ന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം പ്രബലമായതോടെ കോവിഡ് പ്രതിരോധമാർഗങ്ങളിൽ അർഥമില്ലെന്നും വാക്സിനുകൾ ഫലപ്രദമല്ലെന്നുമുള്ള തരത്തിൽ പ്രചാരണങ്ങൾ വ്യാപകമായിത്തുടങ്ങി. വസ്തുതാപരമായി ചിന്തിച്ചാൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇന്ത്യയിലെ കേസുകളിലുണ്ടായ ഗണ്യമായ കുറവും ജനുവരി മുതൽ ആരംഭിച്ച വാക്സിൻ വിതരണം ജനങ്ങളിൽ പ്രതിരോധമാർഗങ്ങളോടുളവാക്കിയ ഉദാസീനതയും കാരണമുണ്ടായ സ്വാഭാവികപരിണാമം മാത്രമാണ് ഇതെന്നു മനസ്സിലാക്കാം. തിരഞ്ഞെടുപ്പ്‌ പ്രചാരണവും നിലവിൽ വ്യാപിക്കുന്ന വേരിയന്റുകളും അതിന്‌ ആക്കം കൂട്ടുകയും ചെയ്തു. ഇന്ത്യ മൂന്നുമാസത്തിനകം പന്ത്രണ്ട് കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്തെന്ന അഭിമാനകരമായ നാഴികക്കല്ല് പിന്നിടുമ്പോഴും ആകെ ജനസംഖ്യയുടെ എട്ടു ശതമാനം പേർക്കേ ഒരു ഡോസെങ്കിലും ലഭിച്ചിട്ടുള്ളൂ എന്നത് ഹേർഡ് ഇമ്യൂണിറ്റിക്കാവശ്യമായ (60-70%) പ്രതിരോധം നേടാൻ ഇനിയുമെത്രയോ കാതം പിന്നിടണമെന്ന് നമ്മെ ഓർമിപ്പിക്കുന്നു.

മാറിയ വൈറസുകളെ തടുക്കാൻ

കുത്തിവെപ്പെടുത്ത ചുരുക്കം ചിലർക്കു വീണ്ടും അസുഖം കിട്ടാനുള്ള, പ്രത്യേകിച്ച് വേരിയന്റുകൾ കാരണമുള്ള, സാധ്യതയുണ്ടെങ്കിലും നിലവിൽ ലഭ്യമായ വാക്സിനുകൾ ഒരു ഡോസിനുശേഷം പോലും രോഗതീവ്രത കുറച്ച്‌ ആശുപത്രിവാസം ഒഴിവാക്കുന്നതോടൊപ്പം രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്യുന്നു. വൈറസ്‌ എത്രത്തോളം ആളുകളിൽ പകരുന്നോ അത്രത്തോളം പുതിയ വേരിയന്റുകൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും കൂടുന്നു അതിനാൽ പരമാവധി ആളുകളിൽ വാക്സിൻ എത്തിക്കുകയാണ് വൈറസിൽ അപകടകരമായ ജനിതകമാറ്റം ഉണ്ടാകുന്നതു തടയാനുള്ള ഏറ്റവും നല്ല മാർഗം.

വാക്സിൻ കണ്ടുപിടിക്കുക എന്ന കടമ്പ കടന്നുകഴിഞ്ഞ ഈ സാഹചര്യത്തിൽ കാര്യക്ഷമമായി വാക്സിൻ വിതരണം ചെയ്യുക എന്ന സങ്കീർണമായ ഉദ്യമം കാലവിളംബം കൂടാതെ പൂർത്തീകരിക്കുന്നതിലാവണം ഇനിയുള്ള ശ്രദ്ധ. വാക്സിൻ വിതരണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനോടൊപ്പംതന്നെ ഭൂരിപക്ഷം ജനങ്ങൾക്കും അത് ലഭിക്കുന്നതുവരെ സമൂഹപ്രതിരോധ മാർഗങ്ങളിൽ അയവോ, ഉപേക്ഷയോ കാണിക്കരുതെന്നാണ് കുത്തിവെപ്പിൽ ബഹുദൂരം മുന്നിലുള്ള രാജ്യങ്ങളിൽ നിന്ന് മനസ്സിലാക്കുന്ന പാഠം.

