തമിഴ്നാട്ടില്‍ ഒറ്റക്കെട്ടായ പ്രവർത്തനം വിജയമായി

# കെ.കെ. സുരേഷ് കുമാർ

കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ മൂർധന്യം മറികടന്ന് തമിഴ്‌നാട് സാധാരണ നിലയിലേക്കെത്തുകയാണ്. സിനിമാതിയേറ്ററുകളും ബീച്ചുകളും ഉൾപ്പെടെ വിനോദസ്ഥലങ്ങൾ തുറന്നുകഴിഞ്ഞു. ഒമ്പതുമുതൽ 12 വരെ ക്ളാസുകൾക്ക്‌ സെപ്റ്റംബർ ഒന്നുമുതൽ സ്കൂൾ തുറക്കുമെന്നും പ്രഖ്യാപിച്ചു. ഒരു ഘട്ടത്തിൽ പ്രതിദിന കേസുകൾ 37,500 വരെ ഉയർന്ന തമിഴ്‌നാട് ഇന്ന് ഈ അവസ്ഥയിലെത്തിയത് ആസൂത്രിതവും കൃത്യവും ഒറ്റക്കെട്ടായുമുള്ള നടപടികളിലൂടെയാണ്.  മികച്ച പരിശോധനകൾ, ചികിത്സാസൗകര്യം, കൂടുതൽ വാക്സിനേഷൻകേന്ദ്രങ്ങൾ, ആവശ്യത്തിനുള്ള ഓക്സിജൻ സംഭരണം തുടങ്ങിയവയൊക്കെ കോവിഡിനെ പിടിച്ചുകെട്ടാൻ ഏറെ ഗുണകരമായി. 

ചിട്ടയായ പ്രവർത്തനങ്ങൾ

നിയമസഭാതിരഞ്ഞെടുപ്പുവേളയിൽത്തന്നെ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചെങ്കിലും നിയന്ത്രണങ്ങൾ കടുപ്പിച്ചത് തിരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം മേയിലായിരുന്നു. ഡി.എം.കെ. സർക്കാർ അധികാരമേൽക്കുന്നതുതന്നെ തമിഴ്‌നാട് കോവിഡ് ഭീതിയിലായിരുന്നപ്പോഴാണ്. പത്തുവർഷത്തിനുശേഷം അധികാരം പിടിച്ചെടുത്തപ്പോൾ സർക്കാർ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ടുപോകാതെ ആരോഗ്യവിദഗ്ധരുടെയും കളക്ടർമാരുടെയും യോഗംവിളിച്ച് കോവിഡ് പ്രതിരോധപ്രവർത്തനം ചടുലമാക്കി. ആഴ്ചതോറും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതിരോധപ്രവർത്തനങ്ങൾ അവലോകനംചെയ്തു. എ.ഐ.എ.ഡി.എം.കെ. ഭരണകാലത്ത് മികവുറ്റ പ്രവർത്തനംനടത്തിയ ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണനെത്തന്നെ തത്‌സ്ഥാനത്ത് തുടരാൻ അനുവദിച്ചത് ഡി.എം.കെ.യുടെ മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു. മേയ് 14 മുതൽ രണ്ടാഴ്ചത്തേക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർക്കശമാക്കിയതല്ലാതെ അമിതനിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങളെ പ്രയാസപ്പെടുത്തിയില്ല. പരിശോധനകൾ ഗണ്യമായി വർധിപ്പിച്ചു. രോഗബാധിതരാകുന്നവരെയെല്ലൊം കണ്ടെത്തി ക്വാറെന്റെൻ ചെയ്തു. 

കോവിഡ്പ്രതിരോധ പദ്ധതി

ഒരു പ്രദേശത്ത് പത്തിൽക്കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ മറ്റുള്ളവരെയും കൂട്ടപരിശോധനയ്ക്ക് വിധേയമാക്കി. എല്ലാ രോഗബാധിതരെയും ആശുപത്രികളിലേക്കും കോവിഡ് കെയർ സെന്ററുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. തുടർച്ചയായ ദിവസങ്ങളിൽ 1.6 ലക്ഷത്തിലേറെ പേർക്ക് പരിശോധനനടത്തി. കോവിഡ് വ്യാപനം കുറഞ്ഞപ്പോഴും പരിശോധനകൾ കുറച്ചില്ല. ഒരു വീട്ടിൽ ഒരാൾക്ക് കോവിഡ് ബാധിച്ചാൽ ഉടൻ എല്ലാവർക്കും പരിശോധന നടത്തും. ആർ.ടി.പി.സി.ആർ. മാത്രമാണ് തമിഴ്‌നാട്ടിൽ നടത്താറുള്ളത്. എല്ലാ സർക്കാർ ആശുപത്രികളിലും പ്രത്യേക കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യവുമുണ്ട്. വീടുകൾകയറി ആരോഗ്യപ്രവർത്തകർ ഓക്സിജന്റെ അളവും ശരീരോഷ്മാവും പരിശോധിച്ചു. തെരുവോരങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തി പരമാവധി കോവിഡ് ബാധിതരെ കണ്ടെത്തി ആശുപത്രികളിലെത്തിച്ചു. 

