ദ്യോഗിക രേഖകളിൽ പറയുന്ന കോവിഡ്‌കണക്കുകളുടെ മൂന്ന് ഇരട്ടിയാവാം യഥാർഥ അവസ്ഥ എന്നു കണക്കാക്കപ്പെടുന്നു. ഭീതിപ്പെടുത്തുന്ന ഈ കണക്കുകളോടൊപ്പം തന്നെ പരിഹരിക്കപ്പെടാനാവാത്തതിലധികം ആഴത്തിലുള്ള വേദനകളാണ് രാജ്യത്തെമ്പാടും കോവിഡ്‌ ബാധയേറ്റ് താങ്ങും തണലുമായ മാതാപിതാക്കളും സഹോദരങ്ങളും മക്കളും ബന്ധുക്കളും നഷ്ടപ്പെട്ട കുടുംബങ്ങളിലേത്.
2020-ലേതിനെക്കാൾ രൂക്ഷമായ സാഹചര്യമാണ് രാജ്യത്തെ നിസ്സഹായരായ ജനങ്ങൾ ഇപ്പോൾ നേരിടുന്നത്. രാജ്യതലസ്ഥാനത്തെ ഗംഗാറാം ആശുപത്രിയിൽ ഇക്കഴിഞ്ഞ ഏപ്രിൽ 23-ന് ഓക്സിജൻ കിട്ടാതെ ഇരുപത്തിയഞ്ചു കുടുംബങ്ങൾക്കാണ് തങ്ങളുടെ ഉറ്റവരെ നഷ്ടമായത്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാണ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽനിന്ന് ഓക്സിജനു വേണ്ടിയുള്ള അടിയന്തര സന്ദേശങ്ങൾ പ്രവഹിക്കുകയാണ്.
ആശുപത്രികളിൽ കോവിഡ്‌ ബാധിതർ പ്രാണവായുവിനുവേണ്ടി പിടയുമ്പോൾ, പലയിടങ്ങളിലും ഓക്സിജൻ മറിച്ചു വിൽക്കപ്പെടുന്നു. സാമൂഹികമാധ്യമങ്ങൾ ഓക്സിജനു വേണ്ടിയുള്ള സന്ദേശങ്ങളാൽ നിറഞ്ഞിരിക്കുന്നു. ലഭ്യത പൂർണമായും നിന്നുപോകുമെന്ന ഭയംകൊണ്ട് പല സംസ്ഥാനങ്ങളിലും ഓക്സിജൻ  പൂഴ്ത്തിവെപ്പും വ്യാപകമാവുന്നു. അത്യാവശ്യ ഇടങ്ങളിലേക്കു കൊണ്ടുപോകുന്ന ഓക്സിജൻ സിലിൻഡറുകൾ തട്ടിയെടുക്കുന്ന ഗുരുതരസ്ഥിതിയിലാണ് രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇപ്പോൾ.

 ആരാണുത്തരവാദി
2021 ജനുവരി മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തോടു പറഞ്ഞത്,  ‘ജനപങ്കാളിത്തത്തോടെ ഇന്ത്യ കോവിഡിനെ തടഞ്ഞിരിക്കുന്നു’ എന്നാണ്.  ജനുവരി 25-നു വേൾഡ് ഇക്കണോമിക്‌ ഫോറം മുമ്പാകെ ‘ഞങ്ങൾക്കാവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യപ്രവർത്തകരുമുണ്ട്’, എന്നുകൂടി അദ്ദേഹം അവകാശപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പ്രതിരോധപ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് മാർച്ച് മാസത്തിൽ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹർഷ്‌ വർധൻ പ്രസ്താവിച്ചത് ‘രാജ്യത്ത് ഇനി കോവിഡ്-19 മഹാമാരി ഉണ്ടാവില്ല’ എന്നും രാജ്യ നയതന്ത്രത്തിന്റെ ഭാഗമായി ഓക്സിജൻ ഉൾപ്പെടെയുള്ളവ കോവിഡ്‌ നിയന്ത്രണത്തിനു വേണ്ടി കയറ്റി അയക്കുകയാണ് എന്നുമായിരുന്നു. എന്നാൽ,  ഏപ്രിൽ 28-നുമാത്രം ഇന്ത്യയിൽ 3.79 ലക്ഷം പുതിയ കോവിഡ്‌ ബാധിതരെയാണ് നാം കാണുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ്‌ വ്യാപനമുള്ള രാജ്യമായി ഇന്ത്യ മാറി.

കേരളം, തമിഴ്‌നാട്, ആന്ധ്ര, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവർ സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലികളിൽ കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന് പതിനായിരങ്ങൾ പങ്കെടുത്തു. ഏപ്രിൽ 17-ന് ബംഗാളിൽ ലക്ഷങ്ങൾ പങ്കെടുത്ത തിരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ ഇന്ത്യയിലെ കോവിഡ്‌ ബാധിതരുടെ എണ്ണം 2.34 ലക്ഷമായി ഉയർന്നിരുന്നു. ഏപ്രിൽ 18 ഞായറാഴ്ച പശ്ചിമബംഗാളിലെ തന്റെ തിരഞ്ഞെടുപ്പു റാലികൾ നിർത്തിവെച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകയായത്.