ജനസംഖ്യയുടെ 40 ശതമാനത്തിലധികം പേർക്കും വാക്സിനേഷൻ ലഭ്യമാക്കിയ ചിലിയിൽ പക്ഷേ, ആദ്യ ഡോസ് സ്വീകരിച്ചതിന്റെ ആത്മവിശ്വാസത്തിൽ സാമൂഹിക ജാഗ്രത അയഞ്ഞതും സർക്കാർ നിയന്ത്രണങ്ങൾ പെട്ടെന്ന് നീക്കിയതും ബ്രസീലിയൻ വേരിയന്റിന്റെ സാന്നിധ്യവും കാരണം വീണ്ടുമൊരു കോവിഡ് വ്യാപനത്തിന്റെ സ്ഥിതിവിശേഷമാണ്. അതേസമയം, ലോകത്തിൽത്തന്നെ ആളോഹരി വാക്സിൻ വിതരണത്തിൽ മുന്നിൽനിൽക്കുന്ന ഇസ്രയേലിൽ മൊത്തം ജനസംഖ്യയുടെ 60 ശതമാനത്തോളം (ഹേർഡ് ഇമ്യൂണിറ്റിയോടടുത്ത്‌) പേർക്ക് കുത്തിവെപ്പെടുക്കുന്നത് വരെ സാമൂഹിക നിയന്ത്രണങ്ങളും തുടർന്നത് രോഗവ്യാപനത്തിനു വൻതോതിൽ കുറവ് രേഖപ്പെടുത്താൻ ഇടയാക്കി. ജനസംഖ്യയുടെ 50 ശതമാനത്തോളം പേർക്ക് യൂണിവേഴ്‌സിറ്റി ഓഫ് ഓക്സ്‌ഫഡ് ആസ്ട്രസനക്കാ വാക്സിൻ (കോവിഷീൽഡ്) ഒരു ഡോസെങ്കിലും ലഭ്യമായ ബ്രിട്ടനിലും രോഗവ്യാപനം വളരെ കുറഞ്ഞു.  

ചില ചോദ്യങ്ങൾ; ഉത്തരങ്ങൾ

വാക്സിനുകൾ പൂർണമായും ഈ പകർച്ചവ്യാധിയെ പിടിച്ചു കെട്ടുമോ, പുതുതായി പ്രത്യക്ഷപ്പെട്ടേക്കാവുന്ന കൂടുതൽ അപകടകാരിയായ വേരിയന്റിനെതിരേ അവ ഫലപ്രദമാകുമോ, എല്ലാ വർഷവും കോവിഡ്-19 വാക്സിൻ എടുക്കേണ്ടിവരുമോ എന്നീ ചോദ്യങ്ങൾ തീർച്ചയായും നമ്മുടെ മനസ്സിലുണ്ട്‌. ക്ലിനിക്കൽ ട്രയലിലുൾപ്പെടെ കഴിഞ്ഞ ആറുമാസത്തെ ലഭ്യമായ വിവരങ്ങൾ വെച്ച് ഈ മഹാമാരിയെ മനുഷ്യന് വരുതിയിൽ നിർത്താനാകും എന്നാണ് ശാസ്ത്രലോകത്തിന്റെ അനുമാനം. ആ നിരീക്ഷണത്തിന് അനുകൂലമായ ചില ചിന്തകൾ ഇവിടെ പരാമർശിക്കാം.

