്താണ്‌ തെറ്റ്‌?

ഇല്ലാത്ത വാക്സിൻ ക്ഷാമവാദമാണ്‌ കേരളത്തിൽ മറ്റൊരു വിഭ്രാന്തിക്കിടയാക്കിയത്‌. 95 ദിവസംകൊണ്ട്‌ 65 ലക്ഷം കുത്തിവെപ്പുകളാണ്‌ കേരളത്തിൽ നടത്തിയിട്ടുള്ളത്‌. ഒരു ലക്ഷം കോവാക്‌സിനും രണ്ടരലക്ഷം കോവിഷീൽഡ്‌ വാക്സിനും കേരളത്തിൽ സംഭരിച്ചിരിക്കുമ്പോഴാണ്‌ വാക്സിൻ ക്ഷാമത്തിന്റെ പേരിൽ ഉന്തും തള്ളും ഉണ്ടായത്‌. 50 ലക്ഷം വാക്സിൻ കേരളത്തിന്‌ നൽകണമെന്ന മുഖ്യമന്ത്രിയുടെ കത്ത്‌ കേരളത്തിന്റെ ആവശ്യത്തെത്തന്നെയാണ്‌ കാണി ക്കുന്നത്‌. പക്ഷേ, 50 ലക്ഷം വാക്സിൻ ഒരുമിച്ച്‌ സൂക്ഷിക്കേണ്ട ആവശ്യം ഒരു സംസ്ഥാനത്തിനുമില്ല. എന്തായാലും ഒരുകാര്യം പറയാതിരിക്കാനാവില്ല. വ്യാജപ്രചാരണങ്ങളിൽ കുടുങ്ങാതിരിക്കേണ്ടത്‌ നമ്മുടെ എല്ലാവരുടെയും കടമയാണ്‌.

ബി.ജെ.പി. സംസ്ഥാന വക്താവാണ്‌ ലേഖകൻ