 പ്രസംഗം നിർത്തൂ,   പ്രവർത്തിക്കൂ
രോഗപ്രതിരോധ നടപടികളുടെ ഭാഗമായി മേയ് ഒന്നുമുതൽ 18 വയസ്സുകഴിഞ്ഞ എല്ലാവർക്കും നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച വാക്സിൻ പോളിസി പാതിവഴിയിൽ തന്നെ പാഴായി. നിലവിലുള്ള സാഹചര്യത്തെത്തുടർന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൈക്കൊണ്ടിട്ടുള്ള തുടർനടപടികൾ രാജ്യത്തെ രണ്ടാമത്തെ അടച്ചുപൂട്ടലിനു തുല്യമായി. തൊഴിൽസാധ്യതകൾ ഇല്ലാതാവുകയും അത്യാവശ്യ സാധനങ്ങളുടെ പോലും വില അനിയന്ത്രിതമായി ഉയരുകയും ചെയ്തു. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ പൊതുവിതരണശൃംഖല താറുമാറായി.

മോദി സർക്കാരിന്റെ കഴിഞ്ഞകാലത്ത് നടപ്പാക്കപ്പെട്ട നോട്ടു റദ്ദാക്കൽ, മുന്നറിയിപ്പില്ലാതെ രാജ്യം അടച്ചുപൂട്ടിയതിനെ തുടർന്നുള്ള ലക്ഷക്കണക്കിനു അതിഥിത്തൊഴിലാളികളുടെ പലായനം എന്നിവ സൃഷ്ടിച്ചതു പോലെയുള്ള അപകടകരമായ അവസ്ഥയാണ് തുടർന്നുള്ള കോവിഡ്‌ നിയന്ത്രണത്തിലും ഉണ്ടായിട്ടുള്ളത്. ഈ സർക്കാരിൽ നിരാശരായ ജനങ്ങൾക്കുള്ള അവസാന ആശ്രയമായി നീതിപീഠങ്ങൾ മാറിക്കഴിഞ്ഞു. ഈയവസരത്തിൽ ഭാരതത്തിലെ ജനങ്ങൾക്കു പറയാൻ ഒന്നേയുള്ളൂ.  ‘പ്രധാനമന്ത്രീ, പ്രസംഗം നിർത്തൂ, പ്രവർത്തിക്കൂ’.

കെ.പി.സി.സി. വർക്കിങ്‌ പ്രസിഡന്റാണ്‌ ലേഖകൻ

==========================================================

ജനപക്ഷത്താണ്  കേന്ദ്രം

ശോഭാ സുരേന്ദ്രന്‍

മേയ് ഒന്നിനു നിലവിൽവരുന്ന ദേശീയ വാക്‌സിനേഷൻ നയത്തെക്കുറിച്ച് ഏറ്റവുമധികം തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണം നടക്കുന്നത് കേരളത്തിലാണ്.  ഒന്നാമതായി, സാധാരണ പറയുന്ന അർഥത്തിലുള്ള ഒരു നയം അല്ല ഇത്. ഇതൊരു താത്‌കാലിക ഉപായം മാത്രമാണ്; മാറ്റങ്ങൾക്കു വിധേയവുമാണ്. കാലാകാലം അവലോകനവിധേയമായിരിക്കും ഈ സ്ട്രാറ്റജി എന്ന് കൃത്യമായി ‘ലിബറലൈസ്ഡ് ആൻഡ്‌ ആക്‌സിലറേറ്റഡ് നാഷണൽ കോവിഡ്-19 വാക്‌സിനേഷൻ സ്ട്രാറ്റജി’യുടെ അവസാനഭാഗത്ത് പറഞ്ഞിട്ടുമുണ്ട്. എന്നാൽ, കേന്ദ്രത്തിലെ എൻ.ഡി.എ. സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിക്കാനും കടന്നാക്രമിക്കാനും പുതിയ ഒരു അവസരംകൂടി കിട്ടിയതുപോലെ മോദിവിരുദ്ധരും അവർക്കുവേണ്ടി കാര്യങ്ങൾ വ്യാഖ്യാനിക്കുന്നവരും ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്.

 എന്താണ് സത്യം?
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷൻ സ്ട്രാറ്റജി ശാസ്ത്രീയവും പകർച്ചവ്യാധി പ്രതിരോധം സംബന്ധിച്ച തെളിവുകളും അടിസ്ഥാനമാക്കിയുള്ളതാണ്. മാത്രമല്ല സുഭദ്രമായ അന്തിമ ആസൂത്രണത്തിൽ അത് ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുന്നു. തത്‌കാലത്തേക്കുള്ള തട്ടിക്കൂട്ടലല്ല വാക്‌സിൻ നയം. അതുകൊണ്ടാണ് ലോകത്തിൽ ഏറ്റവും വേഗത്തിൽ 14 കോടി ജനങ്ങൾക്ക് വാക്‌സിൻ നൽകിയ രാജ്യമായി ഇന്ത്യക്ക് മാറാൻകഴിഞ്ഞതും. അമേരിക്കയും ചൈനയും നൂറിലധികം ദിവസങ്ങളെടുത്ത ഈ കടമ്പ 99 ദിവസത്തിലാണ് ഇന്ത്യ പൂർത്തിയാക്കിയത്.