ഒന്നാമതായി, കോവിഡിനെതിരേ വികസിപ്പിച്ച മിക്കവാറും എല്ലാ വാക്സിനുകളും (രണ്ടാം ഡോസിനുശേഷം രണ്ടാഴ്ചയോടെ)തന്നെ ഉയർന്ന ഫലപ്രാപ്തി കാണിക്കുന്നു.  കോവിഡ് വന്നു ഭേദമായവരുടെ ശരീരത്തിലെ ആന്റിബോഡി അളവുകളെക്കാൾ പതിന്മടങ്ങ് ആന്റിബോഡിയാണ് നിയതമായ അളവിലുള്ള വാക്സിൻ ആന്റിജൻ കുത്തിവെപ്പിലൂടെ ഒരാൾക്ക് ലഭിക്കുന്നത്. ഇപ്പോൾ നിലവിലുള്ളതും പുതുതായി വരാവുന്നതുമായ വേരിയന്റുകൾ വാക്സിൻ ആന്റിജനിൽ താരതമ്യേന ചെറിയ മാറ്റങ്ങളേ വരുത്തുന്നുള്ളൂ. കുത്തിവെപ്പിലൂടെ ശരീരത്തിലെ ബി കോശങ്ങൾ ഉത്‌പാദിപ്പിക്കുന്ന ആന്റിബോഡി, വേരിയന്റിനെതിരേ അല്പം ശേഷി കുറഞ്ഞതായാൽപ്പോലും ഉയർന്ന ആന്റിബോഡി നിലവാരം വേരിയന്റിനെ നിഷ്‌ക്രിയമാക്കാൻ സഹായിക്കും. പോരാത്തതിന് ആദ്യകുത്തിവെപ്പിലൂടെത്തന്നെ ശരീരത്തിലെ മറ്റൊരു വെളുത്ത രക്താണുവായ ടി േകാശങ്ങൾ ആന്റിജനെ തിരിച്ചറിയുന്നു.  ബി കോശങ്ങളിൽ നിന്ന്‌‌ വ്യത്യസ്തമായ രോഗാണുവിന്റെ ഭാഗമാണ് ടി കോശങ്ങളെ തിരിച്ചറിയുന്നത്. അതുകൊണ്ടുതന്നെ വേഷം മാറിവരുന്ന വൈറസിനെ തിരിച്ചറിയാനും പുതിയതിനെതിരേ ആന്റിബോഡി ഉത്‌പാദിപ്പിക്കാൻ ബി. ​കോശങ്ങളെ സഹായിക്കാനും ടി കോശങ്ങൾക്കുകഴിയും.

വാക്സിനെടുക്കാതെ അസുഖം പടരാനനുവദിച്ചാൽ അത് കൂടുതൽ പേർ ആശുപത്രിയിലെത്താനും മരിക്കാനും ഇടവരുത്തും. അസുഖം വന്നു ഭേദമായവർ പോലും പുതിയ വേരിയന്റുകൾ കാരണം വീണ്ടും അസുഖം വരാതിരിക്കാൻ വാക്സിൻ എടുക്കുന്നതാണുത്തമം. രണ്ടാമതായി, ഭൂരിപക്ഷം (>70 %) ആളുകളും വാക്സിൻ എടുത്തുകഴിഞ്ഞാൽ രോഗാണുവ്യാപനത്തിന്റെ തോത് വളരെ കുറയുകയും അസുഖം ബാധിക്കുന്നവരിൽപ്പോലും കോവിഡ് ഒരു നിരുപദ്രവകാരിയായ ജലദോഷമായി അവസാനിക്കുകയും ചെയ്യും.  