വാക്സിനേഷനും ആർജിതപ്രതിരോധവും

ജനുവരിമുതൽ മാർച്ച്‌വരെ വാക്സിൻ കുത്തിവെക്കുന്നവരുടെ എണ്ണം കുറവായിരുന്നെങ്കിലും ഏപ്രിലോടെ ഇത്‌ വർധിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും 24 മണിക്കൂറും വാക്സിൻകേന്ദ്രങ്ങൾ ആരംഭിച്ചു. ഇതുവരെ 2.87 കോടി ഡോസ് വാക്സിൻ കുത്തിവെച്ചു. നിലവിൽ കോവിഡ് ബാധിതരായ 98.3 ശതമാനംപേർ രോഗമുക്തി നേടി. മേയിൽ രണ്ടുശതമാനമായിരുന്ന മരണ നിരക്ക് 1.37 ആയി കുറഞ്ഞു. നിലവിൽ സംസ്ഥാനത്ത് ദിവസവും 1600-നും 1700-നും ഇടയിൽമാത്രമാണ് രോഗം സ്ഥിരീകരിക്കുന്നത്. 19,000 രോഗബാധിതർ ചികിത്സയിലുണ്ട്. കോവിഡ് ബാധിച്ചവർ, വാക്സിൻ സ്വീകരിച്ചവർ ഉൾപ്പെടെയുള്ളവരിൽ നടത്തിയ പരിശോധനയിൽ തമിഴ്‌നാട്ടിൽ ശരാശരി 67 ശതമാനം പേർ കോവിഡ് പ്രതിരോധശേഷി കൈവരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. കോവിഡ് മൂന്നാംവ്യാപനത്തെ നേരിടാനായി എല്ലാജില്ലയിലെയും ആശുപത്രികളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം കൂട്ടി. എല്ലാ സർക്കാർ ആശുപത്രികളിലും കുട്ടികൾക്കായി പ്രത്യേക വാർഡുകളും കൂടുതൽ കിടക്കകളും ഒരുക്കി. കൂടുതൽ ഡോക്ടർമാരെയും നിയമിക്കുന്നുണ്ട്. എല്ലാ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചുവരുകയാണ്.

തിരിച്ചുവരവിന്റെ  പാതയിൽ കർണാടകം

# സുനിൽ തിരുവമ്പാടി

കോവിഡ് രണ്ടാംതരംഗം ആഞ്ഞടിച്ച കർണാടകം രോഗവ്യാപനം കുറഞ്ഞതിനെത്തുടർന്ന് സാധാരണജീവിതത്തിലേക്ക് ഏതാണ്ട് തിരിച്ചുവന്നുകഴിഞ്ഞു. മൂന്നാംതരംഗം എത്തിയേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പലതും എടുത്തുകളഞ്ഞു. നിയന്ത്രണങ്ങളോടെയാണെങ്കിലും സ്കൂളുകളും കോളേജുകളും തുറന്നു. വാണിജ്യകേന്ദ്രങ്ങളിൽ പഴയ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. ഷോപ്പിങ് മാളുകളും സിനിമാതിയേറ്ററുകളും തുറന്നു. ബസുകളും മെട്രോ ട്രെയിനുമുൾപ്പെടെയുള്ള വാഹനഗതാഗതവും മടങ്ങിവന്നു. രാത്രി ഒമ്പതുമണിക്കുശേഷമുള്ള കർഫ്യൂവും അതിർത്തി ജില്ലകളിലെ വാരാന്ത്യകർഫ്യൂവുംമാത്രമാണ് ഇപ്പോൾ കാര്യമായുള്ള നിയന്ത്രണം.

കുറയുന്ന രോഗനിരക്ക്

മേയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷംകടന്ന് ഭീതിയുടെ മുൾമുനയിലായ സംസ്ഥാനമാണ് കർണാടകം. ഇപ്പോൾ പ്രതിദിനരോഗികൾ ആയിരത്തിനടുത്തേക്ക് താഴ്ന്നു. 1151 പേർക്കാണ് തിങ്കളാഴ്ച രോഗം ബാധിച്ചത്. രോഗസ്ഥിരീകരണ നിരക്ക് 1.08 ആയി. കഴിഞ്ഞയാഴ്ച ഇത് ഒരു ശതമാനത്തിനും താഴെയെത്തിയിരുന്നു. രോഗസ്ഥിരീകരണനിരക്ക് 30 ശതമാനത്തിന്‌ മുകളിലെത്തിയിടത്തുനിന്നാണ് ഈ കുറവ്. കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. കോവിഡ് ബാധിച്ച 500-ഓളം പേരെ ദിവസവും മരണം കീഴ്‌പ്പെടുത്തിയ സ്ഥാനത്താണിത്. കോവിഡ് മരണം താണ്ഡവമാടിയ ബെംഗളൂരു അർബൻ ഉൾപ്പെടെ 23 ജില്ലകളിൽ ഒരു മരണംപോലും റിപ്പോർട്ടുചെയ്തുമില്ല. ദിവസം 300 പേരുടെവരെ മരണം സ്ഥിരീകരിച്ച് ഭീതിയുടെ മുൾമുനയിലായ ജില്ലയാണ് രാജ്യത്തിന്റെ ഐ.ടി. തലസ്ഥാനമായി ബെംഗളൂരു. മൃതദേഹങ്ങൾ സംസ്കരിക്കാൻ ശ്മശാനങ്ങളിൽ സ്ഥലമില്ലാത്ത ദിവസങ്ങളായിരുന്നു പലതും. താത്‌കാലിക ശ്മശാനങ്ങൾ സജ്ജീകരിച്ച് ഒട്ടേറെ മൃതദേഹങ്ങൾ ഒന്നിച്ച് സംസ്കരിക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു.