 ആഭ്യന്തരമായി ഗവേഷണം, വികസനം, ഉത്പാദനം എന്നിവ പ്രോത്സാഹിപ്പിച്ചശേഷം കേന്ദ്രസർക്കാർ കാഴ്ചക്കാരായി കൈയുംകെട്ടി മാറിനിൽക്കും എന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് അബദ്ധമാണ്. വാക്‌സിൻ വിനിയോഗത്തിന്റെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് കേന്ദ്രം പിന്നോട്ടുപോകില്ല.

മുഴുവൻ സംസ്ഥാന സർക്കാരുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും സഹകരിച്ചാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി ഇന്ത്യക്കാർക്ക് വാക്‌സിൻ ലഭിക്കുമെന്ന് ഉറപ്പാക്കാൻ യത്നിക്കുകയുമാണ്. രണ്ടാംതരംഗം വരുന്നതിനുമുമ്പും കേരളം പിടിയിൽനിൽക്കാത്ത സാഹചര്യത്തിലേക്കു വഴുതിയപ്പോൾ അതിനെ കേന്ദ്രസർക്കാർ രാഷ്ട്രീയമായി കുറ്റപ്പെടുത്താൻ ഉപയോഗപ്പെടുത്തുകയല്ല ചെയ്തത്. മറിച്ച്‌ ഇന്ത്യയിലെ മറ്റ്‌ 20 സംസ്ഥാനങ്ങളെക്കാൾ അധികം വാക്‌സിൻ ഡോസുകൾ നൽകുകയും ഓക്‌സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാൻ പ്ലാന്റുകൾ നിർമിക്കാനുള്ള പണം നൽകുകയും ചെയ്യുകയാണുണ്ടായത്‌ .
വാക്‌സിനുകളുടെ ലഭ്യതയെയും മറ്റ് മുൻഗണനാ വിഭാഗങ്ങൾക്ക് നൽകേണ്ടതിനെയും അടിസ്ഥാനമാക്കി ‘ഡൈനാമിക് മാപ്പിങ്’ മാതൃകയാണ് ഇന്ത്യ പിന്തുടരുന്നത്. ഇന്ത്യയുടെ വാക്‌സിൻ ഉത്‌പാദനശേഷിയുടെ കരുത്ത് വർധിപ്പിക്കുകയും എത്തേണ്ടിടത്തെല്ലാം എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. രാജ്യത്തെ വാക്‌സിൻ നിയന്ത്രണ, നിരീക്ഷണ സംവിധാനത്തിൽ ഭരണപരമായി ആവശ്യമായ മാറ്റങ്ങൾ വരുത്തി. തന്മൂലം തദ്ദേശീയമായി നിർമിച്ച രണ്ട് വാക്‌സിനുകൾക്കും അടിയന്തരസാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗം അനുവദിച്ചു.

 അർഹരായവർക്ക് സൗജന്യ വാക്‌സിൻ തുടരും
അടുത്തഘട്ടത്തിൽ, ‘ദേശീയ വാക്‌സിൻ തന്ത്രം’ ഉദാര വാക്‌സിൻ വിലനിർണയവും വാക്‌സിൻ പരമാവധി ആളുകളിൽ എത്തിക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഇത് ഒരുവശത്ത് വാക്‌സിൻ നിർമാതാക്കളെ ഉത്‌പാദനം അതിവേഗം വർധിപ്പിക്കുന്നതിന് പ്രേരിപ്പിക്കുകയും മറുവശത്ത് പുതിയ വാക്‌സിൻ നിർമാതാക്കളെ ആകർഷിക്കുകയും ചെയ്യും. ഇത് വാക്‌സിനുകളുടെ വിലനിർണയം, സംഭരണം, വിനിയോഗം എന്നിവ കൂടുതൽ അനായാസമാക്കുകയും വാക്‌സിൻ ഉത്‌പാദനം വർധിപ്പിക്കുകയും ചെയ്യും. അതൊരു യാഥാർഥ്യമാണ്. അതായത്, രാജ്യത്ത് വാക്‌സിനുകളുടെ വ്യാപക ലഭ്യത ഉറപ്പാകും. അതാണ് സംഭവിക്കാൻ പോകുന്നത്. ഏതായാലും സർക്കാരിന്റെ എല്ലാ കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിലും അർഹരായ വിഭാഗങ്ങൾക്ക് സൗജന്യമായിത്തന്നെ വാക്‌സിൻ നൽകുന്നതു തുടരും. എല്ലാ പ്രതിരോധ കുത്തിവെപ്പുകളും ദേശീയ പ്രതിരോധ കുത്തിവെപ്പ്‌ പരിപാടിയുടെ ഭാഗമാകും. 

ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗമാണ് ലേഖിക​