ആരോഗ്യപ്രശ്നങ്ങളാൽ ശാരീരിക ദൗർബല്യം നേരിടുന്ന ആളുകളെ സംരക്ഷിക്കാൻ  സമൂഹവ്യാപകമായി  നാം നേടുന്ന ഹേർഡ് ഇമ്യൂണിറ്റി കൊണ്ടേ സാധിക്കൂ. അങ്ങനെ ഒരു സാധാരണ ജലദോഷം മാത്രമായി കോവിഡ് പരിണമിക്കുന്നതോടെ സമൂഹത്തിൽ അതിനെതിരേയുള്ള ആന്റിബോഡി നിലനിൽക്കുകയും വർഷാവർഷം വാക്സിൻ എടുക്കേണ്ട ആവശ്യം ഒഴിവാകുകയും ചെയ്യും എന്നാണ് പ്രതീക്ഷ.

പ്രതീക്ഷയ്ക്ക്‌ വകയുണ്ട്‌

കോവിഡനന്തര ലോകത്തേക്ക് നാം നോക്കുമ്പോൾ പ്രതീക്ഷയ്ക്ക് തീർച്ചയായും വകയുണ്ട്. കോവിഡ് കാരണമുള്ള മരണസംഖ്യ വളരെയധികം ഉയരാനുള്ള ഒരു കാരണം അസുഖം ബാധിച്ചു ആശുപത്രിയിലെത്തുന്നവരെ ചികിത്സിക്കാൻ ഫലപ്രദമായ മരുന്നുകളുണ്ടായിരുന്നില്ല എന്നതാണ്.

എബോളയ്ക്കെതിരേയും എയ്ഡ്‌സിനെതിരേയും ഉപയോഗിച്ചിരുന്ന റെംഡെസിവിർ  പോലെയുള്ള   ആന്റിവൈറൽ മരുന്നുകൾ കോവിഡിനെതിരേ പൂർണമായും പ്രയോജനപ്രദമായില്ല. എന്നാൽ ഔഷധക്കമ്പനികളുടെ ഊർജിതമായ ശ്രമഫലമായി ഒട്ടനവധി മരുന്നുകൾ നിർണായകമായ പുരോഗതി ക്ലിനിക്കൽ ട്രയൽസിൽ നേടിക്കൊണ്ടിരിക്കുന്നു.

വേരിയൻറ്‌സിനെതിരായ ബൂസ്റ്റർ ഡോസുകളുടെയും കുട്ടികൾക്കായുള്ള വാക്സിൻ ക്ലിനിക്കൽ ട്രയൽസും നടന്നുകൊണ്ടിരിക്കുന്നു. കൂടാതെ കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള നേസൽ സ്പ്രേ പോലുള്ള ഉത്പന്നങ്ങളും മൂക്കിലൂടെ നൽകാവുന്ന വാക്സിനുകളെക്കുറിച്ചുള്ള പഠനങ്ങളും പ്രതീക്ഷകൾക്ക് വക നൽകി മുന്നേറുന്നു.

ഇന്ത്യയിൽ വാക്സിൻ ഒട്ടും ഉപയോഗശൂന്യമാക്കിക്കളയാതെ, വിതരണത്തിൽ മുന്നിൽനിൽക്കുന്നത് ആരോഗ്യമേഖലയിൽ എന്നും രാജ്യത്തിന് മാതൃകയായ കേരളമാണെന്നത് അഭിമാനം നൽകുമ്പോഴും വാക്സിൻ മാനദണ്ഡമനുസരിച്ച്‌ എല്ലാവർക്കും അത് ലഭിക്കുന്നതുവരെ ജാഗ്രത തുടരുകയും മാസ്ക്, ശാരീരിക അകലം പാലിക്കൽ, കൈ കഴുകൽ എന്നിവ ശരിയായി പാലിക്കുകയും വേണം. കോവിഡ് വാക്സിൻ വിതരണം മുന്നേറുന്നത് എത്രയും പെട്ടെന്ന് സാധാരണജീവിതം പുനഃസ്ഥാപിക്കാമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും നൽകുമ്പോൾത്തന്നെ പിന്നിട്ട വർഷം നമ്മെ പഠിപ്പിച്ച പാഠങ്ങൾ മറക്കാതിരിക്കാം.