നിയന്ത്രണങ്ങളോടെ  സ്വാഭാവികജീവിതത്തിലേക്ക്

കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം ഉയർന്നുനിൽക്കുന്നത് കണക്കിലെടുത്താണ് അതിർത്തിജില്ലകളിൽ വാരാന്ത്യകർഫ്യൂ കർണാടക ഏർപ്പെടുത്തിയത്. കേരളത്തിന്റെ അതിർത്തിജില്ലകളായ മൈസൂരു, കുടക്, ചാമരാജനഗർ, ദക്ഷിണ കന്നഡ ജില്ലകളിലും മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ബലഗാവി, വിജയപുര, കലബുറഗി, ബീദർ ജില്ലകളിലുമാണിത്. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിമുതൽ തിങ്കളാഴ്ച രാവിലെ അഞ്ചുമണിവരെയാണ് കർഫ്യൂ. സംസ്ഥാനവ്യാപകമായി ദിവസവുമുള്ള രാത്രികർഫ്യൂ രാത്രി ഒമ്പതുമുതൽ രാവിലെ അഞ്ചുവരെയാണ്.
അഞ്ചുമാസങ്ങൾക്കുശേഷമാണ് സംസ്ഥാനത്തെ സ്കൂളുകൾ തിങ്കളാഴ്ച തുറന്നത്. ഒമ്പതുമുതൽ 12 വരെ ക്ലാസുകളാണ് ആരംഭിച്ചത്. ഓരോ ക്ലാസിലെയും പകുതി കുട്ടികൾക്ക് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. ഒരു െബഞ്ചിൽ രണ്ടുകുട്ടികൾക്കാണ് ഇരിക്കാൻ അനുമതി. 25 കുട്ടികളാണ് ഒരു ക്ലാസ് മുറിയിൽ. കോവിഡ് സ്ഥിരീകരണനിരക്ക് രണ്ടുശതമാനത്തിനുമുകളിലുള്ള ജില്ലകളിലെ സ്കൂളുകൾ തുറക്കാൻ അനുവദിച്ചിട്ടുമില്ല. ചിക്കമഗളൂരു, ഉഡുപ്പി, ദക്ഷിണകന്നഡ, കുടക്, ഹാസൻ ജില്ലകളിലാണ് സ്കൂളുകൾ തുറക്കാത്തത്.

സംസ്ഥാനത്ത് ബിരുദതലം മുതലുള്ള കോളേജുകൾ മേയ് 26-ന് തുറന്നു. ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ച വിദ്യാർഥികൾക്കാണ് പ്രവേശനം അനുവദിച്ചത്. ഇതിനുമുന്നോടിയായി കോളേജ് വിദ്യാർഥികൾക്ക് വാക്സിനേഷന് മുൻഗണന നൽകിയിരുന്നു.  ജൂലായ് 19-നാണ് സിനിമാതിയേറ്ററുകൾ വീണ്ടും തുറന്നത്. പകുതിസീറ്റുകളിൽ കാണികളെ ഇരിക്കാൻ അനുവദിച്ചുകൊണ്ടാണ് തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയത്.

അതേസമയം, വിനായകചതുർഥി ഉൾപ്പെടെയുള്ള ഉത്സവങ്ങൾ മുന്നിൽക്കണ്ട് ക്ഷേത്രങ്ങളിലും മറ്റുമുള്ള ഘോഷയാത്രകളും സമ്മേളനങ്ങളും നടത്തുന്നതിന് സംസ്ഥാനത്ത് നിരോധനമുണ്ട്. 
ജനസാന്ദ്രത ഏറെയുള്ള ബെംഗളൂരു നഗരത്തിൽ ആളുകൾ കൂട്ടംചേരുന്നതിന് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടുള്ള നിരോധനാജ്ഞയും നിലവിലുണ്ട്. എന്നാൽ, നിശ്ചിത ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവാഹച്ചടങ്ങുകൾക്കും ശവസംസ്കാരച്ചടങ്ങുകൾക്കും അനുമതിയുണ്ട്.